Image

കൊതുകുതിരിയും ചന്ദനത്തിരിയും അര്‍ബുദകാരണമാകാമെന്ന് മുന്നറിയിപ്പ്

Published on 14 December, 2014
കൊതുകുതിരിയും ചന്ദനത്തിരിയും അര്‍ബുദകാരണമാകാമെന്ന്  മുന്നറിയിപ്പ്

പുണെ: അടച്ചിട്ട മുറിയില്‍ ഒരു കൊതുകുതിരി കത്തിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതുപോലെ അപകടകരമെന്ന് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധരുടെ മുന്നറിയിപ്പ്. കൊതുകുതിരിയുടെയും ചന്ദനത്തിരിയുടെയും പുക ശ്വസിക്കുന്നത് ശ്വാസകോശത്തിന് ദോഷകരമാണെന്ന് മാത്രമല്ല, അര്‍ബുദത്തിനുവരെ വഴിവെക്കാമെന്ന് പുണെയിലെ ചെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സുന്‍ദീപ് സാല്‍വി വ്യക്തമാക്കി. 

കെട്ടിടങ്ങള്‍ക്കുള്ളിലെ മലിനീകരണവും ആസ്ത്മയും എന്ന വിഷയത്തില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ ഇവയില്‍ അര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങള്‍ കണ്ടത്തെിയതായും അദ്ദേഹം വെളിപ്പെടുത്തി. കൂടുതല്‍ വീടുകളിലും കൊതുകുതിരികള്‍ ഉപയോഗിക്കുമ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടുകയാണ് പതിവെന്നും ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടത്തെി.

ചന്ദനത്തിരിയില്‍നിന്നുണ്ടാകുന്ന പുകയില്‍ ലെഡ്, അയേണ്‍, മാംഗനീസ് എന്നിവയടങ്ങിയിരിക്കുന്നതിനാല്‍ അവ വിഷമയമാണ്. കൊതുകുതിരിയിലടങ്ങിയ പൈറെത്രിന്‍ കീടനാശിനി ശ്വാസകോശത്തിന് ഹാനികരമാണ്. വിപണിയില്‍ ലഭ്യമായ പുകയില്ലാത്ത കൊതുകുതിരിയില്‍ വിഷപദാര്‍ഥങ്ങള്‍ കുറവായിരിക്കാമെങ്കിലും അവ ശ്വാസകോശത്തിന് ദോഷകരമായ കാര്‍ബണ്‍ മോണോക്‌സൈഡ് ഉയര്‍ന്ന തോതില്‍ പുറന്തള്ളുന്നു. കൊതുകുതിരിയും ചന്ദനത്തിരിയും ശ്വാസകോശാര്‍ബുദത്തിന് കാരണമാകുമെന്ന് നേരത്തെ തായ്വാനിലും ചൈനയിലും നടന്ന പഠനങ്ങളില്‍ കണ്ടത്തെിയിരുന്നു. കൊതുകുകളെ തുരത്താന്‍ ഉപയോഗിക്കുന്ന മാറ്റുകളെക്കുറിച്ചും മറ്റ് ദ്രാവകങ്ങളെക്കുറിച്ചും കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെങ്കിലും വാതകരൂപത്തിലുള്ള മലിനീകരണം ശ്വാസകോശത്തിന് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊതുകുജന്യരോഗങ്ങള്‍ ഭീതി പരത്തുന്ന സാഹചര്യത്തില്‍ കൊതുകുവലയാണ് ആരോഗ്യകരമായ പ്രതിരോധമെന്നും കോണ്‍ഫറന്‍സില്‍ നിര്‍ദേശമുയര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക