Image

ഒരു കാളരാത്രി (നമുക്ക്‌ ചുറ്റും: ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 14 December, 2014
ഒരു കാളരാത്രി (നമുക്ക്‌ ചുറ്റും: ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)
ന്യൂയോര്‍ക്കിലെ ശിശിര കാലാവസ്‌ഥ വിട്ട്‌, കൊടും തണുപ്പുകാലത്തിലേക്ക്‌ പ്രവേശിക്കാന്‍ ഏതാനും ദിവസങ്ങളേ ശേഷിച്ചിട്ടുള്ളു. ആ ശനിയാഴ്‌ചയാകട്ടെ, അഹോരാത്രം മഴ. മഴയോട്‌ മഴ. ഒരു പുത്തന്‍സാഹിത്യവേദിയില്‍ പങ്കെടുത്ത്‌ കിടക്കാന്‍ തയ്യാറെടുത്തപ്പോഴേക്കും രാത്രിമണിപതിനൊന്നായി. കിടക്കയില്‍ വന്നു കിടന്നു. രാവേറെച്ചെന്നിട്ടും നിദ്രാദേവി കടാക്ഷിക്കുന്നില്ല.

ഞാന്‍ പങ്കെടുക്കാന്‍ ഇടവന്ന സാഹിത്യസദസ്സിലെ അപ്രതീക്ഷിത ബോംബ്‌സ്‌ഫോടനത്തെക്കുറിച്ച്‌ മനസ്സ്‌ വേവലാതിപ്പെടുകയാണ്‌. സത്യം സ്വര്‍ണ്ണപാത്രം കൊണ്ട്‌ മൂടിയിരിക്കുന്നു എന്ന ഉപനിഷത്‌വാക്യം എത്രയോ ശരിയാണ്‌. സത്യം അറിയുന്നവരും മിണ്ടാതിരിക്കുന്നു, സത്യവും മൗനം പാലിക്കുന്നു. വന്ദ്യവയോധികനും പണ്ഡിതശേഷ്‌ഠനുമായ ഒരാളുടെ എണ്‍പത്തിയെട്ടാമത്തെ ജന്മദിനം ആഘോഷിച്ച ആ സുദിനത്തില്‍ ഇത്തരം ഒരു പ്രകടനം സാഹിത്യസദസ്സിനു അഭികാമ്യമായിരുന്നോ എന്നും സമാധാനപ്രിയനായ എനിക്ക്‌ ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല. അതേ സമയം സല്ലാപത്തിന്റെ ആരംഭത്തില്‍ വിരസതയാര്‍ന്ന പ്രശംസകൊണ്ടും അവസാനസമയത്ത്‌ കലിതുള്ളിയുള്ള തികച്ചും അപ്രസ്‌കതവും ബാലിശവുമായ ചോദ്യശരം കൊണ്ടും, എന്നെ കൊല്ലാതെ കൊന്ന ആ മാന്യസുഹ്രുത്തിനോട്‌ എനിക്കൊട്ടും വിദ്വേഷമില്ലെന്നും ഞാന്‍ ഇവിടെ വ്യക്‌തമാക്കുന്നു.

മനുഷ്യമനസ്സിന്റെ വ്യാപാരങ്ങള്‍ എത്രയോ വിചിത്രം!!!ഞാന്‍ തിരിഞ്ഞും മറിഞ്ഞൂം കിടന്ന്‌ നിദ്രാദേവിയെ ക്ഷണിച്ചു.ചിന്തകളുടെ തേനീച്ച കൂട്‌ ഇളകി. ശയ്യാവലംബിയായ സഹധര്‍മ്മിണി മറുവശത്ത്‌ കിടന്ന്‌ എന്നോട്‌ എന്തൊക്കെയോ പറയുന്നുണ്ട്‌. അടുത്തയിടെ ഒരു ശസ്ര്‌തക്രിയക്ക്‌ വിധേയയായ അവര്‍ക്ക്‌ വേദനകൊണ്ട്‌ ഉറക്കം വരുന്നില്ല. എനിക്കാകട്ടെ, സാഹിത്യവേദിയിലെ കലാശം ചവിട്ടല്‍ തികട്ടിവരുന്നത്‌ കൊണ്ടും.

ഞാന്‍ ദിവസങ്ങളായി ഒരു പ്രബന്ധം തയ്യാറാക്കുന്നതിനായി പല അസമയങ്ങളിലും കുത്തിക്കുറിക്കുന്നത്‌ എന്റെ ഭാര്യ കാണാറുണ്ട്‌. ഇതിനൊക്കെ `ഒരു യുദ്ധസന്നാഹം പോലെ ഇത്രതയ്യാറെടുക്കാനെന്തിരിക്കുന്നു.? ഞാനും കേട്ടിട്ടുണ്ട്‌ പ്രൗഢഗംഭീരങ്ങളായ പ്രഭാഷണങ്ങള്‍. സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗങ്ങള്‍കേട്ടിട്ടുള്ള അവര്‍ വീമ്പിളിക്കാറുണ്ട്‌. `നിങ്ങള്‍ അതുകേട്ടിട്ടില്ലല്ലോ എന്നും''? തയ്യാറെടുക്കാതെ പങ്കെടുക്കാനുള്ള കെല്‍പ്പ്‌ ദൈവം തമ്പുരാന്‍ എനിക്ക്‌ തന്നില്ലെന്ന വിവരം എന്തിനവരെ അറിയിക്കുന്നുവെന്ന്‌ കരുതി ഞാന്‍ മൗനം പാലിച്ചു. തന്നിരിക്കുന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച്‌ സംസാരിക്കാനാണ്‌ എനിക്കിഷ്‌ടം. ഡോക്‌ടര്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗം കേട്ടിട്ടില്ലെങ്കിലും, അമേരിക്കയിലെ വിവിധരാഷ്‌ട്രീയ, സാമുദായിക, സാഹിത്യ സദസ്സുകളില്‍ പങ്കെടുക്കാനും അനേകം പ്രാസംഗികരെ ശ്രദ്ധിക്കാനും സാധിച്ചിട്ടുണ്ട്‌. പല പണ്ഡിതന്മാരായ പ്രാസംഗികരും, അനുവദിച്ചിരിക്കുന്ന സമയപരിധി ലംഘിച്ച്‌,സദസ്സിലുള്ളവരുടെ സമയത്തെ പുല്ലുവിലയാക്കി, അവരുടെ ക്ഷമയെ പരീക്ഷിച്ച്‌, തന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാന്‍ കിട്ടിയഅവസരം വിടാതെ,മുറുകെ പിടിച്ച്‌, കാടുകേറി ഘോരഘോരം പ്രസംഗിക്കുന്നത്‌ അറിയാതെ ഓര്‍ത്തുപോയി. ഉറങ്ങാത്ത രാത്രിയല്ലേ! ചിന്തകള്‍ക്ക്‌ കാടുകേറാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ.

അങ്ങനെ ചിന്തിച്ചിരിക്കേ, എന്റെ ചിന്ത എന്നോട്‌ പറഞ്ഞു കുരുക്ഷേത്രയുദ്ധം തൊട്ട്‌, ഐസിസിന്റേയും. പാക്കിസ്‌ഥാന്റേയും. ഇസ്രായേല്‍-പാലസ്‌റ്റീന്റേയും ഇന്ന്‌ ലോകത്താകമാനം നടമാടുന്ന ഭീകരാക്രമണങ്ങളുടേയും വേരുകള്‍ തേടിപ്പുറപ്പെടേണ്ടെന്ന്‌.എല്ലാത്തിനും കാരണക്കാരന്‍/കാരണക്കാരി വികലമായ മനുഷ്യമനസ്സെന്ന മായാജാലക്കാരനാണ്‌.

ഒരു സാഹിത്യകാരന്‍ അല്ലെങ്കില്‍ വെറുമൊരുഴുത്തുകാരന്‍ എന്നുവച്ചോളു, എന്തെങ്കിലും നല്ലത്‌ എഴുതിയിട്ടുണ്ടെങ്കില്‍ (നല്ലതെന്ന്‌്‌ എനിക്ക്‌ തോന്നിയാല്‍) ആ ആള്‍ ഇന്നത്‌ കണ്ടെത്തി എന്നുപറയുന്നതില്‍ ഞാനെന്തിനു അമാന്തിക്കണം! എനിക്കദ്ദേഹത്തിന്റെ വ്യക്‌തി ജീവിതത്തിലേക്കോ ആ ആളിന്റെ സ്വഭാവദൂഷ്യങ്ങളിലേക്കോ (ഉണ്ടെങ്കില്‍) മഹാത്മ്യങ്ങളിലേക്കോ ചികഞ്ഞും പരതിയും നോക്കേണ്ട ആവശ്യമില്ല. വ്യക്‌തിപരമായ, തമ്മില്‍തമ്മിലുള്ള വൈരാഗ്യങ്ങളോ, അസൂയകളോ, കുന്നായ്‌മകളോ എനിക്ക്‌ നോക്കേണ്ടതില്ല. കാരണം, എന്റെ നീണ്ട അദ്ധ്യാപന ജീവിതത്തിനിടക്ക്‌ ഞാന്‍ ഒരു കാര്യം പഠിച്ചിട്ടുണ്ട്‌: പ്രത്യേകിച്ചും വൈകാരിക ക്ഷോഭം അടക്കാന്‍ കഴിവില്ലാത്ത ചില കുട്ടികള്‍ അദ്ധ്യാപകനോട്‌ കയര്‍ക്കാന്‍ മുതിരുന്ന അവസരത്തില്‍ അദ്ധ്യാപകനും കുട്ടികളെപോലെതന്നെ ഒപ്പം ക്ഷോഭിച്ചാല്‍, അന്തരീക്ഷം വളരെ വഷളാകുമെന്ന്‌. വള്ളത്തോള്‍, ചങ്ങമ്പുഴ എന്നീമഹാകവികള്‍ക്ക്‌ സ്‌ത്രീ വിഷയത്തില്‍ അസാരം ബലഹീനതയുണ്ടായിരുന്നെന്ന കിംവദന്തികള്‍ ആസ്‌പദമാക്കി അവരുടെ ഉദാത്തങ്ങളായ കവിതകള്‍ ആരെങ്കിലും ആസ്വദിക്കാതിരിക്കുമോ?ഞാന്‍ ഉറക്കെ ചിന്തിക്കുന്നത്‌കൊണ്ടൊ എന്തോ, എന്നറിയില്ല ഭാര്യ അതൊക്കെകേള്‍ക്കുന്നപോലെ എന്നോട്‌ ചോദിക്കുന്നു.

`മനുഷ്യാ, രാവേറേചെന്നിട്ടും നിങ്ങളന്തേ ഉറങ്ങാത്തത്‌?'' ഈ മനുഷ്യാ എന്നുള്ള സംബോധന തിരക്കഥക്ക്‌ അല്‍പ്പം ഉപ്പും പുളിയും എരിവുംപകരാന്‍ വേണ്ടിചേര്‍ത്തെന്നെയുള്ളു. ദൈനംദിന ജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അവനവന്റെ സത്വരജസ്‌തമോഗുണ സ്വഭാവമനുസരിച്ച്‌ വ്യത്യസ്‌തരീതികളിലാണല്ലോ സംബോധനചെയ്യുക. ഞങ്ങള്‍ അന്യോന്യം `നിങ്ങള്‍' എന്നാണുവിളിക്കാറ്‌. ഒരു പക്ഷെ, മൂത്തവരെ അനുസരിച്ച്‌ വളര്‍ന്ന്‌, പൈത്രുകമായി കിട്ടിയിട്ടുള്ള പാരമ്പര്യമായിരിക്കാം. അതവിടെ നില്‍ക്കട്ടെ. `ഞാനപ്പോഴെ പറഞ്ഞതല്ലേ മറ്റുള്ളവരുടെ ക്രുതികളെക്കുറിച്ച്‌ അതുമിതുമെഴുതി ഏടാകൂടങ്ങള്‍ വരുത്തിവക്കരുതെന്ന്‌; സ്വന്തമായ സര്‍ഗ്ഗോപാസനകളില്‍ വ്യാപ്രുതനാകുന്നതിനു പകരം? ഉറക്കം വരാത്തരാത്രിയിലുള്ള ഈ ഗുണദോഷിക്കല്‍ എനിക്കത്രപിടിച്ചില്ല.ഭര്‍ത്രുപരിചര്യ ആവശ്യമായ ഈ സമയത്ത്‌ അത്‌ വേണ്ടത്ര കിട്ടാത്തതിലുള്ള അമര്‍ഷമാണെന്നുതെറ്റിദ്ധരിച്ച്‌ ഞാന്‍ ഈ സമയത്ത്‌ വല്ലതും പറഞ്ഞ്‌ അവരുടേയും മന:സമാധാനം കെടുത്തേണ്ടെന്ന്‌ കരുതി. എന്റേയോ പോയി.പോകട്ടെ !

എനിക്കിന്നേവരെ എന്റെ വ്യക്‌തിജീവിതത്തിലോ, ഔദ്യോഗിക ജീവിതത്തിലോ,സാമുദായികജീവിതത്തിലോ ശത്രുക്കളാരുമില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം എനിക്കാരോടും ശത്രുത പുലര്‍ത്താന്‍ കഴിയില്ല.മിത്രങ്ങളേ ഉള്ളുതാനും. ഞാന്‍ ചിലര്‍ക്കിഷ്‌ടമില്ലാത്ത ഒരെഴുത്തുകാരിയേയോ, എഴുത്തുകാരനേയോ പരാമര്‍ശിക്ലാല്‍ ഒരു സഹ്രുദയന്‌ (സഹ്രുദയനാണെങ്കില്‍) ആക്രോശിക്കാന്‍ മാത്രം അത്‌ ഞാന്‍ ചെയ്യുന്ന ഒരു അപരാധമാകുന്നതെങ്ങിനെ? ഓ!പിടികിട്ടി.മനസ്സ്‌മഥിക്കുമ്പോഴാണാല്ലോ സര്‍ഗ്ഗാത്മകങ്ങളും സംഹാരാത്മകങ്ങളുമായ കൈക്രിയകള്‍ മനുഷ്യനെകൊണ്ട ്‌ചെയ്യിപ്പിക്കുന്നത്‌!!!

പ്രതികരണക്കവിതകളില്‍മുങ്ങിയ ഞാന്‍ പ്രതികരിക്കാതിരുന്നത്‌്‌ കാരണവന്മാര്‍പറഞ്ഞു തന്ന ഉപദേശത്തിനു ചെവികൊടുത്ത്‌ `മൗനം വിദ്വാനുഭൂഷണം' എന്ന ഉപദേശം ഓര്‍ത്തുപോയത്‌കൊണ്ടാണ്‌. ഞാന്‍ വിദ്വാനാണെന്ന്‌ അവകാശപ്പെടുന്നില്ലെങ്കിലും, എന്ന ഒരു അനുബന്ധത്തോടെ. മറ്റൊന്ന്‌, സാഹിത്യം, കല, വിദ്യാഭ്യാസം എന്നിവ ആത്മസംയമനം എന്ന ഉല്‍ക്രുഷ്‌ട ചേതോവികാരം ഉണര്‍ത്താനല്ലേ? അല്ലെങ്കില്‍മനുഷ്യനും മ്രുഗവും തമ്മില്‍ എന്തന്തരം! ഈ വീണ്ടുവിചാരം കൊണ്ടാവാം സഭാനടപടികള്‍ ക്രമീകരിക്കേണ്ടസംഘാടകനും മൗനം പൂണ്ടത്‌ `ഇവന്‍ പറയുന്നത്‌ എന്താണെന്ന്‌ ഇവനുപോലും അറിയാത്തത്‌ കൊണ്ട്‌ഇവനു മാപ്പ്‌ നല്‍കേണമേ' എന്ന്‌ ജഗദീശ്വരനോട്‌്‌ പ്രാര്‍ഥിക്കാനേ കഴിയുന്നുള്ളു. എനിക്കിനിയും കാളരാത്രികള്‍ ഉണ്ടാക്കിത്തരരുതേ എന്നും.

ഉണ്ണിയേശുവിന്റെ തിരുന്നാള്‍പ്പിറവി ആഘോഷവും നവവത്സരവും അടുത്ത്‌വരുന്ന ഈ ആഘോഷത്തിമിര്‍പ്പിന്റെ ശുഭവേളയില്‍ സമാധാനത്തിന്റേയും ശാന്തിയുടേയും സ്‌നേഹത്തിന്റേയും കൂട്ടായ്‌മയുടേയും സന്ദേശം എല്ലാവരിലും ഉണര്‍ത്താന്‍ ദൈവം തുണക്കട്ടെ എന്നും ആശംസിക്കുന്നു.

`അസതോ മാ സദ്‌ ഗമയാ, തമസോമാ ജ്യോതിര്‍ഗമയഃ, മൃത്യുര്‍ മാ അമൃതം ഗമയ:
ഒരു കാളരാത്രി (നമുക്ക്‌ ചുറ്റും: ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
vayanakaran 2014-12-14 07:57:24
ഉപനിഷദ് വചനമായ സ്വര്ണ പാത്രം കൊണ്ട് സത്യത്തെ മൂടി വച്ച് ഡോക്ടർ ഭീരുത്വത്തോടെ
എഴുതിയ ഈ ലേഖനത്തിൽ പറയുന്ന
ബോംബ് എന്താണു. ഏത്  സാഹിത്യ വേദി
ഇതിന്റെ സത്യാവസ്ഥ വെളിപെടുത്തും

വിദ്യാധരൻ 2014-12-14 14:02:29
അമേരിക്കയിലെ മിക്ക സാഹിത്യവേദികളിൽ പൊട്ടിക്കുന്ന ബോബുകൾ ശാരീരികമായ മുറിവ് ഏൽപ്പിക്കണം എന്ന ഉദ്ദേഷ്യത്തോടെ അല്ല നേരെ മറിച്ചു, നിങ്ങളെപ്പോലെ വീട്ടിപ്പോയാലും, നിങ്ങൾക്കും നിങ്ങളുമായി ബന്ധപ്പെട്ടവർക്കും ഉറക്കം നഷ്ടപ്പെടണം എന്ന ലക്ഷ്യത്തോടെയാണ്.  അക്കാര്യത്തിൽ നിങ്ങളെ ക്ഷണിച്ചു വരുത്തി ബോംബു പൊട്ടിച്ച വിഡ്ഢി കുഷ്മാണ്ടുക്കൾ വിജയിച്ചു കാണും.   ഇതിനെല്ലാം കാരണം അമേരിക്കയിലെ സംഘടനകളും അതിന്റെ വിവരം ഇല്ലാത്ത നേതൃത്വങ്ങളുമാണ്.   ഗോഡവുണിൽ കുന്നുകൂടി കിടക്കുന്ന പ്ലാക്ക്, പൊന്നാട എന്നിവയെല്ലാം എടുത്തു ഓരോ അണ്ട്ന്റെം അഷകൊട്ന്റം തലയിൽ കേറ്റി വച്ചിട്ട് അവനു സാഹിത്യ പട്ടം കൊടുക്കും. അത് കിട്ടികഴിഞ്ഞാൽ ഉടനെ അതെല്ലാം ദേഹത്ത് വച്ചുകെട്ടി, ഇതുപോലെയുള്ള വേദികളിൽ പോയി സുകമാർ അഴിക്കോടിനെ ചീത്ത വിളിച്ചും, വള്ളത്തോളിന്റേം, ചങ്ങമ്പുഴയുടെം വാഴക്കൊല പൊക്കി നോക്കി പച്ചയാണോ പഴുത്തതാണോ എന്നൊക്കെ നോക്കി മുൻപിൻ നോക്കാതെ സാഹിത്യം വിളമ്പും.  പിന്നെ നാട്ടിൽ നിന്ന് പഞ്ചായത്ത് മേമ്ബ്രുമാരും, കള്ളനു കഞ്ഞി വച്ച തൊഴിലാളി നേതാക്ക്നമാരേം കൊണ്ടുവന്നു അവരിൽ നിന്നും ഒരു അവാർഡ് വാങ്ങി വച്ച് അതിന്റെ നമ്പര് കൂട്ടും. ഇതെല്ലാം വച്ച് പിന്നെ സാഹിത്യ അവാർഡിന് അപേക്ഷിക്കും. അതവരു എടുത്തു എറിയുമ്പോൾ അവന്മാരെ ചീത്ത വിളിക്കും. സത്യം അതെന്തു സാധാനമാ. അദ്ദേഹം നല്ല ഒരു നടനായിരുന്നു. ചെമ്മിനിലും ഓടയിൽനിന്നും ഉള്ള സിനിമയിൽ അഭിനയിചിട്ടുണ്ടായിരുന്നു. അദ്ദേഹം മരിച്ചിട്ട് കാലം കുറെ ആയി.  വിഷമിക്കണ്ട ഡോക്ടർ. നിങ്ങളുടെ നല്ല ഹൃദയം കൊണ്ടൊക്കെ ജീവിക്കാമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ചങ്ങമ്പുഴ പറഞ്ഞതുപോലെ, 'ആത്മാർത്ഥമായ ഹൃദയം പരാജയത്തിനു കാരണം ആകരുത്. ഇവനെയൊക്കെ ഉപദ്രവിക്കാൻ സമയം കിട്ടുമ്പോൾ, ഉപദ്രവിക്കണം. ഇവനൊന്നും ഒരിക്കലും നന്നാകില്ല. അതുകൊണ്ട് തെറിക്കുത്തരം മുറിപത്തല്.  സ്വർണ്ണ പാത്രത്തിന്റെ അടിയിൽ നിന്ന് ശാശ്വതമായ സത്യത്തെ പുറത്തെടുത്തു ഇവന്റെ ഒക്കെ തല്ക്കടിക്കണം.  നിലത്തു വീണു പിടഞ്ഞു മരിക്കട്ടെ.

"ഞാനന്തര്മുഖനാണെന്നെന്നെ 
കാണാൻ വന്നവരോതി
കരളിലെ വാത്മീകത്തിലോതുങ്ങിയ 
കവിയാണെന്ന പരാതി 
പരിസരഹൃദയവികാരത്തിരകളി-
ലൊരു കളിവഞ്ചിയുമായി 
പാട്ടുംപാടിനടക്കുക കവിയുടെ 
പണിയാണെന്നവരോതി !

അറിയുന്നില്ലവ -രെന്നാത്മാവി -
ന്നറകളിലുണ്ടീലോകം 
ഞാനന്തർമുഖനാകുംനേരം 
കാണുകയാണി ലോകം 
എന്നാത്മാവിനുമീ ലോകത്തിനു -
മൊന്നാണെല്ലോ വ്യാസം (അന്തർ മുഖനായ കവി -വയലാർ )
 

വായനക്കാരൻ 2014-12-14 16:39:17
 രാത്രിയിൽ കാള പെറ്റെന്നു കേട്ട് കയറെടുക്കാൻ വരട്ടെ, ഏതു കാള? പെറ്റോ അതോ ഗർഭമായതേയുള്ളോ? അതോ കാളക്കു കാൻസറോ? ഗോവു വിശേഷം ഗോചരമാക്കിയില്ലെങ്കിൽ ഗോസിപ്പ് ഫലം.
വിദ്യാധരൻ 2014-12-14 20:23:41
സാഹിത്യസദസിന്റെ വേദിയിലീ 
കാളകൾ എങ്ങനെ വന്നുപ്പെട്ടു ?
ഒരു പക്ഷേ കാളേടെ വേഷമിട്ടു 
അഴകുള്ള പശുക്കളുംമായിരിക്കാം 
ചക്കിനു വച്ചതാം പാര വന്നു 
കൊക്കിനു കൊണ്ടതും ആയിരിക്കാം 
ഇനിയുള്ള കാലത്ത് ഈ നാട്ടിലൊക്കെ 
കാളകൾ പെറ്റിടും തീർച്ച തന്നെ
ലിംഗ ഭേദമില്ലാത്ത വർഗ്ഗമാത്രേ 
കയറൊന്നു കരുതിക്കോ സാരമില്ല  
കാളേടെ ചെവിയിൽ പോയി നിങ്ങളല്ലാതാ-
രേലും സാഹിത്യം ഓതിടുമോ?
വെട്ടാതെ വിട്ടത് ഭാഗ്യമാത്രേ 
എന്നാലും പേടിച്ചു പോയിരിക്കാം 
കാളകൾ കൂട്ടമായി  രാത്രി വന്ന് 
കുത്തി ഉണർത്താതെ നോക്കിടേണം 
അഥവാ ഉണർത്തിയാലുടനെ തന്നെ 
പൊന്നാട കുരുക്കിട്ടു പിടിച്ചിടേണം
ഒരു പ്ലാക്കിൻ പലക കഷണംകൊണ്ട് 
തല നോക്കി ഒരു കീച്ച് കീച്ചിടേണം 
ഇനി മേലിൽ പോകല്ലേ കൂട്ടുകാര 
സാഹിത്യവേദികൾ മറന്നിടൂ നീ 
ഉരുവിടൂ നീ നിന്റെ മന്ത്രമായ 
ഗായത്രി മന്ത്രങ്ങൾ നിർത്തിടാതെ 
അത് കേട്ട് ഓടീടും കളയെല്ലാം 
രാത്രിയിൽ തിങ്കൾ ഉദിച്ചുയരും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക