Image

പോരായ്മകള്‍ പരിഹരിക്കും: മന്ത്രി തിരുവഞ്ചൂര്‍

Published on 12 December, 2014
പോരായ്മകള്‍ പരിഹരിക്കും: മന്ത്രി തിരുവഞ്ചൂര്‍
കേരള രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട പരാതികള്‍ക്കും പോരായ്മകള്‍ക്കും പരിഹാരം കാണുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വലിയൊരു ഉത്സവമായാണ് മേള സംഘടിപ്പിക്കുന്നത്.  വിശ്വപ്രസിദ്ധ ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് നമുക്ക് പഠിക്കുന്നതിനും നമ്മെക്കുറിച്ച് അവര്‍ക്ക് അറിയുന്നതിനുമുള്ള മഹത്തായ വേദി കൂടിയാണ് മേള. രാജ്യത്തെ മറ്റ് ചലച്ചിത്രമേളകളെ അപേക്ഷിച്ച് കൂടുതല്‍ ജനപങ്കാളിത്തമുള്ള മേളയാണിത്. മേളയിലെ നല്ല വശങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികമായ ചില പോരായ്മകള്‍ കണ്ടേക്കും.  ശ്രദ്ധയില്‍ പെടുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുകയാണ്.

കൈരളി തിയേറ്ററില്‍ മേളയുടെ മീഡിയ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ്, വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍, പന്തളം സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.


രണ്ട് ദിവസത്തെ ചിത്രങ്ങള്‍ റിസര്‍വ് ചെയ്യാം

ചലച്ചിത്രമേളയ്ക്ക് രണ്ടു ദിവസത്തെ ചിത്രങ്ങള്‍ വരെ ബുക്കു ചെയ്യാവുന്ന വിധം സംവിധാനം പുനക്രമീകരിക്കുമെന്ന് വനം-സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാകൃഷ്ണന്‍ പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനത്തിലും തിയേറ്ററുകളിലെ കൗണ്ടറുകളിലും ഈ സൗകര്യം ലഭ്യമാകും. വിവിധ തിയേറ്ററുകളിലായുള്ള കൗണ്ടറുകളുടെ എണ്ണം 40ലധികമായി വര്‍ധിപ്പിക്കും. എല്ലാ തിയേറ്ററുകളിലും തൊട്ടടുത്ത രണ്ട് ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഏത് സിനമയ്ക്കും ബുക്കു ചെയ്യാനുള്ള സൗകര്യമുണ്ടാകും.




പോരായ്മകള്‍ പരിഹരിക്കും: മന്ത്രി തിരുവഞ്ചൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക