Image

ചലച്ചിത്രമേള രാജ്യത്തെ ഏറ്റവും മികച്ച മേളയാകണം: മന്ത്രി തിരുവഞ്ചൂര്‍

ആശാ എസ്. പണിക്കര്‍ Published on 08 December, 2014
ചലച്ചിത്രമേള രാജ്യത്തെ ഏറ്റവും മികച്ച മേളയാകണം: മന്ത്രി തിരുവഞ്ചൂര്‍
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയെ മികച്ച പങ്കാളിത്തത്തിലൂടെയും സംഘാടനത്തിലൂടെയും രാജ്യത്തെ ഏറ്റവും മികച്ച മേളയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വനം-പരിസ്ഥിതി-സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 19ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍  ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള വ്യക്തികളുടെ സാന്നിധ്യം മേളയെ മികച്ചതാക്കും. നിഷ്പക്ഷമായ വിലയിരുത്തലിന് മികച്ച ജൂറിയാണ് എത്തുന്നത്. കൂടുതല്‍ പണക്കൊഴുപ്പ് കാട്ടാതെ മെച്ചപ്പെട്ട രീതിയില്‍ മേള നടത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മേളയ്ക്കായി നീക്കിവച്ച തുകയില്‍ മിച്ചമുണ്ടുവാകയാണെങ്കില്‍ അത് സിനിമാരംഗത്തുതന്നെ വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ഡെലിഗേറ്റ് കിറ്റ് എം.എ. ബേബി എംഎല്‍എ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന 10 ഡെലിഗേറ്റ് കൗണ്ടറുകളിലൂടെ പാസ് വിതരണമാരംഭിച്ചു.
ഇത്തവണ മേള കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താനാണ് പരിശ്രമിക്കുന്നതെന്നതെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കലയോടുള്ള ആത്മാര്‍ഥതയ്ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി സെക്രട്ടറി വി.കെ. ജോസഫ് ആശംസയര്‍പ്പിച്ചു. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് , ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് ടി. , സെക്രട്ടറി എസ്. രാജേന്ദ്രന്‍നായര്‍, ഡെലിഗേറ്റ് സെല്‍ കണ്‍വീനര്‍ ജി.വി. ഹരി തുടങ്ങിയവര്‍ സംസാരിച്ചു.

രാജ്യാന്തര ചലച്ചിത്ര മേള: ത്രിമൂര്‍ത്തികളുടെ സംവിധാന പ്രതിഭയുമായി കണ്ടംപററി വിഭാഗം

തിരവനന്തപുരം: ഉന്നതമായ സാമൂഹ്യ ബോധവും സംസ്‌കാരവും കയ്യടക്കത്തോടെ ലോക ജനതയ്ക്കുമുന്നില്‍  അനാവരണം ചെയ്ത മൂന്ന് സംവിധായക പ്രതിഭകളുടെ 12 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കണ്ടംപററി മാസ്റ്റേഴ്‌സ് വിഭാഗം.  ബോസ്‌നിയന്‍ സംവിധായകന്‍ ഡാനിസ് ടണോവിക്ക്, ജനനം കൊണ്ട് ഇസ്രയേലിയാണെങ്കിലും സ്വയം പാലസ്തീന്‍കാരന്‍ എന്നു വിശേഷിപ്പിച്ച ഹണി അബു ആസാദ്, ജാപ്പനീസ് സംവിധായിക നയോമി കവാസെ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
'നോ മാന്‍സ് ലാന്‍ഡ്' എന്ന ആദ്യ ചിത്രത്തിലൂടെ  സംവിധായക മികവ് തെളിയിച്ച ഡാനിസ് ടണോവിക്കിന്റെ നാല് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നാകും. ബോസ്‌നിയന്‍ ജനതയുടെ നിത്യജീവിത പ്രശ്‌നങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും ഈ സിനിമകള്‍ വാതില്‍ തുറക്കുന്നു. ബോസ്‌നിയ യുദ്ധത്തിനിടെ ഇരു രാജ്യങ്ങളുടേതുമല്ലാത്ത സ്ഥലത്ത് അകപ്പെട്ട രണ്ടു   ശത്രുപക്ഷ പട്ടാളക്കാരുടെ കഥ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് 'നോ മാന്‍സ് ലാന്‍ഡ്'.
എണ്‍പതുകളില്‍ പാരീസില്‍ ജയില്‍ മോചിതനായ ഒരു മനുഷ്യന്റെ സംഘര്‍ഷഭരിതമായ കുടുംബ ബന്ധത്തിന്റെ കഥപറയുന്നു 'ദി  ഹെല്‍'. യുദ്ധം മനുഷ്യഹൃദയത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ് 'ഐസ് ഓഫ് ദി വാര്‍'. രാജ്യത്തെ കമ്മ്യൂണിസ്റ്റ്  ഭൂതകാലത്തിന്റെയും  ജനാധിപത്യ ഭാവിയുടെയും ഇടയില്‍പ്പെട്ടുപോയ ഒരു കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് 'സിര്‍ക്കുസ് കൊളംബിയ'. ബോസ്മിയ പശ്ചാത്തലമാക്കി നിര്‍മിച്ച ഈ സിനിമകള്‍ നിരവധി രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ജനനം കൊണ്ട് ഇസ്രയേലിയാണെങ്കിലും സ്വയം പാലസ്തീന്‍കാരന്‍ എന്നു വിശേഷിപ്പിച്ച ഹണി അബു ആസാദിന്റെ ചിത്രങ്ങള്‍ വിഭജനത്തിന്റെ മതില്‍ ഉയര്‍ത്തുന്ന ആന്തരിക സംഘര്‍ഷങ്ങളോടുള്ള പ്രതികരണങ്ങളാണ്. മനുഷ്യബോംബായി പൊട്ടിച്ചിതറാന്‍ വിധിക്കപ്പെട്ട രണ്ട് പാലസ്തീന്‍ സുഹൃത്തുക്കളുടെ കഥയാണ് 'പാരഡൈസ് നൗ'. അറബ് ഇസ്രയേല്‍ സംഘര്‍ഷത്തെ പാലസ്തീന്റെ ഭാഗത്തുനിന്നു നോക്കിക്കാണുകയാണ് ഈ ചിത്രം. 2013 ല്‍ ഹണി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഒമര്‍' ഒരിക്കലും തീരാത്ത യുദ്ധം പശ്ചാത്തലമാക്കി മൂന്ന് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്നു.  ബുള്ളറ്റുകള്‍ക്കിടയിലൂടെ വിഭജനത്തിന്റെ മതില്‍ ചാടിയെത്തുന്ന ഒമറിന് രാജ്യസ്‌നേഹമാണോ ജീവനാണോ വേണ്ടതെന്ന ധര്‍മ്മ സങ്കടത്തില്‍ ഉഴലേണ്ടി വരുന്നു.
ജറുസലേമിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരമാണ് 'റാണാസ് വെഡ്ഡിങ്'. റാണയെന്ന യുവതിയുടെ മുന്നില്‍ പിതാവ് ഒരു നിര്‍ദേശം വെക്കുന്നു. ഒന്നുകില്‍ ഈജിപ്തിലേക്ക് വരിക അല്ലെങ്കില്‍ ഉച്ചയ്ക്കു മുമ്പ് താന്‍ നിര്‍ദേശിക്കുന്നവരില്‍ ഒരാളെ വിവാഹം കഴിക്കുക. ഈ പ്രതിസന്ധികളെ തരണം ചെയ്യാനായി റാണ നടത്തുന്ന ശ്രമങ്ങള്‍ പൂര്‍വ പശ്ചിമേഷ്യയുടെ സൗന്ദര്യത്തിന്റെ അകമ്പടിയോടെ തിയറ്ററിലെത്തിക്കുയാണ് ചിത്രം.
2012 ല്‍ റലീസ് ചെയ്ത 'ദി കൊറിയര്‍' ആകാംഷയും സസ്‌പെന്‍സും നിറഞ്ഞ ദൃശ്യാനുഭവമാണ്. പരാജയപ്പെട്ടാല്‍ മരണമാണെന്നറിഞ്ഞിട്ടും തനിക്കു മുന്നില്‍ വന്ന ദൗത്യം മോര്‍ഗിന് ഏറ്റെടുക്കേണ്ടിവരുന്നു. വാടകക്കൊലയാളിക്കും സ്വയരക്ഷയ്ക്കുമിടയിലുള്ള ദൂരം 60 മണിക്കൂറാണെന്ന് അയാള്‍ തിരിച്ചറിയുന്നു.
കണ്ടംപററി മാസ്റ്റേഴ്‌സ് വിഭാഗത്തിലെ ഏക സ്ത്രീ സാന്നിധ്യമാണ് ജാപ്പനീസ് സംവിധായിക നയോമികവാസെ. ഗ്രാമഭംഗിയും സാധാരണ ജീവിതത്തിന്റെ നൈര്‍മല്യവും വെള്ളിത്തിരയിലെത്തിക്കുന്ന ഇവരുടെ നാല് ചിത്രങ്ങള്‍ മേളയില്‍  പ്രദര്‍ശിപ്പിക്കും. കാന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ കാമറ പുരസ്‌കാരവും റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസി പുരസ്‌കാരവും നേടിയ 'സുസാക്കു'  സുന്ദരമെന്നു തോന്നുന്ന ഗ്രാമത്തിലെ പ്രാരാബ്ധം നിറഞ്ഞ ജീവിതകഥയാണ്.
ഫിപ്രസി ബസ്റ്റ് ആക്ടറസ് പുരസ്‌കാരം നേടിയ 'ഫയര്‍ ഫ്‌ളൈ' മനോഹരമായ പ്രണയകഥയെ സംവിധായിക വളര്‍ന്ന ഗ്രാമത്തിലെ ഋതുഭേതങ്ങള്‍ക്കനുസൃതമായി ചിത്രീകരിച്ചിരിക്കുന്നു.
ജാപ്പനീസില്‍ ചുവപ്പ് എന്നര്‍ഥം വരുന്ന 'ഹനെയ്‌സു' കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്. ആന്തരിക സംഘര്‍ഷത്തിന്റെയും കര്‍മത്തിന്റെയും പ്രതീകമായി നില്‍ക്കുന്ന മൂന്ന് പര്‍വതങ്ങളും മൂന്ന് കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍.
കൊടുങ്കാറ്റ് തകര്‍ത്തെറിയുന്ന ദ്വീപില്‍ അലങ്കോലമായ ജീവിതങ്ങള്‍ തിരിച്ചുപിടിക്കാന്‍ നടത്തുന്ന ഗ്രാമീണരുടെ കഥയാണ് 'സ്റ്റില്‍ ദി വാട്ടര്‍'. ഏഴോളം ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹാന്‍ഡ് ഹെല്‍ഡ് കാമറകൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നുവെന്നത് ഇതിന്റെ പ്രത്യേകതയാണ്.

രാജ്യാന്തര ചലച്ചിത്രമേള: ഡെലിഗേറ്റ് പാസുകള്‍ വിതരണം തുടങ്ങി
തിരുവനന്തപുരം: ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളിലൂടെ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സ് വിതരണം തുടങ്ങി. ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്ത് പണമടച്ചിട്ടുള്ളവര്‍ക്ക് ഡിസംബര്‍ 14 വരെ ഇവിടെ നിന്ന് പാസ്സുകള്‍ കൈപ്പറ്റാം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴു വരെയാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ഉദ്ഘാടന ദിവസം തന്നെ നൂറുകണക്കിന് ഡെലിഗേറ്റുകളാണ് പാസ് വാങ്ങാനായി എത്തിയത്.
ചലച്ചിത്രമേള രാജ്യത്തെ ഏറ്റവും മികച്ച മേളയാകണം: മന്ത്രി തിരുവഞ്ചൂര്‍ ചലച്ചിത്രമേള രാജ്യത്തെ ഏറ്റവും മികച്ച മേളയാകണം: മന്ത്രി തിരുവഞ്ചൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക