Image

അവള്‍പ്പൂവ്‌ (കവിത: പ്രൊഫ. ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 09 December, 2014
അവള്‍പ്പൂവ്‌ (കവിത: പ്രൊഫ. ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
ശൈത്യത്തില്‍ മാത്രം വിരിയുന്ന
അത്ഭുത പുഷ്‌പം
തണുത്തുറഞ്ഞാല്‍ ഓര്‍ക്കും-
നീളം നഷ്‌ടപ്പെടുന്ന
സൂര്യരശ്‌മിയുടെ
ചെറുനിഴലില്‍
സാമീപ്യം ആശിക്കും.

നെരിപ്പോടിലെ താലത്തിലെ കേക്കില്‍
ലോഹമുനയുള്ള ഉഷ്‌ണമാപിനി
ഉള്‍ച്ചൂടളക്കുമ്പോള്‍-
കോക്കൊയോ കൊക്കെയിനോ
കാര്‍മെലോ ബ്രൂണ്‍-ഷുഗറോ
വിനെഗറോ ആള്‍ക്കഹോളോ-
ചൂടാറ്റുന്ന തിളകാപ്പിയുടെ
തീക്ഷണഗന്ധം പൂരിതമാക്കുന്നത്‌?

വസന്തത്തില്‍ ഓര്‍ത്ത്‌ കരിയും;
വേനല്‍മഴയില്‍ വണ്ടുകള്‍ക്ക്‌
ഒളിത്താവളം കൊടുക്കും;
ശരത്തിലെ പൊഴിച്ചിലില്‍
നിഷ്‌ക്രിയത്വത്തിന്റെ തൂങ്ങലും
അര്‍ദ്ധസുഷുപ്‌തിയും വെടിഞ്ഞ്‌
ആര്‍ക്കോ വേണ്ടി പാതിവിടരാന്‍
മൗനവ്രത ഏകാന്തധ്യാനത്തില്‍
വീണ്ടും ശൈത്യം കാക്കും!
അവള്‍പ്പൂവ്‌ (കവിത: പ്രൊഫ. ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക