Image

കായല്‍സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 47: ജോര്‍ജ്‌ തുമ്പയില്‍)

Published on 07 December, 2014
കായല്‍സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 47: ജോര്‍ജ്‌ തുമ്പയില്‍)
എന്റെ പാമ്പാടിയിലെ വീട്ടില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ പോയാല്‍, ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഭൂപ്രദേശത്ത്‌ എത്താം. അതെ കുമരകം തന്നെ. വള്ളങ്ങളുടെയും കായലുകളുടെയും നാടായ കുമരകം. നല്ല കരിമീനിന്റെയും കള്ളിന്റെയും കിളികളുടെ കളകളാരവങ്ങള്‍ മുഴങ്ങുന്ന കുമരകം. കുമരകവുമായി എനിക്ക്‌ ആത്മബന്ധമുണ്ട്‌. അത്‌ നന്നേ ചെറുപ്പത്തില്‍ തന്നെ തുടങ്ങുന്നതാണ്‌. ഓര്‍മ്മവച്ച നാള്‍ മുതല്‍ക്ക്‌ എന്നു വേണമെങ്കില്‍ പറയാം. അന്നത്തെ കുമരകവും ഇന്നത്തെ കുമരകവും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടെന്നു മാത്രം. അന്ന്‌ കുമരകം ചന്ത വരെ മാത്രമേ റോഡ്‌ ഉണ്ടായിരുന്നുള്ളു. അതും ഇല്ലിക്കല്‍ പാലവും താഴത്തങ്ങാടിയിലെ ഇടുങ്ങിയ ചെങ്കളത്തെ പാടശേഖരത്തിനു നടുവിലൂടെയുള്ള ചള്ള നിറഞ്ഞ റോഡുമൊക്കെ കടന്ന്‌ എത്തിയാലും കായലുകള്‍ നോക്കെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്നതു കാണാം. തെങ്ങിന്‍ തലപ്പുകളില്‍ കാറ്റ്‌ പിടിച്ച്‌, അതിനിടയില്‍ തോണിയില്‍ നീങ്ങുന്നവരെ കാണാം. അത്തരത്തില്‍ നിരവധി തവണ ഞാന്‍ കുമരകത്ത്‌ പോയിട്ടുണ്ട്‌. അതിനു ഒരു കാരണവും കൂടിയുണ്ട്‌.

ഇന്ന്‌ കുമളിക്കടുത്തുള്ള മുരിക്കടിയില്‍ താമസിക്കുന്ന അമ്മയുടെ അനുജത്തി സാറാമ്മ കൊച്ചമ്മയെ കെട്ടിച്ചയച്ചിരുന്നത്‌ കുമരകത്തിന്‌ അടുത്തുള്ള അട്ടിപ്പീടിക എന്ന സ്ഥലത്തേക്കായിരുന്നു. അട്ടീപ്പീടിക കടന്ന്‌ പിന്നെയും പോകണം. അവിടേക്ക്‌ റോഡില്ല. കായല്‍ കുത്തിപ്പൊക്കിയുണ്ടാക്കിയ മട നിറഞ്ഞ പാടത്തിന്റെ നടുവിലൂടെ വേണം നടക്കാന്‍. ഇല്ലെങ്കില്‍ വള്ളം കിട്ടും. കാലണ കൊടുക്കേണ്ടുന്ന കാലം. അതു കൊണ്ടു തന്നെ ഞങ്ങള്‍ കുട്ടികളൊക്കെയും കണ്ടത്തിന്‍ വരമ്പത്തു കൂടിയാവും സഞ്ചാരം. നോക്കത്തൊദൂരത്ത്‌ കണ്ണുംനട്ട്‌ കായല്‍പരപ്പിലൂടെ വള്ളത്തിലൂടെയുള്ള യാത്ര അപൂര്‍വ അനുഭവം തന്നെയായിരുന്നു. കായല്‍പരപ്പില്‍ ചെറുമീനുകളെ പോലെ തെന്നി നടക്കുന്ന ചെറുവള്ളത്തിലിരിക്കുമ്പോള്‍ വീശിയടിക്കുന്ന കാറ്റും വിസ്‌താരമേറിയ ആകാശവുമൊക്കെ നല്‍കിയ അനിര്‍വചനീയമായ വികാരത്തിന്റെ പേരില്ലായിരുന്നുവെന്നു പറയേണ്ടി വരും. ചൂണ്ടയിടീല്‍ ആയിരുന്നു അന്നത്തെ പ്രധാന പരിപാടി. കുറിച്ചും പള്ളത്തിയുമൊക്കെ ഇഷ്‌ടം പോലെ വറുത്ത്‌ കഴിച്ചിട്ടുമുണ്ട്‌. അതൊക്കെയും ഒരു കാലം.

കുമരകം ഇന്നത്തെ പോലെ പരിഷ്‌ക്കൃതമായിരുന്നില്ല അന്ന്‌. അന്ന്‌ ഇവിടം ലോക ഭൂപടത്തില്‍ എത്തിയിട്ടുമില്ല. ദേശാടനകിളികള്‍ കുമരകം കണ്ടു പിടിച്ചിട്ടുണ്ടോയെന്നു പോലും അതിശയം. കാരണം, എവിടെ തിരിഞ്ഞു നോക്കിയാലും കുമരകത്ത്‌ കായലും കരിവള്ളങ്ങളും മാത്രമാണ്‌ അക്കാലത്ത്‌ ഉണ്ടായിരുന്നത്‌. പഴമക്കാര്‍ പറയുന്നതു മാതിരി, നല്ല തെങ്ങേന്ന്‌ ചെത്തിയിറക്കി കൊണ്ടു വരുന്ന കള്ളിന്റെ രുചിയാണ്‌ അക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മയില്‍ മുന്നില്‍ നില്‍ക്കുന്നത്‌. കരിമീനുകള്‍ മാത്രമല്ല, ചെമ്പല്ലിയും കക്കാ ഇറച്ചിയും വരാലും നാട്ടു മീനുകളും യഥേഷ്ടം കിട്ടിയിരുന്ന കാലം. ഇന്ന്‌ കുമരകം കരിമീനാണെന്ന പേരില്‍ ആന്ധ്രയില്‍ നിന്ന്‌ എത്തുന്ന കരിമീന്‍ കാണുമ്പോള്‍ തന്നെ നാട്ടുകാര്‍ക്ക്‌ ഓക്കാനം വരുമെന്നതാണ്‌ സ്ഥിതി...

അറബിക്കടല്‍ പിന്‍വാങ്ങിയശേഷം രൂപമെടുത്ത വൈക്കം കടുത്തുരുത്തി എന്നീ സ്ഥലങ്ങള്‍ക്കൊപ്പമാണ്‌ കുമരകവും ഉണ്ടായത്‌. എന്നാല്‍ ആദ്യകാലത്ത്‌ ഈ പ്രദേശം ചതുപ്പ്‌ നിലങ്ങള്‍ മാത്രമായിരുന്നു. എ.ജി. ബേക്കര്‍ എന്ന സായിപ്പാണ്‌ ആധുനികകുമരകത്തിന്റെ ശില്‌പി. അദ്ദേഹത്തിന്റെ വരവിനു മുന്‍പ്‌ ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ചതുപ്പും മറ്റുള്ളവ വെമ്പനാട്ടുകായലിനടിയിലായിരുന്നു. 1847 ലാണ്‌ അദ്ദേഹം കുമരകത്തെത്തുന്നത്‌. തിരുവിതാംകൂര്‍ രാജാവില്‍ നിന്നും വേമ്പനാട്‌ കായലിന്റെ വടക്ക്‌ കിഴക്കായുള്ള കുമരകത്തിനോട്‌ ചേര്‍ന്നുള്ള 500 ഏക്കര്‍ ഭൂമി കൃഷിചെയ്യാനായി പാട്ടത്തിനെടുത്തു. അദ്ദേഹത്തിന്റെ കഠിനപ്രയത്‌നത്തിന്റെ ഭാഗമായി 500 ഏക്കറോളം വരുന്ന ചതുപ്പ്‌ നല്ലവിളവുതരുന്ന കൃഷിഭൂമിയായി. മധ്യഭാഗത്തായി തെങ്ങുകള്‍ വച്ചു പിടിപ്പിച്ച അദ്ദേഹം തെങ്ങുകള്‍ക്ക്‌ ഉപ്പു കാറ്റേല്‍ക്കാതിരിക്കാനും വെള്ളത്തിന്റെ ആക്രമണത്തില്‍ നിന്ന്‌ മണ്ണിനെ തടയാനുമായി കണ്ടല്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു. തോടുകള്‍ കീറി 500 ഏക്കര്‍ ഭൂമിയിലേക്കുള്ള ഗതാഗതം സുഗമമാക്കി.

പില്‍ക്കാലത്ത്‌ നിരവധി സ്വദേശികള്‍ ബേക്കറുടെ പാത പിന്തുടര്‍ന്നു. മറ്റു ചിലരാകട്ടെ കായലില്‍ സ്വദേശീയമായ രീതിയുല്‍ കായല്‍ നികത്തി കൃഷി ഭൂമി ഉണ്ടാക്കിയെടുത്തു. ചാലയില്‍ ഇരവി കേശവ പണിക്കര്‍ എന്ന ദീര്‍ഘദര്‍ശിയായ കൃഷിക്കാരനാണ്‌ കായല്‍ നികത്തലിന്റെ പിതാവ്‌.

ഞാനും എന്റെ സുഹൃത്ത്‌ പി.ടി ചാക്കോയും ഇന്ത്യ ഗവണ്‍മെന്റിന്റെ അതിഥികളായി കുമരകം സന്ദര്‍ശിച്ചിരുന്ന ഓര്‍മ്മയും എനിക്കുണ്ട്‌. ന്യൂയോര്‍ക്കില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ ഡയറക്‌ടറായിരുന്ന ടി.ബാലകൃഷ്‌ണന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അതിഥിയായി ഇന്ത്യ മുഴുവന്‍ സന്ദര്‍ശിക്കാനായി ഞങ്ങള്‍ക്ക്‌ അവസരമൊരുക്കി തന്നപ്പോഴായിരുന്നു അത്‌. അന്ന്‌ ഹൗസ്‌ബോട്ടുകളൊന്നും ഇന്നത്തെ അത്രയും ആധുനികമായിരുന്നില്ല, ഇത്രയും ഉണ്ടായിരുന്നുമില്ല. കുമരകത്തെ ആധുനികത വിഴുങ്ങും മുന്‍പായിരുന്നു ആ യാത്ര. പിന്നീട്‌, ഇപ്പോള്‍ മൂന്നാഴ്‌ച മുന്‍പ്‌ ബന്ധുക്കളും സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ നടത്തിയ യാത്രയില്‍ ഒന്ന്‌ തിരിച്ചറിഞ്ഞു- കുമരകം അടിമുടി മാറിയിരിക്കുന്നു.. അന്നത്തെ രാത്രി ഞങ്ങള്‍ ചെലവഴിച്ചത്‌ വേമ്പനാട്ട്‌ കായലിന്റെ നടുവില്‍ ഹൗസ്‌ബോട്ടിലായിരുന്നു.

വേമ്പനാട്ടുകായലിന്റെ കിഴക്കു ഭാഗത്താണ്‌ ഒരുകൂട്ടം ചെറു ദ്വീപുകളായി കാണപ്പെടുന്ന കുമരകം. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷമായി കാണപ്പെടുന്ന പക്ഷിനിരീക്ഷണ കേന്ദ്രം വ്യത്യസ്‌തമായ നൂറുകണക്കിനു പക്ഷികളുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പക്ഷിനിരീക്ഷണ കേന്ദ്രങ്ങളിലൊന്നാണ്‌. ഏതാണ്ട്‌ 14 ഏക്കറിലായാണ്‌ ഇത്‌ വ്യാപിച്ചു കിടക്കുന്നത്‌. ജൂണ്‍ മുതല്‍ ഓഗസ്‌റ്‌ വരെയുള്ള പക്ഷികളുടെ പ്രജനനകാലത്ത്‌്‌ ഇവിടെയെത്തിയാല്‍ കൊറ്റി, ഇരണ്ട, നീര്‍ക്കാക്ക, ഞാറ, മില്ലിക്കോഴി തുടങ്ങി വ്യത്യസ്‌തയിനം പൊന്മാനുകള്‍ തുടങ്ങിയ തദ്ദേശ നീര്‍ത്തട പക്ഷികളെ വരെ കാണാം. നവംബര്‍ മുതല്‍ മേയ്‌ വരെ ഇവിടുത്തെ കുറ്റിക്കാടുകള്‍ ദേശാടനപക്ഷികളുടെ താവളമാകും. കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും കായലിലേക്ക്‌ ഇറങ്ങുക തന്നെ വേണം. കൈപ്പുഴ മുട്ട്‌, പാതിരാമണല്‍, നാരകത്തറ, തൊള്ളായിരം കായല്‍, പൂതപ്പാണ്ടി കായല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്ര ചെയ്‌താല്‍ കുമരകത്തിന്റെ വ്യത്യസ്‌ത തിരിച്ചറിയാം. അതാവട്ടെ, ലോകത്തിലെ ഏറ്റവും മികച്ച പ്രകൃതിരമണീയമായ കാഴ്‌ചകളുടെ സൗന്ദര്യഭൂമിയാണ്‌ കണ്‍മുന്നില്‍ ഇതള്‍വിടര്‍ത്തുക.

കുമരകത്തെ ചുറ്റികടക്കുന്ന വേമ്പനാട്‌ കായലില്‍ ഒന്നു കറങ്ങാതെ കുമരകം സന്ദര്‍ശനം ഒരിക്കലും പൂര്‍ണമാകില്ല. പുന്നമടകായല്‍ എന്നും കൊച്ചി കായല്‍ എന്നും അറിയപ്പെടുന്ന വേമ്പനാട്‌ കായലാണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ തടാകം. രാജ്യത്തെ ഏറ്റവും നീളമേറിയ തടാകമെന്നുമുള്ള വിശേഷണവും പേറുന്ന ഈ കായലിന്‍െറ ആലപ്പുഴ ഭാഗത്താണ്‌ നെഹ്‌റുട്രോഫി വള്ളംകളി അരങ്ങേറുന്നത്‌.

വര്‍ഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന്‌ കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത്‌ അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങള്‍ രൂപപ്പെട്ടകാലത്താണ്‌ കുമരകവും ഉണ്ടായത്‌. കേരളത്തില്‍ കണ്ടല്‍ക്കാടുകള്‍ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്‌ കുമരകം. കായല്‍ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്‌. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകകത്തെ കേരളത്തിന്റെ നെതര്‍ലാന്‍ഡ്‌സ്‌ എന്നു വിളിക്കുന്നു.

കുമരകത്തെ തൊട്ടറിയാനുള്ള ഇപ്പോഴത്തെ യാത്ര കായല്‍പരപ്പിലൂടെ അത്യാധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ഹൗസ്‌ബോട്ടിലായിരുന്നു. സുഹൃത്ത്‌ ബിനോയ്‌ ചാക്കോയാണ്‌ അതിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയത്‌. വേമ്പനാട്ടുകായലിന്റെ വിരിമാറിലൂടെ പാതിരാമണല്‍ കണ്ട്‌, ആര്‍ ബ്ലോക്കിലേക്കുള്ള യാത്ര അവിസ്‌മരണീയമായി...

യാത്രാസൗകര്യം: സമീപ റെയില്‍വെ സ്‌റ്റേഷന്‍ : കോട്ടയം 16 കി. മീ. അകലെ. സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ നെടുമ്പാശ്ശേരി, കോട്ടയത്തു നിന്ന്‌ 76 കി. മീ. അകലെ.

(തുടരും)
കായല്‍സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 47: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക