Image

ഇക്കരെയക്കരെയിക്കരെ!(7 : ഭൂമിയിലെ രാജാക്കന്മാര്‍ - രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 04 December, 2014
ഇക്കരെയക്കരെയിക്കരെ!(7 : ഭൂമിയിലെ രാജാക്കന്മാര്‍ - രാജു മൈലപ്രാ)
“അതാ ഒരു കള്ളന്‍ വരുന്നു” - ഒരു ക്ലൂ തന്നിട്ട് വിന്‍സെന്റ് അകത്തോട്ടു വലിഞ്ഞു. നിങ്ങള്‍ക്കും ഒരു കോടിപതിയാകാം എന്ന സുരേഷ്‌ ഗോപി പരിപാടിയിലെപ്പോലെ എനിക്ക് ഓപ്ഷന്‍സ്- ഒന്നും കിട്ടിയില്ല. ആ ആഗതനെ overtake  ചെയ്തു ഓടിവന്ന് അപ്പാന്‍ എനിക്കൊരു നിര്‍ദ്ദേശം തന്നു- “എടാ- ആ വരുന്നത് ഒരു പെരുങ്കള്ളനാ- അഞ്ചു പൈസാ കൊടുക്കരുത്” അപ്പാനും അകത്തോട്ടു വലിഞ്ഞു. അതിനിടയില്‍ കാറു ജോയി ഹെല്‍മെറ്റു ധരിക്കാതെ, ട്രാഫിക് പോലീസിനെ വെട്ടിച്ച് വീട്ടിലെത്തി- “അച്ചായാ ഒരു കള്ളന്‍ വരുന്നുണ്ട്. കള്ളനെപ്പോലെ വന്ന കാറ്റിനെപ്പോലെ, കുറിമാനം തന്നിട്ട് അവനും അപ്രത്യക്ഷനായി.

നാട്ടില്‍ എത്തിയതിന്റെ രണ്ടാം ദിനമായിരുന്നതിനാല്‍ സ്ഥലകാല വിഭ്രാന്തി എന്നെ പൂര്‍ണ്ണമായും വിട്ടു മാറിയിരുന്നില്ല. ഞാന്‍ നോക്കുമ്പോള്‍ സുമുഖനായ ഒരു യുവ പുരോഹിതന്‍ കൈയിലൊരു ബൈബിളുമായി നടന്നു വരുന്നു. താടി മീശക്കിടയില്‍ വായിച്ചെടുക്കാനാവാത്ത നവരസ ഭാവം.
ളോഹ ധാരികളേക്കാണുമ്പോള്‍ എനിക്കെന്നും ബഹുമാനമാണ്. വല്യപ്പച്ചന്‍ പുരോഹിതനായിരുന്നു. അച്ചായന്റെ ഡിസ്‌പെന്‍സറിയില്‍ ഞങ്ങളുടെ ബന്ധത്തില്‍പ്പെട്ട കൊച്ചച്ചന്മാര്‍ വന്നാല്‍ പോലും അദ്ദേഹം എഴുന്നേറ്റുനിന്നു ബഹുമാനം പ്രകടിപ്പിക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ആ ഒരു പാരമ്പര്യമാണ് എന്റെ സിരകളിലോടുന്നത്. എങ്കിലും “അവസാന കാലത്ത് ചെന്നായ്ക്കള്‍ ആടുകളുടെ വേഷം ധരിച്ച് നിങ്ങളുടെ മുന്നിലെത്തും” എന്ന തിരുവചനം എന്റെ ദുര്‍ബല മനസ്സിനെ പിടിച്ചൊന്നു കുലുക്കി. 'കള്ളന്മാര്‍ അവസാനം പിടിക്കപ്പെടും' എന്ന മുന്നറിയിപ്പു നല്‍കുന്ന 'ചെന്നായും ആട്ടിന്‍ കൂട്ടവും' എന്ന ഈസോപ്പു കഥ 'കുട്ടികളുടെ വിശേഷാല്‍പ്രതി'യിൽ  വായിച്ചത് എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു- എന്റെ തിരുമോന്തയില്‍ ആദ്യമായി അച്ചടിമഷി പതിഞ്ഞത് ആ വിശേഷാല്‍ പ്രതിയിലാണ്.

'ഈസോപ്പു കഥകള്‍' വായിച്ചിട്ടുള്ളവര്‍ക്ക് അറിയാവുന്ന ഒരു കഥയാണിത്. കൂടാതെ പ്രൈമറി സ്‌ക്കൂളിലെ പാഠപുസ്തകത്തിലൂടെ അദ്ധ്യാപകര്‍ നമുക്കു വിശദീകരിച്ചു തന്നിട്ടുള്ളവയുമാണ്. ഒരു ആട്ടിടയന്‍ തന്റെ ആട്ടിന്‍ പറ്റത്തിന് സമൃദ്ധമായ 'ഖാനാ പീനാ' നല്‍കിപോന്നു. എല്ലാം നല്ല കൊഴുത്തു തടിച്ച ആട്ടിന്‍കുട്ടികള്‍. വിശന്നു അലഞ്ഞു വലഞ്ഞു നടന്ന ഒരു ചെന്നായ് ഇതിലൊരൊണ്ണത്തിനെ ശാപ്പിടുവാന്‍ വായില്‍ വെള്ളവുമിറക്കി നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അവസാനം രണ്ടും കല്പിച്ച് ഒരു ആട്ടിന്‍കുട്ടിയുടെ വേഷമണിഞ്ഞ് അവരുടെ കൂട്ടില്‍ കയറി പറ്റുന്നു. രാത്രിയില്‍ ആട്ടിടയന്‍ നല്ല തടിവെച്ച ആടുകളെ  മാംസവില്പനയ്ക്കായി കൂട്ടില്‍ നിന്നും പിടിക്കാറുണ്ട്. കൂട്ടത്തില്‍ ഈ ചെന്നായും പിടിക്കപ്പെട്ടു. പിറ്റേന്ന് അവന്റെ കഴുത്തും അറവുകാരന്റെ കത്തിക്ക് ഇര.

കുപ്പായ വസ്ത്രധാരി വീടിനുള്ളിലേക്കു കടന്നു വന്നു. വരാന്തയിലെ പാലാസ്റ്റിക് കസേരയില്‍ നിന്നും സ്വീകരണമുറിയിലെ സോഫയിലേക്കു ഞാന്‍ അദ്ദേഹത്തിനുള്ള സീറ്റ് upgrade ചെയ്തു കൊടുത്തു. ഞങ്ങളുടെ ഇടയില്‍ കുറച്ചു നേരത്തേക്ക് മൗനത്തിന്റെ ഒരു കറുത്ത കര്‍ട്ടന്‍. ആരോടാരാദ്യം ചൊല്ലും എന്നൊരു ചോദ്യചിഹ്നം. ആറു കണ്ണുകള്‍ ഡൈനിംഗ് റൂമില്‍ നിന്നും കഥകളി മുദ്രകള്‍ കാണിച്ചു കൊണ്ടേയിരുന്നു.

ഒരു ഐസ് ബ്രേക്കര്‍ ആയി പുഷ്പ ഒരു കപ്പു കാപ്പിയുമായി, തലയില്‍ തുണിയുമിട്ടുകൊണ്ടു രംഗപ്രേവേശനം നടത്തി. “മൂടുപടമില്ലാതെ സ്ത്രീ സഭയില്‍ ഇരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്” എന്നു പൗലോസ് ശ്ലീഹാ പണ്ടു കൊറിന്ത്യര്‍ക്കും തിമോഫെയോസിനും എഴുതിയ ലേഖനത്തിലെ ഉപദേശങ്ങള്‍ അക്ഷരം പ്രതി പാലിക്കുന്നവളാണ് ഭക്തയായ എന്റെ ഭാര്യ.

അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന hazelnut ഫ്‌ളേവര്‍ ഉള്ള കാപ്പി. അതും അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന കപ്പും സോസറിലും-അതും ശിരോവസ്ത്രമണിഞ്ഞു കൊണ്ട്- ഇവള്‍ക്കെന്താ ഭക്തി മൂത്ത് ഭ്രാന്തായോ എന്ന് എന്റെ ഭ്രാന്തന്‍ ചിന്ത കാടുകയറി. “ഞാന്‍ റാന്നിയില്‍ നിന്നും വരികയാ” - അച്ചന്‍ മൗനത്തിന്റെ തിരശ്ശീല വലിച്ചു. തെക്കോട്ടു പോയാല്‍ പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല- വടക്കോട്ടു പോയാല്‍ ഉതിമൂടു, റാന്നി, എരുമേലി-മണ്ണാറക്കുളഞ്ഞി വഴി ഒരു deviation എടുത്താല്‍, കുമ്പളാം പൊയ്ക, വടശ്ശേരിക്കര, ചിറ്റാര്‍-എല്ലാം എനിക്കു പരിചയമുള്ള സ്ഥലങ്ങള്‍-റാന്നി പാലത്തില്‍ നിന്നും നോക്കിയാല്‍ മനോഹരമായ റാന്നി വലിയ പള്ളിയുടെ ദൃശ്യം കാണാം.

ഞാന്‍ അവിടെ അടുത്തുള്ള സിഎസ്‌ഐ പള്ളിയിലെ വികാരിയാ- സിഎസ്‌ഐ പള്ളി എന്നു പേരേയുള്ളൂ! മറ്റുള്ളവരേപ്പോല്‍ ഞങ്ങള്‍ക്ക് യാതൊരു വിദേശ ഫണ്ടും ഇല്ല- ഒരു ചെറിയ പള്ളി. ദരിദ്രവാസികളായ മുപ്പതു വീട്ടുകാര്‍”- അച്ചനിലെ വികാരി വികാരഭരിതനായി. അകത്തുള്ള ആറു കണ്ണുകള്‍ എന്റെ നേരേ  ആംഗ്യ മിസൈലുകള്‍ തൊടുത്തുകൊണ്ടിരുന്നു.

“അച്ചന്‍ ഇത്ര കഷ്ടപ്പെട്ട് എന്തിനു അവിടെ വികാരിയായി തുടരുന്നു?” - എന്നിലെ സാത്തന്‍ സര്‍പ്പം പത്തി വിടര്‍ത്തി. “അതു പിന്നെ കര്‍ത്താവിന്‌റെ വേലയ്ക്ക് ആരെങ്കിലും വേണ്ടായോ?” അച്ചന്‍ കര്‍ത്താവിനെ കൂട്ടുപിടിച്ച് ഒരു നമ്പറിറക്കി. “സര്‍വ്വശക്തനായ ദൈവം തമ്പുരാന് എന്തിന് ഇത്രയധികം വേലക്കാര്‍?” എന്നിലെ സാത്താന്‍ വിട്ടു കൊടുത്തില്ല- “കര്‍ത്താവ് അച്ചനെ നേരിട്ട് വന്ന് appointment  ചെയ്‌തോ? അതോ ദര്‍ശനം നല്‍കിയോ?”-

പ്രതീക്ഷിക്കാത്ത ഒരു ചോദ്യം കേട്ടപ്പോള്‍ പട്ടക്കാരനൊന്നു ഞെട്ടി.
“സത്യം പറയാമല്ലോ! എനിക്കിതില്‍ വലിയ ഡെഡിക്കേഷന്‍ ഒന്നുമില്ല. ഞാനുണ്ടായപ്പോള്‍ അപ്പനും അമ്മയും കൂടി നേര്‍ന്നതാ എന്നെ ഒരു പുരോഹിതനാക്കിക്കൊള്ളാമെന്ന്. സത്യത്തില്‍ എന്നെയല്ല, എന്റെ ചേട്ടനെയാ- പക്ഷേ പുള്ളിക്കാരന്‍ പള്ളിക്കാരോടു പോയി പണി നോക്കുവാന്‍ പറഞ്ഞു- ആ ശാപം മൂലം ഒരിക്കല്‍ കള്ളുഷാപ്പില്‍ നിന്നും പട്ടയടിച്ചു വന്ന അങ്ങേര് പാമ്പു കടിയേറ്റു മരിച്ചു. ചേട്ടച്ചാര്‍ക്കു പകരക്കാരനായാ ഞാന്‍ പട്ടക്കാരനായത്- അല്ലാതെ എനിക്കു ദൈവവിളിയോ ദര്‍ശനമോ ഒന്നും കിട്ടിയിട്ടില്ല-” അച്ചന്‍ എന്നോടു കുമ്പസാരിച്ചു. “അച്ചാ! ആത്മാര്‍ത്ഥതയില്ലാതെ ഈ പ്രവൃത്തി ചെയ്യുന്നത് പാപമല്ലേ! അച്ചനെ വിശ്വസിച്ച് നിത്യജീവനും പ്രതീക്ഷിച്ച് എത്രയോ പാവങ്ങള്‍ ജീവിച്ചു പോരുന്നു!”
“ഞാനൊരുത്തന്‍ വിചാരിച്ചാല്‍ ഇവന്മാരെയൊക്കെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകാന്‍ പറ്റുമോ? എവിടെങ്കിലും പോയി തുലയട്ടെ!” അച്ചന്റെ സ്വരത്തില്‍ അല്പം നീരസം.

“അതൊക്കെ പോകട്ടെ! ഞാന്‍ പറഞ്ഞതങ്ങു ക്ഷമിച്ചു കള. അച്ചന്‍ വന്ന കാര്യം പറഞ്ഞാട്ടെ!”
“സത്യം പറഞ്ഞാല്‍ ഞാന്‍ വന്നത് എന്റെ ഒരു പേഴ്‌സണല്‍ മാറ്റര്‍ പറയാനാ”- അച്ചന്‍ ലാലു അലക്‌സിന്റെ മിമിക്രി കാണിക്കുകയാണോ എന്നെനിക്കു തോന്നി.

പേഴ്‌സണലായി പറയുകയാ. എനിക്കു മക്കളു മൂന്നാ. പെണ്‍കുട്ടികള്‍- മൂത്ത രണ്ടെണ്ണെത്തിനും സുഖമില്ല- ഇളയത് കൊച്ചു കുട്ടിയാ- അതിനും എന്നും ചുമയും കുരയുമാ-ഭാര്യക്കും നല്ല സുഖമില്ല. വിവാഹത്തിനു മുമ്പുതന്നെ അവളൊരു മാറാരോഗിയാണ്. ആസ്തമാ-വലിവോട് വലിവ്!?

അച്ചന്റെ കുടുംബചിത്രം ഏതാണ്ടു പൂര്‍ണ്ണമായി. മാറാരോഗിയായ ആ സാധു സ്ത്രീയെ മൂന്നു തവണ ഗര്‍ഭം ധരിപ്പിച്ച അച്ചനെ ഞാന്‍ മനസ്സാ നമിച്ചു (ഒരു പെണ്‍കുഞ്ഞു പിറന്നു എന്നു പറയുമ്പോള്‍ മലയാളിക്ക് മനഃപ്രയാസമാണ്. ഇത്രയധികം പെണ്‍മക്കള്‍ കേരളത്തില്‍ ജനിച്ച്, നേഴ്‌സിംഗ് പഠിച്ച് അമേരിക്കയുള്‍പ്പെടെ പല വിദേശരാജ്യങ്ങളിലും കഷ്ടപ്പെട്ടു പണിയെടുക്കുന്നതു കൊണ്ടാണ്, കേരളത്തിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ രക്ഷപ്പെട്ടത്- കൈയില്‍ കാശു വന്നപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ പഴയ കുടുംബപുരാണം പറഞ്ഞ് ഞെളിഞ്ഞ് നടക്കുന്നുണ്ട്).

“പിന്നെ ഒരു വീടുപണിയും തുടങ്ങിയിട്ടുണ്ട്. അതും എങ്ങും എത്തിയിട്ടില്ല.” അദ്ദേഹം ദുരിതത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ ഓരോന്നായി അഴിക്കുകയാണ്. “അച്ചാ! ഞാന്‍ അത്യാവശ്യമായി ഒരു സ്ഥലംവരെ പോകുവാന്‍ തുടങ്ങുകയായിരുന്നു” ഭാണ്ഡക്കെട്ടുകള്‍ ഞാന്‍ അദ്ദേഹത്തിനു തിരികെ നല്‍കുവാന്‍ ഒരു ശ്രമം നടത്തി.

“എന്നാല്‍ ആയിക്കൊള്ളട്ടെ! നമുക്കൊന്നു പ്രാര്‍ത്ഥിക്കാം-”
പ്രാര്‍ത്ഥന ഏതാനും മിനുറ്റുകള്‍ക്കുള്‌ലില്‍ ഒതുക്കി. എന്റെ കഴിവനുസരിച്ച് ഒരു ചെറിയ സംഭാവന നല്‍കി. കാലിലെ പൊടിയും തട്ടി, ഒരിക്കല്‍പ്പോലും ഒന്നു തിരിഞ്ഞു നോക്കാതെ അദ്ദഹം സ്ഥലം വിട്ടു. “ആരെങ്കിലും നിങ്ങളെ വരവേല്‍ക്കാതിരുന്നാല്‍, അവരുടെ സാക്ഷ്യത്തിനായി, അവിടം വിട്ടു പോകുന്നതിനും മുമ്പായി നിങ്ങളുടെ കാലിലെ പൊടി അവിടെത്തന്നെ തട്ടി കളക”-

കര്‍ത്താവിന്റെ തിരുവചനം എന്റെയുള്ളില്‍കൂടി ഒരു മിന്നല്‍പ്പിണര്‍ പായിച്ചു.
കേരളത്തില്‍ ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്നത് ബിഷപ്പുമാരാണെന്നു തോന്നുന്നു! അല്ലെങ്കില്‍ പിന്നെ എന്തിനാണ് എല്ലാവര്‍ക്കും പരിവാരങ്ങളുമായി 'പിരിവ്' എന്ന പേരില്‍ അവര്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ വിദേശങ്ങളിലേക്കു പറക്കുന്നത്? രാജകീയ സ്വീകരണം- രുചികരമായ ഭക്ഷണം- സുഖതാമസം- ഈ ഭൂമിയിലെ രാജാക്കന്മാര്‍!

(തുടരും)
ഇക്കരെയക്കരെയിക്കരെ!(7 : ഭൂമിയിലെ രാജാക്കന്മാര്‍ - രാജു മൈലപ്രാ)ഇക്കരെയക്കരെയിക്കരെ!(7 : ഭൂമിയിലെ രാജാക്കന്മാര്‍ - രാജു മൈലപ്രാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക