Image

ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു; ചിത്രം ചല്‍തി കാ നാം ഗാഡി

Published on 04 December, 2014
ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു; ചിത്രം ചല്‍തി കാ നാം ഗാഡി


ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ബോളിവുഡിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. താരസുന്ദരി ഐശ്വര്യ റായിയും ഷാരൂഖ് ഖാനുമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്.  രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാകും ഇരുവരും ഒന്നിച്ച് അഭിനയിക്കുക എന്നാണ് ബോളിവുഡില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

ചല്‍തി കാ നാം ഗാഡി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കിഷോര്‍ കുമാറും മധുബാലയും അഭിനയിച്ച ക്ലാസിക് ചിത്രത്തിന്റെ റീമെയ്ക്കാണ് ഈ ചിത്രം.  ചിത്രത്തില്‍ കിഷോറും മധുബാലയും അവതരിപ്പിച്ച കഥാപാത്രങ്ങളെയാകും ഷാരൂഖും ഐശ്വര്യയും അവതരിപ്പിക്കുക. ഇതിന് മുന്പ് ഇരുവരും ഒന്നിച്ച ചിത്രം 2002ല്‍ പുറത്തിറങ്ങിയ ദേവ്ദാസ് ആയിരുന്നു. ഇവര്‍ ഒരുമിച്ച  മൊഹബത്തേന്‍,? ജോഷ് എന്നീ ചിത്രങ്ങളും വലിയ ഹിറ്റുകളായിരുന്നു.

നേരത്തെ കജോള്‍  ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കജോള്‍ഷാരൂഖ് ജോഡി ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. ഇവര്‍ ഒന്നിച്ച അവസാന ചിത്രം  മൈ നെയിം ഈസ് ഖാന്‍ ആയിരുന്നു. എന്നാല്‍ കജോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ വേഷം അവതരിപ്പിക്കാനുള്ള അവസരം അതോടെ സിനിമയിലേക്ക് രണ്ടാം വരവിനൊരുങ്ങുന്ന ഐശ്വര്യയ്ക്ക് ലഭിക്കുകയായിരുന്നു.

തന്റെ പുതിയ ചിത്രത്തെപ്പറ്റി സംവിധായകന്‍ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സിനിമാ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം അറിഞ്ഞതോടെ ഇരുവരുടെയും ആരാധകര്‍ സന്തോഷത്തിലാണ്.

നാല് വര്‍ഷം മുന്പ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗുസാരിഷ് എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.  ഒരു ഇടവേളയ്ക്ക് ശേഷം സഞ്ജയ് ഗുപ്തയുടെ ജസ്ബ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് രണ്ടാം വരവ് നടത്തുന്ന ബോളിവുഡ് സുന്ദരിക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. കരണ്‍ ജോഹറിന്റെ അടുത്ത ചിത്രമായ യേ ദില്‍ ഹൈ മുശ്കില്‍ എന്ന ചിത്രത്തിലെ നായിക ഐശ്വര്യയാണെന്ന് ദിവസങ്ങള്‍ക്ക് മുന്പാണ് സ്ഥിരീകരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക