Image

കാഞ്ഞങ്ങാട്‌ സ്വദേശി ഭൂഗര്‍ഭ അറയില്‍ ശ്വാസംമുട്ടി മരിച്ചു

Published on 15 December, 2011
കാഞ്ഞങ്ങാട്‌ സ്വദേശി ഭൂഗര്‍ഭ അറയില്‍ ശ്വാസംമുട്ടി മരിച്ചു
അബുദാബി: ജോലിസ്‌ഥലത്തെ ഭൂഗര്‍ഭ അറയില്‍ നിര്‍മിക്കുന്ന മലിനജലസംഭരണിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്‌ ശ്വസിച്ച്‌ തളര്‍ന്നു വീണ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട്‌ സ്വദേശിയായ യുവാവ്‌ ശ്വാസംമുട്ടി മരിച്ചു. വെള്ളിക്കോത്ത്‌ പനയംതട്ട പി.പി. പത്‌മനാഭന്‍ നായര്‍ (35) ആണ്‌ മരിച്ചത്‌. അബുദാബിയില്‍ അസ്‌ക്വലന്‍ കണ്‍സ്‌ട്രക്‌ഷന്‍ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ കമ്പനിയിലെ ഇലക്‌ട്രിക്കല്‍ സൂപ്പര്‍വെസറാണ്‌ പത്മനാഭന്‍ നായര്‍.

ചൊവ്വാഴ്‌ച രാവിലെ 10.30 നാണ്‌ അബുദാബി നജ്‌ദ സ്‌ട്രീറ്റിലെ അഡ്‌നോക്‌ പെട്രോള്‍ പമ്പിനു സമീപത്തെ അപാര്‍ട്ട്‌മെന്റ്‌ ടവര്‍ നിര്‍മാണ സൈറ്റില്‍ അപകടമുണ്ടായത്‌. മൂന്നു ദിവസമായി ഭൂഗര്‍ഭ ടാങ്കിലെ മലിന ജലം ഡീസല്‍ എന്‍ജിന്റെ സഹായത്തോടെ പമ്പു ചെയ്യുകയായിരുന്നു. ഇതിനിടയില്‍ പമ്പിലെ ഡീസല്‍ തീര്‍ന്നതിനാല്‍ എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ചത്‌ പരിശോധിക്കാനാണ്‌ ബംഗാളി തൊഴിലാളി ടാങ്കിലിറങ്ങിയത്‌. വെന്റിലേഷന്‍ സൗകര്യമില്ലാത്ത ടാങ്കില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്‌ തിങ്ങിയതിനാല്‍ അതിലിറങ്ങിയ തൊഴിലാളി ബോധരഹിതനായി വീണു. തുടര്‍ന്ന്‌ പത്മനാഭന്‍ ടാങ്കില്‍ ഇറങ്ങി സഹപ്രവര്‍ത്തകനെ രക്ഷിച്ചെങ്കിലും ഭൂഗര്‍ഭഅറയില്‍ നിന്ന്‌ തിരികെ കയറാന്‍ കഴിയാതെ ബോധരഹിതനാവുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ മറ്റു സഹപ്രവര്‍ത്തകര്‍ പത്‌മനാഭനെ അബുദാബി ഷെയ്‌ഖ്‌ ഖലീഫ മെഡിക്കല്‍സിറ്റിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ തുടങ്ങി. 15 വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്ന പത്‌മനാഭന്‍ അവധിക്ക്‌ നാട്ടിലെത്തി കഴിഞ്ഞ 28ന്‌ ആണ്‌ മടങ്ങിയത്‌. പരേതനായ ഒ.പി. കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മാറമ്മയുടെയും മകനാണ്‌. ഭാര്യ: രൂപ. മക്കള്‍: വൈഷ്‌ണവ്‌, പാര്‍ഥിവ്‌ (ഇരുവരും നീലേശ്വരം ചിന്‍മയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: വേണുനായര്‍ (റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി), കണ്ണനുണ്ണി, ദിനേശന്‍, സതി.
കാഞ്ഞങ്ങാട്‌ സ്വദേശി ഭൂഗര്‍ഭ അറയില്‍ ശ്വാസംമുട്ടി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക