Image

മദ്യപാനികള്‍ക്കെതിരെ സുധീരന്റെ നിലപാട് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ അനുകരണമോ- പി.പി.ചെറിയാന്‍

പി.പി.ചെറിയാന്‍ Published on 02 December, 2014
മദ്യപാനികള്‍ക്കെതിരെ സുധീരന്റെ നിലപാട് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ അനുകരണമോ- പി.പി.ചെറിയാന്‍
ഡാളസ് : മദ്യലഹരി വലിയൊരു ആസത്തിയായും, വിപത്തായും അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും, മദ്യലഹരി പകരുന്ന സൗഹൃദകൂട്ടങ്ങളും, ക്ലബുകളും സംസ്‌ക്കാരത്തിന് അപമാനകരമാണെന്നും ഈയ്യിടെയാണ് ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത, സഭയുടെ പരമോന്നത സമിതിയായ സഭാ മണ്ഡലത്തില്‍ പരസ്യമായി പ്രഖ്യാപിച്ചത്.

മദ്യപാനികളെ സഭയുടെ ചുമതലാസ്ഥാനങ്ങളില്‍ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കരുതെന്നും, ചുമതലാ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മദ്യപന്മാരാണെന്നു ബോധ്യപ്പെട്ടാല്‍ അവരെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുമെന്നും ഇടവകകള്‍ക്ക്  നിര്‍ദ്ദേശം നല്‍കുന്ന ഉള്‍പ്പെടെ മെത്രാപ്പോലീത്താ കര്‍ശന നടപടികളാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

ഒരു ക്രൈസ്തവ സഭയുടെ മേലദ്ധ്യക്ഷന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നടപ്പിലാക്കുന്നതിന് തടസ്സങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്താന ഘടകത്തിന്റെ അദ്ധ്യക്ഷന് സ്വീകരിക്കുന്ന നിലപാടുകള്‍ നടപ്പിലാക്കണമെങ്കില്‍ തരണം ചെയ്യേണ്ട കടമ്പകള്‍ നിരവധിയാണ്.
കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ മദ്യത്തിനെതിരെ ആദ്യം മുതല്‍ സ്വീകരിച്ച സമീപനം കര്‍ശനമാക്കുന്ന നടപടികളാണ് തുടര്‍ന്നും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തിന്‌റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളം മദ്യലഹരിയുടെ പിടിയില്‍ അതിവേഗം അമരുന്നതു കണ്ടു അതിനെതിരെ നിശ്ശബ്ദമായിരിക്കുവാന്‍ കഴിയാത്തതായിരിക്കാം ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തായെ പോലെ സുധീരനേയും ഇത്തരത്തിലൊരു തീരുമാനമെടുക്കുവാന്‍ പ്രേരിപ്പിച്ചത്. “പൂച്ചക്കാരു മണിക്കെട്ടും” എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കില്‍ ആരെങ്കിലും അതിനുവേണ്ടി മുന്നിട്ടിറങ്ങേയിരിക്കുന്നു. സമൂഹത്തില്‍ മദ്യം വരുത്തിവെക്കുന്ന ദുരിതങ്ങള്‍ കണ്ടറിഞ്ഞവര്‍ക്കും, മദ്യം ഉപയോഗിക്കാത്തവര്‍ക്കും മാത്രമേ ഇങ്ങനെയുള്ള ധീരനിലപാടുകള്‍ സ്വീകരിക്കാനാവൂ.

സ്വയം പ്രശംസക്കും, പകതീര്‍ക്കുന്നതിനും ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനുമാണ് സുധീരന്‍ ശ്രമിക്കുന്നതെന്ന് ചിലര്‍ പരസ്യമായും, രഹസ്യമായും ആരോപണം ഉന്നയിക്കുമ്പോള്‍, ആത്മാര്‍ത്ഥതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്?
സംഘടനാ തിരഞ്ഞെടുപ്പുകളിലോ, പൊതു തിരഞ്ഞെടുപ്പുകളിലോ മത്സരിക്കുവാന്‍ മദ്യപാനകളെ അനുവദിക്കുകയില്ലെന്നും, യാതൊരു കാരണവശാലും ഇവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം പോലും നല്‍കുകയില്ലെന്നും സുധീരന്‍ പ്രഖ്യാപിച്ചിരിക്കുന്നു. അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തന്നെ ഈ തീരുമാനം നടപ്പാക്കുമെന്നും സുധീരന്‍ പ്രഖ്യാപിച്ചത് നേതാക്കന്മാരെ ചൊടിപ്പിച്ചിട്ടുണ്ട്. കേരളം രാഷ്ട്രീയത്തില്‍ മറ്റൊരു വിവാദത്തിനു കൂടെ ഈ പ്രഖ്യാപനം തിരികൊളുത്തിയിരിക്കുന്നു.
ക്രൈസ്തവരുടെ സഭാ മേലദ്ധ്യക്ഷന്മാര്‍ പോലും പരസ്യമായി പറയുവാന്‍ ധൈര്യപ്പെടാത്ത മറ്റൊരു പ്രഖ്യാപനം കൂടെ സുധീരന്‍ നടത്തിയത് അവിശ്വസനീയമായി തോന്നുന്നു. മദ്യവില്പനക്കാരുടെ വോട്ടും, അവരുടെ സംഭാവനയും പാര്‍ട്ടിക്ക് ആവശ്യമില്ല എന്നുള്ളതുതന്നെ!
കോണ്‍ഗ്രസ്സിന്റെ ബൂത്ത് തലം മുതലുള്ള നേതാക്കള്‍ക്കാണ് മുന്‍പറഞ്ഞ നിര്‍ദ്ദേശം നല്‍കിയതായി കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പറയുന്നത്.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബ്ബലമായിട്ടും, കേരളഘടകം ഇത്തരമൊരു തീരുമാനം എടുത്തത് എങ്ങനെ വിലയിരുത്തപ്പെട്ടുവെന്ന് കാത്തിരുന്നു കാണേണ്ടിവരും.
മദ്യം വില്ക്കുന്നവരും, മദ്യപാനികളും സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് സംഭാവന നല്‍കുന്നത്. മദ്യവില്പനയും, മദ്യപാനവും പൂര്‍ണ്ണമായും നിയന്ത്രിക്കുകയും അതിനുവേണ്ടി ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും കലവറയില്ലാതെ പ്രോത്സാഹിപ്പിക്കേണ്ടതും ശോഭനമായ ഭാവി കേരളത്തിന് അനിവാര്യമാണ്. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതു മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിന് വി.എം.സുധീരന്‍ സ്വീകരിച്ച നിലപാടുകളാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കേരളത്തിലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുവാന്‍ കഴിഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികളും, നേതാക്കന്മാരും നടത്തുന്ന പ്രഖ്യാപനങ്ങല്‍ എത്രമാത്രം പ്രാവര്‍ത്തികമാകുന്നു എന്നുള്ളതില്‍ സംശയമുണ്ടെങ്കിലും, സുധീരന്‌റെ പ്രഖ്യാപനം ഫലപ്രാപ്തിയിലെത്തുകതന്നെ ചെയ്യുമെന്നാണ് ഭൂരിപക്ഷം കേരളീയരും പ്രതീക്ഷിക്കുന്നത്. മദ്യപാനാസക്തി എന്ന അനിയന്ത്രിതമായി അഴിച്ചുവിട്ടിരിക്കുന്ന യാഗാശ്വത്തെ പിടിച്ചുകെട്ടുന്നതിന് ഒരു മതാദ്ധ്യക്ഷനോ, ഒരു രാഷ്ട്രീയ പാര്‍ട്ടിയോ മാത്രം വിരിച്ചാല്‍ അസാധ്യമാണെന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. ഇതിനൊരപവാദമായിതീരട്ടെ മാര്‍ത്തോമാ മെത്രാപോലീത്തായുടെയും, കെ.പി.സി.സി. അദ്ധ്യക്ഷന്‍ വി.എം. സുധീരന്റേയും ധീരമായ പ്രഖ്യാപനങ്ങള്‍.


മദ്യപാനികള്‍ക്കെതിരെ സുധീരന്റെ നിലപാട് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ അനുകരണമോ- പി.പി.ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക