Image

പശ്ചിമ ബംഗാള്‍ മദ്യദുരന്തം: മരണം 103 ആയി

Published on 15 December, 2011
പശ്ചിമ ബംഗാള്‍ മദ്യദുരന്തം: മരണം 103 ആയി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബുധനാഴ്ച ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 103 ആയി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ 31 പേര്‍ വ്യാഴാഴ്ച രാവിലെ മരിച്ചു. 24 പര്‍ഗാനാസ് (ദക്ഷിണ) ജില്ലയിലെ സംഗ്രാംപുര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ബങ്കൂര്‍, ചിത്തരഞ്ജന്‍, ഡയമണ്ട് ഹാര്‍ബര്‍ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് വ്യാഴാഴ്ച മരിച്ചത്.

സംഗ്രാംപുര്‍ ഗ്രാമത്തിലെ മദ്യവില്‍പ്പനകേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്ക് കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നൂറോളം പേരെ നാട്ടുകാര്‍ ഡയമണ്ട് ഹാര്‍ബര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ആയവരെ പിന്നീട് മറ്റ് ആസ്പത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

പശ്ചിമബംഗാളില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ തെരുവുകള്‍തോറും അനധികൃത മദ്യശാലകള്‍ വ്യാപകമാണ്. പോലീസിന്റെയും ഭരണകൂടത്തിന്റെയും പ്രാദേശിക രാഷ്ട്രീയനേതൃത്വത്തിന്റെയും ഒത്താശയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കൊല്‍ക്കത്തയിലെ സ്വകാര്യ ആസ്പത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 94 പേര്‍ മരിച്ചിരുന്നു. ഇതിന്റെ മുറിവ് ഉണങ്ങുംമുമ്പാണ് സംസ്ഥാനത്ത് ദുരന്തം ആവര്‍ത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക