Image

മാട്ടുപെട്ടിയിലും എക്കോ പോയിന്റിലും (പ്രകൃതിയുടെ നിഴലുകള്‍ തേടി - 46: ജോര്‍ജ്‌ തുമ്പയില്‍)

Published on 29 November, 2014
മാട്ടുപെട്ടിയിലും എക്കോ പോയിന്റിലും (പ്രകൃതിയുടെ നിഴലുകള്‍ തേടി - 46: ജോര്‍ജ്‌ തുമ്പയില്‍)
വരയാടുകളെയും കണ്ട്‌ മൂന്നാറില്‍ നിന്നും ഭക്ഷണവും കഴിച്ച്‌ ബിനുവിന്റെ വണ്ടി നേരെ മാട്ടുപെട്ടി റോഡിലേക്ക്‌ തിരിഞ്ഞു. പുല്‍മേടുകള്‍ നിറഞ്ഞ വഴിയിലൂടെ എക്കോ പോയിന്റും മാട്ടുപെട്ടി-കുണ്ടള ഡാമും കണ്ട്‌ മടങ്ങുകയായിരുന്നു ഉദ്ദേശം. വഴിയില്‍ ഇടയ്‌ക്കിടെ കാഴ്‌ച മറച്ച്‌ മഞ്ഞ്‌ നിറഞ്ഞു നില്‍ക്കുന്നു. വാഹനത്തിന്റെ വിന്‍ഡോ താഴ്‌ത്തിയപ്പോള്‍ നല്ല ശുദ്ധവായു കലര്‍ന്ന തണുത്ത കാറ്റ്‌ അകത്തേക്ക്‌ കയറി. ഒരു നിമിഷം മനസ്സും ശരീരവും ശുദ്ധമായതു പോലെ. യാത്രയുടെ ആലസ്യം പെട്ടെന്നു മറഞ്ഞു. എല്ലാവരും ഉത്സാഹത്തിലായി.

കുണ്ടള ഡാമിന്റെ സമീപത്ത്‌ റോഡില്‍ നിറയെ ക്യാരറ്റും ചോളവും വില്‍ക്കുന്നവരെ കൊണ്ട്‌ നിറഞ്ഞിരുന്നു. ഈ ഭാഗത്ത്‌ കൂടുതലും എത്തുന്നത്‌ ആഭ്യന്തര വിനോദസഞ്ചാരികളാണ്‌. അതു കൊണ്ട്‌ തന്നെ കാര്യമായ തിരക്കുകള്‍ പ്രകടം. സ്‌കൂള്‍ കുട്ടികളും ഫാമിലിയും അടക്കം ഒട്ടേറെ പേര്‍ സഞ്ചാരികളായി എത്തിയിരിക്കുന്നു. ഇവരുടെ വാഹനങ്ങള്‍ റോഡിലാകെ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്നതു കൊണ്ട്‌ വഴിയില്‍ നല്ല തിരക്ക്‌ അനുഭവപ്പെടുന്നുണ്ട്‌. വീതി കുറഞ്ഞ വഴിയാണെങ്കിലും നല്ല റോഡ്‌. ബിനു വളവും തിരിവുമൊക്കെ നല്ല വൈദഗ്‌ധ്യത്തോടെ കൈകാര്യം ചെയ്യുന്നു. ഡ്രൈവിങ്‌ ഒരു കലയാണെന്ന്‌ ബിനുവിന്റെ ഡ്രൈവിങ്ങ്‌ നോക്കിയിരുന്നാല്‍ അറിയാം. വണ്ടിയിലിരിക്കുന്നവര്‍ക്ക്‌ യാതൊരു അലോസരവുമില്ല. മുഹമ്മദ്‌ റാഫിയുടെ ഗാനം വണ്ടിക്കുള്ളില്‍ നിറഞ്ഞു നിന്നു.

ഡാമിന്റെ മുകളിലൂടെ ഞങ്ങള്‍ വണ്ടി പാര്‍ക്ക്‌ ചെയ്യുന്നിടത്തേക്ക്‌ നീങ്ങി. നല്ല പ്രകൃതി ഭംഗി നിറഞ്ഞ അന്തരീക്ഷം. എക്കോ പോയിന്റായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മൂന്നാറില്‍ നിന്നും ഏകദേശം 13 കിലോമീറ്റര്‍ ഞങ്ങള്‍ സഞ്ചരിച്ചു കഴിഞ്ഞു. അര മണിക്കൂര്‍ നീണ്ടു ഡ്രൈവിങ്‌. മൂന്നാറിലേക്ക്‌ വരുന്ന യുവസഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്‌തമാണ്‌ എക്കോ പോയിന്റ്‌. മനോഹരമായ തടാകതീരത്താണ്‌ എക്കോ പോയിന്റ്‌. അതു കൊണ്ട്‌ തന്നെ ഹണിമൂണ്‍ ഡെസ്റ്റിനേഷനായും ഇവിടം അറിയപ്പെടുന്നുണ്ട്‌. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടും വീണ്ടും ഇവിടെ കേള്‍ക്കാനാവും, അതു കൊണ്ടാണ്‌ ഇതിന്‌ എക്കോ പോയിന്റ്‌ എന്ന പേരു വന്നത്‌. തടാകത്തിന്റെ മറു തീരത്ത്‌ മലയും, താഴ്‌വാരത്ത്‌ മരങ്ങളും. ഞങ്ങള്‍ തടാകത്തീരത്തേക്ക്‌ ഇറങ്ങി. പലരും അവിടെ നിന്നു കാറിക്കൂവുന്നത്‌ കേട്ടു. അധികവും ടീനേജുകാരുടെ ബാച്ചുകളാണ്‌. നല്ല ചൂട്‌ കപ്പലണ്ടിയുമായി ഒരാള്‍ എത്തി. ബിനു കുറച്ചു പൊതികള്‍ വാങ്ങി. അതും കൊറിച്ചു ഒരു ഒഴിഞ്ഞ കോണില്‍ ഞങ്ങള്‍ ഇരുന്നു. ഇവിടെയെത്തുന്ന ചെറുപ്പക്കാരുടെ പ്രധാന വിനോദം എക്കോ പോയിന്റിലെ എക്കോ ഒന്നു പരീക്ഷിക്കുകയാണെന്നു തോന്നി. ചുറ്റുപാടുമുള്ള തേയിലത്തോട്ടങ്ങലും, ഏലത്തോട്ടങ്ങളുമെല്ലാം ചേര്‍ന്നൊരുക്കുന്ന മനോഹരമായ കാഴ്‌ചയില്‍ മതിമറന്നു അല്‍പ്പനേരമിരുന്നു. ട്രക്കിങ്‌ പ്രിയരുടെ ഇഷ്ടസ്ഥലംകൂടിയാണിതെന്നു ബിനു പറഞ്ഞു.

തീരെ സമയമില്ലായിരുന്നതിനാല്‍ വേഗം തന്നെ ഞങ്ങള്‍ മാട്ടുപ്പെട്ടി അണക്കെട്ടിനു സമീപത്തേക്ക്‌ യാത്രയായി. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഒരു സംഭരണി അണക്കെട്ടാണിത്‌. പള്ളിവാസല്‍ അണക്കെട്ടിനെക്കുറിച്ച്‌ മുന്‍പ്‌ എഴുതിയിരുന്നതാണ്‌. (കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ്‌ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി. പെരിയാറിന്റെ ഒരു പോഷകനദിയായ മുതിരപ്പുഴയാറ്റിലാണിത്‌. 1946 ആണു പള്ളിവാസല്‍ പദ്ധതി ആരംഭിച്ചത്‌. 32.5 മെഗാ വാട്ട്‌ വൈദ്യുതി ഉല്‌പാദിപ്പിക്കുന്ന ഇവിടെ 37.5 മെഗാ വാട്ട്‌ ഉത്‌പാദന ശേഷിയുണ്ട്‌. കുണ്ടള, മാട്ടുപ്പെട്ടി, മൂന്നാര്‍ പട്ടണത്തിലെ രാമസ്വാമി അയ്യര്‍ ഹെഡ്‌ വര്‍ക്‌സ്‌ അണക്കെട്ട്‌ എന്നീ അണക്കെട്ടുകളിലെ ജലമാണ്‌ പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിക്കായി ഉപയോഗിക്കുന്നത്‌. രാമസ്വാമി അയ്യര്‍ ഹെഡ്‌ വര്‍ക്‌സ്‌ അണക്കെട്ടാണ്‌ പള്ളിവാസലിലേക്കുള്ള ജലത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നത്‌. ഇവിടെ നിന്നും ടണല്‍ വഴി പവര്‍ഹൗസിലേക്ക്‌ ജലം എത്തിക്കുന്നു.) പാലാറിനു കുറുകെയാണ്‌ ഡാം സ്ഥിതി ചെയ്യുന്നത്‌. വൈദ്യുതോല്‌പാദനത്തിനായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ്‌ ഗ്രാവിറ്റി അണക്കെട്ടാണിത്‌. കാഴ്‌ചയ്‌ക്ക്‌ നല്ല ഭംഗി. വൃത്തിയും വെടിപ്പും അനുഭവപ്പെടുന്നുണ്ട്‌. അതെല്ലാം പ്രകൃതി സ്വമേധയാ ഒരുക്കിയതാണെന്നു കൊച്ചുമോന്‍ പറഞ്ഞു. ശരിയാണ്‌, പ്രകൃതി ഒരുക്കി തന്ന കലാവൈദഗ്‌ധ്യമാണത്‌. അണക്കെട്ടിലെ ചെളി പുറത്തേക്ക്‌ കളയാനായി അടിഭാഗത്ത്‌ വാല്‍വ്‌ സ്ഥാപിച്ചിട്ടുണ്ട്‌. സഞ്ചാരികള്‍ക്ക്‌ അതു കാണാം. വഴിയില്‍ പുഴുങ്ങുന്ന ചോളത്തിന്റെ മണം തിങ്ങി നില്‍ക്കുന്നു.

മൂന്നാറിന്റെ സമീപപ്രദേശമായതുകൊണ്ട്‌ തന്നെ മാട്ടുപ്പെട്ടി ഡാം സന്ദര്‍ശിക്കാന്‍ വളരെയധികം സഞ്ചാരികള്‍ വരാറുണ്ട്‌. അണക്കെട്ടില്‍ സ്‌പീഡ്‌ ബോട്ട്‌ സഞ്ചാരവുമുണ്ട്‌. സാഹസികപ്രിയര്‍ ഡാമിലൂടെ ചുറ്റിക്കറങ്ങുന്നതു കണ്ടു. കുറച്ചു നേരം അതു നോക്കി നിന്നു. തിരിച്ചു വരും വഴി കേരള കന്നുകാലി വികസന ബോര്‍ഡ്‌ സ്ഥാപിച്ചിരിക്കുന്ന പശുപരിപാലന കേന്ദ്രം കാണണമെന്നുണ്ടായിരുന്നുവെങ്കിലും സാധിച്ചില്ല. സഞ്ചാരികളെ ഇവിടേക്ക്‌ ഇപ്പോള്‍ പ്രവേശനം അനുവദിക്കുന്നില്ലെന്നു കൊച്ചുമോന്‍ പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പു വരെയുണ്ടായിരുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന മലയാളസിനിമ ഷൂട്ട്‌ ചെയ്‌ത സ്ഥലം ബിനു കാണിച്ചു തന്നു. സങ്കരഇനത്തില്‍പ്പെട്ട 80 പശുക്കളും 40 കിടാവുകളും 120 കാളകളുമാണ്‌ ഫാമിലുള്ളതെന്ന്‌ വഴിയില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ കാണാം. ഇന്ത്യയിലെ പ്രധാനപ്പെട്ട ബീജോത്‌പാദന കേന്ദ്രമാണിത്‌. ഫാമിലെ പശുക്കള്‍ ഭൂരിഭാഗവും പ്രതിദിനം 14 മുതല്‍ 17 വരെ കിലോഗ്രാം പാല്‍ നല്‍കുമെന്ന്‌ കൊച്ചുമോന്‍ പറഞ്ഞു.

സമുദ്ര നിരപ്പില്‍ ഇനിന്നും 1700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സ്വിസ്സ്‌ സമാനമായ കാലാവസ്ഥയോടു കൂടിയായതിനാല്‍, വിദേശ ജനുസ്സ്‌ പശുക്കള്‍ക്ക്‌ വളരാന്‍ അനുയോജ്യമാണ്‌. വിദേശത്തുനിന്നും കൊണ്ടുവന്ന കാളകള്‍ കൂടാതെ ഈ കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത കാളകളും ഇവിടെ ഉണ്ട്‌. ഇവിടുത്തെ മുഖ്യ ഉല്‍പ്പന്നമായ `കാളയുടെ ബീജം`, കേരളത്തില്‍ മൊത്തമായും , ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ ഭാഗികമായും വിതരണം ചെയ്യപ്പെടുന്നുണ്ട്‌.

ഇരുട്ടു വീണു തുടങ്ങുന്നു. വഴിയില്‍ കാഴ്‌ചകളെ മറച്ച്‌ മഞ്ഞ്‌ നൃത്തമാടുന്നുണ്ട്‌. ഞങ്ങള്‍ തിരിച്ച്‌ മൂന്നാറിലേക്ക്‌ മടങ്ങി. കാഴ്‌ചകളുടെ ആനന്ദനൃത്തം കണ്ണുകളുടെ മുന്നില്‍ നിന്നും മായുന്നതേയില്ല. മൂന്നാറില്‍ നിന്ന്‌ തിരിച്ച്‌ പോരും മുന്‍പ്‌ നല്ല ഗ്രീന്‍ ടീ പായ്‌ക്കറ്റ്‌ ഒരെണ്ണം വാങ്ങണം. ചില സുവനിയറുകള്‍ വാങ്ങണം. ഒപ്പം, സുലോചന നാലപ്പാട്ട്‌ എഴുതിയ മൂന്നാറിനെക്കുറിച്ചുള്ള പുസ്‌തകം വാങ്ങണം. ബിനു വാഹനം നല്ല സ്‌പീഡില്‍ തന്നെ പായിച്ചു. അതിനൊപ്പം എന്റെ മനസ്സും മൂന്നാറിലെ കാഴ്‌ചകള്‍ക്കൊപ്പം സഞ്ചരിച്ചു.

(തുടരും)
മാട്ടുപെട്ടിയിലും എക്കോ പോയിന്റിലും (പ്രകൃതിയുടെ നിഴലുകള്‍ തേടി - 46: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക