Image

പാക് പ്രസിഡന്റ് സര്‍ദാരി ആസ്പത്രി വിട്ടു

Published on 15 December, 2011
പാക് പ്രസിഡന്റ് സര്‍ദാരി ആസ്പത്രി വിട്ടു
ദുബായ്/ ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ആസ്പത്രി വിട്ടുവെന്ന് അദ്ദേഹത്തിന്റെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഏതാനും ദിവസംകൂടി അദ്ദേഹത്തിന് ദുബായില്‍ കഴിയേണ്ടിവരും. ഹൃദ്രോഗ ചികിത്സ നടത്തിവന്ന ആസ്പത്രിയില്‍നിന്ന് അദ്ദേഹത്തെ ദുബായിലെ വസതിയിലേക്ക് മാറ്റിയതായി വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആരോഗ്യനില സാധാരണ നിലയില്‍ ആയതായി പരിശോധനയില്‍ വ്യക്തമായതോടെയാണ് ബുധനാഴ്ചതന്നെ അദ്ദേഹം ആസ്പത്രി വിട്ടതെന്ന് ദുബായിലുള്ള മുതിര്‍ന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് പറഞ്ഞു. അദ്ദേഹത്തിന് വ്യാഴാഴ്ച ആസ്പത്രി വിടാനാവുമെന്നാണ് നേരത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഏതാനും പി.പി.പി പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ദുബായില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന് ജിയോ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.

സര്‍ദാരിക്ക് പാകിസ്താനിലേക്ക് എന്ന് മടങ്ങാനാവുമെന്ന് ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ദുബായിലെ വസതിയില്‍ വിശ്രമിക്കാനും മരുന്നുകള്‍ കഴിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി ആസ്പത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. ഭാര്യ മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ചരമവാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 27 ന് സര്‍ദാരി പാകിസ്താനില്‍ എത്തുമെന്ന് മതകാര്യവകുപ്പ് മന്ത്രി ഖുര്‍ഷിദ് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക