Image

അറബ്‌ ഗെയിംസ്‌: ഈജിപ്‌ത്‌ മെഡല്‍ വേട്ട തുടരുന്നു

Published on 14 December, 2011
അറബ്‌ ഗെയിംസ്‌: ഈജിപ്‌ത്‌ മെഡല്‍ വേട്ട തുടരുന്നു
ദോഹ: ദോഹയില്‍ നടക്കുന്ന 12ാമത്‌ അറബ്‌ ഗെയിംസില്‍ മെഡല്‍ വേട്ട തുടരുന്ന ഈജിപ്‌തിന്‌ ഇന്നലെ സുവര്‍ണദിനം. 13 സ്വര്‍ണമാണ്‌ ഈജിപ്‌ഷ്യന്‍ താരങ്ങള്‍ ഇന്നലെ സ്വന്തം അക്കൗണ്ടിലെത്തിച്ചത്‌. ഇതോടെ 26 സ്വര്‍ണമടക്കം ഈജിപ്‌തിന്‍െറ മെഡല്‍ നില 61 ആയി. രണ്ടാം സ്ഥാനത്തുള്ള ഖത്തറിന്‌ ഇന്നലെ മൂന്ന്‌ സ്വര്‍ണം കൂടി ലഭിച്ചു. 11 സ്വര്‍ണമടക്കം 22 മെഡലുകളുമായി തുനീഷ്യയാണ്‌ മൂന്നാം സ്ഥാനത്ത്‌. ഇന്നലെ നാല്‌ സ്വര്‍ണം കൂടി സ്വന്തമാക്കി 22 മെഡലുകളുമായി സൗദി അറേബ്യ നാലാം സ്ഥാനത്തെത്തി. ഏഴാം സ്ഥാനത്തുള്ള കുവൈത്തും (17 മെഡലുകള്‍) എട്ടാം സ്ഥാനത്തുള്ള ബഹ്‌റൈനും (എട്ട്‌) ഇന്നലെ ഓരോ സ്വര്‍ണം വീതം നേടിയപ്പോള്‍ രണ്ട്‌ സ്വര്‍ണം നേടി ഒമാന്‍ (എട്ട്‌) ഒമ്പതാം സ്ഥാനം കൈയ്യടക്കി. 14ാം സ്ഥാനത്ത്‌ നില്‍ക്കുന്ന യു.എ.ഇക്ക്‌ (അഞ്ച്‌) ഇന്നലെ മെഡല്‍ നേട്ടങ്ങളൊന്നുമില്ല.

12 സ്വര്‍ണവും ഒമ്പത്‌്‌ വെള്ളിയും 13 വെങ്കലവുമടക്കം 34 മെഡലുകളാണ്‌ ആതിഥേയരായ ഖത്തറിന്‍െറ പട്ടികയിലുള്ളത്‌. അമ്പെയ്‌ത്തില്‍ അല്‍ ഒബാദി അബ്ദുല്‍ അസീസ്‌ രണ്ടിനങ്ങളിലായി ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. സലീം അലി അഹമ്മദാണ്‌ ഖത്തറിന്‌ വേണ്ടി രണ്ടാമത്തെ സ്വര്‍ണം നേടിയത്‌. വനിതകളുടെ ഷൂട്ടിംഗില്‍ ടീമിനത്തില്‍ വെള്ളിയും ജിംനാസ്റ്റിക്‌സില്‍ വൊഹ്‌ദാന്‍ ശാദിന്‌ രണ്ടിനങ്ങളിലായി ഒരു വെള്ളിയും ഒരു വെങ്കലവും അമ്പെയ്‌ത്തിന്‍െറ വ്യക്തിഗത ഇനത്തില്‍ അല്‍ മുഹന്നദി ഇബ്രാഹിമിന്‌ ഒരു വെങ്കലവും ലഭിച്ചു.

തുടക്കം മുതല്‍ മേധാവിത്തം നിലനിര്‍ത്തുന്ന ഈജിപ്‌ത്‌്‌ അമ്പെയ്‌ത്തിന്‍െറ വ്യക്തഗത ഇനത്തിലാണ്‌ ഇന്നലെ ആറ്‌ സ്വര്‍ണവും മൂന്ന്‌ വെള്ളിയും ആറ്‌ വെങ്കലവും വാരിക്കൂട്ടിയത്‌. പുരുഷന്‍മാരുടെ ടെന്നീസ്‌ ടീമിനത്തിലും വനിതകളുടെ ടേബിള്‍ ടെന്നീസ്‌ ടീമിനത്തിലും ഓരോ സ്വര്‍ണവും ജിംനാസ്റ്റിക്‌സില്‍ മൂന്ന്‌ സ്വര്‍ണവും ഒരു വെള്ളിയും ഷൂട്ടിംഗില്‍ രണ്ട്‌ വെള്ളിയും ലഭിച്ചു. തിങ്കളാഴ്‌ച അമ്പെയ്‌ത്തില്‍ ഈജിപ്‌ത്‌ മൂന്ന്‌ സ്വര്‍ണം നേടിയിരുന്നു. ഷൂട്ടിംഗില്‍ വനിതകളുടെ വ്യക്തിഗത ഇനത്തിലും പുരുഷ വിഭാഗം ജിംനാസ്റ്റിക്‌സിലും ഓരോ വെങ്കലവും ഇന്നലെ ഈജിപ്‌തിന്‌ ലഭിച്ചു.
സൗദി അറേബ്യയുടെ അല്‍ സഈദ്‌ മുഹമ്മദിനും പുരുഷന്‍മാരുടെ ടീമിനും ഷൂട്ടിംഗിലും അല്‍ റോദാന്‍ അബ്ദുല്‍ അസീസ്‌ മുഹമ്മദ്‌, അല്‍ സഈദ്‌ മുഹമ്മദ്‌ എന്നിവര്‍ക്ക്‌ അമ്പെയ്‌ത്തിലും ഇന്നലെ സ്വര്‍ണം ലഭിച്ചു. അമ്പെയ്‌ത്തില്‍ സൗദിയുടെ അല്‍ ബവ്‌റാദി സാമി സഅദ്‌ വെള്ളിയും അല്‍ ദര്‍ബി തുര്‍ക്കി മുഹമ്മദ്‌ ഒരു വെങ്കലവും സുലൈമാനി മുസാബ്‌ സാലിഹ്‌, അല്‍റോദന്‍ അബ്ദുല്‍ അസീസ്‌ മുഹമ്മദ്‌ എന്നിവര്‍ രണ്ട്‌ വെങ്കലവും സ്വന്തമാക്കിയപ്പോള്‍ പുരുഷന്‍മാരുടെ ഭാരോദ്വാഹനത്തില്‍ സല്‍ സലീം മന്‍സൂര്‍ വെള്ളിയും അല്‍ അബ്ദുലാല്‍ വെങ്കലവും ഷൂട്ടിംഗില്‍ അല്‍ അംറി മുഹമ്മദ്‌ വെങ്കലവും നേടി. കുവൈത്തിന്‍െറ അര്‍സൂഖി മറിയത്തിന്‌ ഇന്നലെ ഷൂട്ടിംഗില്‍ സ്വര്‍ണം ലഭിച്ചു. ടെന്നീസില്‍ പുരുഷന്‍മാരുടെ ടീമിനത്തിന്‌ ലഭിച്ച വെള്ളിയും പുരുഷന്‍മാരുടെ ഭാരോദ്വാഹനത്തില്‍ അല്‍ ഹാതിം അബ്ദുല്ലക്ക്‌ ലഭിച്ച വെങ്കലവുമാണ്‌ കുവൈത്തിന്‍െറ ഇന്നലത്തെ മറ്റ്‌ മെഡല്‍ നേട്ടങ്ങള്‍. വനിതകളുടെ ഷൂട്ടിംഗില്‍ ബഹ്‌റൈന്‍ ടീമിന്‌ സ്വര്‍ണവും അല്‍ ഖസ്‌മി അസ്സക്ക്‌ വെള്ളിയും സുവൈലഹ്‌ ഐഷക്ക്‌ വെങ്കലവും ലഭിച്ചു. ഒമാന്‍െറ അല്‍ കുലൈബി സുഹൈല്‍ പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ മൂന്നിനങ്ങളിലായി രണ്ട്‌ സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കിയതാണ്‌ ഇന്നലത്തെ ശ്രദ്ധേയമായ മറ്റൊരു നേട്ടം. പുരുഷ വിഭാഗം ഷൂട്ടിംഗില്‍ ഒമാന്‍ ടീം ഒരു വെങ്കലവും സമ്പാദിച്ചു.
അറബ്‌ ഗെയിംസ്‌: ഈജിപ്‌ത്‌ മെഡല്‍ വേട്ട തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക