Image

മോഡിയുടെ പടയോട്ടം ഹിമവേല്‍സാനുക്കളിലേക്കും വ്യാപിക്കുന്നു.(ഡല്‍ഹികത്ത്-പി.വി.തോമസ്)

പി.വി.തോമസ് Published on 24 November, 2014
മോഡിയുടെ പടയോട്ടം ഹിമവേല്‍സാനുക്കളിലേക്കും വ്യാപിക്കുന്നു.(ഡല്‍ഹികത്ത്-പി.വി.തോമസ്)
രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചും അഡോള്‍ഫ് ഹിറ്റ്‌ലറെ ക്കുറിച്ചും കേട്ടറിഞ്ഞിട്ടുള്ള ഒരു കഥയാണ് ഇത്.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഹിറ്റ്‌ലര്‍ എന്ന ലോകം കണ്ട ഏറ്റവും കുപ്രസിദ്ധനായ ഏകാധിപതി യുറോപ്പില്‍ അദ്ദേഹത്തിന്റെ വെട്ടിപ്പിടിക്കല്‍ അരങ്ങേറുകയായിരുന്നു. സര്‍വ്വപ്രതാപത്തോടെ. യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി അദ്ദേഹത്തിന്റെ ടാങ്കിന്റെ ചങ്ങലയുടെ കീഴില്‍  ഞെരിഞ്ഞമര്‍ന്നു.  യൂറോപ്പ് യുദ്ധത്തിന്റെ ആയുധശാലയായി. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഒന്നൊന്നായി ഹിറ്റ്‌ലറുടെ മുമ്പില്‍ മുട്ടുമടക്കി. ഹിറ്റ്‌ലര്‍ ഓരോ ദിവസവും അദ്ദേഹം കീഴടക്കുവാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ ഭരണാധികാരിയോട് പറയുകയായിരുന്നത്രെ. "നാളെ എന്റെ പ്രഭാത ഭക്ഷണം അല്ലെങ്കില്‍ അത്താഴം താങ്കളുടെ ഔദ്യോഗിക വസതിയില്‍ ആയിരിക്കും." അദ്ദേഹം അത് ഒന്നൊന്നായി പാലിച്ചു. അവസാനം അദ്ദേഹം ഒരു ദിവസം ബ്രിട്ടീഷ് രാജസിംഹാസനത്തോട് പറഞ്ഞു പിറ്റെ ദിവസം അദ്ദേഹത്തിന്റെ പ്രഭാത ഭക്ഷണം ബെക്കിംങ്ങാം കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ആയിരിക്കുമെന്ന്. ബ്രിട്ടന്‍ ഉറക്കില്‍ നിന്നും ഉണര്‍ന്നു. അമേരിക്കക്ക് പുതിയ ബോധോദയം ഉണ്ടായി. യുദ്ധത്തിന്റെയും ചരിത്രത്തിന്റെയും ഗതി മാറി. ഇവിടെ ഞാന്‍ യാതൊരു കാരണവശാലും മോഡിയെ ഹിറ്റ്‌ലര്‍ ആയി തുലനം ചെയ്യുകയല്ല. അദ്ദേഹത്തെ സുപ്രീം കോടതിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളും അദ്ദേഹത്തെ സീറോ ചക്രവര്‍ത്തിയായിട്ടും ഹിറ്റ്‌ലര്‍ ആയിട്ടും താദാത്മ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടെ അതല്ല ഉദ്ദേശം മറിച്ച് അദ്ദേഹം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ കൃത്യത ആണ്. മോഡിയുടെ ജൈത്രയാത്രക്ക് ഒരു വ്യതിയാനവും കാണുന്നില്ല. ദല്‍ഹി കീഴടക്കി(ലോകസഭാ തെരഞ്ഞെടുപ്പ്). മഹാരാഷ്ട്രയും ഹരിയാനയും പിടിച്ചെടുത്തു(അസംബ്ലി തെരഞ്ഞെടുപ്പ്). ഇതിനിടെ ആകെ ഏറ്റ പരാജയം ബീഹാറിലും ഉത്തരകാണ്ടിലും ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റ ചിലപരാജയങ്ങള്‍ മാത്രം ആണ്. അത് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സംസ്ഥാന നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ വീട്ടുകയും ചെയ്തു. മോഡിയുടെ പടയോട്ടം അങ്ങനെ തുടരുകയാണ്, കരുത്തനായ ഒരു എതിരാളി ഇല്ലാതെ.

അടുത്ത പടനിലങ്ങള്‍ ആദ്യം സൂചിപ്പിച്ചതുപോലെ ഹൈമവല്‍ സാനുക്കളിലെ ജമ്മു-കാശ്മീരും ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയിലെ ഝാര്‍ഖണ്ടും ആണ്. ഇവിടങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് നവംബര്‍ 25ന് ആരംഭിക്കുകയും ഡിസംബര്‍ 20ന് അവസാനിക്കുകയും ചെയ്യും. വിധിപ്രസ്താവന ഡിസംബര്‍ 23നാണ്. ഈ രണ്ട് സംസ്ഥാനങ്ങളും ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഭരണത്തിലാണ്. ജമ്മു-കാശ്മീരില്‍ നാഷ്ണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും ഒത്ത് ഭരിക്കുന്നു. ജമ്മു-കാശ്മീരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും സഖ്യം പിരിഞ്ഞു. ഝാര്‍ഖണ്ടിലാകട്ടെ ഝാര്‍ഖണ്ട്് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും വേര്‍പിരിഞ്ഞു. ഈ സാഹചര്യത്തില്‍ എന്തായിരിക്കും തെരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കും കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും നാഷ്ണല്‍  കോണ്‍ഫ്രന്‍സിന്റെയും അതിന്റെ എതിരാളിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെയും ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചയുടെയും ഭാവി ഈ രണ്ട് സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുക്കുവാന്‍ മോഡി-അമിത് ഷാ കൂട്ടുകെട്ട് തീവ്രമായി ശ്രമിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്തായിരുന്നു 2008-ലും 2009ലും ഈ സംസ്ഥാനങ്ങളിലെ അവസ്ഥ (ജമ്മു-കാശ്മീര്‍ നിയമസഭയിലേക്ക് ആറ് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് നടക്കുക). എവിടേക്കാണ് ഈ സംസ്ഥാനങ്ങള്‍ നീങ്ങുന്നത് മോഡിയുടെ പ്രഭാത ഭക്ഷണം ശ്രീനഗറിലോ റാഞ്ചിയിലോ ആയിരിക്കുമോ ഡിസംബര്‍ 23-ന് ശേഷം
ആദ്യം ജമ്മു-കാശ്മീര്‍. അവിടെ ഇപ്പോള്‍ ശൈത്യകാലാരംഭമാണ്.(രാഷ്ട്രീയമായി കൊടുംവേനലും). തെരഞ്ഞെടുപ്പിന്റെ അന്ത്യഘട്ടം  ആകുമ്പോഴേക്കും ശ്രീനഗറിലെ ദാള്‍ തടാകം തണുത്തുറയും. അവിടെ തുഴമടക്കി വിശ്രമിക്കുന്ന ഷിക്കാരകള്‍(നൗകകള്‍) കാഴ്ചവസ്തുക്കള്‍ മാത്രമാകും. ജമ്മു-കാശ്മീര്‍ മോഡിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പ് ആണ്. മുസ്ലീമുകള്‍ ഭൂരിപക്ഷം ഉള്ള ഇന്‍ഡ്യയിലെ ഒരേ ഒരു സംസ്ഥാനം ആണ് ജമ്മു-കാശ്മീര്‍. ഇത് പിടിച്ചെടുത്താല്‍ അദ്ദേഹത്തിന് മുസ്ലീംവിരുദ്ധന്‍ എന്ന കളങ്കം കഴുകിക്കളയാം. മുസ്ലീമുകളുടെയും അംഗീകാരം കിട്ടുക എന്നത് മോഡിക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിസാരകാര്യം അല്ല. മുസ്ലീം ഭൂരിപക്ഷ രാജ്യം എന്നതിനപ്പുറം മൂന്ന് വിദേശരാജ്യങ്ങളുമായി- പാക്കിസ്ഥാന്‍, ചൈന, അഫ്ഘാനിസ്ഥാന്‍- അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ആണ് ജമ്മു-കാശ്മീര്‍. ഭീകരവാദത്തിന്റെ ഈറ്റില്ലവും ആണ് അത്. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനം, കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരിലും ഭീകരവാദത്തിന്റെ പേരിലും അന്താരാഷ്ട്രശ്രദ്ധ ആകര്‍ഷിക്കുന്ന പ്രവശ്യ എന്ന പേരിലും സവിശേഷതയുള്ള ജമ്മു-കാശ്മീര്‍ പിടിച്ചെടുക്കുന്നത് മോഡിയെ സംബന്ധിച്ചിടത്തോളം വളരെ രാഷ്ട്രീയ പ്രാധാന്യമുള്ള കാര്യം ആണ്. ഇത് അദ്ദേഹത്തിന് അന്താരാഷ്ട്രീയ തലത്തിലും ദേശീയതലത്തിലും വളരെ നേട്ടങ്ങള്‍ ഉണ്ടാക്കും. പക്ഷേ, അതത്ര എളുപ്പം ആണോ?
2014-ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ജമ്മുകാശ്മീരില്‍ നല്ലപ്രകടനം ആണ് മോഡിയും ബി.ജെ.പി.യും കാഴ്ചവച്ചത്. ആകെയുള്ള നാല് ലോക്‌സഭസീറ്റുകളില്‍ മൂന്നും ബി.ജെ.പി. നേടി(ജമ്മു, ലഡാക്ക്, ഉദംപൂര്‍). ഈ സീറ്റുകള്‍ ഹിന്ദു ധോവിത്വം ഉള്ളവയാണ്. നാഷ്ണല്‍ കോണ്‍ഫറന്‍സ് ജയിച്ചത് മുസ്ലീം ഭൂരിപക്ഷ സീറ്റായ കാശ്മീര്‍ താഴ് വരയിലെ ശ്രീനഗര്‍ മാത്രം ആണ്. ഇതില്‍ നിന്ന് തന്നെ മനസിലാക്കാം ജമ്മു-കാശ്മീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് മതശക്തികള്‍ ആണെന്ന്. പക്ഷേ, ഇവിട മറ്റ് ചില ഘടകങ്ങള്‍ കൂടെയുണ്ട്. മതധ്രുവീകരണത്തിനുമൊപ്പം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം, ഭീകരാക്രമണം, ഭൂരിപക്ഷ മതവോട്ടിന്റെ വിഘടനീകരണം എല്ലാം ഇതില്‍ ഉള്‍പ്പെടും. ജമ്മു-കാശ്മീര്‍ അസംബ്ലിയില്‍ ആകെയുള്ളത് 87 സീറ്റുകള്‍ ആണ്. ഇതില്‍ 37 സീറ്റുകള്‍ ഹിന്ദുമേധാവിത്വമുള്ള ജമ്മുവിലും, 46 സീറ്റുകള്‍ മുസ്ലീം ഭൂരിപക്ഷം ഉള്ള കാശ്മീരിലും നാല് സീറ്റുകള്‍ ബുദ്ധമത അനുയായികള്‍ വസിക്കുന്ന ലഡാക്കിലും ആണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ഭരണകക്ഷിയായ നാഷ്ണല്‍ കോണ്‍ഫ്രന്‍സിന് 17 സീറ്റുകളും പ്രധാന പ്രതിപക്ഷകഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 21 സീറ്റുകളും ബി.ജെ.പി.ക്ക് 11 സീറ്റുകളും ആണ് ലഭിച്ചത്. ബി.ജെ.പിക്ക് ലഭിച്ച 11 സീറ്റുകള്‍ ആ പാര്‍ട്ടിക്ക് കിട്ടുന്ന റെക്കോര്‍ഡ് സീറ്റുകള്‍ ആയിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ബി.ജെ.പി.യുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു. മൂന്ന് ലോക്‌സഭസീറ്റുകള്‍ വിജയിക്കുക വഴി ബി.ജെ.പി. നേടിയത് 41 നിയമസഭ സീറ്റുകള്‍ ആണ്. കേവലഭൂരിപക്ഷമായ 44-ന് വെറും മൂന്ന് സീറ്റുകള്‍ മാത്രം കുറവ്. അതുകൊണ്ടാണ് ബി.ജെ.പി. ജമ്മു-കാശ്മീര്‍ അസംബ്ലി തെരഞ്ഞെടുപ്പിന് മിഷന്‍ 44 പ്ലസ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. അത് സാധിക്കുമോ ലോക്‌സഭാ തെരെഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമസഭ തെരഞ്ഞെടുപ്പിനെ പ്രവചിക്കുവാന്‍ സാദ്ധ്യമല്ലെങ്കിലും ബി.ജെ.പി. 11-സീറ്റുകളില്‍ നിന്നും ബഹുദൂരം മുന്നോട്ട് പോകുമെനന് കാര്യത്തില്‍ തര്‍ക്കമില്ല. കേവലഭൂരിപക്ഷം അത്ര എളുപ്പമല്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയോ രണ്ടാമത്തെ കക്ഷിയോ ആ യാല്‍ അത്ഭുതത്തിന് അവകാശം ഇല്ല. ഹിന്ദു ഭൂരിപക്ഷ ജമ്മു പ്രവശ്യയിലെ 37 സീറ്റുകളില്‍ 25 സീറ്റുകള്‍ എങ്കിലും വിജയിക്കാമെന്നാണ് ബി.ജെ.പി.യുടെ കണക്കു കൂട്ടല്‍. പക്ഷേ, കാശ്മീര്‍ താഴ് വരയിലെ (മുസ്ലീംഭൂരിപക്ഷം)46 സീറ്റുകളില്‍ ബി.ജെ.പി.ക്ക് കാര്യമായ കിട്ടപ്പോരുണ്ടാകുവാന്‍ ഇടയില്ല. ബി.ജെ.പി.ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ജമ്മു-കാശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു മുഖ്യമന്ത്രി ആയിരിക്കും ഫലം എന്ന വര്‍ഗ്ഗീയ പ്രചരണം ശക്തിപെട്ടിട്ടുണ്ട്. ഇതിനു പകരമായി ലോക്‌സഭതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിരലില്‍ എണ്ണാവുന്നത്രമാത്രം മുസ്ലീങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയ ബി.ജെ.പി. ജമ്മു-കാശ്മീരില്‍ 27 മുസ്ലീമങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയിട്ടുണ്ട്. ബി.ജെ.പി.ക്കും മുസ്ലീം പ്രീണനം അന്യമല്ല, ശരിക്കും അറിയാം!
ബി.ജെ.പി. അതിന്റെ മിഷന്‍ കാശ്മീര്‍ അഥവ മിഷന്‍ നാല്‍പത്തിനാല്‍ പ്ലസിന് ആശ്രയിക്കുന്നത് മോഡിയുടെ വ്യക്തിപ്രഭാവത്തെ മാത്രം ആണ്. അതുകൊണ്ടാണ് 2008-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ ലഭിച്ച ബി.ജെ.പി.ക്ക് 2014-ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ലോക്‌സഭസീറ്റുകളും നേടാനായത്.  അസംബ്ലി തിരഞ്ഞെടുപ്പില്‍ ഏതുവിധേനയും വിജയംഉറപ്പുവരുത്തുവാനായി ബി.ജെ.പി. ചെറിയ പാര്‍ട്ടികളും ആയി തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും സഖ്യത്തിനായി ശ്രമിക്കുന്നുണ്ട്. ഇതില്‍ പ്രധാനം ആണ് ജമ്മു കാശ്മീര്‍ അവാമിതെഹ്‌റീക്ക്, ജമ്മു കാശ്മീര്‍ തെഹ്‌റീക്ക്-ഐ-ഹക്ക്, അവാമി ഇത്തേഹാദ് ഫ്രണ്ട്, ജമ്മുകാശ്മീര്‍ പീപ്പിള്‍സ് യുണൈറ്റഡ് ഫ്രണ്ട്, പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ ഫ്രണ്ട്, ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി, കാശ്മീര്‍ ഡവലപ്പ്‌മെന്‌റ് ഫ്രണ്ട് തുടങ്ങിയവ. ഇതിനിടെ നവംബര്‍ പത്തിന് മുന്‍ വിഘടനവാദിയും പീപ്പിള്‍സ് കോണ്‍ഫ്രന്‍സിന്റെ നേതാവുമായ സജ്ജാദ് ലോണ്‍ മോഡിയുമായി കൂടികാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി. ബി.ജെ.പി.യുമായി ഒരു സഖ്യത്തിനുള്ള സാദ്ധ്യത ലോണ്‍ തള്ളിക്കളഞ്ഞിട്ടില്ല. ലോണിന് കൂപ്പ്വാര, ബാരമുള്ള ജില്ലകളിലെ നാലഞ്ച് സീറ്റുകളില്‍ നല്ല സ്വാധീനം ഉണ്ട്. ഇതുപോലെ ബലാബലം നില്‍ക്കുന്ന ഒരു തെരഞ്ഞെടുപ്പില്‍ ഇത് നിര്‍ണ്ണായകം ആയേക്കാ. പ്രധാന നാല് പാര്‍ട്ടികളും-നാഷ്ണല്‍ കോണ്‍ഫ്രന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.ജെ.പി.-തനിച്ച് മത്സരിക്കുന്നതും ബി.ജെ.പി.യെ സഹായിക്കും. കോണ്‍ഗ്രസ്-നാഷ്ണല്‍ കോണ്‍ഫ്രന്‍സ് വേര്‍പിരിയല്‍, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി. വേര്‍പിരിയല്‍പോലെ, ബി.ജെ.പി.യെ സഹായിക്കും. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിനായിട്ടുള്ള ഭാകരവാദികളുടെ ആഹ്വാനവും നല്ലൊരളവില്‍ പ്രാവര്‍ത്തീകമായാല്‍ ബി.ജെ.പി.ക്ക് അനുകൂലം ആയി ഭവിക്കും. മുസ്ലീംഭൂരിപക്ഷ കാശ്മീരില്‍ താഴ് വരയില്‍ ബി.ജെ.പി. വിവാദപരമായ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. പരാമര്‍ശിച്ചാല്‍ ഉള്ള വോട്ട് കൂടെ പോകും. പകരം ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ മാത്രമെ ആര്‍ട്ടിക്കിള്‍ 370-കാശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍- ഭരണഘടനയില്‍ നിന്നും എടുത്ത് കളയുകയുള്ളൂ എന്നാണ് ബി.ജെ.പി. പറയുന്നത് എന്നാല്‍ ഹിന്ദുഭൂരിപക്ഷജമ്മുവിലും ബുദ്ധമതഭൂരിപക്ഷ ലഡാക്കിലും നേരേ തിരിച്ചാണ് ബി.ജെ.പി.യുടെ രഹസ്യ പ്രചാരണ തന്ത്രം പ്രവര്‍ത്തിക്കുന്നത്! ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുകയെന്നത് അയോദ്ധ്യയിലെ രാമക്ഷേത്രം പോലെയും പൊതുസിവിള്‍ കോഡ് പോലെയും ബി.ജെ,പി.യുടെ ദേശീയതലത്തിലുള്ള ഒരു മുദ്രാവാക്യം ആണ്. ഭീകരവാദത്തെതുടര്‍ന്ന് വീണ്ടും സ്വത്തുക്കളും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കാശ്മീരി പണ്ഡിറ്റുകളും ഒന്നടങ്കം ബി.ജെ.പി.യെ തുണക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. (ലോക്‌സഭയെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് മോഡി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഭരണത്തില്‍ വന്നിട്ട് അര വര്‍ഷം തികയാറായെങ്കിലും ഇതുവരെയും പണ്ഡിറ്റുകളുടെ സ്ഥിതിയില്‍ മാറ്റമില്ലെന്നത് ദുഃഖകരമായ മറ്റൊരു സത്യം! ഭീകരവാദത്തെതുടര്‍ന്ന് കാശ്മീര്‍ ഉപേക്ഷിച്ച് അന്യസംസ്ഥാനങ്ങളില്‍ താമസം ഉറപ്പിച്ച പണ്ഡിറ്റുകള്‍ക്കും വോട്ടവകാശം നല്‍കുവാനുള്ള തീരുമാനവും ബി.ജെ.പി.യെ സഹായിക്കും. നാഷ്ണല്‍ കോണ്‍ഫ്രന്‍സിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും പി.സി.പി.യെ പോലെ ബി.ജെ.പി.ക്കും ഗുണകരമാകും. നാഷ്ണല്‍ കോണ്‍ഫ്രന്‍സിന്റെ വലിയ ഒരു ബലഹീനത അതിന്റെ നേതാവ് ഫറൂക്ക് അബ്ദുള്ള തെരഞ്ഞെടുപ്പില്‍ സജീവം അല്ലെന്നതാണ്. അദ്ദേഹം വൃക്കസംബന്ധിയായ ചികിത്സയ്ക്ക് ലണ്ടനില്‍ ആണ്. ഇത് പി.ഡി.പി.ക്കും ബി.ജെ.പി.ക്കും അനുകൂലം ആകും. പാര്‍ലിമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കികൊന്നത് നാഷ്ണല്‍ കോണ്‍ഫ്രന്‍സിനെയും കോണ്‍ഗ്രസിനെയും ഒരു പോലെ പ്രതികൂലം ആയി ബാധിക്കും. വ്യാപകമായ തൊഴിലില്ലായ്മയും വികസനത്തിന്റെ അഭാവവും കോണ്‍ഗ്രസ്- നാഷ്ണല്‍ കോണ്‍ഫ്രന്‍സുകളെ പ്രതികൂട്ടില്‍ നിറുത്തിയിരിക്കുകയാണ്. ഏതായാലും ജമ്മുകാശ്മീരില്‍ മത്സരം പ്രധാനമായും പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ബി.ജെ.പി.യും തമ്മിലാണ്. ഇവയില്‍ ഒരു കക്ഷിയായിരിക്കും ഗവണ്‍മെന്റ് രൂപീകരിക്കുക. ബി.ജെ.പി. രണ്ടാമത്തെ ഏറ്റവും വലിയ പ്രതിപക്ഷം ആയി വന്നാല്‍പോലും മോഡിക്ക് അത് വലിയ ഒരു വിജയം ആണ്. മുസ്ലീം ഭൂരിപക്ഷ ഹിമാലയന്‍ സംസ്ഥാനമായ ജമ്മു കാശ്മീരില്‍ കാവിക്കൊടി പാറിക്കുകയെന്നത് മോഡിയെ സംബന്ധിച്ചിടത്തോളം ചില്ലറ കാര്യം അല്ല.

ജമ്മു കാശ്മീര്‍ പോലെതന്നെ ഝാര്‍ഖണ്ടും കുടുംബവാഴയും(മുഫ്തി-അബ്ദുള്ള കുടുംബങ്ങള്‍, സോറന്‍ കുടുംബം) ഭീകരവാദവും (ഇടപക്ഷ മാവോയിസ്റ്റുകള്‍) കൊടികുത്തിവാഴുന്ന ഒരു സംസ്ഥാനം ആണ് ഝാര്‍ഖണ്ട്. ആദിവാസികള്‍ മുപ്പത് ശതമാനത്തോളം വരുന്ന ഒരു സംസ്ഥാനം ആണ് ഇത്. ഇവിടെയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിന്റെയും ബാലറ്റിനു പകരം ബുളറ്റ് എന്ന മുദ്രാവാക്യത്തിന്റെയും അതിപ്രസരം ഉണ്ട്. ഭരണ അസ്ഥിരതയാണ് ഝാര്‍ഖണ്ടിന്റെ മുഖമുദ്ര.200-ല്‍ ബീഹാറില്‍ നിന്നും അടര്‍ത്തിയെടുത്ത് ഉത്തരകാണ്ടിനും ഛാത്തീസ്ഘട്ടിനും ഒപ്പം ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിക്കപ്പെട്ട ഝാര്‍ഖണ്ടില്‍ 14 വര്‍ഷത്തിനുള്ളില്‍ ഒമ്പത് ഗവണ്‍മെന്റുകള്‍ ഭരിക്കുകയുണ്ടായി. രണ്ടുപ്രാവശ്യം രാഷ്ട്രപതിയുടെ ഭരണവും ഏര്‍പ്പെടുത്തുകയുണ്ടായി. അതാണ് ഇവിടത്തെ ഭരണ സ്ഥിരത! ബി.ജെ.പി.യും ജെ.എം.എമ്മും ഭരണ സ്ഥിരത. ബി.ജെ.പി.യും ജെ.എം.എമ്മും(ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച) ആണ് ഈ സംസ്ഥാനം ഭരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ഹൃസ്വകാലത്തേക്ക് ജെ.എം.എം.-ന്റെ സഖ്യകക്ഷിയായി ഭരണത്തില്‍ പങ്കാളിയായിട്ടുണ്ട്. 2009-ല്‍ ഏറ്റവും വലിയ ഒറ്റക്ഷിയായി 81 അംഗനിയമസഭയില്‍ പതിനേഴ് സീറ്റുമായി വന്ന ബി.ജെ.പി.ക്ക് ഇപ്രാവശ്യം നല്ലസാദ്ധ്യത ഉണ്ട് ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍. ആര് അധികാരത്തില്‍ വന്നാലും സംസ്ഥാനത്തിന്റെ പുരോഗതിയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ധാതുനിക്ഷേപം ഉള്ള സംസ്ഥാനം ആണ് ഇത്. പക്ഷേ അത് ഏറ്റവും പിന്നോക്കാവസ്ഥയില്‍ ആണ്. അതുകൊണ്ടാണ്  ദന്തേവാദയിലെ വനങ്ങള്‍ അസ്വസ്ഥമാകുന്നതും വെടിയൊച്ചകളും കുഴിബോംബ് ആക്രമണവും ചിതറിതെറിക്കുന്ന പച്ചനരമാംസംകൊണ്ട് മണ്ണ് നിറയുന്നതും. ജെ.എം.എം. കോണ്‍ഗ്രസ് സഖ്യം പിരിഞ്ഞത് കൂടാതെ തീവ്രമായ ഭരണവിരുദ്ധവികാരവും ബി.ജെ.പി.യെ ഝാര്‍ഖണ്ടില്‍ സഹായിക്കുവാന്‍ ഇടയുണ്ട്.
ജമ്മു കാശ്മീരിയും ഝാര്‍ഖണ്ടിലും മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മോഡിയെ കാത്തിരിക്കുന്നത് ഇന്ദ്രപ്രസ്ഥമായ ഡല്‍ഹി ആണ്. ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പ് 2015 ജനുവരിയില്‍ ആയിരിക്കും നടത്തുക. ഇവിടെയും ബി.ജെ.പി.ക്കും മോഡിക്കും അനുകൂലമായ ഒരു അന്തരീക്ഷം ആണ് ഇപ്പോള്‍ ഉള്ളത്. ആം ആദ്മിപാര്‍ട്ടി സ്വയം ഇല്ലാതായികൊണ്ടിരിക്കുകയാണ്. കളഞ്ഞു കുളിച്ച ഒരു അവസരത്തിന്റെ കഥ ആണ് ഈ പാര്‍ട്ടിക്ക് പറയുവാനുള്ളത്. മാറ്റത്തിന്റെ ശംഖൊലി ആയി രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ച ഈ പാര്‍ട്ടി ഇന്ന് രാഷ്ട്രീയമായി ഒരു വഴിത്തിരിവില്‍ ആണ്. പിന്നെയുള്ളത് കോണ്‍ഗ്രസ് ആണ്. 2013-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ മാത്രം ലഭിച്ച അന്നത്തെ ഈ ഭരണകക്ഷി ഇന്ന് നാശോന്മുഖം ആണ് ഡല്‍ഹിയില്‍, മറ്റൊലായിടത്തെയും എന്നതു പോലെ.

മോഡിയെ പരീക്ഷിക്കുവാനും ആധിപത്യം ഉറപ്പിക്കുവാന്‍ അവസരം ഒരുക്കികൊണ്ടും 2015 മുതല്‍ 2017 വരെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയത്രതന്നെയാണ്. 2015 അവസാനത്തോടെ രാഷ്ട്രീയമായി വളരെപ പ്രാധാന്യം ഉള്ള ബീഹാറില്‍ തെരഞ്ഞെടുപ്പാണ്. ലാലു-നിതീഷ്-സോണിയ സഖ്യവുമായിട്ടാണ് ഇവിടെ മോഡിക്ക് ഏറ്റുമുട്ടുവാനുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബീഹാറില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വ്യക്തമായ മുന്‍കൈ ഈ മതേതരത്വ ബി.ജെ.പി-മോഡി വിരുദ്ധ സഖ്യം തെളിയിച്ചതാണ്. ഇവിടെ അടുത്ത വര്‍ഷം എന്നത് സംഭവിക്കുമെന്നത് രാഷ്ട്രീയമായി വളരെ പ്രധാനപ്പെട്ട ഒരു വിഷയം ആണ്. അതിനുശേഷം 2016-ല്‍ ആസാം, കേരളം, തമിഴ്‌നാട്, പടിഞ്ഞാറന്‍ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് ആണ്. ആസാമില്‍ ഒരു മതധ്രൂവീകരണത്തിലൂടെ കോണ്‍ഗ്രസിനെയും മറ്റ് പ്രാദേശിക പാര്‍ട്ടികളെയും പിന്തുണ ബി.ജെ.പി. രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മോഡിക്കും ബി.ജെ.പി.ക്കും  ഇനിയും കാത്തിരിക്കേണ്ടിവരും. തമിഴ്‌നാട്ടില്‍ ജയലളിതയുടെ അണ്ണാഡി.എം.കെ.ക്കും കരുണാനിധിയുടെ ഡി.എം.കെ.ക്കും ഇടയില്‍ ഒരു മൂന്നാം മുന്നണിക്ക് ബി.ജെ.പി. രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ. ജയലളിതയുടെ തടവ് ശിക്ഷയും 10 വര്‍ഷത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് അയോഗ്യതയും ബി.ജെ.പി.യെ ഒരു പക്ഷേ സഹായിച്ചേക്കാം. പിന്നെയുള്ളത് പടിഞ്ഞാറന്‍ ബംഗാള്‍ ആണ്. ഇവിടെ മമതാബാനര്‍ജിയുടെ ത്രിണമൂല്‍കോണ്‍ഗ്രസ് ഒരു വീഴ്ചയെ നേരിടുകയാണ്. 37 വര്‍ഷം ബംഗാള്‍ ഭരിച്ച ഇടതുപക്ഷം തകര്‍ന്നിരിക്കുകയാണ്. ബി.ജെ.പി. ബംഗാള്‍ പിടിച്ചെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഒരു കോടി അംഗങ്ങളെ ചേര്‍ക്കുവാനുള്ള ശ്രമത്തിലാണ്. സ്വാമി വിവേകാനന്ദിന്റെയും രവീന്ദ്രനാഥ് ടാഗോറിന്റെയും പ്രശസ്തമായ വംഗഭൂമി മോഡിയുടെ കയ്യില്‍ ആകുമോ? വിവേകാനന്ദ് മോഡിയുടെ ആരാധ്യപുരുഷന്‍ ആണ്. ഉത്തര്‍പ്രദേശും, ഗോവയും, പഞ്ചാബും ഉത്തര്‍കാണ്ടും 2017-ല്‍ തെരുവിലാണ്. 2014-ല്‍ 80 ലോക്‌സഭസീറ്റുകളില്‍ 71 ഉം നേടിയ ബി.ജെ.പി.ക്കും മോഡി-അമിത് ഷാ കൂട്ടുകെട്ടിനും ഇവിടെ നല്ല പ്രതീക്ഷക്ക് വകയുണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍. ഉത്തര്‍പ്രദേശ് പിടിച്ചെടുത്താല്‍ അത് മോഡിയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവല്‍ ആയിരിക്കുമെന്നതില്‍ സംശയം ഇല്ല. ഗോവയിലും, ഉത്തര്‍കാണ്ടിലും ബി.ജെ.പിക്ക് ശക്തമായ സാന്നിദ്ധ്യം ഉണ്ട്. ഗോവ ഇപ്പോള്‍ ഭരിക്കുന്നത് ബി.ജെ.പി. ആയതിനാല്‍ ഒരു പക്ഷേ ഭരണവിരുദ്ധ വികാരം അവിടെ പ്രകടം ആയേക്കാം. എന്നാല്‍ പഞ്ചാബില്‍ ബി.ജെ.പി.ക്ക് അകാലിദളില്‍ ശക്തനായ ഒരു സഖ്യകക്ഷിയെ കാണാം. ഇവിടെയും അകാലിദള്‍-ബി.ജെ.പി. ആണ് ഇപ്പോള്‍ ഭരണകക്ഷി. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ മോഡിയുടെ വ്യക്തിപ്രഭാവം ലോക്‌സഭതെരഞ്ഞെടുപ്പില്‍ തെളിയിച്ചതാണ്, ഒരു പക്ഷേ ബംഗാള്‍ ഒഴിച്ചാല്‍. ഈ ഒരു സംസ്ഥാനത്തിലും കോണ്‍ഗ്രസിന് ശക്തമായ സാന്നിദ്ധ്യം ഇല്ല ഭരണകക്ഷിയായിട്ടോ പ്രതിപക്ഷമായിട്ടോ. കോണ്‍ഗ്രസിന്റെ നേതാക്കന്മാരായ സോണിയഗാന്ധിക്കും മകന്‍ രാഹുല്‍ഗാന്ധിക്കും ഇവിടങ്ങളില്‍ കാര്യമായ വ്യക്തിപ്രഭാവം അവകാശപ്പെടുവാനും സാധിക്കുകയില്ല. ശിഷ്ടം ചിന്തനീയം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക