ഹരിപ്പാട്: ബംഗ്ലൂരില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന ഷീബ വെട്ടേറ്റു മരിച്ച
കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് പള്ളിപ്പാട് ഏബ്രഹാം ടി. വര്‍ഗീസി (എബി-30) നെ
ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ബിന്ദു സുധാകരന് പതിനാലു ദിവസത്തേക്കു
റിമാന്‍ഡ് ചെയ്തു. ഷീബ എസ്എംഎസ് അയയ്ക്കുകയും അടുപ്പം പുലര്‍ത്തുകയും
ചെയ്തിരുന്ന വിദ്യാര്‍ഥി ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍
ആവശ്യപ്പെട്ടിരുന്നുവെങ്കിലും എത്തിയില്ല. വിദ്യാര്‍ഥിയുടെ രക്ഷാകര്ത്താക്കള്
ഫോണില്‍ സിഐ ഓഫിസുമായി ബന്ധപ്പെട്ട് ഇന്ന് എത്തുമെന്ന് അറിയിച്ചു. ഇയാള്‍
കേസില്‍ സാക്ഷിയാവുമെന്നു പൊലീസ് പറഞ്ഞു. ഷീബയെ കൊലപ്പെടുത്തിയശേഷം എബി ഒളിവില്‍
പോയതിനാല്‍ സംഭവദിവസമായ മൂന്നാം തീയതി മുതല്‍ എബിയുടെ മാതാപിതാക്കളായ തങ്കച്ചന്,
അമ്മിണി, സഹോദരന്റെ ഭാര്യ ഫേബ എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍
കസ്റ്റഡിയിലായിരുന്നു. ഇവരെ ഇന്നലെ വിട്ടയച്ചു.