Image

നിയമനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കേരള സെനറ്റ്

Published on 14 December, 2011
നിയമനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കേരള സെനറ്റ്
തിരുവനന്തപുരം: കേരള സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെയും ലീഗല്‍ അഡൈ്വസറുടെയും നിയമനം പുനഃപരിശോധിക്കണമെന്ന പ്രമേയം സര്‍വകലാശാല സെനറ്റ് അംഗീകരിച്ചു. വിഷയം സിന്‍ഡിക്കറ്റില്‍ ചര്‍ച്ച ചെയ്യണമെന്നും സെനറ്റ് ആവശ്യപ്പെട്ടു. അഡ്വ.ജോര്‍ജ് പൂന്തോട്ടത്തെ സ്റ്റാന്‍ഡിങ് കൗണ്‍സലാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെയാണ് ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള സെനറ്റ് പ്രമേയം പാസാക്കിയത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് വിവാദമായ അസിസ്റ്റന്റ് നിയമന കേസില്‍ സര്‍വകലാശാലക്കെതിരെ കേസ് നടത്തിയ ജോര്‍ജ് പൂന്തോട്ടത്തെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ആക്കരുതെന്നാണ് സെനറ്റിലേയും സിന്‍ഡിക്കേറ്റിലേയും ഇടത് അംഗങ്ങള്‍ ആവശ്യമുന്നയിച്ചത്.

എന്നാല്‍ നിയമനങ്ങള്‍ സിന്‍ഡിക്കേറ്റിന്റെ അധികാരപരിധിയില്‍ പെടുന്ന കാര്യമാണെന്ന നിലപാടാണ് വൈസ്ചാന്‍സലര്‍ കൈക്കൊണ്ടത്. സിന്‍ഡിക്കേറ്റില്‍ യു.ഡി.എഫിന് മുന്‍തൂക്കവും സെനറ്റില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കവുമാണുള്ളത്. ഈ സാഹചര്യത്തിലാണ് സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന പ്രമേയം സെനറ്റ് പാസാക്കിയത്. സര്‍വകലാശാലാ നിയമം അനുസരിച്ച് പരമാധികാര സഭ സെനറ്റാണെന്നും സെനറ്റിന്റെ തീരുമാനം നടപ്പാക്കാന്‍ സര്‍വകലാശാല ബാധ്യസ്ഥമാണെന്നും സെനറ്റിലെ ഇടതുപക്ഷ അംഗങ്ങള്‍ വാദിച്ചു.

എന്നാല്‍ സിന്‍ഡിക്കേറ്റ് നിയമാനുസൃതമായി നടത്തിയ നിയമനം പുനഃപരിശോധിക്കാനാവില്ലെന്ന നിലപാടില്‍ വൈസ്ചാന്‍സലര്‍ ഉറച്ചുനിന്നു. പക്ഷെ സെനറ്റിന്റെ തീരുമാനം സിന്‍ഡിക്കേറ്റിന് റഫര്‍ ചെയ്യേണ്ടിവരും. മാത്രമല്ല സെനറ്റ് പാസാക്കിയ പ്രമേയത്തെ സര്‍വകലാശാലാ അധികാരികള്‍ക്ക് പൂര്‍ണ്ണമായി അവഗണിക്കാനുമാവില്ല. ഇത് നിയമ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക