Image

ലോക്പാല്‍: മമത സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഹസാരെ

Published on 14 December, 2011
ലോക്പാല്‍: മമത സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഹസാരെ
ന്യൂഡല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അണ്ണ ഹസാരെ ആവശ്യപ്പെട്ടു. ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത സമീപനം ലോക്പാല്‍ വിഷയത്തിലും മമത സ്വീകരിക്കണം. വിദേശ നിക്ഷേപം സംബന്ധിച്ച പ്രശ്‌നത്തില്‍ പ്രശംസനീയമായ നിലപാടാണ് മമത സ്വീകരിച്ചത്. ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിലും മമതയുടെ സഹായം ഹസാരെ അഭ്യര്‍ത്ഥിച്ചു.

പ്രത്യേക പൗരാവകാശ രേഖാ ബില്‍ കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണ്. പൗരാവകാശ രേഖ പ്രത്യേക നിയമമായി കൊണ്ടുവരാനുള്ള നീക്കം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഹസാരെ സംഘത്തിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശക്തമായ ലോക്പാല്‍ നിയമം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പാസാക്കിയില്ലെങ്കില്‍ നടത്തേണ്ട സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സംഘം യോഗം ചേര്‍ന്നത്. ശക്തമായ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചില്ലെങ്കില്‍ 27ന് സമരം പുനരാരംഭിക്കുമെന്നാണ് അണ്ണ ഹസാരെ സംഘത്തിന്റെ മുന്നറിയിപ്പ്.

ലോക്പാല്‍ പ്രശ്‌നത്തില്‍ ബുധനാഴ്ച സര്‍വകക്ഷി സമ്മേളനം ചേരാനിരിക്കെയാണ് ഹസാരെ സംഘം യോഗം ചേര്‍ന്നത്. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയും ഇടതുപക്ഷവും ബി.എസ്.പി. ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ചില ഉപാധികളോടെ പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായേക്കുമെന്ന് സൂചനയുണ്ട്.

20ന് പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം 22ന് സമാപിക്കും. ഈ സാഹചര്യത്തില്‍ ബില്ലിന്റെ കാര്യത്തില്‍ വിവിധ കക്ഷികള്‍തമ്മില്‍ സമവായം ഉണ്ടായില്ലെങ്കില്‍ നടപ്പുസമ്മേളനത്തില്‍ ബില്‍ പാസ്സാക്കുക ദുഷ്‌കരമാണ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതിനായി ജനവരിയില്‍ പാര്‍ലമെന്റിന്റെ പ്രത്യേക യോഗം വിളിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക