Image

സദാചാര പോലീസും, ലൈംഗിക കാഴ്‌ചപ്പാടും കേരളത്തിന്റെ ശാപം: മോഹന്‍ ലാല്‍

Published on 21 November, 2014
സദാചാര പോലീസും, ലൈംഗിക കാഴ്‌ചപ്പാടും കേരളത്തിന്റെ ശാപം: മോഹന്‍ ലാല്‍
സാക്ഷരരെന്ന്‌ ഞെളിയുന്ന കേരളത്തിലെ സദാചാര പോലീസും, മലയാളിയുടെ ലൈംഗിക കാഴ്‌ചപ്പാടുമാണ്‌ കേരളത്തിന്റെ ശാപമെന്ന്‌ നടന്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

ആണ്‍പെണ്‍ സൗഹൃദങ്ങളെ നാം ഇപ്പോഴും പ്രാകൃതാവസ്ഥയിലും വൈകൃതാവസ്ഥയിലുമാണ്‌ സമീപിക്കുന്നത്‌. ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരം നമ്മുടെ നാട്ടില്‍ മാത്രമേ നടക്കൂ. സദാചാരം എന്ന്‌ പറഞ്ഞ്‌ മലയാളികള്‍ പല അക്രമണങ്ങളും നടത്തുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്‌. എന്നാല്‍ സാക്ഷരരെന്ന്‌ ഞെളിയുന്ന നമ്മള്‍ ഇത്രയും വൈകൃതത്തോടെ സദാചാരപ്പൊലീസാകുന്നത്‌ ലജ്ജാകരമാണെന്നും ലാല്‍ പറയുന്നു.

സ്‌ത്രീക്കും പുരുഷനും ഇടയില്‍ സെക്‌സ്‌ മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന്‌ കരുതുന്ന ഏകസമൂഹം മലയാളികളാണ്‌. സൗഹൃദം, നിഷ്‌കളങ്കമായ സ്‌നേഹം, ബഹുമാനം, മാതൃപുത്ര ഭാവം എന്നിവയെല്ലാമുണ്ട്‌. ഇതൊന്നും മലയാളിക്ക്‌ അറിയുകയില്ല.

ലൈംഗികത എന്താണെന്നും മലയാളികള്‍ക്ക്‌ അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നു വയസ്സുകാരിയെയും അമ്മയോളം പ്രായമുള്ളവരെയും പീഡിപ്പിക്കുന്നതാണ്‌ മലയാളിയുടെ ലൈംഗികതയെന്നും മോഹന്‍ലാര്‍ വിമര്‍ശിക്കുന്നു. ചുംബിക്കാനും ചുംബിക്കാതിരിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്‌. എന്നാല്‍ എന്‍െറ കണ്‍മുമ്പില്‍ വെച്ച്‌ ചുംബിക്കരുതെന്ന്‌ പറയാന്‍ എനിക്ക്‌ അവകാശമില്ല. ഇഷ്ടമില്ലാത്ത കാഴ്‌ചകളില്‍ നിന്ന്‌ ഞാനാണ്‌ മാറിപ്പോകേണ്ടതെന്നും അതാണ്‌ മാന്യതയും മര്യാദയുമെന്നും അദ്ദേഹം ബ്ലോഗില്‍ പറഞ്ഞു.
സദാചാര പോലീസും, ലൈംഗിക കാഴ്‌ചപ്പാടും കേരളത്തിന്റെ ശാപം: മോഹന്‍ ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക