Image

സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് പ്രണബ്‌

Published on 13 December, 2011
സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് പ്രണബ്‌
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടന ശക്തമാണെന്നും യൂറോപ്പിലെ മാന്ദ്യമാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു നയസ്തംഭനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോള വില ഉയരുന്നതു മൂലം വളം സബ്‌സിഡി ഈ സാമ്പത്തിക വര്‍ഷം 90,000 കോടി രൂപ കടക്കും. സബ്‌സിഡികള്‍ പലതും ബജറ്റില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറില്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ചാ നിരക്ക് പൂജ്യത്തിനും താഴേക്ക് കൂപ്പുകുത്തിയത് ആശങ്കയുണ്ടാക്കുന്നുണ്ട്. 28 മാസത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ അനുമാനം 7.5 ശതമാനമായി സര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ ഇത് ഇനിയും താഴേക്ക് പോകാമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക