Image

രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍

Published on 13 December, 2011
 രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍
കൊച്ചി: വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ വില 53.21 ആയാണ് ഇടിഞ്ഞത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 53.21 രൂപ നല്‍കണം.

യൂറോപ്പിലെ വായ്പാപ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയെ പിന്നോട്ടുവലിക്കുമെന്ന സന്ദേഹമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യവസായിക ഉത്പാദന വളര്‍ച്ച ഒക്ടോബറില്‍ പൂജ്യത്തിനും താഴെ മൈനസ് 5.1 ശതമാനമായി കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച 1.53 ശതമാനം ഇടിവ് രൂപയുടെ മൂല്യത്തിലുണ്ടായി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്.

വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ഓഹരി വിറ്റൊഴിയുന്നതാണ് രൂപയുടെ വിലയിടിവിന് മുഖ്യകാരണം. കയറ്റുമതി കുറയുകയും ഇറക്കുമതി ഉയരുകയും ചെയ്യുന്നതാണ് മറ്റൊരു കാരണം.

രൂപയുടെ വില ഇടിയുന്നത് ഇറക്കുമതിക്ക് ചെലവേറാന്‍ ഇടയാക്കും. പെട്രോളിയം ഉത്പന്നങ്ങള്‍ക്കായി ഇറക്കുമതിയെ മുഖ്യമായും ആശ്രയിക്കുന്നതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവിന് ഇത് ഇടയാക്കും. ഇവയുടെ വില വര്‍ധന വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകും. ഇത് നിയന്ത്രിക്കാനായി റിസര്‍വ് ബാങ്കിന്റെ മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം വായ്പാനിരക്കുകള്‍ ഉയര്‍ത്തുക എന്നതാണ്. 2010 മാര്‍ച്ചിന് ശേഷം ഇതുവരെ 13 തവണയാണ് ആര്‍ബിഐ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഇനിയും ഇത് ഉയര്‍ത്തിയാല്‍ വായ്പകള്‍ക്ക് കൂടുതല്‍ ചെലവേറും. ഇത് കിട്ടാക്കടം വര്‍ധിപ്പിക്കാനും ഇടയാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക