Image

മോണ്‍സെഫ് മര്‍സൗക്കി ടുണീഷ്യ പ്രസിഡന്റ്‌

Published on 13 December, 2011
മോണ്‍സെഫ് മര്‍സൗക്കി ടുണീഷ്യ പ്രസിഡന്റ്‌
ട്യൂണിസ്: വിമത നേതാവ് മോണ്‍സെഫ് മര്‍സൗക്കി ടുണീഷ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പുറത്താക്കപ്പെട്ട ഏകാധിപതി സൈന്‍ അല്‍ അബിദിന്‍ ബെന്‍ അലിയുടെ കടുത്ത എതിരാളിയായിരുന്ന മര്‍സൗക്കി 217 അംഗ അസംബ്ലിയില്‍ 153 പേരുടെ പിന്തുണയോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുകയാണ് മര്‍സൗക്കിയുടെ ആദ്യ ചുമതല. പ്രസിഡന്റായി തന്നെ തിരഞ്ഞെടുത്തതിന് 66 കാരനായ മര്‍സൗക്കി അസംബ്ലിയിലെ അംഗങ്ങള്‍ക്ക് നന്ദിപറഞ്ഞു. ജനങ്ങളോടും രാജ്യത്തോടും തനിക്ക് കടപ്പാടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നരമാസം മുന്‍പാണ് ഏകാധിപതിയായ ബെന്‍ അലിയെ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ ജനങ്ങള്‍ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയത്. രാജ്യത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യ പ്രസിഡന്റാണ് മര്‍സൗക്കി.

മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്ടറുമായ മര്‍സൗക്കിക്ക് ബെന്‍ അലിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദീര്‍ഘകാലം ഫ്രാന്‍സില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അറബി, ഫ്രഞ്ച് ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം മഹാത്മാഗാന്ധിയുടെ കടുത്ത ആരാധകനാണ്. പ്രസിഡന്റായി മര്‍സൗക്കി തിരഞ്ഞെടുക്കപ്പെട്ടതിനെ അമേരിക്ക സ്വാഗതം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക