Image

ഭാരതത്തില്‍ പതിഞ്ഞ കയ്യൊപ്പ്- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 14 November, 2014
ഭാരതത്തില്‍ പതിഞ്ഞ കയ്യൊപ്പ്- മീട്ടു റഹ്മത്ത് കലാം
ജവാഹര്‍ എന്ന അറബി വാക്കിനര്‍ത്ഥം അമൂല്യരത്‌നം എന്നാണ്. പേര് അന്വര്‍ത്ഥമാക്കും വിധം നവംബര്‍ 14, 1889ന് മോത്തിലാല്‍ നെഹ്‌റുവിനും സ്വരൂപ് റാണിയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആ കുട്ടി, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് പറന്നു. കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലെ ഉന്നതവിദ്യാഭ്യാസം നേടി. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍, സ്വന്തം രാജ്യം ബ്രിട്ടീഷ് ഭരണത്തിന്റെ അധീനതയിലാണെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ ചോരത്തിളപ്പുള്ള ശബ്ദമുയര്‍ന്നു. ഭാരതത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കാന്‍ വലിയ പങ്ക് വഹിച്ച ആ ശബ്ദത്തിനുടമ ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റേതായിരുന്നു.
ഭാരതീയ സംസ്‌കാരവും പാശ്ചാത്യ വീക്ഷണവും ഇടകലര്‍ന്ന അപൂര്‍വ്വ രസക്കൂട്ട് നെഹ്‌റുവിന്  തനതായ വ്യക്തിത്വം പതിച്ചുനല്‍കി. സമ്പത്തിനു നടുവില്‍ വളര്‍ന്നെങ്കിലും താഴേയ്ക്കിടയിലുള്ളവരുടെ ഉന്നമനവും സാധാരണജനങ്ങളുടെ വികസനവുമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. മതനിരപേക്ഷമായ ഭാരതം കെട്ടിപ്പടുക്കുന്നതില്‍ നെഹ്‌റു വഹിച്ച  പങ്ക് വാക്കുകള്‍ക്കതീതമാണ്.

നെഹ്‌റുവിന് ഏറ്റവും പ്രിയങ്കരമായ രണ്ട് കാര്യങ്ങളിലൊന്ന് പനിനീര്‍ പുഷ്പങ്ങളും മറ്റൊന്ന് കുട്ടികളുമായിരുന്നു. രണ്ടു നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഉദാത്തമായ  ഉദാഹരണങ്ങള്‍. എത്ര കാലം കഴിഞ്ഞ് നെഹ്‌റുജിയെക്കുറിച്ച് ഓര്‍മ്മിച്ചാലും കുര്‍ത്ത ധരിച്ച നെഞ്ചിനൊപ്പം ചേര്‍ത്തുവച്ച റോസാപ്പൂവുമായുള്ള ചിത്രമേ മനസ്സില്‍ തെളിയൂ. തനിക്ക് പ്രിയപ്പെട്ടവയില്‍ കണ്ടെത്തിയ സമാനതയ്ക്ക് കാവ്യഭംഗി തുളുമ്പുന്നു. നന്നായി നട്ടുനനച്ച് പരിപാലിച്ചാല്‍  റോസാപുഷ്പങ്ങള്‍ ഉദ്യാനത്തെ മനോഹരമാക്#ുന്നതുപോലെ കുട്ടികളെ നന്നായി വഴിതെളിച്ചാല്‍ രാഷ്ട്രം സുന്ദരമാകുമെന്നാണ് നെഹ്‌റു പറഞ്ഞിട്ടുള്ളത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കുട്ടികള്‍ക്കിടയില്‍ ഇറങ്ങിച്ചെല്ലാന്‍ അവരുടെ ചാച്ചാജി(അങ്കിള്‍)യായി സമയം ചെലവിടുന്നത നെഹ്‌റുവിന് അങ്ങേയറ്റം സന്തോഷമുള്ള കാര്യമായിരുന്നു. ചാച്ചാജിയ്ക്കു കുട്ടികളോടും അവര്‍ക്ക് തിരിച്ചുമുള്ള സ്‌നേഹസൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നത്.

കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സ്‌നേഹോപഹാരം വിദ്യാഭ്യാസമാണെന്ന് മനസ്സിലാക്കിയ നെഹ്‌റു തന്റെ ഭരണ കാലഘട്ടത്തില്‍ ഈ രംഗത്ത് അടിമുടി മാറ്റങ്ങള്‍ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായി നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചതോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങളും കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന് ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന പദ്ധതിയും അദ്ദേഹം ഫലത്തില്‍ കൊണ്ടുവന്നു. കൂടാതെ വയോജന വിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പ്രാമുഖ്യം നല്‍കി.

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്) ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ ഇന്നുള്ള വ്യാപകപ്രചാരം എന്നിവയിലെല്ലാം നെഹ്‌റു എന്ന ഭരണാധിപന്റെ ദീര്‍ഘവീക്ഷണത്തിന്റെ കയ്യൊപ്പുണ്ട്.

മികച്ച ഗ്രന്ഥകാരന്‍ കൂടിയായിരുന്ന നെഹ്‌റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍'പൈതൃകത്തിന് അടിത്തറയും മകള്‍ ഇന്ദിരയ്ക്ക് ജയില്‍വാസത്തിനിടയിലെഴുതിയ കത്തുകള്‍ ജീവിതമൂല്യങ്ങളും പ്രദാനം ചെയ്യുന്നവയാണ്.

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹരായ കൈലാഷ് സതയാര്‍ത്ഥിയും മലാല യൂസുഫ്‌സായിയും നെഹ്‌റുവിന്റെ സ്വപ്നങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്ന തരത്തിലെ ആഘോഷത്തിന് പകരം അവരുടേതിന് സമാനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. ലോകസമാധാനത്തിന് കുരുന്നുകളുടെ സുരക്ഷയും വിദ്യാഭ്യാസവും എത്രമേല്‍ പ്രധാനമാണെന്ന് വരച്ചുകാണിക്കുന്ന ഇത്തരം ജീവിക്കുന്ന ഉദാഹരണങ്ങളെയാണ് നമുക്ക് ആവശ്യം. നെഹ്‌റുവിന്റെ 125-#ാ#ം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ശാന്തീവനില്‍ ഉറങ്ങുന്ന അദ്ദേഹത്തിന് സ്വപ്നങ്ങളിലെ ആ ഇന്ത്യയെ സാക്ഷാത്കരിക്കാനുള്ള ശ്രമം ഓരോ കുരുന്നില്‍ നിന്നും തുടങ്ങാം.


ഭാരതത്തില്‍ പതിഞ്ഞ കയ്യൊപ്പ്- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക