image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അവസാനത്തെ ഇല (കഥ: സുനില്‍ എം.എസ്‌)

SAHITHYAM 12-Nov-2014
SAHITHYAM 12-Nov-2014
Share
image
വാഷിങ്‌ടണ്‍ സ്‌ക്വയറിനു പടിഞ്ഞാറു വശത്തെ ഗ്രീന്‍വിച്ച്‌ വില്ലേജില്‍, തെരുവുകള്‍ ലക്കും ലഗാനുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും നിരവധി തവണ പരസ്‌പരം ഖണ്ഡിയ്‌ക്കുകയും ചെയ്‌തിരിയ്‌ക്കുന്നതു മൂലം `താവളങ്ങള്‍' എന്നു നര്‍മ്മരൂപേണ അറിയപ്പെടുന്ന കുറേ ചെറു ഖണ്ഡങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്‌. ഈ `താവളങ്ങള്‍' വിചിത്രമായ കോണുകളും വളവുകളും ഉണ്ടാക്കുന്നു. ഒരേ തെരുവു തന്നെ ഒന്നിലേറെത്തവണ സ്വയം ഖണ്ഡിയ്‌ക്കുന്നു. ഒരു കലാകാരന്‍ ഈ തെരുക്കൂട്ടത്തില്‍ വിലപ്പെട്ട സുരക്ഷ കണ്ടെത്തി. ചിത്രകാരന്മാര്‍ക്കു കടം കൊടുത്തിരുന്ന പെയിന്റിന്റേയും പേപ്പറിന്റേയും കാന്‍വാസിന്റേയും വില പിരിച്ചെടുക്കാന്‍ വേണ്ടി ബില്ലുമായി ഈ തെരുവുകളിലൂടെ നടന്നു വരുന്നൊരു പിരിവുകാരന്‍ ആരില്‍ നിന്നും ഒരു രൂപ പോലും പിരിച്ചെടുക്കുന്നതിനു മുന്‍പു തന്നെ തെരുവുകളുടെ വലയ്‌ക്കകത്ത്‌ അകപ്പെട്ട്‌, സ്വയം മടക്കയാത്ര തുടങ്ങിപ്പോയിരിയ്‌ക്കുന്നതായി ഏറെ വൈകിയാണു മനസ്സിലാക്കുക!

ഈ താവളങ്ങളിലുണ്ടായിരുന്ന ഡച്ചു രീതിയിലുള്ള കെട്ടിടങ്ങളുടെ മുകള്‍നിലമുഖപ്പിന്റെ പിന്നിലുള്ളതും വടക്കോട്ടു തുറക്കുന്ന ജനലോടു കൂടിയതുമായ ഇടുങ്ങിയ മുറികള്‍ തേടി ദരിദ്രരായ ചിത്രകാ!രന്മാരും ചിത്രകാരികളും പതുങ്ങിപ്പതുങ്ങിയെത്തി. ഇത്തരം മുറികള്‍ക്ക്‌ വാടക തീരെക്കുറവായിരുന്നു. അവര്‍ സിക്‌സ്‌ത്‌ അവന്യുവില്‍ നിന്ന്‌ വില കുറഞ്ഞ ലോട്ടകളും ചെറുചൂടില്‍ പാചകം ചെയ്യാനുള്ള പാത്രങ്ങളും വാങ്ങിക്കൊണ്ടു വന്നു. ക്രമേണ അവിടം മുഴുവനും അവര്‍ തങ്ങളുടെ കോളണിയാക്കി.

ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഒരു മൂന്നു നിലക്കെട്ടിടത്തിന്റെ മുകളിലായിരുന്നു, സ്യൂവിന്റേയും ജോണ്‍സിയുടേയും മുറി. `ജോവന്ന'യുടെ ചുരുക്കെഴുത്തായിരുന്നു, ജോണ്‍സി. മെയിന്‍ എന്ന സംസ്ഥാനത്തു നിന്നായിരുന്നു സ്യൂ വന്നത്‌. ജോണ്‍സി കാലിഫോര്‍ണിയയില്‍ നിന്നും. എട്ടാം തെരുവിലെ ഡെല്‍മോണിക്കോസ്‌ എന്നൊരു ചെറു ഹോട്ടലില്‍ വച്ചാണ്‌ അവര്‍ കണ്ടുമുട്ടിയിരുന്നത്‌. പെയിന്റിംഗ്‌, ചിക്കറി സാലഡ്‌, ബിഷപ്പിന്റെ കൈകളുള്ള ഷര്‍ട്ട്‌, എന്നിങ്ങനെ തങ്ങളുടെ വിവിധ താത്‌പര്യങ്ങള്‍ ഒന്നായിരുന്നെന്ന്‌ അവര്‍ കണ്ടു. അവരുടെ സഹവാസം അങ്ങനെയാണുണ്ടാ!യത്‌.

അവര്‍ കണ്ടുമുട്ടിയത്‌ മേയ്‌ മാസത്തിലായിരുന്നു. പക്ഷേ, ഡോക്ടര്‍മാര്‍ ന്യൂമോണിയ എന്നു വിളിച്ച, വികാരശൂന്യനായ ഒരപരിചിതന്‍ നവംബറില്‍ കോളണിയില്‍ ഓടിനടന്ന്‌ തന്റെ മഞ്ഞുപോലെ മരവിച്ച വിരലുകള്‍ കൊണ്ട്‌ അവിടേയും ഇവിടേയും പലരേയും സ്‌പര്‍ശിച്ചു. കിഴക്കന്‍ തീരത്ത്‌ ഈ ഭസ്‌മാസുരന്‍ കൂസാതെ നടന്ന്‌ ഡസന്‍ കണക്കിന്‌ ഇരകളെ സ്‌പര്‍ശിച്ചു ഭസ്‌മമാക്കി. `താവളങ്ങള്‍' എന്നറിയപ്പെട്ടിരുന്ന ഇടുങ്ങിയ, പായല്‍ പിടിച്ച ഇടങ്ങളില്‍ അവന്റെ പ്രവര്‍ത്തനം വളരെപ്പതുക്കെയായിരുന്നു.

വീരസേനാനി എന്നു വിളിയ്‌ക്കാവുന്നയാളായിരുന്നില്ല മിസ്റ്റര്‍ ന്യൂമോണിയ. ചുവന്ന മുഷ്ടിയും കുറഞ്ഞ ശ്വാസവുമുള്ള ന്യൂമോണിയയെന്ന റൌഡിയ്‌ക്ക്‌ കാലിഫോര്‍ണിയ സെഫര്‍ എന്ന തീവണ്ടിയില്‍ അമേരിക്കയ്‌ക്കു കുറുകെ നാലായിരം കിലോമീറ്റര്‍ സഞ്ചരിച്ചു തളര്‍ന്നിരുന്ന ഒരു യുവതിയെ നിലം പരിശാക്കുന്ന കാര്യം നിസ്സാരമായിരുന്നു. ന്യൂമോണിയ ജോണ്‍സിയെ അനായാസേന ആക്രമിച്ചു കീഴ്‌പ്പെടുത്തി. ചെറിയ ഡച്ച്‌ ജനല്‍പ്പാളികളിലൂടെ അടുത്ത കെട്ടിടത്തിന്റെ ശൂന്യമായ ഇഷ്ടികച്ചുവരിലേയ്‌ക്കു നോക്കിക്കൊണ്ട്‌, ചായം തേച്ച ഇരുമ്പുസ്‌പ്രിങ്ങ്‌ കട്ടിലില്‍ കാര്യമായ അനക്കങ്ങളൊന്നുമില്ലാതെ അവള്‍ കിടന്നു.
ഒരു ദിവസം രാവിലെ, ഡോക്ടര്‍, തന്റെ തിരക്കിനിടയില്‍, സ്യൂവിനെ മുറിയ്‌ക്കു പുറത്തേയ്‌ക്കു വിളിച്ചു. തെര്‍മ്മോമീറ്ററിലെ പനി നോക്കിക്കൊണ്ട്‌ ഡോക്ടര്‍ പറഞ്ഞു, `അവള്‍ക്കു രക്ഷപ്പെടാന്‍ ഒരു വഴി മാത്രമേയുള്ളു. ജീവിയ്‌ക്കണം എന്ന്‌ അവള്‍ സ്വയം ആഗ്രഹിയ്‌ക്കണം. താന്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന്‌ നിന്റെ കൊച്ചുകൂട്ടുകാരി സ്വയം തീരുമാനമെടുത്തു കഴിഞ്ഞതു പോലെയാണു തോന്നുന്നത്‌.' ഡോക്ടര്‍ തന്റെ കട്ടിയുള്ള, നരച്ച പുരികങ്ങള്‍ ഉയര്‍ത്തി. `അവളുടെ മനസ്സില്‍ എന്തെങ്കിലുമുണ്ടോ?'
`അവള്‍ക്ക്‌ നേപ്പിള്‍സ്‌ ഉള്‍ക്കടലിന്റെ ചിത്രം വരയ്‌ക്കാനാഗ്രഹമുണ്ട്‌' സ്യൂ പറഞ്ഞു.
`ചിത്രം വരയ്‌ക്കാനോ! ജീവിതത്തോടു നിരാശ തോന്നിപ്പിയ്‌ക്കുന്ന എന്തെങ്കിലും അവളുടെ മനസ്സിലുണ്ടോ എന്നാണു ചോദിച്ചത്‌. ഉദാഹരണത്തിന്‌, ഒരു പുരുഷനെപ്പറ്റിയുള്ള ദുഃഖം?'

`ഒരു പുരുഷനെപ്പറ്റിയുള്ള ദുഃഖമോ?' സ്യൂ ആശ്ചര്യപ്പെട്ടു. `ഓ, ഇല്ല, ഡോക്ടര്‍. അങ്ങനെയുള്ളതൊന്നും അവളുടെ മനസ്സിലുള്ളതായി സൂചനയില്ല.'

`നന്നായി. എങ്കില്‍ ക്ഷീണം തന്നെയായിരിയ്‌ക്കണം നിരാശയ്‌ക്കുള്ള കാരണം.' ഡോക്ടര്‍ തുടര്‍ന്നു. `ശാസ്‌ത്രത്തിനു കഴിയുന്നതെല്ലാം ഞാന്‍ ചെയ്യാം. പക്ഷേ, എന്റെ രോഗികള്‍ തങ്ങളുടെ ശവസംസ്‌കാരഘോഷയാത്രയില്‍ പങ്കെടുത്തേയ്‌ക്കാവുന്ന വാഹനങ്ങളുടെ കണക്കെടുക്കാന്‍ തുടങ്ങിയിരിയ്‌ക്കുമ്പോള്‍ ഔഷധങ്ങളുടെ ചികിത്സാശക്തിയില്‍ നിന്ന്‌ അന്‍പതു ശതമാനം കുറയ്‌ക്കുകയല്ലാതെ മറ്റെന്താണു ഞാന്‍ ചെയ്യുക? ഈ ശീതകാലത്തിറങ്ങിയിരിയ്‌ക്കുന്ന പുതിയതരം വസ്‌ത്രങ്ങളെക്കുറിച്ച്‌ അവളെക്കൊണ്ട്‌ താത്‌പര്യത്തോടെ ചോദിപ്പിച്ചാല്‍ അവള്‍ രക്ഷപ്പെടാനുള്ള സാദ്ധ്യത പത്തിലൊന്നില്‍ നിന്ന്‌ അഞ്ചിലൊന്നാക്കി ഞാന്‍ മെച്ചപ്പെടുത്തിത്തരാം.'
ഡോക്ടര്‍ പോയതിനു ശേഷം സ്യൂ തന്റെ പണിപ്പുരയില്‍ കയറിയിരുന്ന്‌ ആരും കാണാതെ കുറേ നേരം കണ്ണീര്‍ വാര്‍ത്തു. അനന്തരം തന്റെ ചിത്രരചനാബോര്‍ഡെടുത്ത്‌ ധൈര്യമവലംബിച്ച്‌ ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട്‌ ജോണ്‍സിയുടെ മുറിയിലേയ്‌ക്കു ചെന്നു.

ജോണ്‍സി പുതപ്പിനടിയില്‍ അനക്കങ്ങളൊന്നുമില്ലാതെ കിടക്കുകയായിരുന്നു. അവളുടെ മുഖം ജനലിന്റെ നേര്‍ക്കു തിരിഞ്ഞിരുന്നു. ജോണ്‍സി ഉറക്കമാണെന്നു കരുതി സ്യൂ മൂളിപ്പാട്ടു നിര്‍ത്തി, ബോര്‍ഡില്‍ ഒരു മാസികക്കഥയ്‌ക്കു വേണ്ടിയുള്ളൊരു ചിത്രം പേനയും മഷിയുമുപയോഗിച്ചു വരയ്‌ക്കാന്‍ തുടങ്ങി. യുവസാഹിത്യകാരന്മാര്‍ മാസികക്കഥകളെഴുതി സാഹിത്യത്തില്‍ മുന്നോട്ടുള്ള ചുവടുകള്‍ വയ്‌ക്കുമ്പോള്‍ അവരുടെ കഥകള്‍ക്കു വേണ്ട ചിത്രങ്ങള്‍ വരച്ചു നല്‍കി യുവകലാകാരന്മാരും കലാകാരികളും കലയില്‍ മുന്നോട്ടുള്ള ചുവടുകള്‍ വയ്‌ക്കുന്നു. ഒരു കുതിരപ്രദര്‍ശനത്തില്‍ കുതിരപ്പുറത്തിരിയ്‌ക്കുന്ന സുന്ദരനായൊരു ഐഡഹോ കൌബോയുടെ ചിത്രം വരച്ചുകൊണ്ടിരിയ്‌ക്കെ, സ്യൂ മൃദുവായൊരു ശബ്ദം കേട്ടു. പല തവണ ആ ശബ്ദം ആവര്‍ത്തിയ്‌ക്കുകയും ചെയ്‌തു. അവള്‍ വേഗം ജോണ്‍സിയുടെ കിടക്കയ്‌ക്കരികിലേയ്‌ക്കു ചെന്നു.
ജോണ്‍സി ജനലിലൂടെ പുറത്തേയ്‌ക്കു നോക്കിക്കൊണ്ട്‌ പുറകോട്ട്‌ എണ്ണിക്കൊണ്ടിരുന്നു. `പന്ത്രണ്ട്‌'. അവള്‍ പറഞ്ഞു. അല്‌പസമയം കഴിഞ്ഞപ്പോള്‍ `പതിനൊന്ന്‌' എന്നു പറഞ്ഞു. പിന്നീട്‌, ഇടവിട്ടിടവിട്ട്‌ പത്തും ഒന്‍പതും എണ്ണി. എട്ടിനു പിന്നാലെ, അധികം കഴിയും മുന്‍പേ ഏഴും വന്നു.

സ്യൂ ആകാംക്ഷയോടെ ജനലിലൂടെ പുറത്തേയ്‌ക്കു നോക്കി. എണ്ണാന്‍ പറ്റിയ എന്താണ്‌ അവിടെയുണ്ടായിരുന്നത്‌? അല്‍പ്പമകലെ, അടുത്ത കെട്ടിടത്തിന്റെ ഇഷ്ടികകൊണ്ടുള്ള വിരസമായ ഭിത്തി മാത്രമാണ്‌ ആകെക്കൂടി കാണാനുണ്ടായിരുന്നത്‌. ശുഷ്‌കിച്ച ഒരു വള്ളിച്ചെടിമാത്രം ആ ഇഷ്ടികഭിത്തിയില്‍ പൊത്തിപ്പിടിച്ചു കയറിയിരുന്നു. ശരത്‌കാലക്കാറ്റ്‌ അതിന്റെ ഇലകളെ അടര്‍ത്തിക്കളഞ്ഞിരുന്നു. അതിന്റെ ഏതാനും ശാഖകള്‍ ഇഷ്ടികഭിത്തിയില്‍ അസ്ഥികൂടം പോലെ പറ്റിപ്പിടിച്ചിരുന്നു.
`എന്താണവിടെ, ജോണ്‍സീ?' സ്യൂ ചോദിച്ചു.

`ആറ്‌.' ജോണ്‍സി മന്ത്രിച്ചു. `അവ കൂടുതല്‍ വേഗത്തില്‍ വീഴാന്‍ തുടങ്ങിയിരിയ്‌ക്കുന്നു. മൂന്നു ദിവസം മുന്‍പ്‌ നൂറോളമുണ്ടായിരുന്നു. അവ എണ്ണിയെണ്ണി എന്റെ തല വേദനിച്ചിരുന്നു. ഇപ്പോള്‍ എണ്ണല്‍ എളുപ്പമായി. ദാ, ഒരെണ്ണം കൂടി വീണു. ഇനി അഞ്ചെണ്ണമേ ബാക്കിയുള്ളു.'

`അഞ്ചെണ്ണമെന്ത്‌? എന്നോടു പറയ്‌, ജോണ്‍സീ.'

`ഇലകള്‍. ആ വള്ളിച്ചെടിമേല്‍. അവയിലെ അവസാനത്തെ ഇല കൂടി വീണു കഴിയുമ്പോള്‍ ഞാനും പോകും. എനിയ്‌ക്കതു മനസ്സിലായിട്ട്‌ മൂന്നു ദിവസമായി. ഡോക്ടര്‍ നിന്നോടതു പറഞ്ഞില്ലേ?'

`ഓ! ഇത്തരം മണ്ടത്തരങ്ങള്‍ ഞാനൊരിയ്‌ക്കലും കേട്ടിട്ടില്ല.' സ്യൂ അവള്‍ പറഞ്ഞത്‌ കളിയായി തള്ളിക്കളയാന്‍ ശ്രമിച്ചു. `നിന്റെ രോഗവും ആ വള്ളിച്ചെടിയുടെ ഇലകളും തമ്മില്‍ എന്തു ബന്ധം? നീ ആ വള്ളിച്ചെടിയെ ഇഷ്ടപ്പെടുകയും ചെയ്‌തിരുന്നു. വിഡ്ഡിത്താറാവേ, നീ തോന്ന്യാസങ്ങളൊന്നും പറയണ്ട. തന്നെയുമല്ല, നിന്റെ രോഗം ഉടന്‍ തന്നെ ഭേദമാകാനുള്ള സാദ്ധ്യതയെപ്പറ്റി ഡോക്ടര്‍ ഇന്നു രാവിലേയും പറഞ്ഞിരുന്നു. എന്താണു ഡോക്ടര്‍ പറഞ്ഞത്‌? ഉം...ഞാനോര്‍ത്തു നോക്കട്ടെ. ങാ, ഡോക്ടര്‍ പറഞ്ഞത്‌ പത്തിനൊന്ന്‌ എന്നാണ്‌. ന്യൂയോര്‍ക്കിലെ തെരുവുകളിലൂടെയും നിര്‍മ്മാണത്തിലിരിയ്‌ക്കുന്ന കെട്ടിടങ്ങളുടെ സമീപത്തുകൂടിയും മറ്റും നടക്കുമ്പോഴൊക്കെ ഉണ്ടാകാവുന്ന നിരവധി ആപത്തുകളില്‍ നിന്നു രക്ഷപ്പെടാന്‍ നമുക്കുള്ള സാദ്ധ്യതയേക്കാള്‍ മികച്ചതാണത്‌. ദാ, നീയിത്തിരി സൂപ്പു കുടിയ്‌ക്ക്‌. ഞാനെന്റെ ചിത്രവര നടത്തട്ടെ. ചിത്രത്തിന്‌ പത്രാധിപര്‍ തരാന്‍ പോകുന്ന പണം കൊണ്ടു വേണം എന്റെ ജോണ്‍സിക്കുട്ടിയ്‌ക്കൊരു കുപ്പി വൈനും എന്റെ ആര്‍ത്തിയടക്കാന്‍ ഇത്തിരി പോര്‍ക്കിറച്ചിക്കഷ്‌ണങ്ങളും വാങ്ങാന്‍.'
`വൈനൊന്നും എനിയ്‌ക്കുവേണ്ടി ഇനി വാങ്ങണ്ട.' ജനലിനു പുറത്തു ദൃഷ്ടിയൂന്നിക്കൊണ്ട്‌ ജോണ്‍സി പറഞ്ഞു. `ദാ വീഴുന്നു ഒരില കൂടി. എനിയ്‌ക്കിനി ബ്രോത്തും വേണ്ട. ഇനിയാകെ നാലെണ്ണമേ ബാക്കിയുള്ളു. നേരം ഇരുട്ടുന്നതിനു മുന്‍പ്‌ അവസാനത്തെ ഇല കൂടി വീഴുന്നത്‌ എനിയ്‌ക്കു കാണണം. അതോടെ ഞാനും പോകും.' അവളുടെ തൊണ്ട ഇടറി.

`എന്റെ പൊന്നു ജോണ്‍സീ,' അവളുടെ നെറ്റിയില്‍ മെല്ലെ തലോടിക്കൊണ്ട്‌ സ്യൂ പറഞ്ഞു. `എന്റെ ജോലി തീരുന്നതു വരെ നീ കണ്ണടച്ചു കിടക്കുമെന്നും, പുറത്തേയ്‌ക്കു നോക്കില്ലെന്നും നീയെനിയ്‌ക്കു വാക്കു തരണം. നാളെത്തന്നെ കൊടുക്കാനുള്ളതാണ്‌ ഈ ചിത്രങ്ങളൊക്കെ. എനിയ്‌ക്കിത്തിരി വെളിച്ചം വേണം. ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആ ജനല്‍ അടച്ചു കളഞ്ഞേനേ.'

`നീ മറ്റേ മുറിയിലിരുന്നു വരയ്‌ക്കുമോ?' ജോണ്‍സി ആരാഞ്ഞു.

`എനിയ്‌ക്ക്‌ നിന്റെ അടുത്തു തന്നെയിരിയ്‌ക്കണം', സ്യൂ പറഞ്ഞു. `മാത്രമല്ല, നീ ആ ഇലകളേയും നോക്കി വേണ്ടാത്തതൊന്നും ആലോചിയ്‌ക്കണ്ട.'

`നിന്റെ വരയ്‌ക്കല്‍ തീരുമ്പോള്‍ പറയുക.' ജോണ്‍സി കണ്ണുകളടച്ചു. നിലത്തു വീണുടഞ്ഞുപോയൊരു പ്രതിമയെപ്പോലെ അവള്‍ വെളുത്തു വിളറി നിശ്ചലയായിക്കിടന്നു. `കാരണം, അവസാനത്തെ ഇല വീഴുന്നത്‌ എനിയ്‌ക്കു കാണണം. കാത്തിരുന്നു ഞാന്‍ തളര്‍ന്നു. ആലോചിയ്‌ക്കാനും വയ്യാതെയായി. കൊഴിഞ്ഞു വീണ ആ പാവം ഇലകളെപ്പോലെ, എല്ലാ പിടികളും വിട്ടു താഴേയ്‌ക്കു പതിയ്‌ക്കാനാണ്‌ എന്റേയും ആഗ്രഹം.'

`നീ ഉറങ്ങാന്‍ ശ്രമിയ്‌ക്ക്‌,' സ്യൂ സ്‌നേഹം നിറഞ്ഞ ശാസനാസ്വരത്തില്‍ പറഞ്ഞു. `എനിയ്‌ക്ക്‌ ബെഹര്‍മാനെ വിളിച്ചുകൊണ്ടു വന്ന്‌ വൃദ്ധനായ ഒരു ഖനിത്തൊഴിലാളിയായി പോസു ചെയ്യിയ്‌ക്കാനുണ്ട്‌. ഒരൊറ്റ മിനിറ്റുകൊണ്ടു ഞാന്‍ മടങ്ങിവരും. ഞാന്‍ മടങ്ങിവരുന്നതുവരെ നീ അനങ്ങിപ്പോകരുത്‌.'

കെട്ടിടത്തിന്റെ ഏറ്റവുമടിയില്‍ താമസിച്ചിരുന്ന വൃദ്ധനായ ബെഹര്‍മാന്‍ ഒരു ചിത്രകാരനായിരുന്നു. പ്രായം അറുപതു കടന്നിരുന്നു. മൈക്കലാഞ്ചലോച്ചിത്രത്തിലെ മോസസ്സിനുള്ളതു പോലെ, ശിരസ്സില്‍ നിന്നിറങ്ങി വന്നിരുന്ന നീണ്ടൊരു താടിയുണ്ടായിരുന്നു അയാള്‍ക്ക്‌. ഒരു കുട്ടിച്ചാത്തന്റെ ശരീരവും. ചിത്രകലയില്‍ തികഞ്ഞ പരാജയമായിരുന്നു ബെഹര്‍മാന്‍. നാല്‌പതു വര്‍ഷത്തോളം ബ്രഷുപയോഗിച്ചിട്ടും കലാദേവതയുടെ പുടവയുടെ തൊങ്ങലിലൊന്നു തൊടാവുന്നത്ര സമീപത്തു പോലും അയാള്‍ക്കെത്താനായിരുന്നില്ല. എന്നെങ്കിലും ഒരുല്‍കൃഷ്ടചിത്രം `മാസ്റ്റര്‍പീസ്‌' തനിയ്‌ക്കു വരയ്‌ക്കാനാകും എന്നയാള്‍ വിശ്വസിച്ചിരുന്നെങ്കിലും അതിന്‌ ഒരു തുടക്കമിടാന്‍ അയാള്‍ക്കു കഴിഞ്ഞിരുന്നില്ല. വാണിജ്യാവശ്യങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും വേണ്ടി ചെറിയ ചില ചിത്രങ്ങള്‍ വരച്ചതൊഴിച്ചാല്‍, കാര്യമായ മറ്റു ചിത്രങ്ങളൊന്നും അയാള്‍ വരച്ചിരുന്നില്ല.

ആ കോളണിയിലെ നിര്‍ദ്ധനരായ യുവകലാകാരന്മാര്‍ക്കു വരയ്‌ക്കാനുള്ളൊരു മോഡലായി നിന്നുകൊടുത്തുകൊണ്ട്‌ വല്ലപ്പോഴുമൊക്കെ ചെറിയ ചില തുകകള്‍ അയാള്‍ നേടിയിരുന്നു. അമിതമദ്യപാനം അയാളുടെ ശീലമായിത്തീര്‍ന്നിരുന്നു. മഹത്തായൊരു ചിത്രരചന താനുടനെ നടത്തുമെന്ന്‌ മദ്യലഹരിയ്‌ക്കിടയിലും അയാള്‍ പുലമ്പാറുണ്ടായിരുന്നു. മൃദുലചിത്തരെ അയാള്‍ പുച്ഛിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ഒരു ക്രൂരനെപ്പോലെ തോന്നിപ്പിച്ചിരുന്നെങ്കിലും, മുകളില്‍ താമസിച്ചിരുന്ന രണ്ടു യുവചിത്രകാരികളെ സംരക്ഷിയ്‌ക്കാന്‍ ഒരു വിശ്വസ്‌ത നായയെപ്പോലെ അയാള്‍ പ്രതിജ്ഞാബദ്ധനായിരുന്നു.

ബെഹര്‍മാന്റെ ഇരുളടഞ്ഞ മുറിയില്‍ സ്യൂ കടന്നു ചെന്നു. ബെഹര്‍മാന്‌ ജൂനിപ്പര്‍പ്പഴത്തിന്റെ ശക്തിയായ മണമുണ്ടായിരുന്നു. ഒരു മൂലയ്‌ക്ക്‌ ഒരു മുക്കാലിയില്‍ ചിത്രം വരയ്‌ക്കാനുള്ളൊരു ക്യാന്‍വാസുണ്ടായിരുന്നു. ആ ക്യാന്‍വാസ്‌ ഒരു ഉത്തമകലാസൃഷ്ടിയുടെ തുടക്കവും പ്രതീക്ഷിച്ചിരിയ്‌ക്കാന്‍ തുടങ്ങിയിട്ട്‌ ഇരുപത്തഞ്ചു വര്‍ഷത്തോളമായിരുന്നു. ജോണ്‍സിയുടെ ഭീതിയെപ്പറ്റി സ്യൂ ബെഹര്‍മാനോടു പറഞ്ഞു. ഉണങ്ങിക്കരിഞ്ഞ ഒരിലയെപ്പോലെ ജോണ്‍സി ക്ഷീണിച്ചുമെലിഞ്ഞിരിയ്‌ക്കുന്നു. ജീവിതത്തിന്മേല്‍ അവശേഷിയ്‌ക്കുന്ന ദുര്‍ബ്ബലമായ പിടി വിട്ട്‌, ഒരിലയെപ്പോലെ താനും കൊഴിഞ്ഞു വീഴുമെന്നാണ്‌ അവള്‍ വിശ്വസിയ്‌ക്കുന്നത്‌, സ്യൂ വിശദീകരിച്ചു.

ജോണ്‍സിയുടെ ബുദ്ധിശൂന്യമായ സങ്കല്‍പ്പങ്ങളെ ബെഹര്‍മാന്‍ ചുവന്ന കണ്ണുകളുരുട്ടിക്കൊണ്ട്‌ രൂക്ഷമായി പരിഹസിച്ചു. `എന്ത്‌! ശപിയ്‌ക്കപ്പെട്ടൊരു വള്ളിച്ചെടിയില്‍ നിന്ന്‌ ഇലകള്‍ കൊഴിഞ്ഞു പോകുന്നതുകൊണ്ട്‌ തങ്ങളും മരിയ്‌ക്കും എന്നു വിശ്വസിയ്‌ക്കുന്ന മണ്ടികള്‍ ഈ ലോകത്തിലുണ്ടെന്നോ! ഇത്തരം വിഡ്ഡിത്തങ്ങള്‍ ഞാനിതേവരെ കേട്ടിട്ടില്ല. അവളെപ്പോലുള്ള മണ്ടശിരോമണികള്‍ക്കു വേണ്ടി ഞാനൊരിയ്‌ക്കലും മോഡലായി നിന്നു തരുകയില്ല. ഇത്തരം അബദ്ധധാരണകള്‍ അവളുടെ ശിരസ്സില്‍ കടക്കാന്‍ നീ അനുവദിയ്‌ക്കുന്നതെന്തുകൊണ്ട്‌? പാവം ജോണ്‍സി.'

`അവള്‍ക്ക്‌ തീരെ സുഖമില്ല. വളരെ തളര്‍ന്നിരിയ്‌ക്കുന്നു.' സ്യൂ പറഞ്ഞു. `രോഗം അവളുടെ മനസ്സിനേയും ബാധിച്ചിരിയ്‌ക്കുന്നു. അതുകൊണ്ടാണ്‌ അവള്‍ക്ക്‌ ഇത്തരം തോന്നലുകളുണ്ടാകുന്നത്‌. അപ്പോ ശരി. നിങ്ങള്‍ എനിയ്‌ക്കു വേണ്ടി മോഡലായി പോസു ചെയ്‌തുതരില്ലെങ്കില്‍ വേണ്ട. പക്ഷേ, അപ്പോള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ ചപ്പടാച്ചി അടിയ്‌ക്കുന്നയാളാണു നിങ്ങള്‍ എന്നു ഞാന്‍ പറയും.'

`നീ തനി പെണ്ണു തന്നെ.' ബെഹര്‍മാനു ശുണ്‌ഠി കയറി. `പോസു ചെയ്‌തു തരില്ലെന്ന്‌ ആരു പറഞ്ഞു? പോസു ചെയ്‌തു തരാന്‍ തയ്യാറാണെന്ന്‌ അര മണിക്കൂറായി ഞാന്‍ പറയാന്‍ ശ്രമിയ്‌ക്കുന്നു. നടക്ക്‌. ഞാനും നിന്റെ കൂടെ വരാം. ദൈവമേ! ജോണ്‍സിയ്‌ക്ക്‌ രോഗിണിയായി കിടക്കാന്‍ പറ്റിയ സ്ഥലമല്ല അത്‌. എന്നെങ്കിലും ഞാനെന്റെ മാസ്റ്റര്‍പീസ്‌ പെയിന്റു ചെയ്യും. അന്നെനിയ്‌ക്ക്‌ ഒരുപാടു പണം കിട്ടും. ആ പണവും കൊണ്ട്‌ നാമെല്ലാവരും ഇവിടം വിട്ട്‌ ഏതെങ്കിലും നല്ല സ്ഥലത്തേയ്‌ക്കു പോകും. അതെ. തീര്‍ച്ചയായും അതു നടക്കും.'

അവര്‍ മുകളിലേയ്‌ക്കു ചെന്നപ്പോള്‍ ജോണ്‍സി ഉറങ്ങുകയായിരുന്നു. സ്യൂ ജനല്‍ അടച്ചു കൊളുത്തിട്ടു. ബെഹര്‍മാനെ അടുത്ത മുറിയിലേയ്‌ക്കു വിളിച്ചുകൊണ്ടു പോയി. അവിടുത്തെ ജനലിലൂടെ അവര്‍ പുറത്തെ വള്ളിച്ചെടിയിലേയ്‌ക്ക്‌ ഭീതിയോടെ, നിശ്ശബ്ദരായി നോക്കി നിന്നു. മഞ്ഞു കലര്‍ന്ന, തണുത്ത മഴ തുടര്‍ച്ചയായി പെയ്‌തുകൊണ്ടിരുന്നു.

കമഴ്‌ത്തിവച്ചൊരു കെറ്റിലിന്മേലിരുന്നു കൊണ്ട്‌ ഒരു പഴഞ്ചന്‍ നീലഷര്‍ട്ടിട്ട ബെഹര്‍മാന്‍ പാറപ്പുറത്തിരിയ്‌ക്കുന്ന വൃദ്ധനായൊരു ഖനിത്തൊഴിലാളിയായി സ്യൂവിനു വേണ്ടി പോസു ചെയ്‌തു.

പിറ്റേന്നു രാവിലെ സ്യൂ ഉണര്‍ന്നപ്പോള്‍ ജോണ്‍സി അടഞ്ഞു കിടക്കുന്ന ജനലിന്റെ നേരേ ഉദാസീനതയോടെ നോക്കിക്കിടക്കുകയായിരുന്നു. `ജനല്‍ തുറക്ക്‌. എനിയ്‌ക്കു കാണണം.' ജോണ്‍സി ഉത്‌കണ്‌ഠയോടെ മന്ത്രിച്ചു. തളര്‍ച്ചയോടെ സ്യൂ അനുസരിച്ചു.

പക്ഷേ, അതാ! രാത്രി മുഴുവനും പെയ്‌ത മഴയേയും അതോടൊപ്പം വീശിയ ശക്തിയായ കാറ്റിനേയുമെല്ലാം അതിജീവിച്ചുകൊണ്ട്‌ വള്ളിച്ചെടിയുടെ ഒരില മാത്രം കൊഴിഞ്ഞു പോകാതെ പിടിച്ചു നില്‍ക്കുന്നു. തണ്ടിനടുത്തുള്ള ഇരുണ്ട നിറവും അരികുകളിലെ മഞ്ഞ നിറവും ഇല പഴുത്തു കഴിഞ്ഞതിന്റെ ലക്ഷണങ്ങളായിരുന്നു. പഴുത്തു കഴിഞ്ഞിരുന്നെങ്കിലും ആ ഇല നിലത്തു നിന്ന്‌ ഇരുപതടിയോളം ഉയരത്തില്‍, വള്ളിച്ചെടിയുടെ ശാഖയില്‍ ഇഷ്ടികച്ചുവരിനോടു പറ്റിച്ചേര്‍ന്നിരുന്നു.

`അതാണ്‌ അവസാനത്തെ ഇല.' ജോണ്‍സി പറഞ്ഞു. `രാത്രി അതു തീര്‍ച്ചയായും വീഴുമെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്‌. ശക്തിയായ കാറ്റു വീശുന്ന ശബ്ദം ഞാന്‍ കേട്ടിരുന്നു. എന്തായാലും അത്‌ ഇന്നു വീഴും, അപ്പോള്‍ ഞാന്‍ മരിയ്‌ക്കുകയും ചെയ്യും.


`എന്റെ പൊന്നു ജോണ്‍സീ,' ജോണ്‍സിയുടെ ശിരസ്സില്‍ ചുംബിച്ചുകൊണ്ടു സ്യൂ ചോദിച്ചു, `നീ നിന്നെപ്പറ്റി ചിന്തിയ്‌ക്കുന്നില്ലെങ്കില്‍ എന്നെപ്പറ്റിയെങ്കിലും ഓര്‍ക്ക്‌. ദൈവമേ, ഞാനെന്താണു ചെയ്യുക!'

പക്ഷേ ജോണ്‍സി നിശ്ശബ്ദയായി കിടന്നു. നിഗൂഢമായൊരു ദീര്‍ഘയാത്രയ്‌ക്കായി തയ്യാറെടുക്കുന്ന ആത്മാവാണ്‌ ലോകത്തിലെ ഏറ്റവും ഏകാന്തമായത്‌. വള്ളിച്ചെടിയുടെ ഇലയെപ്പോലെ തന്റെ അന്ത്യവും അടുത്തു കഴിഞ്ഞെന്ന അവളുടെ വിശ്വാസം ദൃഢമായിക്കൊണ്ടിരുന്നു. അവളെ സൌഹൃദങ്ങളുമായും ഭൂമിയുമായും ബന്ധിച്ചു നിര്‍ത്തിയിരുന്ന കെട്ടുകളെല്ലാം ഓരോന്നായി അഴിഞ്ഞു തുടങ്ങി.

പകല്‍ പതുക്കെപ്പതുക്കെ പോയ്‌മറഞ്ഞു കൊണ്ടിരുന്നു. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തില്‍പ്പോലും പുറത്തെ ഇഷ്ടികച്ചുമരിലെ വള്ളിച്ചെടിയോടു പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന ഒറ്റയില ദൃശ്യമായിരുന്നു. സ്യൂ ജനലടച്ചു. അധികം താമസിയാതെ വടക്കുനിന്നു കാറ്റു വീശാ!ന്‍ തുടങ്ങി. രാത്രി മുഴുവന്‍ മഴ ജനല്‍പ്പാളികളില്‍ ശക്തിയായി വന്നലച്ചുകൊണ്ടിരുന്നു.

നേരം പുലര്‍ന്നു തുടങ്ങിതേയുള്ളു, അപ്പോഴേയ്‌ക്ക്‌ ജോണ്‍സി ജനല്‍ തുറക്കാന്‍ കല്‍പ്പിച്ചു.

ആ ഇല അപ്പോഴും കൊഴിഞ്ഞു വീണിരുന്നില്ല.

ജോണ്‍സി ആ ഇലയെത്തന്നെ നോക്കിക്കൊണ്ടു കിടന്നു. ഏറെ സമയം കഴിഞ്ഞപ്പോള്‍ അവള്‍ സ്യൂവിനെ വിളിച്ചു. സ്യൂ അടുക്കളയില്‍ ഗ്യാസ്‌ സ്‌റ്റൌവില്‍ ജോണ്‍സിയ്‌ക്കു വേണ്ടി ചിക്കന്‍ ബ്രോത്ത്‌ തയ്യാറാക്കിക്കൊണ്ടിരിയ്‌ക്കുകയായിരുന്നു.

`ഇതുവരെ ഞാനൊരു ചീത്തക്കുട്ടിയായിരുന്നു, സ്യൂഡീ,' ജോണ്‍സി പറഞ്ഞു. `ഞാനെത്ര ചീത്തക്കുട്ടിയായിരുന്നെന്ന്‌ എന്നെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി എന്തോ ഒന്ന്‌ ആ ഇലയെ കൊഴിഞ്ഞു പോകാതെ പിടിച്ചു നിര്‍ത്തി. മരണം ആഗ്രഹിയ്‌ക്കുന്നത്‌ പാപമാണെന്ന്‌ ആ ഇലയില്‍ നിന്ന്‌ എനിയ്‌ക്കു മനസ്സിലായി.' ജോണ്‍സിയുടെ ചുണ്ടുകളില്‍ നേരിയൊരു മന്ദഹാസം മിന്നി മറഞ്ഞു. `നീയെനിയ്‌ക്ക്‌ ഇത്തിരി സൂപ്പു കൊണ്ടുവാ, സ്യൂഡീ. പോര്‍ട്ടൊഴിച്ച കുറച്ചു പാലും. അല്ല, ആദ്യം തന്നെ നീയൊരു കണ്ണാടി കൊണ്ടുവാ. എന്നിട്ട്‌ ഇവിടെ രണ്ടു മൂന്നു തലയിണകള്‍ ചാരി വയ്‌ക്ക്‌. നീ പാചകം ചെയ്യുന്നത്‌ ഞാന്‍ എഴുന്നേറ്റിരുന്നൊന്നു കാണട്ടെ.'

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജോണ്‍സി പറഞ്ഞു, `ഞാനെന്നെങ്കിലും നേപ്പിള്‍സ്‌ ഉള്‍ക്കടലിന്റെ ചിത്രം വരയ്‌ക്കും, സ്യൂഡീ.'

വൈകുന്നേരം ഡോക്ടര്‍ വന്നു. അദ്ദേഹം മടങ്ങിപ്പോകുമ്പോള്‍ സ്യൂ അദ്ദേഹത്തിന്റെ കൂടെ ഇടനാഴിയിലേയ്‌ക്കു ചെന്നു.

`ഇനി ശരിയ്‌ക്കു പരിചരിച്ചാല്‍ രക്ഷപ്പെട്ടുപോരും എന്ന നിലയിലേയ്‌ക്ക്‌ അവളെത്തിയിട്ടുണ്ട്‌.' ഡോക്ടര്‍ സ്യൂവിന്റെ മെലിഞ്ഞ കരം ഗ്രഹിച്ചുകൊണ്ട്‌ ആഹ്ലാദത്തോടെ പറഞ്ഞു. `ശരിയ്‌ക്കു പരിചരിച്ചാല്‍ നീ വിജയം നേടും. അതിനിടയില്‍ ഞാന്‍ വേഗം പോകട്ടെ. ഇപ്പോള്‍ത്തന്നെ മറ്റൊരു കേസും കൂടി നോക്കാനുണ്ട്‌. ബെഹര്‍മാന്‍ എന്നാണ്‌ രോഗിയുടെ പേര്‌. ചിത്രകാരനാണെന്നു തോന്നുന്നു. ന്യൂമോണിയ പിടിച്ചിരിയ്‌ക്കുന്നു. വാര്‍ദ്ധക്യമായി, ക്ഷീണിച്ചിട്ടുമുണ്ട്‌. രോഗമാണെങ്കില്‍ കടുത്തതും. ആശയ്‌ക്കു വഴിയില്ല. പക്ഷേ അല്‌പമെങ്കിലും ആശ്വാസം നല്‍കാന്‍ വേണ്ടി അയാളെ ഇപ്പോള്‍ത്തന്നെ ആശുപത്രിയിലേയ്‌ക്കു മാറ്റുന്നുണ്ട്‌.'

അടുത്ത ദിവസം ജോണ്‍സിയെ പരിശോധിച്ച ശേഷം ഡോക്ടര്‍ സ്യൂവിനോടു പറഞ്ഞു, `നീ വിജയിച്ചിരിയ്‌ക്കുന്നു. അവള്‍ ആപത്തു തരണം ചെയ്‌തു കഴിഞ്ഞിരിയ്‌ക്കുന്നു. പോഷകാഹാരവും ശ്രദ്ധയും, അത്രയേ ഇനി വേണ്ടൂ.'

അന്നു സായാഹ്നത്തില്‍ സ്യൂ ജോണ്‍സിയുടെ കിടക്കയ്‌ക്കരികിലേയ്‌ക്കു ചെന്നു. തലയിണകളില്‍ ചാരിയിരുന്നുകൊണ്ട്‌ ജോണ്‍സി കടും നീലനിറമുള്ളൊരു രോമക്കുപ്പായം തയ്‌ച്ചുകൊണ്ടിരിയ്‌ക്കുകയായിരുന്നു.

സ്യൂ ജോണ്‍സിയെ ആശ്ലേഷിച്ചു. `എന്റെ വെള്ളെലിക്കുഞ്ഞേ, നിന്നോടൊരു കാര്യം പറയാനുണ്ട്‌.' സ്യൂ പറഞ്ഞു. `ബെഹര്‍മാന്‍ ന്യൂമോണിയ പിടിച്ച്‌ ഇന്ന്‌ ആശുപത്രിയില്‍ വച്ചു മരിച്ചു. രണ്ടു ദിവസം മാത്രമേ അയാള്‍ സുഖമില്ലാതെ കിടന്നുള്ളു. ആദ്യദിവസം രാവിലെ അയാള്‍ വേദനകൊണ്ടു പുളയുന്നത്‌ വാച്ച്‌മാന്‍ കണ്ടിരുന്നു. അയാളുടെ വസ്‌ത്രവും ഷൂസുമെല്ലാം നനഞ്ഞു കുതിര്‍ന്നിരുന്നു. കാറ്റും മഴയും നിറഞ്ഞ രാത്രിയില്‍ അയാള്‍ എവിടെപ്പോയിരുന്നു എന്ന്‌ അവരത്ഭുതപ്പെട്ടു. അപ്പോഴും അണഞ്ഞിട്ടില്ലാത്ത ഒരു വിളക്കും അവരവിടെ കണ്ടു. നീളമുള്ള ഏണി വച്ചിരുന്ന ഇടത്തു നിന്നു വലിച്ചിഴച്ചു കൊണ്ടു വന്നിരുന്നു. ബ്രഷുകള്‍ ചിതറിക്കിടന്നിരുന്നു. വിവിധ നിറങ്ങള്‍ ചാലിച്ച ഒരു ചായപ്പലകയും അടുത്തു തന്നെയുണ്ടായിരുന്നു.'

സ്യൂ ജനലിലൂടെ പുറത്തേയ്‌ക്കു ചൂണ്ടി. `അവിടെ അവശേഷിച്ച ആ ഇലയെ നീയൊന്നു സൂക്ഷിച്ചു നോക്ക്‌. കാറ്റു വീശിയപ്പോള്‍ ഒരു തവണ പോലും അത്‌ ഒന്നിളകുകപോലും ചെയ്യാതിരുന്നത്‌ എന്തുകൊണ്ടെന്ന്‌ നീ അത്ഭുതപ്പെട്ടോ? അവസാനത്തെ ഇല കൊഴിഞ്ഞു വീണ ആ രാത്രിയില്‍ കാറ്റും മഴയും അവഗണിച്ച്‌ അയാള്‍ ആ ഭിത്തിയില്‍ പെയിന്റു ചെയ്‌തു ചേര്‍ത്തതാണ്‌ ആ ഇല. ആ ഇലയാണ്‌ ബെഹര്‍മാന്‍ വരച്ചതില്‍ വച്ച്‌ ഏറ്റവും മഹത്തായത്‌. അതാണ്‌ അയാളുടെ മാസ്റ്റര്‍ പീസ്‌.'

(വിഖ്യാത ചെറുകഥാകൃത്ത്‌ ഓ ഹെന്‍ട്രി എഴുതിയ `ദ ലാസ്റ്റ്‌ ലീഫ്‌' എന്ന പ്രസിദ്ധ കഥയുടെ സ്വതന്ത്രവിവര്‍ത്തനമാണ്‌ മുകളില്‍ കൊടുത്തിരിയ്‌ക്കുന്നത്‌. അമേരിക്കയിലെ ഉത്തര കരലൈനയില്‍ 1862ല്‍ ജനിച്ച ഓ ഹെന്‍ട്രിയുടെ യഥാര്‍ത്ഥനാമം വില്യം സിഡ്‌നി പോര്‍ട്ടര്‍ എന്നായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ അദ്ദേഹം നാനൂറോളം ചെറുകഥകള്‍ രചിച്ചു. `അമേരിക്കയിലെ മോപ്പസാങ്ങ്‌' എന്നാണ്‌ അദ്ദേഹം വിശേഷിപ്പിയ്‌ക്കപ്പെട്ടിരുന്നത്‌. ലാളിത്യവും നര്‍മ്മവും ഓ ഹെന്‍ട്രിക്കഥകളുടെ മുഖമുദ്രകളായിരുന്നു. 1910ല്‍, തന്റെ നാല്‍പ്പത്തേഴാം വയസ്സില്‍ ഓ ഹെന്‍ട്രി നിര്യാതനായി.)


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut