Image

പ്രസ്‌ ക്ലബ് - പാളം തെറ്റുന്നുവോ ?

രാജു മൈലാപ്രാ Published on 11 November, 2014
 പ്രസ്‌  ക്ലബ് - പാളം തെറ്റുന്നുവോ ?
എല്ലാ നല്ല കാര്യങ്ങള്‍ക്കും ചില കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കുക എന്നുള്ളത് എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു സ്വഭാവമാണെന്നു ഞാന്‍ കരുതുന്നു “ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് എന്ന്” എന്നേ പോലുള്ളവരെപ്പറ്റിയായിരിക്കണം പണ്ഡിതന്മാര്‍ പണ്ടു പറഞ്ഞു വെച്ചിട്ടുള്ളത്.

സംഘടനകളും മാദ്ധ്യമങ്ങളും തമ്മിലുള്ള ബന്ധം - എന്ന ഒരു സംവാദമാണ് നവംബര്‍ 8-നു നടന്ന പ്രസ്‌ക്ലബ് പരിപാടിയുടെ ആദ്യ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.രാവിലെ 9 മണിക്ക് സമ്മേളനം ആരംഭിക്കുമെന്ന് വിളംബരം നടത്തിയിരുന്നെങ്കിലും സംഘാടകര്‍ പോലും ആ സമയത്ത് എത്തിയിരുന്നില്ല.

സംഘടനകള്‍ പിളരുന്നതില്‍ വലിയൊരു പങ്ക് മാദ്ധ്യമങ്ങള്‍ക്കുണ്ട്. വലിയൊരു സംഘടനയിലെ ചെറിയ നേതാവായിരിക്കുന്നതിലും നല്ലത്, ചെറിയൊരു സംഘടനയിലെ വലിയ നേതാവ് ആകുന്നതാണ് കൂടുതല്‍ അഭികാമ്യം എന്ന് നമ്മുടെ മലയാളി ബുദ്ധിരാക്ഷസന്മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള നേതാവ് കളിച്ചാല്‍ മാത്രമേ പത്രത്തില്‍ പടവും, വാര്‍ത്തയും വരികയുള്ളൂ. അച്ചടി-ദൃശ്യ മാദ്ധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, അമേരിക്കന്‍ മലയാളികളുടെ അഭിമാനസ്തംഭമായ ഫൊക്കാനാ പിളര്‍ന്ന് ഫോമാ എന്നൊരു സംഘട കൂടി ജന്മമെടുക്കുകയില്ലായിന്നു.

അഭിപ്രായങ്ങള്‍ പ്രകടനങ്ങള്‍ നടത്തിയവരില്‍ പലരും നമ്മുടെ ശ്രേഷ്ഠ മലയാള ഭാഷയും കേരളത്തിന്റെ പൈതൃകമായ സംസ്‌കാരവും നമ്മുടെ കുട്ടികളെ പഠിപ്പിക്കണമെന്നുള്ള ഒരു നിര്‍ദ്ദേശം അടിവരയിട്ടു പറഞ്ഞു. നാട്ടില്‍ അവധിക്കു പോകുമ്പോള്‍ വല്യപ്പച്ചനോടും വല്ല്യമ്മച്ചിയോടും വിശേഷങ്ങള്‍ പങ്കിടുവാന്‍ ഇതു വളരെയേറെ സഹായിക്കുമത്രേ . 

ഇംഗ്ലീഷ് അറിയാത്ത പഴയ തലമുറ കേരളത്തില്‍ നിന്നും എന്നേ മറഞ്ഞു പോയി പ്രീ-കെജിയിലും , കെജിയിലും പഠിക്കുന്ന കുഞ്ഞുങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാല പഠിക്കുവാന്‍ ശ്രമിക്കുമ്പോള്‍, ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണിയുടെ ഡയലോഗു പോലെ 'ക്ക, ങ്ങ, ണ്ണ, ക്ഷ' നമ്മുടെ പിഞ്ചു കുട്ടികളെ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്, അതുപോലെ മലയാള പ്രസിദ്ധീകരണങ്ങളില്‍, കുറച്ചു പേജുകള്‍ കുട്ടികള്‍ക്കായി ഇംഗ്ലീഷിലാക്കണമെന്നുള്ള നിര്‍ദ്ദേശവും കേള്‍ക്കുകയുണ്ടായി. മലയാള പ്രസിദ്ധീകരണങ്ങള്‍ കണ്ടാല്‍, ഇവിടെ ജനിച്ചു വളരുന്ന കുട്ടികള്‍ കോങ്കണ്ണു കൊണ്ടു പോലും തിരിഞ്ഞു നോക്കില്ല. മലയാളത്തില്‍ ചിന്തിച്ചിട്ട്, അതു ഇംഗ്ലീഷീലേക്കു തര്‍ജ്ജമ ചെയ്യുന്നവരാണ് ഇവിടെയുള്ള “So called English Writers” –

അതുപോലെ നമ്മുടെ കേരളീയ സംസ്‌കാരം കുട്ടികളിലേക്കു പകര്‍ന്നു കൊടുക്കണമത്രേ ! എന്താണാവോ ഇത്ര മഹത്തായ കേരളീയ സംസ്‌കാരം ? എവിടെത്തിരിഞ്ഞാലും അഴിമതി- കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും സാധിക്കുകയില്ല- ഗുണ്ടാ വിളയാട്ടം, പെണ്‍വാണിഭം, സരിത എസ്.നായരെപ്പോലെയുള്ളവര്‍ക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് നല്‍കുന്ന മാദ്ധ്യമ സംസ്‌കാരം - ബാര്‍ കോഴ ഇടപാടുകള്‍ - പാലായുടെ മാണിക്യം പോലും മണിയുടെ കാര്യം വരുമ്പോള്‍ വെറും കരിക്കട്ട മാത്രമാണെന്നു വെളിപ്പെടുത്തലുകള്‍. വൃത്തിഹീനമായ പരിസരങ്ങള്‍ - വഴിവക്കില്‍ കൂമ്പാരം കൂടി കിടക്കുന്ന മാലിന്യങ്ങള്‍ - ഒരു ചത്ത എലിയെ പൊക്കിപ്പിടിച്ചു കൊണ്ടു ഫോട്ടോ സെഷനുവേണ്ടി നിന്നു കൊടുക്കുന്ന, ശശി തരൂരിനെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കന്മാര്‍ , നമ്മുടെ കുട്ടികള്‍ മലയാളം പഠിക്കാതിരിക്കട്ടെ! നമ്മുടെ പ്രാകൃതമായ പൈതൃകമായ സംസ്‌കാരത്തേക്കുറിച്ച് അവര്‍ അറിയാതിരിക്കട്ടെ !

ഇവിടെയുള്ള സംഘടനകള്‍ സ്വന്തമായി കെട്ടിടങ്ങള്‍ വാങ്ങമെന്നുള്ള അഭിപ്രായവും ഈ സംവാദത്തില്‍ ഉയര്‍ന്നു വരികയുണ്ടായി.- വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങള്‍ കെട്ടിടങ്ങള്‍ വാങ്ങിച്ചാല്‍ അധോഗതി തന്നെയായിരിക്കും ഫലം- സംഘടനകള്‍ ഇനിയും പിളരും എന്നുള്ള കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല- ടൈസണ്‍ സെന്ററില്‍ വെച്ചായിരുന്നു സമ്മേളനം- മിസ്റ്റര്‍ വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ബില്‍ഡിംഗ്- മുകളില്‍ സ്‌റേറജുള്ള നല്ലൊരു ഓഡിറ്റോറിയം. താഴെ ഡൈനിംഗ് ഹാള്‍, ബാത്‌റൂം- ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം - അദ്ദേഹത്തിന്റെ മകന്‍ തന്നെയാണ് അതു ഓപ്പറേറ്റ് ചെയ്യുന്നത്. അഡ്വാന്‍സ് പണമൊന്നും വാങ്ങിക്കുന്ന പതിവൊന്നും അദ്ദേഹത്തിനില്ല. ചിലര്‍ രാവിലെ 8 മണി മുതല്‍ രാത്രി 11 മണി വരെ പരിപാടി നടത്തിയിട്ട് മിസ്റ്റര്‍ വര്‍ക്കിക്ക് കൊടുക്കുന്നത് അന്‍പതു ഡോളര്‍. ലൈറ്റ്, സൗണ്ട്, ക്ലീനിംഗ്- ഇതൊക്കെ മറ്റൊരു സ്ഥലത്താണെങ്കില്‍ എത്രയധികം ഡോളര്‍ ചിലവാകും ? 

“ഇവനൊക്കെ ഇനി മൂഞ്ചത്തേയുള്ളൂ !”   ഇഡ്ഡലിയും സാമ്പാറും കഴിച്ചുകൊണ്ടിരിക്കുന്ന എന്നോട് മിസ്റ്റര്‍ മനസ്സു പറഞ്ഞു. ഈ  വര്‍ഷാവസാനത്തോടുകൂടി ഞാനിതു പൂട്ടുകയാണ്. മലയാളി കമ്മ്യൂണിറ്റിയെ സേവിച്ച് എനിക്കു മടുത്തു. ഒരു നന്ദിയുമില്ലാത്ത കൂട്ടര്‍ ! എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വര്‍ദ്ധിച്ചതേയൂള്ളൂ. ! 

ഇന്ത്യ, പ്രസ്‌ ക്ലബ്ബിന്റെ നാഷണല്‍ ലവലിലുള്ള ഒരു കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍, ഹോളിഡേ ഇന്‍, കംഫോര്‍ട്ട് ഇന്‍- തുടങ്ങിയ വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്നൊരപേക്ഷ ! ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്കും, നാട്ടില്‍ നിന്നും വരുന്ന അതിഥികള്‍ക്കും, താമസിക്കുവാനും സമ്മേളനങ്ങളില്‍ പങ്കെടുക്കുവാനും ഒരേ ബില്‍ഡിംഗില്‍ പറ്റുമെങ്കില്‍ അതല്ലേ അഭികാമ്യം ?

ഇനി അവാര്‍ഡ് നിര്‍ണ്ണയത്തിലേക്ക് - അവാര്‍ഡ് ജേതാക്കള്‍ എന്തുകൊണ്ടും അത് അര്‍ഹിക്കുന്നവര്‍ തന്നെ- എന്നാല്‍ എം.ജി രാധാകൃഷ്ണനും (ഏഷ്യനെറ്റ്), , ജോണി ലൂക്കോസും (മലയാളമനോരമ) ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജേതാക്കളാകുവാന്‍ ആപ്ലിക്കേഷനും, ബയോഡാറ്റയും അയക്കുമെന്ന് വിശ്വസിക്കുവാന്‍ എന്റെ മണ്ട ബുദ്ധിക്ക് പ്രയാസം- അതുപോലെ അവാര്‍ഡ് ജഡ്ജിംഗ് കമ്മറ്റിയില്‍ നാട്ടില്‍ നിന്നുമുള്ള ഒരു വിധികര്‍ത്താവിനേക്കൂടി ഉള്‍പ്പെടുത്താഞ്ഞത് ഒരു പോരായ്മയായി മാറി എന്നും  എനിക്കു തോന്നി. - അവസാന വിധി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ കൈയ്യൊപ്പ് പതിഞ്ഞതാണെന്ന് സംഘാടകര്‍ പറഞ്ഞപ്പോള്‍, എനിക്കത് തികച്ചും അപഹാസ്യമായിത്തോന്നി. - യേശുദാസ് ഐഡിയ സ്റ്റാര്‍ സിംഗറില്‍ മത്സരാര്‍ത്ഥിയായി എത്തുന്നതു പോലെയാണ് ജോണി ലൂക്കോസും എം.ജി രാധാകൃഷ്ണനും പ്രസ് ക്ലബ്ബിന്റെ അവാര്‍ഡിന് അപേക്ഷ അയച്ചു എന്നു കേട്ടപ്പോള്‍ എനിക്കു തോന്നിയത് ! പൊതുവേ പരിപാടി നന്നായിരുന്നു - സംഘാടകരുടെ ഉപദേശശുദ്ധിയെ മാനിക്കുന്നു ! 

ജാഗ്രതൈ ! മറ്റൊരു പ്രസ് ക്ലബ് കൂടി ഉദയം ചെയ്തിരിക്കുന്നു - നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കിളിച്ചാല്‍ അതുമൊരു തണല്‍ !
 പ്രസ്‌  ക്ലബ് - പാളം തെറ്റുന്നുവോ ?
Join WhatsApp News
Chacko 2014-11-11 08:33:11
anyone has the right and freedom to start Associations, press clubs or literary organizations.  There is nothing wrong with it.  
You just do not own America.  Just stop your senseless writing and pretension.
Jose Mathew 2014-11-11 10:01:48
കേരള സംസ്കാരം എന്താണെന്നു മനസ്സിലാക്കാൻ വളരെ ബുധ്ധിമുട്ടുണ്ടു.  അത് വെറും മലമൂത്ര വിസർജനത്തിലോ അഴിമാതിയിലോ മാത്രം ഒതുങ്ങുന്നതല്ല.  പ്പണത്തിനുവേണ്ടി കുടിയേറുന്ന നസ്സ്രാണിക്കും അത് മനസ്സിലാവുകയില്ല.  കേരള ദേശീയത എന്താണെന്നു ശ്രീ പത്ഭാനാമനെ തോഴുന്നവന് മാത്രമേ മനസ്സിലാകൂ.
പന്തളം ബിജു തോമസ്‌ 2014-11-11 14:57:02
പൈതൃകവും, സംസ്കാരവും തിരിച്ചറിയാന്‍ കഴിയാത്ത സാഹിത്യകാരന്മാരെ നമുക്ക് ന്യു ജനറേഷന്‍ ബുജികള്‍ എന്ന് അഭിസംബോധന ചെയ്തു ആദരിച്ചാലോ..? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക