Image

ബിഷപ്‌ വയലില്‍ ധാര്‍മ്മികത മാനദണ്ഡമാക്കി: ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌

Published on 10 December, 2011
ബിഷപ്‌ വയലില്‍ ധാര്‍മ്മികത മാനദണ്ഡമാക്കി: ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌
പാലാ:- ധാര്‍മ്മികത മാനദണ്ഡമായി സ്വീകരിച്ച മഹദ്‌ വ്യക്തിത്വമായിരുന്നു ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ എന്ന്‌ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു. പ്രസംഗിക്കുക മാത്രമല്ല, അത്‌ പ്രവൃത്തിപഥത്തിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ ബിഷപ്‌ വയലില്‍ ഫൗണ്ടേഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു സിറിയക്‌ ജോസഫ്‌.

അര്‍പ്പണബോധത്തോടും ത്യാഗമനോഭാവത്തോടും കൂടിയ പ്രവര്‍ത്തനമായിരുന്നു ബിഷപ്പിന്റേത്‌. പാലായുടെ വികസനത്തിനും പുരോഗതിക്കും നിര്‍ണ്ണായക പങ്കുവഹിച്ചതും ബിഷപ്‌ വയലില്‍ ആണ്‌. വിദ്യാഭ്യാസശാക്തീകരണം ലക്ഷ്യമിട്ട്‌ കാലത്തിനു മുമ്പേ നടന്ന ബിഷപ്‌ വയലില്‍ വിദ്യാഭ്യാസത്തിലൂടെ സമൂഹപുരോഗതി ഉണ്ടാകുമെന്നു മനസ്സിലാക്കിയിരുന്നു. അധികാരഭാവത്തേക്കാള്‍ നേതൃഭാവം ഉണ്ടാകുമ്പോഴാണ്‌ സമൂഹത്തില്‍ സ്വീകാര്യനാകുന്നത്‌. ബിഷപ്‌ വയലില്‍ നേതൃഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ്‌. ഇതുമൂലം സമൂഹത്തിനു ഗുണമുണ്ടായതായും ജസ്റ്റിസ്‌ ചൂണ്ടിക്കാട്ടി. ബിഷപ്പിന്റെ ഈ ഗുണം ഇന്നത്തെ ഭരണാധികാരികള്‍ക്ക്‌ മാതൃകയാണ്‌. അധികാരം കൈയാളുന്നവര്‍ അതു വിനിയോഗിക്കുന്നതിലെ പാളിച്ചകളാണ്‌ കോട്ടങ്ങള്‍ക്കു കാരണമാകുന്നതെന്നും സിറിയക്‌ ജോസഫ്‌ ചൂണ്ടിക്കാട്ടി. റിസ്‌ക്കുകള്‍ ഏറ്റെടുക്കാന്‍ മടിയില്ലാത്ത സ്വഭാവവിശേഷവും ബിഷപ്‌ വയലിലിനുണ്ടായിരുന്നു.

സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്‌ഘാടനം ചെയ്‌തു. ബിഷപ്‌ വയലിലിന്റെ ജീവിതസന്ദേശം വരുംതലമുറകള്‍ക്ക്‌ പകര്‍ന്നുകൊടുക്കണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആധുനിക പാലായുടെ രാജശില്‌പിയായിരുന്നു ബിഷപ്‌ വയലില്‍ എന്ന്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ അനുസ്‌മരിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ. വി.ജെ. ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍, പ്രൊഫ. മാടവന ബാലകൃഷ്‌ണപിള്ള, സെന്റ്‌ തോമസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ജോസ്‌, പ്രൊഫ. ഡാന്റി ജോസഫ്‌, ടോണി തോട്ടം, എബി ജെ. ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്‌ വയലില്‍ സ്‌കോളര്‍ഷിപ്പ്‌ വിതരണം ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ നിര്‍വ്വഹിച്ചു.
ബിഷപ്‌ വയലില്‍ ധാര്‍മ്മികത മാനദണ്ഡമാക്കി: ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക