Image

കുമളിയില്‍ സംഘര്‍ഷം: രണ്ട്‌ തമിഴ്‌നാട്ടുകാര്‍ പിടിയില്‍

Published on 10 December, 2011
കുമളിയില്‍ സംഘര്‍ഷം: രണ്ട്‌ തമിഴ്‌നാട്ടുകാര്‍ പിടിയില്‍
കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കുമളി ചെക്‌പോസ്റ്റില്‍ സംഘര്‍ഷം. കേരളത്തിലെ വീടുകളിലേക്ക്‌ കല്ലേറ്‌ നടത്തിയ രണ്ട്‌ തമിഴ്‌നാട്ടുകാര്‍ പോലീസിന്റെ പിടിയിലായി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ കമ്പം, തേനി മേഖലകളിലുള്ളവര്‍ കേരള അതിര്‍ത്തിയിലേക്ക്‌ പ്രകടനമായി എത്തിയതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം.

കേരള അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു വീടിന്‌ കല്ലേറില്‍ കേടുപാടു പറ്റി. വീടിന്റെ ജനലുകള്‍ തകര്‍ന്നു. തുടര്‍ന്ന്‌ നാട്ടുകാര്‍ സംഘടിച്ച്‌ കല്ലെറിഞ്ഞ രണ്ടുപേരെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. കമ്പം സ്വദേശി മുരുകനാണ്‌ അറസ്റ്റിലായ ഒരാള്‍.

നാലായിരത്തോളം പേര്‍ വരുന്ന തമിഴ്‌ സംഘത്തെ ലോവര്‍ ക്യാമ്പില്‍ തേനി കളക്‌ടറുടെ നേതൃത്വത്തില്‍ അനുനയിപ്പിച്ച്‌ പിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ ചെറുസംഘങ്ങളായി പോലീസിന്റെയും മറ്റും കണ്ണു വെട്ടിച്ച്‌ ചെക്‌ പോസ്റ്റിനടുത്തേക്ക്‌ എത്തുകയായിരുന്നു.

ഇതിനിടെ ഇടുക്കി ജില്ലയില്‍ വീണ്ടും നേരിയ ഭൂചലനമുണ്ടായി. ചെറുതോണി, മൂലമറ്റം, ഉപ്പുതറ, കുളമാവ്‌, വളകോട്‌ മേഖലകളില്‍ വൈകീട്ട്‌ 3.45 നാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌.
കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, ഈരാറ്റുപേട്ട എന്നിവിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക