Image

'കത്തി' റിലീസ്: ചെന്നൈയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് നേരെ ആക്രമണം

Published on 21 October, 2014
'കത്തി' റിലീസ്: ചെന്നൈയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് നേരെ ആക്രമണം
ചെന്നൈ: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ട് സിനിമാ തിയേറ്ററുകള്‍ക്ക് നേരെ അജ്ഞാത വ്യക്തികളുടെ ആക്രമണം. സത്യം സിനിമാസ്, റോയപേട്ടയിലുള്ള വുഡ്‌ലാന്റ്‌സ് എന്നീ തിയേറ്ററുകള്‍ക്ക് നേരെയാണ് തിങ്കളാഴ്ച രാത്രി അജ്ഞാതര്‍ പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. വിജയ് നായകനായ 'കത്തി' എന്ന സിനിമ റിലീസ് തടയാനാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം രാത്രി 11.30നാണ് അക്രമം നടന്നത്. ഈ സമയം ഹാളില്‍ സിനിമ നടന്നു കൊണ്ടിരിക്കുകയായിരുന്നു. രണ്ട് ഓട്ടോറിക്ഷകളിലായി റോയപ്പോട്ടയിലെ സത്യം സിനിമ ഹാളിലെത്തിയ അക്രമികള്‍ തിയേറ്ററിന്റെ മുന്നിലുള്ള ചില്ലുകള്‍  തകര്‍ത്തു.മൂന്ന് പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് അവര്‍ നടത്തിയ ആക്രമത്തില്‍ ഹാളിന്റെ മുന്നിലെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. അല്‍പ സമയത്തിന് ശേഷം റോയപ്പെട്ടയിലുള്ള വുഡ്‌ലാന്റ്‌സ് സിനിമ ഹാള്‍ കോംപ്ലക്‌സിലും സമാന രീതിയിലുള്ള ആക്രമണം ഉണ്ടായി.  മുന്പ് അറിയിച്ചിരുന്നതനുസരിച്ച് ദീപാവലി ദിവസം തന്നെ വിജയ് നായകനായ 'കത്തി' എന്ന സിനിമ റിലീസ് ചെയ്യുമെന്ന നിര്‍മാതാവ് അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് തടസപ്പെടുത്താനായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തെ തുടര്‍ന്ന് സിനിമ തിയേറ്ററുകളില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സയുമായി ബന്ധമുണ്ടെന്ന പരാതിയെ തുടര്‍ന്ന് ചിത്രം തമിഴ്‌നാട്ടില്‍ പല സ്ഥലത്തും ബഹിഷ്‌ക്കരിക്കുവാന്‍ തീരുമാനിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ പേര് ചിത്രത്തില്‍ നിന്നും മാറ്റുമെന്നും സിനിമയുടെ റിലീസിന് സഹായിച്ച ജയലളിതയ്ക്ക് നന്ദിയുണ്ടെന്നും വ്യക്തമാക്കി നടന്‍ വിജയ് പത്രക്കുറിപ്പ് പുറത്തിറക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക