Image

പ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ അന്തരിച്ചു.

Published on 09 June, 2011
പ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ അന്തരിച്ചു.
ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍(95) അന്തരിച്ചു. ലണ്ടനിലെ ഒരു ആസ്പത്രിയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2006 മുതല്‍ അദ്ദേഹം സ്വയം പ്രഖ്യാപിത പ്രവാസ ജീവിതം നയിച്ചുവരുകയായിരുന്നു.

ഇന്ത്യയുടെ പിക്കാസോ എന്നാണ് ഫോര്‍ബ്‌സ് മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഹിന്ദു ദേവതയെ നഗ്നരാക്കി ചിത്രീകരിച്ചുവെന്ന വിവാദം രാജ്യത്ത് എം.എഫ്.ഹുസൈനെതിരെ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ അദ്ദേഹത്തിന് പൗരത്വം നല്‍കി.

1973 ല്‍ പത്മഭൂഷണും 1991 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1986 ല്‍ രാജ്യസഭയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1940 കളുടെ ഒടുവിലാണ് ചിത്രകാരന്‍ എന്ന നിലയില്‍ എംഎഫ് ഹുസൈന്‍ പ്രസിദ്ധനാകുന്നത്. ഫ്രാന്‍സിസ് ന്യൂട്ടന്‍ സോസ സ്ഥാപിച്ച പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പില്‍ ചേര്‍ന്നതാണ് ഹുസൈന്റെ ചിത്രരചനാ ജീവിതത്തില്‍ വഴിത്തിരിവായത്. 1947 ലായിരുന്നു ഇത്. ചിത്രകലയിലെ പാരമ്പര്യസമ്പ്രദായങ്ങള്‍ പൊളിച്ചെഴുതുകയായിരുന്നു പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെ ലക്ഷ്യം.

ചിത്രകാരന്‍ എന്നതിലുപരി ഏതാനും ചലച്ചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹുസൈന് കഴിഞ്ഞ കേരള സര്‍ക്കാര്‍ രാജ രവിവര്‍മ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത് ഏറെ വിവാദമുയര്‍ത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക