Image

എബോള രോഗത്തെ കമല്‍ഹാസന്‍ ആറ് വര്‍ഷം മുന്പ് സിനിമയിലൂടെ പ്രവചിച്ചിരുന്നു

Published on 17 October, 2014
എബോള രോഗത്തെ കമല്‍ഹാസന്‍ ആറ് വര്‍ഷം മുന്പ് സിനിമയിലൂടെ പ്രവചിച്ചിരുന്നു
ചെന്നൈ: ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ്  പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പതിനായിരങ്ങളുടെ മരണത്തിന് കാരണമായ എബോള വൈറസ് ബാധ.  ലോകത്തിലുള്ള എല്ലാ രാജ്യങ്ങളും വൈറസ് ബാധയെപ്പറ്റി ചര്‍ച്ച നടത്തുന്ന അവസരം കൂടിയാണിത്. എന്നാല്‍ ഇങ്ങനെയൊരു അസുഖം ലോകത്തെ ബാധിക്കുമെന്ന് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‌പേ പ്രവചിച്ച ഒരാളുണ്ട്. തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍. അദ്ദേഹത്തിന്റെ 2008ല്‍ റിലീസ് ചെയ്ത ദശാവതാരം എന്ന ചിത്രത്തിലൂടെയാണ് താരം ലോകത്തിന് അന്ന് അത്ര പരിചയമില്ലായിരുന്ന എബോളയെപ്പറ്റി വര്‍ഷങ്ങള്‍ക്ക് മുന്‌പേ പറഞ്ഞിരുന്നത്.

ചിത്രത്തില്‍ അസിനും പാട്ടിയും മറ്റും താമസിക്കുന്ന അഗ്രഹാരത്തിലെത്തുന്ന കമല്‍ അവരുടെ കൈയിലുള്ള പാഴ്‌സല്‍ തിരിച്ച് വാങ്ങാനായി നടത്തുന്ന സംഭാഷണത്തിനിടയ്ക്കാണ് ഇക്കാര്യം പറയുന്നത്. ഇതൊരു മനുഷ്യനിര്‍മ്മിതമായ ജൈവ ആയുധമാണെന്നും വളരെ മാരകമായ എബോളമാര്‍ബര്‍ഗ് സംയുക്തമാണെന്നുമാണ് കമലിന്റെ കഥാപാത്രം പറയുന്നത്. 

2003ല്‍ കമല്‍ അഭിനയിച്ച അന്‌പേശിവം എന്ന ചിത്രത്തിലൂടെ അദ്ദേഹം അന്ന് അത്രയൊന്നു പരിചയമില്ലായിരുന്ന സുനാമി എന്ന ദുരന്തത്തെപ്പറ്റി പറഞ്ഞിരുന്നു. എന്നാല്‍ 2004ല്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളെ നക്കിത്തുടച്ച ഭീമന്‍ തിരകളുമായി നിരവധി ജീവനുകള്‍ കവര്‍ന്ന് സുനാമിയെത്തി. അതേ പോലെ 2000ത്തില്‍ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ഹേ റാം എന്ന ചിത്രത്തില്‍ ലഹള ചിത്രീകരിച്ചിരുന്നു. അതിന്റെ യഥാര്‍ത്ഥ രൂപം എന്നവണ്ണം കൃത്യം രണ്ട് വര്‍ഷം കഴിഞ്ഞ് ഗുജറാത്തില്‍ കലാപമുണ്ടായി. അതേ പോലെ മനോരോഗിയായ കൊലപാതകിയുടെ കഥയുമായെത്തിയ വേട്ടയാട് വിളയാട് എന്ന ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷം നോയിഡയില്‍ മൊനീന്ദര്‍സതീഷ്  എന്നിവര്‍ നടത്തിയ പരന്പര കൊലപാത കേസും പുറത്ത് വന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക