Image

മുല്ലപ്പെരിയാര്‍ അണക്കെട്ടും കേന്ദ്രഗവണ്‍മെന്റും

ഫിലിപ്പ് മാരേട്ട് Published on 08 December, 2011
മുല്ലപ്പെരിയാര്‍ അണക്കെട്ടും കേന്ദ്രഗവണ്‍മെന്റും
കേരള ജനതയുടെ മുഖ്യ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായി മുല്ലപ്പെരിയാര്‍ ഡാം മാറിയിട്ട് ഏറെ നാളായി. ഗവണ്‍മെന്റുകള്‍ മാറി മാറി വന്നിട്ടും വെറും വാചക കസര്‍ത്ത് മാത്രമായി മുല്ലപ്പെരിയാര്‍ അവശേഷിക്കുന്നു. ഏറ്റവും അവസാനം ഡാം തകരാന്‍ പോകുന്നു വെന്നും ലക്ഷകണക്കിന് ആള്‍ക്കാര്‍ക്ക് ജീവഹാനി സംഭവിക്കാന്‍ പോകുന്നുവെന്നും മറ്റുമുള്ള പ്രചാരണത്തിനു മുന്‍പില്‍ കേരളജനതയും തമിഴ്മക്കളും പരസ്പരം ആകുലചിത്തരായി മിഴിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു കാര്യങ്ങള് ‍.

ഡാമിന്റെ സുരക്ഷിതത്വത്തെ പറ്റി ആശങ്ക വേണ്ട എന്ന സന്ദേശം ആണ് തമിഴ് സര്‍ക്കാരും കേരള സര്‍ക്കാരും മാറി മാറി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതത്ത ഭീക്ഷണിയില്‍ ആണ് എന്ന് മാധ്യമങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നതുവഴി സാധാരണ ജനങ്ങളും ഈ ഭീതിയുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ പ്രവാസി മലയാളികളുടെ ചര്‍ച്ചാ സമ്മേളനങ്ങളിലും ഇതൊരു മുഖ്യ വിഷയമായി മാറി കഴിഞ്ഞു.

സത്യാവസ്ഥ ആര്‍ക്കും അറിയില്ല. ദുരന്തം ഒന്നും വരരുതേ എന്ന് മറ്റു മലയാളികള്‍ക്കൊപ്പം ഞാനു ആഗ്രഹിക്കുന്നു. അണക്കെട്ടുകള്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്നത് ആത്യന്തികമായി ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ശക്തമായ ചുവരുകള്‍ക്കുള്ളില്‍ ജലം സംഭരിച്ച് അതു കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി എത്തിച്ചുകൊടുക്കാനും കാരണമായിട്ടുണ്ട് എന്ന് ചരിത്രം നമ്മേ പഠിപ്പിക്കുന്നു. കാലാകാലങ്ങളിലുള്ള വിലയിരുത്തലും പഠനങ്ങളും വഴി മാത്രമേ ഡാമുകളുടെ സുരക്ഷിതസ്ഥിതി നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ.

ഇവിടെ കേന്ദ്ര ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്നില്‍ നിറുത്തി കേരളവും തമിഴ്‌നാടും പരസ്പരം പോരടിക്കുവാനുളള അവസ്ഥ ഒഴിവാക്കാന്‍ കേന്ദ്രം ഇടപെട്ടേ മതിയാകൂ. അമേരിക്കന്‍ കേന്ദ്ര ഗവണ്‍മെന്റിനു ഓരോ അമേരിക്കന്‍ സംസ്ഥാനങ്ങളുടെ മേലും നിയന്ത്രണവും അധികാരവും ഉള്ളതുപോലെ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളുടെ മേലും നിയന്ത്രണവും അധികാരവും കേന്ദ്ര ഗവണ്‍മെന്റിനു ഉണ്ടായിരിക്കണം. അതുവഴി മാത്രമേ സുശക്തമായ പുത്തന്‍ ഭാരതം കെട്ടിപ്പടുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. പ്രധാനമായും ഹൈവേകള്‍ , എയര്‍പോട്ടുക
ള്‍ ‍, തുറമുഖങ്ങള്‍ , അണക്കെട്ടുകള്‍ , ആണവനിലയങ്ങള്‍ മുതലായവയുടെ കാര്യങ്ങളുടെ മേല്‍ കേന്ദ്ര ഗവണ്‍മെന്റിനു കൂടുതല്‍ അധികാരവും നിയന്ത്രണവും ഉണ്ടായിരിക്കണം. ഈ സ്‌ത്രോതസുകളില്‍ നിന്നും ഉള്ള മേന്മകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പങ്ക് വെക്കാനും കേന്ദ്രം മേല്‍നോട്ടം നല്‍കണം. അതിനായി പ്രത്യേക കേന്ദ്ര സമിതികള്‍ തന്നെ രൂപീകരിക്കണം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് മറ്റു പരിഗണനകള്‍ കൊണ്ടോ ഓരോ സംസ്ഥാനത്തിനും കിട്ടേണ്ട വിഹിതത്തിനു ഏറ്റകുറച്ചിലുകള്‍ ഉണ്ടായേക്കാം അത് തീരുമാനിക്കേണ്ടത് ഇതിനായി നിയോഗിക്കപ്പെട്ട കേന്ദ്ര സമിതികളായിരിക്കണം.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഓരോ സംസ്ഥാനങ്ങളും തയ്യാറാകണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ആദ്യം ചെയ്യേണ്ടത് അതിന്റെ സുരക്ഷിതത്തെപ്പറ്റി പഠിക്കാന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുക എന്നതാണ്. അതിനെതുടര്‍ന്ന് ഈ ഡാമിന്റെ മേന്‍മകള്‍ അര്‍ഹതപ്പെട്ട വിധത്തില്‍ പങ്കുവെയ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കണം. ഇതിനുമുന്‍പ് പല പഠനങ്ങളും കേന്ദ്രസമിത് നടത്തിയിട്ടുണ്ട് എന്നാല്‍ ഒരു നടപടിയും ഇന്നുവരെ കൈകൊണ്ടിട്ടില്ല എന്നത് ദുഃഖകരമായ അവസ്ഥയാണ്. പൊതുജനം വളരെയധികം ആശങ്കയോടെ ഈ പ്രശനത്തെ നോക്കികാണുന്നു. ഈ അവസരത്തില്‍ ആ ഭീതി മാറ്റുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിബദ്ധത ഉണ്ട് ഡാമിന്റെ അവസ്ഥ സുരക്ഷിതമല്ലെങ്കില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ ഈ സര്‍ക്കാരുകള്‍ തയ്യാറാകണം. പരസ്പര ഭിന്നതകള്‍ മറന്ന് ഈ പ്രശ്‌നപരിഹാരത്തിന് കൈകോര്‍ക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം. പുതിയ ഡാം വേണമെന്നാണ് അവസാന തീരുമാനമെങ്കില്‍ കൂടുതല്‍ ദീര്‍ഘവീക്ഷണത്തോടെയും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിലും വേണം പുതിയ ഡാം രൂപകല്‍പ്പന ചെയ്യേണ്ടത്. ഈ പുതിയ ഡാം കൊണ്ട് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ജലസേചന ആവശ്യങ്ങള്‍ക്കും ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിനും ഈ അണക്കെട്ട് ഒരു നിമിത്തമായിതീരട്ടെ.

മുല്ലപ്പെരിയാര്‍ അണക്കെട്ടും കേന്ദ്രഗവണ്‍മെന്റും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക