Image

അശരണര്‍ക്ക്‌ ആശ്രയമായി കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 08 December, 2011
അശരണര്‍ക്ക്‌ ആശ്രയമായി കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌
ന്യൂയോര്‍ക്ക്‌: അശരണര്‍ക്കും അഗതികള്‍ക്കും ആശ്രയമായി കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ പ്രവര്‍ത്തകര്‍ വീണ്ടും മാതൃകയാവുന്നു.

നവംബര്‍ 20 ഞായറാഴ്‌ച ലോംഗ്‌ ഐലന്റ്‌ ഫ്രീ പോര്‍ട്ടിലുള്ള സെവന്‍ത്ത്‌ ഡേ സാബത്ത്‌ മിഷന്‍ ചര്‍ച്ച്‌ ഹാളില്‍ വെച്ച്‌ അനാഥര്‍ക്കും അഗതികള്‍ക്കും ഭക്ഷണം വിതരണം ചെയ്‌ത പ്രവര്‍ത്തകര്‍, താങ്ക്‌സ്‌ഗിവിംഗ്‌ ദിനമായ നവംബര്‍ 24ന്‌ ന്യൂയോര്‍ക്കിലെ ഹാര്‍ലേമിലുള്ള സാധുക്കള്‍ക്ക്‌ ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌തു.

സന്നദ്ധ സംഘടനകള്‍ കൊണ്ടുവരുന്ന ഭക്ഷണവും പ്രതീക്ഷിച്ച്‌ അനേകം പേര്‍ അതിരാവിലെ തന്നെ വഴിയരികില്‍ കാത്തു നില്‌പുണ്ടായിരുന്നു എന്ന്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി പണിക്കര്‍ പറഞ്ഞു. വിവിധ ക്രൈസ്‌തവ ദേവാലയങ്ങളും സന്നദ്ധ സംഘടനകളും ഭക്ഷണ വിതരണം നടത്തിയ കൂട്ടത്തില്‍ ഇന്ത്യന്‍ സംഘടനകളില്‍ കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ മാത്രമാണ്‌ രംഗത്തുണ്ടായിരുന്നതെന്ന്‌ സണ്ണി പണിക്കര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌ സാമ്പത്തികവും സാമൂഹികവും സാംസ്‌ക്കാരികവുമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങള്‍ വസിക്കുന്ന ഹാര്‍ലേം, ന്യൂയോര്‍ക്കിലെ അപകടം നിറഞ്ഞ പ്രദേശമാണെന്നാണ്‌ പൊതുവെ അറിയപ്പെടുന്നത്‌. പക്ഷേ, അവിടെ ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്യാന്‍ കേരള സമാജം പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അത്ഭുതത്തോടും അതിലേറെ ആകാംക്ഷയോടുംകൂടിയാണ്‌ ജനങ്ങള്‍ സ്വീകരിച്ചതെന്ന്‌ സണ്ണി പണിക്കര്‍ കൃതാര്‍ത്ഥതയോടെ ഓര്‍മ്മിക്കുന്നു.ഒരു ഇന്ത്യന്‍ സംഘടന തങ്ങള്‍ക്ക്‌ വസ്‌ത്രവും ഭക്ഷണവും നല്‍കിയതില്‍ പ്രദേശവാസികള്‍ നന്ദി പറഞ്ഞു.

ഭക്ഷണപ്പൊതി വാങ്ങാനെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഡെവിന്‍ എന്ന 23 വയസ്സുകാരന്റെ കദന കഥ ഏറെ ഹൃദയസ്‌പൃക്കായിരുന്നു എന്ന്‌ സണ്ണി പണിക്കര്‍ പറഞ്ഞു. അഞ്ചാം വയസ്സില്‍ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഡെവിന്‍ ഒരു താത്‌ക്കാലിക സംരക്ഷണ ഭവനത്തിലെത്തുകയും ദുരിതപൂര്‍ണ്ണമായ ആ ജീവിതം മടുത്ത്‌ അവിടം ഉപേക്ഷിച്ച്‌ ഭൂഗര്‍ഭ റെയില്‍വേയില്‍ അഭയം പ്രാപിക്കുകയും ചെയ്‌തത്രേ. ട്രെയിനിലാണ്‌ ജീവിതം. ഹൈസ്‌കൂള്‍ വരെ പഠിച്ചുവെങ്കിലും ഇതുവരെ ജോലിയൊന്നുമായില്ല. പല വാതിലുകളും മുട്ടി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോള്‍ ചില സന്നദ്ധ സംഘടനകളുടെ കാരുണ്യം കൊണ്ട്‌ ദിവസങ്ങള്‍ തള്ളി നീക്കുന്നു. ഡെവിനെപ്പോലെ അനവധി പേരെ അവിടെ കാണാന്‍ കഴിഞ്ഞു എന്ന്‌ സണ്ണി പണിക്കര്‍ പറഞ്ഞു.

തണുപ്പകറ്റാനുള്ള കമ്പിളിയുടുപ്പുകള്‍ക്കായി അനേകം പേര്‍ ഉണ്ടായിരുന്നു. ഉപയോഗശൂന്യമായെന്ന ധാരണയില്‍ നാം ഉപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ സമാഹരിച്ച്‌ ഇതുപോലെയുള്ള സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നത്‌ കാരുണ്യപ്രവര്‍ത്തനമായിരിക്കുമെന്നും, ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലും നാം ശ്രദ്ധ ചെലുത്തണമെന്നും സണ്ണി പണിക്കര്‍ അമേരിക്കയിലെ ഇതര സംഘടനകളോട്‌ അഭ്യര്‍ത്ഥിച്ചു.

`ക്രിസ്‌മസ്സിന്‌ വീണ്ടും വന്ന്‌ ഞങ്ങളെ സഹായിക്കണേ' എന്ന അപേക്ഷയോടെയാണ്‌ വൃദ്ധരടങ്ങുന്ന സാധുജനങ്ങള്‍ തങ്ങളെ യാത്രയാക്കിയതെന്ന്‌ സണ്ണി കൃതാര്‍ത്ഥതയോടെ സ്‌മരിച്ചു. റോഷേല്‍, കരോളിന്‍, മഞ്ചു, അപെക്ഷ എന്നിവരെക്കൂടാതെ സബാത്ത്‌ മിഷന്‍ പ്രവര്‍ത്തകരും ഭക്ഷണ വിതരണത്തില്‍ പങ്കെടുത്തു.
അശരണര്‍ക്ക്‌ ആശ്രയമായി കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക