Image

മൂന്നാറിലെ സൗഹൃദത്തണലില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 38: ജോര്‍ജ്‌ തുമ്പയില്‍)

Published on 05 October, 2014
മൂന്നാറിലെ സൗഹൃദത്തണലില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 38: ജോര്‍ജ്‌ തുമ്പയില്‍)
സമയം ഉച്ചയോടടുക്കുന്നു. വിശപ്പ്‌ കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. തേയില ഉണ്ടാക്കുന്നതിന്റെ വിവിധ ഭാഗങ്ങള്‍ കണ്ട്‌ എക്‌സിബിഷന്‍ ഹാളില്‍ നിന്നും ഞങ്ങള്‍ മൂന്നാര്‍ ടൗണിലേക്ക്‌ ഇറങ്ങി. വെയിലിനു തെല്ലും ചൂടില്ല. എന്നാല്‍ അത്രയ്‌ക്ക്‌ തണുപ്പില്ല. ചെറിയ കാറ്റ്‌ വീശുന്നുണ്ട്‌. കാറ്റിന്‌ തമിഴിന്റെ മണമുണ്ടെന്നു കുരുവിള പറഞ്ഞു. കാശ്‌മീരിന്റെ മണമാണിതെന്നു സന്തോഷ്‌ ചിരിച്ചു കൊണ്ടു പറഞ്ഞു, കാരണം ഇവിടം അറിയപ്പെടുന്നത്‌ തെക്കിന്‍െറ കാശ്‌മീര്‍ എന്നാണല്ലോ. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും പശ്ചിമഘട്ട മലനിരയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര മുതല്‍ താമസവും ചുറ്റുപാടുകളും വരെ സന്ദര്‍ശകര്‍ക്ക്‌ സമ്മാനിക്കുന്നത്‌ ദുരിതങ്ങളാണെന്നും സന്തോഷ്‌ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഉണ്ടായിരുന്ന സൗകര്യങ്ങളെ വിപുലപ്പെടുത്താനോ പുനര്‍നിര്‍മിക്കാനോ അധികൃതര്‍ ഇപ്പോഴും തയാറാകുന്നില്ല.

സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്‌ ബസുകളെയാണെങ്കിലും ടൗണിലെത്തുന്നവര്‍ക്ക്‌ ബസ്‌ കാത്തിരിക്കാന്‍ നല്ലൊരു വെയ്‌റ്റിങ്‌ ഷെഡ്‌ മൂന്നാറിലില്ല. കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കെ.എസ്‌.ആര്‍.ടി.സി ഡിപ്പോകളിലൊന്നാണ്‌ മൂന്നാറെങ്കിലും യാത്രക്കാര്‍ക്ക്‌ വിശ്രമിക്കാനോ പ്രാഥമിക കാര്യത്തിനോ സൗകര്യമില്ല. കാറ്റും മഴയും സഹിച്ച്‌ കൊടുംതണുപ്പില്‍ വാഹനം കാത്തിരുന്നാണ്‌ സഞ്ചാരികള്‍ മൂന്നാറില്‍നിന്നും മടങ്ങുന്നതെന്നു സന്തോഷ്‌ പറഞ്ഞു. അതിലും വിഷമം പിടിച്ച കാര്യം പബ്ലിക്ക്‌ ടോയ്‌ലറ്റിന്റെ അപര്യാപ്‌തയാണ്‌. പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ നിര്‍മിച്ച മൂന്ന്‌ കംഫര്‍ട്ട്‌ സ്റ്റേഷനുകളാണ്‌ ടൗണിന്‍െറ വിവിധ ഭാഗങ്ങളിലായിട്ടുള്ളത്‌. സംഘങ്ങളായി എത്തുന്ന സന്ദര്‍ശകര്‍ക്ക്‌ ഒരിക്കലും തികയാത്ത ഇവ പകര്‍ച്ചവ്യാധികളുടെ കേന്ദ്രങ്ങളാണത്രേ. വൃത്തിയും സുരക്ഷിതത്വവുമില്ലാത്ത ഇവയെ ആശ്രയിക്കുന്നവര്‍ മൂന്നാറിനെ ശപിച്ചാണ്‌ മടങ്ങുന്നതെന്നു സന്തോഷ്‌. വിണ്ടുകീറിയ ഭിത്തികളും ഈച്ചയും കൊതുകും അഴുക്കുപുരണ്ട തറകളുമാണ്‌ മൂത്രപ്പുരകള്‍ക്കും കക്കൂസിനുമുള്ളത്‌. വര്‍ഷംതോറും ലക്ഷക്കണക്കിന്‌ രൂപക്ക്‌ ലേലം ചെയ്‌ത്‌ പഞ്ചായത്ത്‌ അധികൃതര്‍ പണം വാരുന്നുണ്ടെങ്കിലും ഇതിനായി ചില്ലിക്കാശ്‌ ചെലവഴിക്കാറില്ല. മൂക്കുപൊത്തിയും കണ്ണടച്ചുമല്ലാതെ ഇതിന്‍െറ പരിസരത്തുകൂടി പോലും ആര്‍ക്കും സഞ്ചരിക്കാന്‍ കഴിയില്ല. ആധുനിക സൗകര്യങ്ങളോടെ മികച്ച ടോയ്‌ലറ്റ്‌ ടെര്‍മിനലുകള്‍ സ്ഥാപിച്ച്‌ പണം ഈടാക്കിയെങ്കിലും വിനോദ സഞ്ചാരികള്‍ക്ക്‌ സൗകര്യം നല്‍കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയാണ്‌.

ഞങ്ങളുടെ ഡ്രൈവര്‍ വണ്ടി എവിടെയെങ്കിലും ഒന്ന്‌ പാര്‍ക്ക്‌ ചെയ്യാന്‍ വിഷമിക്കുകയാണ്‌. ഇതാണ്‌ മൂന്നാറിന്റെ മറ്റൊരു ശാപം. നൂറുകണക്കിന്‌ വാഹനങ്ങള്‍ എത്തുന്ന ടൗണില്‍ പാര്‍ക്കിങ്‌ സൗകര്യമില്ലാത്തത്‌ വലിയ ഗതാഗതക്കുരുക്കാണ്‌ സൃഷ്ടിക്കുന്നത്‌. റോഡരികില്‍ കിടക്കാനല്ലാതെ ഇതിനായി സൗകര്യം കണ്ടെത്താന്‍ ആരും മെനക്കെടാറില്ല. മാലിന്യ നിക്ഷേപംമൂലം റോഡും തോടുമെല്ലാം അഴുക്കുചാലുകളായിട്ട്‌ വര്‍ഷങ്ങളായി. മൂന്നാറിന്‍െറ വശ്യത തേടിയെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത്‌ അലസമായി വലിച്ചെറിയുന്ന മാലിന്യങ്ങളാണ്‌. കുടിവെള്ളമായി ഉപയോഗിക്കുന്ന പുഴകളെല്ലാം ജൈവമാലിന്യത്തിന്‍െറ കേന്ദ്രങ്ങളായിക്കഴിഞ്ഞു. അതേസമയം വിനോദ സഞ്ചാരികളെ പിഴിയാന്‍ സ്വകാര്യ-സര്‍ക്കാര്‍ സംരംഭങ്ങള്‍ മത്സരിക്കുകയാണ്‌. ഈ പറഞ്ഞതൊക്കെയും മൂന്നാര്‍ ടൗണിലെ കാര്യങ്ങള്‍. എന്നാല്‍ മൂന്നാര്‍ ടൗണ്‍ കാണാനല്ലല്ലോ ആരും ഇവിടേക്ക്‌ വരുന്നതെന്ന കുരുവിളയുടെ കമന്റ്‌ ശരിയാണെന്നു തോന്നി. മനുഷ്യന്‍ ഉള്ളിടത്താണോ ഇതൊക്കെയും ഉണ്ടാവുമെന്നും കുരുവിള കൂട്ടിച്ചേര്‍ത്തു. അത്‌ അമേരിക്കയായാലും ഊട്ടിയായാലും മൂന്നാറായാലും അങ്ങനെ തന്നെ. ബാക്കിയെല്ലായിടത്തും കൃത്യമായി വേസ്റ്റ്‌ മാനേജ്‌മെന്റ്‌ പായ്‌ക്കേജുകള്‍ ഉണ്ടെങ്കില്‍ ഇവിടെ അതിനൊന്നും ആര്‍ക്കും നേരമില്ല, നേരമുണ്ടെങ്കില്‍ തന്നെ അതിനു മുടക്കാന്‍ കാല്‍ കാശുമില്ല. അതാണ്‌ കാര്യമെന്നു സന്തോഷ്‌.

കണ്ണില്‍ പെട്ട ആദ്യത്തെ റസ്റ്ററന്റിലേക്ക്‌ ഞങ്ങള്‍ കയറി. ഈ റസ്റ്ററന്റ്‌ തൊടുപുഴ സ്വദേശിയുടേതാണെന്നു സന്തോഷ്‌ പറഞ്ഞു. കണ്ടിട്ട്‌ വൃത്തിയും മെനയുമുള്ളതാണെന്നു തോന്നി. ആ തോന്നല്‍ ശരിയാണെന്നു പിന്നീട്‌ ബോധ്യപ്പെടുകയും ചെയ്‌തു. കാരണം, ജോലിക്കാര്‍ക്കിടയില്‍ നിന്നും വ്യത്യസ്‌തനായ ഒരാള്‍ പെട്ടെന്നു കണ്ണിലുടക്കി. അടക്കം പറയും പോലെ സന്തോഷ്‌ പറഞ്ഞു. അതാണ്‌ ഈ റസ്റ്ററന്റിന്റെയും തൊട്ടടുത്തുള്ള ബാറിന്റെയും ഉടമസ്ഥന്‍. അതാരാണെന്നു അറിയാനുള്ള വ്യഗ്രത കൊണ്ടു മാത്രം തലയുയര്‍ത്തി നോക്കി. പരിചയമുള്ള രൂപം. അതേ മുഖം, അതേ ചിരി, അതേ കഷണ്ടി, അതേ ശരീരം. സിബി- പഴയ തൊടുപുഴ സുഹൃത്ത്‌ സിബി. സൗദി അറേബ്യയില്‍ ജോലി ചെയ്‌തിരുന്ന കാലത്തെ സുഹൃത്ത്‌ ബന്ധം. 15 വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം. ബാച്ചിലര്‍ലൈഫ്‌ നന്നായി എന്‍ജോയ്‌ ചെയ്‌തിരുന്ന കാലത്തെ ഉറ്റസുഹൃത്ത്‌.

വളരെ ആകസ്‌മികമായാണ്‌ ആ മുഖം കണ്ണില്‍പെട്ടത്‌. കണ്ണില്‍ പെടാതെ പോകാന്‍ ഒരു പഴുതുമില്ലായിരുന്നു. എന്നെ കണ്ടതും സിബിയും ഓടിവന്നു. ഞങ്ങള്‍ പരസ്‌പരം കെട്ടിപിടിച്ചു, ഹസ്‌തദാനം ചെയ്‌തു. വിശേഷങ്ങള്‍ പങ്കുവച്ചു. കൂടെയുണ്ടായിരുന്നവരെ സിബിക്കു പരിചയപ്പെടുത്തി. എന്റെ ഗള്‍ഫ്‌ വാസക്കാലത്തെ ഓര്‍മ്മകളിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളിലെല്ലാം കൂടെയുണ്ടായിരുന്നുവെന്നു സിബി ഓര്‍മ്മിപ്പിച്ചു. അക്കാലത്തെ ഞങ്ങളുടെ ചീട്ട്‌ കളി സംഘത്തിലെ സജീവ അംഗമായിരുന്നു സിബി. അമിയാന്‍റ്റിറ്റ്‌ ഫൈബര്‍ ഗ്ലാസ്‌ കമ്പനിയിലെ ഊഷ്‌മളമായ ബന്ധങ്ങള്‍ ഒരു നിമിഷം മനസ്സിലൂടെ കടന്നിറങ്ങി. സിബിയുടെ ഭാര്യയ്‌ക്ക്‌ അന്നു സാംബിയയിലാണ്‌ ജോലി. അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും എന്ന പാട്ട്‌ പാടി വിഷാദമൂകരായി നടന്നിരുന്ന കാലം. ഒടുവില്‍ അതിന്റെ പരിസമാപ്‌തിയിലെന്ന നിലയില്‍ ഇരുവരും നാട്ടിലേക്ക്‌ വണ്ടി കയറി. തുടര്‍ന്ന്‌ കേരളത്തില്‍ എത്തിയതിനു ശേഷമാണ്‌ അവര്‍ക്ക്‌ കുഞ്ഞു പിറന്നത്‌. പിന്നീട്‌ നാട്ടില്‍ വരുന്ന സമയത്തൊക്കെ തൊടുപുഴ വിസിറ്റ്‌ എന്നത്‌ എന്റെയൊരു ശീലമായിരുന്നു. തിരക്കുകളിലേക്കുള്ള യാത്രയില്‍ തൊടുപുഴയും സിബിയും മിസ്സ്‌ ചെയ്‌തു എന്നതാണ്‌ സത്യം.

ഞങ്ങള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ സിബിയും അടുത്തിരുന്നു. ഞങ്ങള്‍ക്കു മികച്ച ഭക്ഷണം തരാന്‍ ജോലിക്കാര്‍ മത്സരിക്കുന്നത്‌ ഞങ്ങളെല്ലാവരും തിരിച്ചറിഞ്ഞു. നല്ല രുചിയുള്ള ഭക്ഷണം. സിബി ഇപ്പോള്‍ ബിസിനസ്സുകാരനാണ്‌. ശരിക്കും പറഞ്ഞാല്‍ അബ്‌കാരി. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന റസ്റ്ററന്റും തൊട്ടടുത്തുള്ള ബാറും സിബിയുടെ സ്വന്തം. ഒടുവില്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഓര്‍മ്മകള്‍ കനത്തു നിന്നു.

ഞങ്ങള്‍ മൂന്നാര്‍ ടൗണിനോടു ചേര്‍ന്നുള്ള പള്ളിവാസലിലേക്കാണ്‌ യാത്ര തുടര്‍ന്നത്‌. കേരള സംസ്ഥാന ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ മൂന്നാറിലുള്ള ഹെഡ്‌ വര്‍ക്ക്‌സ്‌ ഡാം ഇവിടെയാണ്‌. മൂന്നാറില്‍ നിന്നും കേരളത്തിന്റെ ആദ്യത്തെ ജലവൈദ്യുത നിലയമായ പള്ളിവാസലിലേയ്‌ക്ക്‌ വെള്ളം എത്തിക്കുന്ന സംവിധാനങ്ങളില്‍ ഒന്നാണിത്‌. മാട്ടുപ്പെട്ടി ഡാമില്‍നിന്നുള്ള വെള്ളവും പള്ളിവാസലില്‍ എത്തുന്നു. ഇതിന്റെ ഉദ്‌ഘാടനം തിരുവിതാംകൂറിന്റെ അവസാന ദിവാനായ സര്‍ സി പി രാമസ്വാമി അയ്യര്‍ ആണ്‌ നിര്‍വ്വഹിച്ചതെന്നു സന്തോഷ്‌ പറഞ്ഞു. ഇതിനു മുകളിലൂടെ ചെറിയ വാഹനങ്ങള്‍ക്ക്‌ കടന്നുപോകാവുന്ന ഒരു റോഡ്‌ ഉണ്ട്‌. ബൈസണ്‍ വാലി റോഡ്‌ എന്ന ഈ വഴിയിലെ ചില കാഴ്‌ചകള്‍ കാണേണ്ടതാണെന്നു സന്തോഷ്‌ പറഞ്ഞു. നീലക്കുറിഞ്ഞികള്‍ പൂക്കുന്ന സമയത്ത്‌ ഇവിടൊക്കെയും നീല നിറത്തില്‍ കുറിഞ്ഞി പൂത്തു പുഷ്‌പിക്കാറുണ്ടത്രേ.

അടിമാലിയില്‍ നിന്നും മൂന്നാറില്‍ എത്തുന്നതിനു പ്രധാനമായും രണ്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌. ഒന്ന്‌ ദേശീയപാത 49 വഴി, അടിമാലിയില്‍ നിന്നും കല്ലാര്‍ വഴി മൂന്നാറില്‍ എത്താം. ഈ പാത പ്രധാനമായും ജനവാസം കുറഞ്ഞ മേഖലയിലൂടെ കടന്നുപോവുന്നതാണ്‌. രണ്ടാമത്തേത്‌ തോക്കുപാറ, ആനച്ചാല്‍, ചിത്തിരപുരം വഴിയാണ്‌. ഇതു ജനസാന്ദ്രമായ പ്രദേശത്തുകൂടി കടന്നു വരുന്നു. മഴക്കാലത്ത്‌ എപ്പോഴും അനുയോജ്യം രണ്ടാമതു പറഞ്ഞ വഴിയാണെന്നു സന്തോഷ്‌ പറഞ്ഞു. മൂന്നാര്‍ ടൗണ്‍ എത്തുന്നതിനു എകദേശം രണ്ടു കിലോമീറ്റര്‍ മുന്‍പാണ്‌ രാമസ്വാമി അയ്യര്‍ ഹെഢ്‌ വര്‍ക്ക്‌സ്‌. ഹെഢ്‌ വര്‍ക്ക്‌സിന്റെ ഷട്ടറുകളില്‍ നിന്നും വെള്ളം ഒഴുകുന്നുണ്ട്‌. ഹെഢ്‌ വര്‍ക്‌സിനോടുചേര്‍ന്ന്‌ ചെറിയ ഒരു ഉദ്യാനവും കെഎസ്‌ഇബിയ്‌ക്കുണ്ട്‌. ഞങ്ങള്‍ അവിടെ ചേര്‍ന്നു നിന്ന്‌ ചിത്രങ്ങളെടുത്തു.

(തുടരും)
മൂന്നാറിലെ സൗഹൃദത്തണലില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 38: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക