Image

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കും

Published on 07 December, 2011
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കും
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ദുരന്തമുണ്ടായാല്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും മറ്റും വിശദമാക്കി ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് മുഖ്യമന്ത്രി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോടതിയില്‍ കേസ് പരിഗണിക്കുന്ന ഈ മാസം പതിനഞ്ചിന് മുന്‍പ് സത്യവാങ്മൂലം നല്‍കും. നിലവില്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള പ്രസ്താവന മാത്രമാണ് കോടതിയില്‍ നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യവാങ്മൂലത്തിന് രൂപം നല്‍കാനായി നാല് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. വൈദ്യുതി, ദുരന്തനിവാരണ വകുപ്പ്, ജലവിഭവ വകുപ്പ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഉദ്യോഗസ്ഥരുമായും എജിയുമായി ചര്‍ച്ച ചെയ്ത ശേഷമാകും വിശദമായ സത്യവാങ്മൂലം നല്‍കുക.

വിഷയത്തില്‍ ഡല്‍ഹിയിലേക്ക് സര്‍വകക്ഷിസംഘത്തെ അയയ്ക്കുന്നതിനും തീരുമാനിച്ചു. തേക്കടിയില്‍ ദുരന്തനിവാരണ ഫ്‌ളഡ് ഫീല്‍ഡ് മാപ്പിംഗ് യൂണിറ്റ് ആരംഭിക്കും. പ്രാദേശിക ജനങ്ങള്‍ക്ക് ദുരന്തനിവാരണത്തില്‍ പ്രത്യേക പരിശീലനം നടത്താന്‍ കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ കീഴില്‍ സംവിധാനമൊരുക്കും. ഡിജിറ്റല്‍ എലിവേഷന്‍ മോഡലിംഗ് ലാന്‍ഡ് സാറ്റ് ഇമേജിംഗ് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക