Image

പണം വാങ്ങിയവരുടെ പേര് വെളിപ്പെടുത്തണം: പ്രേമചന്ദ്രന്‍

Published on 07 December, 2011
പണം വാങ്ങിയവരുടെ പേര് വെളിപ്പെടുത്തണം: പ്രേമചന്ദ്രന്‍
വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പണം വാങ്ങിയ കേരളത്തിലെ നേതാക്കളുടെ പേര് തമിഴ്‌നാട് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് മുന്‍ ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉപവാസ സമരം നടത്തുന്ന പന്തലില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ നേതാക്കള്‍ തമിഴ്‌നാട് സര്‍ക്കാരില്‍നിന്ന് പണവും ഭൂമിയും വാങ്ങിക്കൂട്ടിയെന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോപണം യഥാര്‍ത്ഥ പ്രശ്‌നത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിന് നല്‍കുന്ന വെള്ളത്തില്‍ ഒരു തുള്ളിപോലും കുറവ് വരുത്തില്ലെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്ന കാര്യം തമിഴ്‌നാട് തത്വത്തില്‍ അംഗീകരിച്ചാല്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് മാറ്റുകാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം. ഇരുസംസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പോരെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ മധ്യസ്ഥനാക്കാം. ഇതും പോരെങ്കില്‍ കോടതിയുടെ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നെല്ലാം കേരളം പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ഏകപക്ഷീയമായ നിഷേധാത്മക നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചുവരുന്നത്. കേരളത്തിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമീപനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കാനുള്ള ഏതു നീക്കത്തെയും കേരളം ചെറുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക