Image

ലോറ പിണങ്ങിപ്പോയതിന്റെ കാരണം (കഥ:സാം നിലമ്പള്ളില്‍)

Published on 01 October, 2014
ലോറ പിണങ്ങിപ്പോയതിന്റെ കാരണം (കഥ:സാം നിലമ്പള്ളില്‍)
`ഇന്ന്‌ ഏതുകഥയാണ്‌ നിങ്ങള്‍ക്ക്‌ കേള്‍ക്കേണ്ടത്‌, സിണ്ടര്‍ലായുടെ കഥവേണോ അതോ സ്ലീപ്പിങ്ങ്‌ ബ്യൂട്ടിയടേത്‌ മതിയോ?' എന്റെചോദ്യം കേട്ടില്ല എന്നമട്ടില്‍ ഇരിക്കുകയായിരുന്നു മൈക്കളും ലില്ലിയും. ഈ രണ്ട്‌ കഥകളും അനേകവട്ടം കേട്ടിട്ടുള്ളതിനാല്‍ ആയിരിക്കും അവര്‍ക്ക്‌ താല്‍പര്യമില്ലാത്തതെന്ന്‌ എനിക്ക്‌ മനസിലായി. ഇനിയിപ്പോള്‍ ഏതുകഥയാണ്‌ പറയേണ്ടത്‌? ഡിക്കന്‍സിന്റെ `ഒളിവര്‍ ടിസ്റ്റ്‌' ആയാലോ?

`നിങ്ങള്‍ രണ്ടുപേരും മിണ്ടാതിരുന്നാല്‍ ഞാനെന്താ ചെയ്യുക? ഏതെങ്കിലും ഒന്ന്‌ സജസ്റ്റുചെയ്യ്‌.' എന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തിയെങ്കിലും മൈക്കളും ലില്ലിയും പ്രതികരണശേഷി നഷ്‌ടപ്പെട്ടവരെപ്പോലെ കാര്‍പെറ്റില്‍ കിടക്കുകയായിരുന്നു. അവന്‍ ഒരുകണ്ണ്‌ പകുതിതുറന്ന്‌ എന്നെ നോക്കുകമാത്രം ചെയ്‌തു. ലില്ലി പരിപൂര്‍ണ്ണമായും ബഹിഷ്‌കരണനയമാണ്‌ സ്വീകരിച്ചത്‌; ഞാന്‍ പറയുന്ന കഥകളിലൊന്നും യാതൊരു താല്‍പര്യവും ഇല്ലാത്തതുപോലെ. അവള്‍ എഴുന്നേറ്റുപോയി മൂത്രമൊഴിച്ചിട്ട്‌ തിരികെവന്ന്‌ എന്റെ മടിയില്‍കയറി ഇരിപ്പായി.

`ഇങ്ങനെ ഇരുന്നാല്‍ ശരിയാകത്തില്ലല്ലോ. നിങ്ങള്‍ക്ക്‌ കഥപറഞ്ഞ്‌ തന്നതിന്‌ശേഷം വേണം എനിക്ക്‌ ഉറങ്ങാന്‍. രാവിലെ എനിക്ക്‌ ജോലിക്ക്‌ പോകേണ്ടതാണെന്ന്‌ അറിയില്ലേ? ഞാന്‍ ജോലി ചെയ്‌തെങ്കിലല്ലേ നിങ്ങള്‍ക്ക്‌ ആഹാരത്തിനുള്ള വകയുണ്ടാക്കാന്‍ സാധിക്കൂ?' ഇങ്ങനെയൊക്കെ പറഞ്ഞുനോക്കിയെങ്കിലും മൈക്കളിനും ലില്ലിക്കും യാതൊരു ഭാവഭേദവും ഇല്ലായിരുന്നു.

എന്നും വൈകിട്ട്‌ ജോലികഴിഞ്ഞുവരുമ്പോള്‍ അവര്‍ രണ്ടുപേരും എന്നെ എതിരേല്‍കാന്‍ വാതില്‍കല്‍ റെഡിയായി നില്‍പുണ്ടായിരിക്കും. അവന്‍ വാലാട്ടി സ്‌നേഹപ്രകടനം നടത്തുകയും അവള്‍ എന്റെ പാദങ്ങളില്‍ ഉമ്മവെയ്‌ക്കുകയും ചെയ്യും. അതിലൊന്നും താല്‍പര്യമില്ലെങ്കിലും രണ്ടുപേരുംകൂടി വീട്‌ അലങ്കോലപ്പെടുത്തിയിട്ടുണ്ടോ എന്നായിരിക്കും എന്റെ ആദ്യത്തെനോട്ടം. പിന്നീടാണ്‌ അവരുടെ ഭക്ഷണകാര്യത്തിലേക്ക്‌ ശ്രദ്ധതിരിയുന്നത്‌. ഗുഡ്ഡ്‌. കൊടുത്തിട്ടുപോയ ഭക്ഷണം രണ്ടുപേരും കഴിച്ചിരിക്കുന്നു. പെട്ടന്ന്‌ വസ്‌ത്രങ്ങള്‍മാറി വാക്കിങ്ങ്‌ഷൂസും ധരിച്ച്‌ രണ്ടുപേരേയും അപ്പിയിടീക്കാന്‍വെണ്ടി വെളിയില്‍ കൊണ്ടുപോകും. അങ്ങനെ നടക്കാന്‍പോയ ഒരുദിവസമാണ്‌ ലോറയെ കണ്ടുമുട്ടിയത്‌. ഞാന്‍ `ഹലോ' പറഞ്ഞപ്പോള്‍ അവള്‍ `ഹായ്‌' പറഞ്ഞു.

`ക്യൂട്ട്‌ ഡോഗ്‌, എന്താണ്‌ ഇവന്റെ പേര്‌?'
`മൈക്കള്‍.'
`ഗുഡ്ഡ്‌ നെയിം.'

ലില്ലിയെപ്പറ്റി അവളൊന്നും ചോദിച്ചില്ല. പൂച്ചയെ അവള്‍ക്ക്‌ ഇഷ്‌ടമില്ലെന്ന്‌ തുടര്‍ന്നുള്ള സംഭാഷണത്തില്‍നിന്നും മനസിലായി. ലോറ എന്നോടൊപ്പം താമസം തുടങ്ങിയതും ആറുമാസംകഴിഞ്ഞ്‌ പിണങ്ങിപ്പോയതും പിന്നീടാണ്‌. അവള്‍ പോയതില്‍ എനിക്ക്‌ പ്രത്യേകിച്ച്‌ വിഷമമൊന്നും അനുഭവപ്പെട്ടില്ല; ഒരു ഭാരം ഒഴിഞ്ഞതുപോലെയാണ്‌ തോന്നിയത്‌. ഞങ്ങള്‍ മൂന്നുപേരുടേയും ജീവിതം വീണ്ടും പഴയതുപോലെ ആയിത്തീര്‍ന്നു. പക്ഷേ, മൈക്കള്‍ എന്തിനാണ്‌ വിഷദരോഗം പിടിപെട്ടവനെപ്പോലെ കാണപ്പെട്ടതെന്ന്‌ ഞാന്‍ അത്ഭുതപ്പെട്ടു.

എല്ലാദിവസവും നടപ്പുംകഴിഞ്ഞുവന്നാണ്‌ ഡിന്നര്‍. മക്‌ഡൊണാള്‍ഡ്‌സില്‍നിന്ന്‌ വാങ്ങിക്കൊണ്ടുവന്ന ചിക്കന്‍ നഗറ്റ്‌സ്‌ തിന്നുതിനിടയില്‍ രണ്ടുമൂന്ന്‌ കഷണങ്ങള്‍ അവര്‍ക്കും കൊടുക്കും. ശാപ്പാടിനുശേഷം ലില്ലിയും ഞാനും കൗച്ചിലും മൈക്കള്‍ തറയിലെ കാര്‍പെറ്റിലും സ്ഥലംപിടിക്കും.

`നിങ്ങള്‍ക്കിന്ന്‌ ടീവി കാണണോ അതോ കഥകേള്‍ക്കണോ?' ഞാന്‍ പതിവായി ചോദിക്കുന്ന ചോദ്യമാണ്‌. ടീവി കാണേണ്ടപ്പോള്‍ മൈക്കള്‍ അതിലേക്ക്‌ തിരിഞ്ഞുനോക്കി റെഡിയായിട്ട്‌ കിടക്കും; അതാണ്‌ അവന്റെ സൂചന. ലില്ലിക്ക്‌ പ്രത്യേകിച്ച്‌ ഇഷ്‌ടങ്ങളൊന്നും ഇല്ലന്നുതന്നെ പറയാം. എന്നെ മുട്ടിയുരുമ്മാനും ഉമ്മവെയ്‌ക്കാനും മറ്റുമാണ്‌ അവള്‍ക്ക്‌ താല്‍പര്യം. ലോറ പിണങ്ങിപ്പോയതിന്റെ കാരണവും അതായിരുന്നു. സ്വന്തം കാമുകനെ മറ്റൊരുവള്‍ ചുംബിക്കുന്നത്‌ കണ്ടുകൊണ്ടിരിക്കാന്‍ ആത്മാഭിമാനമുള്ള ഏതുപെണ്ണാണ്‌ ഇഷ്‌ടപ്പെടുക? വെറും ആറുമാസമേ അവള്‍ എന്റെകൂടെ താമസിച്ചുള്ളു.

`എനിക്ക്‌ മതിയായി.' സ്യൂട്ട്‌കെയ്‌സ്‌ പായ്‌ക്കുചെയ്യുമ്പോള്‍ അവള്‍ പറഞ്ഞു. `പട്ടിയുടേം പൂച്ചയുടേംകൂടെ ജീവിക്കാന്‍ എനിക്കുവയ്യ. ഞാന്‍ പോകുന്നു. ഇവറ്റകളെ, പ്രത്യകിച്ചും ലില്ലിയെ, എവിടെങ്കിലും കൊണ്ടുപോയി കളയുകയാണെങ്കില്‍ ഞാന്‍ തിരികെവരാം. ബൈ...ബൈ'. ലോറയെ ഞാന്‍ പ്രേമിച്ചിരുന്നില്ല എന്നസത്യം അവള്‍ പോയതിനുശേഷമാണ്‌ മനസിലായത്‌. പിന്നെ എന്തിനാണ്‌ ഞങ്ങള്‍ ഒന്നിച്ച്‌ താമസിച്ചതെന്ന്‌ ചോദിച്ചാല്‍ മറുപടിയില്ല. പരചയപ്പെട്ടപ്പോള്‍ എനിക്ക്‌ ഗേള്‍ഫ്രണ്ട്‌ ഉണ്ടോയെന്ന്‌ അവള്‍ ചോദിച്ചു. ഇല്ലെന്നഞ്ഞപ്പോള്‍ അവളും ഒറ്റക്കാണെന്ന്‌ പറഞ്ഞു.

`ഞാന്‍ ഒരു താമസസ്ഥലംനോക്കി നടക്കുകയായിരുന്നു.'

`വിരോധമില്ലെങ്കില്‍, എന്റെകൂടെ താമസിക്കാമല്ലോ; വാടകേടെ പകുതിതന്നാല്‍മതി.'
`പക്ഷേ, പട്ടിയും പൂച്ചയും?'

അവര്‍ ഒരു ശല്ല്യമാകത്തിലെന്ന്‌ ഞാന്‍ ഉറപ്പുകൊടുത്തു. അങ്ങനെ അവള്‍ എന്റെകൂടെ താമസമായി. ഞങ്ങള്‍ രണ്ട്‌ മുറികളിലാണ്‌ ഉറങ്ങിയിരുന്നതെങ്കിലും ഇടിയും മഴയുമുള്ള ഒരുരാത്രിയില്‍ പേടിയാണെന്നുപറഞ്ഞ്‌ അവള്‍ എന്റെകൂടെ വന്നുകിടന്നു. ജീവിതത്തില്‍ ആദ്യമായി ഒരുപെണ്ണിന്റെകൂടെ ശയിച്ചപ്പോള്‍, അവളുടെ ശരീരത്തിന്റെ ഗന്ധം ആസ്വദിച്ചപ്പോള്‍, വികാരങ്ങളുടെ കോളിളക്കംതന്നെ എന്നില്‍ ഉണ്ടായി. എന്റെകരം നീണ്ടുചെന്ന്‌ അവളുടെ സ്‌തനങ്ങളെ സ്‌പര്‍ശ്ശിച്ചു. അവള്‍ എന്നോട്‌ ചേര്‍ന്നുകിടന്ന്‌ എന്റെ ചുണ്ടില്‍ ചുംബിച്ചു. അന്ന്‌ രാത്രിയില്‍ ഞങ്ങള്‍ ഒന്നായിത്തീര്‍ന്നു.

പിന്നീടുള്ള മാസങ്ങളില്‍ അവള്‍ വാടകയുടെ പകുതി തന്നില്ല, ഞാന്‍ ചോദിച്ചതുമില്ല. ചിലവുകള്‍ കൂടിയതുകൊണ്ട്‌ രണ്ടാമതൊരു ജോലികൂടി ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി. മൈക്കളിനേയും ലില്ലിയേം ശ്രദ്ധിക്കാനും കഥകള്‍ പറഞ്ഞുകൊടുക്കാനും സമയം കണ്ടെത്താതെ വിഷമസ്ഥതിയില്‍ ആയിത്തീര്‍ന്നു.

ലോറ അവരെ ശ്രദ്ധിക്കുമെന്നാണ്‌ ഞാന്‍ വിചാരിച്ചത്‌. അവള്‍ ലില്ലിയെ പൂര്‍ണ്ണമായും അവഗണിക്കുന്നുണ്ടെന്ന്‌ പിന്നീടാണ്‌ മനസിലായത്‌. അവള്‍ വളരെ ക്ഷീണിതയായി കാണപ്പെട്ടു. ലില്ലിയെ അവള്‍ ഉപദ്രവിക്കുമായിരുന്നു എന്നസത്യം ഞാന്‍ ഊഹിച്ച്‌ അറിയുകയായിരുന്നു. ലില്ലി മാന്തിയെന്ന്‌ ലോറ പരാതിപ്പെട്ടു; കയ്യിലെ പാട്‌ എന്നെ കാണിക്കുകയും ചെയ്‌തു. ഉപദ്രവിച്ചാലല്ലാതെ അവള്‍ മാന്തത്തില്ലെന്ന്‌ അറിയാമായിരുന്ന ഞാന്‍ സത്യംമനസിലാക്കിയത്‌ അങ്ങനെയാണ്‌. മൈക്കളിനെ അവള്‍ക്ക്‌ ഇഷ്‌ടമായിരുന്നു, അവന്‌ അവളേയും.

`നീ എന്തിനാടാ എന്റെ ഗേള്‍ഫ്രണ്ട്‌ പിണങ്ങിപ്പോയതിന്‌ വിഷമിക്കുന്നത്‌?' എന്റെ ചോദ്യത്തിന്‌ മറുപടി പറയാതെ ഒരു ദീര്‍ഘനിശ്വാസം പുറപ്പെടുവിക്കുകയാണ്‌ അവന്‍ ചെയ്‌തത്‌. അവന്‍ ലോറയെ പ്രേമിച്ചിരുന്നു എന്ന്‌ അപ്പോളാണ്‌ ഞാന്‍ മനസിലാക്കിയത്‌. അവന്‍ എപ്പോഴും ലോറയുടെ പിന്നാലെ നടക്കുന്നതും അവളെ കാണുമ്പോഴൊക്കെ വാലാട്ടുന്നതും പ്രേമത്തിന്റെ ലക്ഷണമായി ഞാന്‍ കണക്കാക്കിയിരുന്നില്ല. പ്രേമം എന്നൊരു വികാരം എന്നിലുണ്ടെങ്കിലല്ലേ അതൊക്കെ മനസിലാക്കാന്‍ സാധിക്കൂ.

ലോറ പോയതിനുശേഷം ലില്ലി വളരെ സന്തോഷവതിയായി കാണപ്പെട്ടു. ഞാന്‍ കഥകള്‍ പറയുമ്പോള്‍ മടിയില്‍ കയറിയിരുന്ന്‌ `കുറുകുറ' ശബ്‌ദവും പുറപ്പെടുവിച്ച്‌ എന്നെ ഉമ്മവെയ്‌ക്കുന്നതിലായിരുന്നു അവള്‍ക്ക്‌ താല്‍പര്യം. മൈക്കളിന്‌ അവളുടെ പെരുമാറ്റം തീരെഇഷ്‌ട്ടപ്പെടുന്നില്ലന്ന്‌ അറിയിക്കാനായി പ്രതിക്ഷേധസൂചനപോലെ മുരളും; ചിലപ്പോള്‍ ഒന്ന്‌ കുരക്കുകയും ചെയ്യും. പക്ഷേ, ലില്ലി അതൊന്നും കാര്യമാക്കാറില്ല. അവളുടെ സ്‌നേഹപ്രകടനത്തില്‍ മയങ്ങി കഥയുടെ മദ്ധ്യത്തില്‍വച്ച്‌ ഞാന്‍ ഉറങ്ങിപ്പോകും. കഥകള്‍ ഒരിക്കലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതുകൊണ്ടായിരിക്കും ഇപ്പോള്‍ കേള്‍ക്കാന്‍ മൈക്കള്‍ താല്‍പര്യം പ്രകടിപ്പിക്കാത്തത്‌.

ലില്ലി എന്റെകൂടെ കട്ടിലില്‍ കിടക്കും. ബ്‌ളാങ്കറ്റിനടിയില്‍ എന്റെ ചൂടുംപിടിച്ച്‌ കിടക്കുന്നത്‌ അവള്‍ക്കിഷ്‌ടമാണ്‌. ലോറ ഉണ്ടായിരുന്നപ്പോഴും രാത്രിയുടെ ഏതെങ്കിലും യാമങ്ങളില്‍ അവള്‍ ശബ്‌ദമുണ്ടാക്കാതെ പതുങ്ങിവന്ന്‌ ഞങ്ങളുടെ രണ്ടുപേരുടേയും മദ്ധ്യത്തില്‍ കയറിക്കിടക്കുമായിരുന്നു. ഉറക്കത്തിനിടയില്‍ ഞാനാണെന്ന്‌ വിചാരിച്ച്‌ അവളുടെ പതുപതുത്ത ശരീരത്തില്‍കൂടി കയ്യോടിച്ച്‌ സംഗതി പിടികിട്ടുമ്പോള്‍'അയ്യോ പൂച്ച' എന്നലറിക്കൊണ്ട്‌ ലോറ അവളെ വാലിനുപിടിച്ച്‌ വലിച്ചെറിയും. വലിയൊരു കരച്ചിലോടെ അവള്‍ തറയില്‍ചെന്നുവീഴുന്ന ശബ്‌ദംകേട്ട്‌ ഉണരുന്ന ഞാന്‍ കാര്യംതിരക്കുമ്പോള്‍ അവള്‍ പറയും `പൂച്ചവന്ന്‌ കൂടെക്കിടക്കുന്നു.'

`അതവിടെ കിടന്നോട്ടെ. നീയെന്തിനാ അതിനെ ഉപദ്രവിച്ചത്‌? പാവം അവള്‍ക്ക്‌ വേദനിച്ചുകാണും.'

`പട്ടിയുടേം പൂച്ചയുടേംകൂടെ ജീവിക്കാന്‍ ഞാനില്ല. ഇങ്ങനെയാണെങ്കില്‍ ഞാന്‍ പോയേക്കാം. ഞാനൊരു മൃഗസ്‌നേഹിയൊന്നുമല്ല.' അങ്ങനെയാണ്‌ അവള്‍ പോയത്‌.

ഞങ്ങള്‍ മൂന്നുപേരും ഇപ്പോള്‍ സ്വസ്ഥരാണ്‌. രാത്രിയില്‍ കഥ പറഞ്ഞുകൊടുത്തും ടീവി കണ്ടും ഞങ്ങള്‍ സമയം പോക്കുന്നു. ലില്ലി എന്നും രാത്രിയില്‍ എന്നോടൊപ്പമാണ്‌ കിടക്കുന്നത്‌. അവളെ പുണര്‍ന്നുകൊണ്ടുള്ള ഉറക്കം എനിക്ക്‌ സുഹകരമാണ്‌. മൈക്കള്‍ കാര്‍പെറ്റില്‍ കിടക്കും . ലോറയെ സ്വപ്‌നംകണ്ട്‌ അവനിപ്പോഴും ഉറക്കത്തില്‍ മോങ്ങാറുണ്ട്‌.

സാം നിലമ്പള്ളില്‍
sam3nilam@yahoo.com
ലോറ പിണങ്ങിപ്പോയതിന്റെ കാരണം (കഥ:സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക