Image

ചരിത്രത്തിന്റെ നെറുകയില്‍ മൂന്നാര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 37-ജോര്‍ജ്‌ തുമ്പയില്‍)

Published on 29 September, 2014
ചരിത്രത്തിന്റെ നെറുകയില്‍ മൂന്നാര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 37-ജോര്‍ജ്‌ തുമ്പയില്‍)
വാഹനം ഓടിക്കൊണ്ടിരുന്നു. മൂന്നാറില്‍ തന്നെ ടാറ്റാ ടീയുടെ എക്‌സിബിഷന്‍ സെന്ററാണ്‌ ഞങ്ങളുടെ ലക്ഷ്യം. മൂന്ന്‌ നദികളുടെ സംഗമസ്ഥാനമായതു കൊണ്ടാണ്‌ മൂന്നാറിന്‌ അങ്ങനെ പേരു വന്നത്‌. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നിവയാണ്‌ ഈ മൂന്നു നദികളെന്നു സന്തോഷ്‌ പറഞ്ഞു. കുട്ടികള്‍ നല്ല ഉത്സാഹത്തിലായിരുന്നു. അവര്‍ ഉച്ചത്തില്‍ പാട്ടുകള്‍ പാടുകയും ചിരികളികളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. കുരുവിളയുടെ മുഖം മങ്കി ക്യാപ്പിനുള്ളിലാണ്‌. സന്തോഷ്‌ ഞങ്ങള്‍ക്ക്‌ കാര്യങ്ങള്‍ എല്ലാം പറഞ്ഞു തന്നു സദാ വാചാലനായി. മറ്റുള്ളവര്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ പറയുകയും ഒപ്പം കാഴ്‌ചകളുടെ ശീവേലി ആസ്വദിക്കുകയും ചെയതു. മൂന്നു പുഴകളെ ഒന്നിപ്പിക്കുന്ന സ്ഥലത്തെ വലിയ പാലം കടന്ന്‌ ഞങ്ങള്‍ അല്‍പ്പം കൂടി മൂന്നോട്ടു പോയി. മൂന്ന്‌ പുഴകളുടെ സംഗമഭൂമിയായതാണ്‌ മൂന്നാറിന്റെ സൗന്ദര്യമായി മാറിയതെങ്കിലും ഒരിക്കല്‍ ഇത്‌ ഒരു ശാപമായി മാറി. 1924-ലായിരുന്നു ഇത്‌. ദിവസങ്ങളോളം പെയ്‌ത മഴ എല്ലാം തകിടം മറിച്ചു. മൂന്നാറില്‍ പ്രളയം പൊതിഞ്ഞു. തുടരെ തുടരെ ഉരുള്‍പ്പൊട്ടലുണ്ടായി. അന്നുണ്ടായ കനത്ത വെള്ളപ്പൊക്കമുണ്ടായി മൂന്നാറിലെ എല്ലാ വികസനവും വെള്ളത്തിനടിയിലായി. അതിനു മുന്‍പും അതിനു ശേഷവും ഇതു പോലൊരു വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്നാണ്‌ പഴമക്കാര്‍ ഇപ്പോഴും പറയുന്നതെന്നു സന്തോഷ്‌ പറഞ്ഞു.

അക്കാലത്ത്‌ മൂന്നാറില്‍ മാത്രമുണ്ടായിരുന്ന മോണോറെയില്‍ 1908ല്‍ തീവണ്ടി പാതയായി മാറി. മാട്ടുപെട്ടിയിലും പാലാറിലും റെയില്‍വേ സ്‌റ്റേഷനുകളുമുണ്ടായിരുന്നു. എന്നാല്‍, 1924ലെ വെള്ളപ്പൊക്കത്തില്‍ തീവണ്ടിപാത തകര്‍ന്നു. മൂന്നാര്‍ ടൗണും അന്നത്തെ കനത്ത പ്രളയത്തില്‍ തകര്‍ന്നു. തീവണ്ടിപാതയുടെ തകര്‍ച്ചയെ തുടര്‍ന്ന്‌ റോപ്‌വേയെ ആശ്രയിച്ചാണ്‌ തേയില ടോപ്‌സ്‌റ്റേഷനില്‍ എത്തിച്ചത്‌. പിന്നീടാണ്‌ പാതകള്‍ വികസിപ്പിച്ചതും തേയില നീക്കം റോഡ്‌ മാര്‍ഗമാക്കിയതും. 1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായി കേരളത്തില്‍ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ്‌ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവര്‍ഷം 1099ലാണ്‌ ഇതുണ്ടായത്‌ എന്നതിനാലാണ്‌ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരില്‍ ഇതറിയപ്പെടുന്നത്‌. ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്‌. ഞങ്ങളുടെ കുട്ടിക്കാലത്ത്‌ മഴ പെയ്യുമ്പോഴൊക്കെ വീട്ടില്‍ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കിയിരുന്നത്‌ ഞാനോര്‍ത്തു. വീട്ടിലെ മുതിര്‍ന്നവരുടെ കുട്ടിക്കാലത്ത്‌ അവരത്‌ കണ്ടിട്ടുണ്ടായിരുന്നു. 1099 കര്‍ക്കിടകമാസം ഒന്നിന്‌ തുടങ്ങി മൂന്നാഴ്‌ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്‌ന്ന ഭാഗങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കന്‍ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പില്‍ നിന്ന്‌ 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല. അന്നത്തെ പത്രവാര്‍ത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക്‌ തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തില്‍ വെള്ളം കയറി തീവണ്ടികള്‍ ഓട്ടം നിര്‍ത്തി. തപാല്‍ സംവിധാനങ്ങള്‍ നിലച്ചു. അല്‍പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം അഭയാര്‍ഥികളെക്കൊണ്ട്‌ നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939ലും 1961ലും രണ്ടു കനത്ത വെള്ളപ്പൊക്കങ്ങള്‍ കൂടി കേരളത്തിലുണ്ടായിട്ടുണ്ട്‌. എന്നാല്‍ പിന്നീട്‌ കേരളത്തില്‍ അത്ര വലിയ പ്രളയമുണ്ടായില്ല.

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തില്‍ സമുദ്രനിരപ്പിനടുത്തുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതില്‍ ആര്‍ക്കും അത്ഭുതമില്ലായിരുന്നു. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 5000 മുതല്‍ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വെള്ളപ്പോക്കമുണ്ടായതാണ്‌ എല്ലാവരെയും അമ്പരപ്പിച്ചത്‌. ഏഷ്യയിലെ സ്വിറ്റ്‌സര്‍ലാന്‍റ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട സ്ഥലമായിരുന്നു അക്കാലത്തെ മൂന്നാര്‍. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളത്തില്‍ വൈദ്യുതിയും റോപ്പ്‌ വേയും മോണോറെയില്‍ തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളില്‍ 1924 ജൂലൈ മാസത്തില്‍ മാത്രം രേഖപ്പെടുത്തിയ പേമാരിയുടെ അളവ്‌ 171.2 ഇഞ്ചായിരുന്നു. ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ ചേരുന്ന സ്ഥലത്ത്‌ തനിയെ ഒരു ബണ്ട്‌ ഉണ്ടായി (ഇന്നവിടെ ഒരണക്കെട്ടുണ്ട്‌). തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവും പകലും പെയ്‌ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട്‌ തകര്‍ന്നതോടെ ഒരു അണക്കെട്ട്‌ പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാര്‍ പട്ടണം തകര്‍ത്ത്‌ തരിപ്പണമാക്കി. റോഡുകളെല്ലാം നശിപ്പിച്ചു. റെയില്‍വേ സ്‌റ്റേഷനും റെയില്‍പാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു.

അതേസമയം ഇപ്പോഴത്തെ ഹെഡ്‌വര്‍ക്ക്‌ ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്തും മലയിടിഞ്ഞു ഒരു 'അണക്കെട്ട്‌' ഉണ്ടായി. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കര്‍ പരന്നു കിടന്നിരുന്ന സ്ഥലം ഒരു വന്‍ തടാകമായി മാറി. മഴതുടങ്ങിയതിന്റെ ആറാം ദിവസം ഈ അണക്കെട്ട്‌ പൊട്ടി. ഈ മലവെള്ളപ്പാച്ചില്‍ അവസാനിപ്പിച്ചത്‌ പള്ളിവാസലില്‍ 200 ഏക്കര്‍ സ്ഥലം ഒറ്റയടിക്ക്‌ കുത്തിയൊലിപ്പിച്ചു കൊണ്ടായിരുന്നു. പള്ളിവാസലിന്റെ രൂപം തന്നെ മാറിപ്പോയി. 150 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടു. പള്ളിവാസലില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകള്‍ മണ്ണിനടിയിലായി.

പൂര്‍ണ്ണമായും തകര്‍ന്ന മൂന്നാറിനെ വീണ്ടും ഒരുയര്‍ത്തെഴുനേല്‍പ്പിനു സഹായിച്ചത്‌ ബ്രിട്ടീഷുകാര്‍ തന്നെ. വീണ്ടും തേയില നട്ടു, റോഡുകള്‍ നന്നാക്കി, മൂന്നാര്‍ പഴയ മൂന്നാറായി. എന്നാല്‍ ആ വെള്ളപ്പൊക്കത്തില്‍ മൂന്നാറിനു സംഭവിച്ച ഒരു വലിയ നഷ്ടമാണ്‌ പിന്നീടൊരിക്കലും അവിടേയ്‌ക്ക്‌ തീവണ്ടി ഓടിക്കയറിയിട്ടില്ല എന്നത്‌. മൂന്നാറില്‍ തീവണ്ടി ഉണ്ടായിരുന്നു എന്നതു തന്നെ ഇന്ന്‌ ഒരു അത്ഭുതവാര്‍ത്തയാണ്‌. (മദ്ധ്യകേരളത്തെയാണ്‌ പ്രളയം ഏറ്റവും മാരകമായി ബാധിച്ചത്‌. ആലപ്പുഴ മുഴുവനായും ഏറണാകുളത്തിന്റെ നാലില്‍ മൂന്ന്‌ ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങിയെന്നാണ്‌ രേഖകള്‍ പറയുന്നത്‌. മദ്ധ്യ തിരുവിതാംകൂറില്‍ 20 അടിവരെ വെള്ളം പൊങ്ങി. മഴപെയ്‌തുണ്ടായ മലവെള്ളവും കടല്‍ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു. മലബാറിലും പ്രളയം കനത്തതോതില്‍ ബാധിച്ചു. കര്‍ക്കിടകം പതിനേഴ്‌ കഴിഞ്ഞപ്പോഴേക്കും തെക്കേ മലബാര്‍ വെള്ളത്തിനടിയിലായി. കോഴിക്കോട്‌ പട്ടണം മുക്കാലും മുങ്ങി. രണ്ടു ലക്ഷത്തോളം വീടുകള്‍ നിലം പതിച്ചു. പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃതശരീരങ്ങള്‍ ഒഴുകിനടക്കുകയായിരുന്നുവേ്രത. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും വരെ സാരമായി മാറി. ഭാരതപ്പുഴയുടെ തീരങ്ങളിലെ ഇല്ലങ്ങളില്‍ ആചാരപ്രകാരം സൂക്ഷിച്ചിരുന്ന അഗ്‌നി ഈ വെള്ളപ്പൊക്കത്തില്‍ നശിച്ചുവെന്ന്‌ ദേവകി നിലയങ്ങോട്‌ അനുസ്‌മരിക്കുന്നുണ്ട്‌.)

ഞങ്ങളുടെ വണ്ടി എക്‌സിബിഷന്‍ സെന്ററിനു മുന്നില്‍ നിന്നു. ഇവിടെ തേയില ഉണ്ടാക്കുന്നതിനെക്കുറിച്ചും മൂന്നാറിന്റെ പഴയകാലത്തെക്കുറിച്ചുമുള്ള ചരിത്രരേഖകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മൂന്നാറിലെ തീവണ്ടിയെക്കുറിച്ചും റോപ്പ്‌ വേയെക്കുറിച്ചും പഴയമൂന്നാറിനെക്കുറിച്ചുള്ള ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ടിക്കറ്റ്‌ എടുത്തതിനു ശേഷം ഞങ്ങള്‍ എക്‌സിബിഷന്‍ സെന്ററിലേക്ക്‌ കയറി. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്ററി ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. അതു കാണാനായി എല്ലാവരും കണ്ണു കൂര്‍പ്പിച്ചിരുന്നു. എന്റെ മനസ്സില്‍ നിന്ന്‌ അപ്പോഴും തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം മാഞ്ഞിരുന്നില്ല.

(തുടരും)
ചരിത്രത്തിന്റെ നെറുകയില്‍ മൂന്നാര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 37-ജോര്‍ജ്‌ തുമ്പയില്‍)ചരിത്രത്തിന്റെ നെറുകയില്‍ മൂന്നാര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 37-ജോര്‍ജ്‌ തുമ്പയില്‍)ചരിത്രത്തിന്റെ നെറുകയില്‍ മൂന്നാര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 37-ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക