Image

ലുട്ടന്റെ ഡല്‍ഹിയിലെ അന്യായ കുടിയേറ്റക്കാര്‍(ഡല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 26 September, 2014
ലുട്ടന്റെ ഡല്‍ഹിയിലെ അന്യായ കുടിയേറ്റക്കാര്‍(ഡല്‍ഹി കത്ത് : പി.വി.തോമസ്)
സര്‍ എഡ്വേഡ് ലുട്ടന്‍ എന്ന ന്യൂഡല്‍ഹിയുടെ രാജശില്പി പണിയിച്ച ധവള രമ്യഹര്‍മ്മങ്ങള്‍ ആരുടെയും സ്വപ്നം ആണ്. ഈ സ്വപ്ന സദനങ്ങള്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. നീണ്ടുരുണ്ട തൂണുകളും കമനീയമായ മുഖമണ്ഡപങ്ങളും വിശാലമായി ഹാളുകളും കിടപ്പറകളും അതിമനോഹരമായ പുല്‍മൈതാനങ്ങളും ഉള്ള ഈ മന്ദിരങ്ങള്‍ മന്ത്രിമാര്‍ക്കും, എം.പി.മാര്‍ക്കും, സുപ്രീം കോടതി ജഡ്ജിമാര്‍ക്കും ഉയര്‍ന്ന കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ക്കും മറ്റ് ഭരണഘടന സ്ഥാപന മേധാവികള്‍ക്കും നേവി-വായു-കരസേന അധിപന്മാര്‍ക്കും വസിക്കുവാനുള്ളവയാണ്. ഇതുകൊണ്ടൊന്നും അല്ല ലുട്ടന്റെ പ്രശ്‌സ്തമായ ഈ സൗധങ്ങള്‍ വാര്‍ത്തയില്‍ കാലാകാലങ്ങളായി നിറഞ്ഞു നില്‍ക്കാറുള്ളത്. ഇതിലെ അന്തേവാസികള്‍ കലാവധി കഴിഞ്ഞാലും ഇവ ഒഴിഞ്ഞു കൊടുക്കാറില്ല എന്ന കാരണത്താലാണ് ഇവ സാധാരണയായി വാര്‍ത്താപ്രാധാന്യം നേടുന്നത്.
പിന്നെ കേസായി കൂട്ടമായി ബലാല്‍ക്കാര ഒഴിപ്പിക്കലായി കാര്യങ്ങള്‍ അങ്ങനെ നീളുന്നു. മറ്റുകാരണങ്ങളാലും ഈ മണിമന്ദിരങ്ങള്‍ വാര്‍ത്തയില്‍ ഇടം പിടിക്കാറുണ്ടെങ്കിലും ഇവിടെ ഫോക്കസ് അതല്ല, മറ്റ് കാരണങ്ങളാല്‍ എന്നു പറഞ്ഞാല്‍, ഉദാഹരണമായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിതിന്റെ വസതി. തെരഞ്ഞെടുപ്പില്‍ തോറ്റ്മുഖ്യമന്ത്രിസ്ഥാനവും എം.എല്‍.എ. സ്ഥാനവും നഷ്ടപ്പെട്ട് പ്രധാനമന്ത്രിസ്ഥാനം വെടിഞ്ഞ മന്‍മോഹന്‍ സിംങ്ങിനായി ദീക്ഷിതിന്റെ വസതി വിട്ടുകൊടുത്തപ്പോള്‍ കൊട്ടാര തുല്യമായ ആ വീട്ടില്‍ മുപ്പതിലേറെ ശീതളീകരണ ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവന്നെത് വാര്‍ത്തയായിരുന്നു. അതുപോലെ തന്നെ മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാല്‍ പ്രസിഡന്റിന്റെ എസ്റ്റേറ്റിലുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ നാല്പതോളം എരുമകളെ വളര്‍ത്തിയിരുന്നതും വാര്‍ത്തയായിരുന്നു. മുന്‍ കേരള മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ആയിരുന്ന കെ. കരുണാകരന്‍ വൈദ്യ ഉപദേശപ്രകാരം ഒരു നീന്തല്‍ കുളം അദ്ദേഹത്തിന്റെ വസതിയില്‍ പ്രത്യേകമായി നിര്‍മ്മിപ്പിച്ചതും വാര്‍ത്തയില്‍ വന്നതാണ്. അങ്ങനെ കോടികളുടെ കണക്കുകള്‍ ഏറെയുണ്ട്. പക്ഷേ, ഇവിടെ വിഷയം അന്യായ കുടിയേറ്റക്കാരാണ്. നിയമ നിര്‍മ്മാതാക്കളായ നിയമഭജ്ഞകര്‍! ഇവരെ പലപ്പോഴും കൈകാര്യം ചെയ്യുന്നത് അര്‍ബ്ബന്‍ ഡവലപ്പ്‌മെന്റ് മന്ത്രാലയവും സുപ്രീംകോടതിയുമാണ്.

സ്‌ക്വാറ്റേഴ്‌സ് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ അന്യായ കുടിയേറ്റക്കാരുടെ കഥ ഏറ്റവും ഒടുവില്‍ വാര്‍ത്തയായത് മുന്‍ പ്രധാനമന്ത്രിയായ ചൗധരി ചരണ്‍ സിംങ്ങിന്റെ മകന്‍ അജിത് സിംങ്ങിന്റെ വീടൊഴിപ്പിക്കല്‍ കഥയോടെയാണ്. ഇത് വലിയൊരു രാഷ്ട്രീയ വിഷയവുമായി മാറ്റിയെടുത്തിരിക്കുകയാണ് അജിത് സിംങ്ങും അദ്ദേഹത്തിന്റെ ജാട്ട് പാര്‍ട്ടിയും. ഐ.എന്‍.എല്‍.ഡി. കാരണം ഹരിയാനയില്‍ ഒക്‌ടോബര്‍ 15-ന് നിയമസഭ തെരഞ്ഞെടുപ്പാണ്. അജിത് സിംങ്ങിന്റെ പാര്‍ട്ടി ജാട്ട് വര്‍ഗ്ഗക്കാരുടെ പാര്‍ട്ടിയാണ്. അവര്‍ ഹരിയാന രാഷ്ട്രീയത്തിലെ ഒരു നിര്‍ണ്ണായകശക്തിയാണ്. അജിത് സിംങ്ങിന്റെ പ്രശ്‌നം ആരംഭിക്കുന്നത് 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുന്നതോടെയാണ്. എം.പി. സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹത്തിന് ലുട്ടന്റെ ബംഗ്ലാവിന് അര്‍ഹതയില്ല. ഒഴിഞ്ഞു കൊടുക്കണം. ഈ വിവരം കാണിച്ച് പുതിയ സര്‍ക്കാര്‍ അജിത് സിംങ്ങ് ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 300 ലോക്‌സഭാ അംഗങ്ങള്‍ക്ക് കത്തയച്ചു. ജൂണ്‍ 27നുള്ളില്‍ ബംഗ്ലാവ് ഒഴിയണമെന്നതായിരുന്നു ഉത്തരവ്. അതായത് പുതിയ ഗവണ്‍മെന്റ് സ്ഥാനം ഏറ്റെടുത്ത് ഒരു മാസം കഴിഞ്ഞ്.
പലരും ഒഴുയുവാന്‍ വിമുഖത കാണിച്ചു. വിമുഖത കാണിച്ചവരുടെ കേസുകള്‍ ചട്ടപ്രകാരം പബ്ലിക്ക് പ്രമീസസ് ആക്ട്(എവിക്ഷന്‍ ആന്റ് അണ്‍ ഓതറയിസ്ഡ് ഒക്യൂവെന്റ്‌സ്) പ്രകാരം പ്രത്യേക അധികാരകള്‍ക്ക് വിട്ടു. ഇതിനിടയില്‍ ജൂലൈയില്‍ അജിത് സിംങ്ങ് വകുപ്പ് മന്ത്രി വെങ്കയ്യ നായ്ഡുവിനെ കണ്ടു.(നായ്ഡുവും സിംങ്ങിനെപ്പോലെ ഒരു കാലത്ത് അന്യായ കുടിയേറ്റക്കാരനായിട്ടുണ്ട്). ഏതായാലും ആ കണ്ടുമുട്ടലുകൊണ്ട് ഫലമൊന്നും ഉണ്ടായില്ല. അജിത് സിംങ്ങിനെതിരെ ഓഗസ്തില്‍ വീണ്ടും കുടിയൊഴിപ്പിക്കല്‍ നോട്ടീസ് അയച്ചു. സിംങ്ങ് കുടി ഒഴിഞ്ഞില്ല. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ സിംങ്ങിന്റെ വീട്ടിലേക്കുള്ള ജല-വൈദ്യുതി വിതരണം വിഛേദിച്ചു. ഇപ്പോള്‍ സിംങ്ങ് അന്യായ കുടിയേറ്റക്കാരന്‍ എന്ന നിലയില്‍ മഹത്തായ 80 ദിവസങ്ങള്‍ തികച്ചിരുന്നു. സിംങ്ങ് ഈ വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുവാന്‍ തീരുമാനിച്ചു. ഇതില്‍ ആദ്യത്തേത് ഒരു വൈകാരിക വിഷയം ആയിരുന്നു. അദ്ദേഹത്തിന്റെ വസതിയായ 12 തുഗ്ലക്ക് റോഡ് അദ്ദേഹത്തിന്റെ അച്ഛന്റെയും വസതിയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ആ ഭവനവുമായി ഒരു വൈകാരികബന്ധം ഉണ്ട്.
ഒരു മുന്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന വീട് ആയതിനാല്‍ അത് ഒരു ദേശീയ സ്മാരം ആയി പ്രഖ്യാപിക്കണം. ഇതിനെ പിന്തുണച്ചുകൊണ്ട് മറ്റൊരു ജാട്ട് നേതാവും ഹരിയാനയിലെ കോണ്‍ഗ്രസ് മുഖ്യനുമായ ഭൂപീന്ദന്‍സിംങ്ങ് ഹുഡ് നായിഡുവിന് ഒരു കത്തയച്ചു. ഇതിനിടെ ജനതാദള്‍(യു)പിന്റെയും ഭാരതീയ കിസാന്‍ യുണിയന്‌റെയും പിന്തുണയും സിംങ്ങിന് ലഭിച്ചു. ചൗധരി ചരണ്‍ സിംങ്ങ് ഒരു കര്‍ഷകനേതാവാണെന്നും അദ്ദേഹത്തിന് തലസ്ഥാന നഗരിയില്‍ ഒരു സ്മാരകം വേണമെന്നും അത് അദ്ദേഹത്തിന്റെ മുന്‍വസതിയില്‍തന്നെ വേണമെന്നും അവര്‍ വാദിച്ചു.
 സിംങ്ങിനെ കുടിയിറക്കുവാനുള്ള നീക്കം രാഷ്ട്രീയവരം ആണെന്നും അദ്ദേഹവും അദ്ദേഹത്തിന്റെ പക്ഷക്കാരും ആരോപിച്ചു. ഇത് നരേന്ദ്രമോഡി ഗവണ്‍മെന്റിന്റെ ബി.ജെ.പി. വിരുദ്ധരെ ഒതുക്കുവാനുള്ള രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും സിംങ്ങ് പ്രഖ്യാപിച്ചു. പക്ഷേ ഗവണ്‍മെന്റിനും ഉണ്ടായിരുന്നു ന്യായങ്ങള്‍ നിരത്തി വയ്ക്കുവാന്‍. വെങ്കയ്യ നായ്ഡു ചോദിച്ചു ഇത് ഒരു സ്മാരക മന്ദിരം ആക്കണമെന്നതാണ് ഉദ്ദേശമെങ്കില്‍ എന്തുകൊണ്ട് യു.പി.എ. ഭരണകാലത്ത് സിംങ്ങ് ഇതിന് ശ്രമിച്ചില്ല. അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗവും ആയിരുന്നു. മറ്റൊന്ന്, 2000- ല്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചതാണ് ഈ നിയമം മൂലം ഇനിമുതല്‍ ഒരു ഗവണ്‍മെന്റ് ബംഗ്ലാവ് പോലും സ്മൃതിമന്ദിരങ്ങള്‍ ആക്കി മാറ്റുകയില്ല എന്നത്. അപ്പോള്‍ ഇതിന് യാതൊരുവിധ രാഷ്ട്രീയ വിവേചനയുടെയും പ്രശ്‌നം ഇല്ല. പക്ഷേ, അജിത് സിംങ്ങും അനുയായികളും ഇതൊന്നും  ചെവിക്കൊണ്ടില്ല. അവര്‍ക്ക് ലുട്ടന്റെ ഒരു ബംഗ്ലാവ് വേണം.

അംജിത് സിംങ്ങ് ഒറ്റപ്പെട്ട ഒരു സംഭവം അല്ല. ഈ നിയമ നിര്‍മ്മാതാക്കള്‍ ഒന്നും തന്നെ തങ്ങളുടെ ഔദ്യോഗിക വസതിയായ ലുട്ടന്റെ ബംഗ്ലാവുകള്‍ ഒഴിഞ്ഞുകൊടുക്കാറില്ല കാലവധി കഴിഞ്ഞാലും. ഇവരുടെ പേരുകള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ എല്ലാവരും തന്നെയുണ്ട്. അതിന് കോണ്‍ഗ്രസോ, ബി.ജെ.പി.യോ അല്ലെങ്കില്‍ മറ്റ് പ്രാദേശിക- ദേശീയ പാര്‍ട്ടിയോ എന്ന വ്യത്യാസമില്ല. ഒരു വ്യത്യാസം ഇടതുപക്ഷ എം.പി.മാര്‍ മാത്രം ആയിരിക്കും. 2014- ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒഴിപ്പിക്കാന്‍ നോട്ടീസ് കിട്ടിയവരില്‍ കപില്‍ സിബലും, ശ്രീകാന്ത് ജേനയും, കൃഷ്ണ തിരത്തും, ഫറൂക്ക് അബ്ദുള്ളയും, ബേനി പ്രസാദ് വര്‍മ്മയും ഉള്‍പ്പെടുന്നു. കാരണം ഇവര്‍ സ്വമേധയാ ലുട്ടന്റെ ബംഗ്ലാവുകള്‍ ഒഴിഞ്ഞു കൊടുക്കുന്നില്ല. 16 മുന്‍ യു.പി.എ. മന്ത്രിമാരാണ് ഔദ്യോഗിക വസതിയായ ലുട്ടന്റെ ബംഗ്ലാവില്‍ കടിച്ചു തൂങ്ങിയത് കാലാവധി കഴിഞ്ഞിട്ടും. അതിനു മുമ്പ് 55 മുന്‍മന്ത്രിമാരോടാണ് സ്ഥലം കാലിയാക്കുവാന്‍ നിര്‍ദ്ദേശം നല്‍കേണ്ടി വന്നത്. സല്‍മാന്‍ കുര്‍ഷിദ്, സുശീല്‍ കുമാര്‍ ഷിന്‍ന്റെ, അജയ്മാക്കന്‍ എന്നിവരെല്ലാം ഇതില്‍പെടും. കുര്‍ഷീദ് നിയമ മന്ത്രിയും ഷിന്റെ  ഗൃഹമന്ത്രിയും ആയിരുന്നെന്ന് ഓര്‍മ്മിക്കണം. ഈ വിരുതന്മാരുടെ ലിസ്റ്റ് അവസാനിക്കുന്നില്ല. ലാലുപ്രസാദ് യാദവ്, ആദിമുത്തു രാജ(2-ജി സ്‌പെക്ട്രം ഫെയിം) മുകുള്‍ റോയ്, എസ്.എം. കൃഷ്ണാ, പവന്‍ കുമാര്‍ ബന്‍സല്‍ തുടങ്ങിയ മഹാന്മാരും ഈ അനധികൃത വാസികളില്‍ ഉള്‍പ്പെടുന്നു. സുപ്രീം കോടതി ഒരു വിധിന്യായ പ്രകാരം ഒരു മാസത്തിനുള്ളില്‍ വസതികള്‍ കാലിയാക്കിക്കൊള്ളണമെന്ന് ഈ വര്‍ഗ്ഗത്തിന് താക്കീത് നല്‍കിയിട്ടുള്ളതാണ്. പക്ഷേ, അത് ചെവിക്കൊള്ളുവാന്‍ ഈ നിയമ നിര്‍മ്മാണകര്‍ തയ്യാറായിട്ടില്ല എന്നത് തികച്ചും സങ്കടകരം ആണ്. ഈ വിധി വന്നത് 2013- ല്‍ ആണ്. ഈ സ്‌ക്വാറ്റേഴ്‌സിന്റെ പേരുകള്‍ ഇവിടെ അവസാനിക്കുന്നില്ല. ദയാനിധി മാരന്‍, മുരസോളിമാരന്‍, മുകുല്‍ വാസനിക്ക്, അഗതാ സാങ്ക്മ, സി.പി.ജോഷി, ഹരീഷ് റാവത്ത്… ഇവരെല്ലം ലൂട്ടന്റെ ബംഗ്ലാവുകളിലെ അനധികൃത കുടിയേറ്റക്കാര്‍ ആയിരുന്നു. കന്നുകാലികുംഭകോണത്തെ തുടര്‍ന്ന് ലോക്‌സഭ അംഗത്വം നഷ്ടപ്പെട്ട ലാലുപ്രസാദ് യാദവിന്റെ വാദം അദ്ദേഹം ഒരു പ്രമേഹ-ഹൃദയ രോഗിയാണ്. മകളുടെ താമസം മകന്റെ പഠനം ഇക്കാരണങ്ങളാല്‍ ബംഗ്ലാവ് വിട്ടുകൊടുക്കുവാന്‍ സാധിക്കുകയില്ലെന്നതായിരുന്നു!
കാലാവധി കഴിഞ്ഞാല്‍ ഉടന്‍ തന്നെ വീട് ഒഴിഞ്ഞ് കൊടുക്കുന്ന ലുട്ടന്റെ ബംഗ്ലാവിന്റെ അന്തേവാസികളും ഉണ്ട് ചുരുക്കമായെങ്കിലും. അവരില്‍ രാഷ്ട്രീയക്കാരേക്കാള്‍ കൂടുതല്‍ ഉദ്യോഗസ്ഥന്മാര്‍ ആണ് അധികം. ഉദാഹരണമായി മുന്‍ ചീഫ് ജസ്റ്റീസ് ഓഫ് ഇന്‍ഡ്യ ജെ.എസ്.വര്‍മ്മ. അദ്ദേഹം രാജകീയമായ ലൂട്ടന്റെ ബംഗ്ലാവ് വിട്ട് ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിയാബാദിലെ സ്വന്തം ഫ്‌ളാറ്റിലേക്കാണ്  മാറിയത്.
അങ്ങനെയും ചിലരൊക്കെയുണ്ട്.
എന്തിനാണ് ഈ ജനസേവകര്‍ ഈ കൊട്ടാരതുല്യ മണിമന്ദിരങ്ങളെ കെട്ടിപ്പിടിച്ച് കഴിയുന്നത് കാലാവധി കഴിഞ്ഞാലും, ഒരു മണി മന്ദിരം സ്ഥിതിചെയ്യുന്നത് ന്യൂഡല്‍ഹിയുടെ ഹൃദയഭാഗത്ത്, അതായത് ലുട്ടന്റെ ഡല്‍ഹിയില്‍ രണ്ടുമുതല്‍ നാലേക്കര്‍വരെയുള്ള ഭൂപ്രദേശത്താണ് ഇപ്പോഴത്തെ കസോള റെയിറ്റില്‍ പത്തുലക്ഷം രൂപ വരെ വാടക കിട്ടാവുന്ന ഈ വസതി ഇവര്‍ക്ക് ലഭിക്കുന്നത് പരമാവധി മൂവായിരത്തി അഞ്ഞൂറ് രൂപയ്ക്കാണ്. എല്ലാ അറ്റകുറ്റപ്പണിയും കേന്ദ്രപൊതുമരാമത്ത് വകുപ്പ് നടത്തിക്കൊള്ളും സൗജന്യമായി.
സാധാരണഗതിയില്‍ ഈ വസതി നഷ്ടമായാല്‍ മന്ത്രിമാരും എം.പി.മാരും അതെങ്ങനെയെങ്കിലും നിലനിര്‍ത്തുവാന്‍ ശ്രമിക്കുന്നതിന്റെ ഗുട്ടന്‍സ്, ഇതാണ്. നിലനിര്‍ത്തുവാനായി ഇവര്‍ ശ്രമിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ചിലപ്പോള്‍ കോടതികേസുകള്‍. ചിലപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട എം.പി.മാരുടെ പേരില്‍ അതിഥിയായി തൂങ്ങിക്കിടക്കുക. മറ്റു ചിലപ്പോള്‍ ട്രസ്റ്റ്, പാര്‍ട്ടി ഓഫീസുകള്‍, സ്മരണാലയങ്ങള്‍ എന്നിവയുടെ ബോര്‍ഡ് തൂക്കുക. അല്ലെങ്കില്‍ സ്വാധീനം ചെലുത്തുക. എങ്ങനെയും ലുട്ടന്റെ ബംഗ്ലാവ് നിലനിര്ത്തുക എന്നതാണ് ഇവറ്റയുടെ ലക്ഷ്യം. ഭൂട്ടാസിംങ്ങ് കാലാവധി തീര്‍ന്നപ്പോള്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന പിന്നോക്ക വിഭാഗത്തിന്റെ ഒരു ട്രസ്റ്റ് തുറന്ന് അതിന്റെ ഒരു കൂറ്റന്‍ ബോര്‍ഡ് വസതിക്ക് മുമ്പില്‍ തൂക്കുകയാണ് ചെയ്തത്.
ഒട്ടുമിക്കപേരും പറയുന്ന കാരണം ജീവഭയം ആണ്. സുരക്ഷ. പുറത്തിറങ്ങിയാല്‍ ശത്രുക്കള്‍/ഭീകരര്‍ വെടിവയ്ക്കുമെന്നാണ് ഈ ഇവരുടെ ഭാഷണി. ഇവരാണ് ജനപ്രതിനിധികള്‍ എന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നില്ലേ? ധനികരായ ചിലരൊക്കെ കമ്പോള നിരക്കില്‍ വാടകയും എടുക്കാറുണ്ട്. ഇവര്‍ അത്രക്ക് അലിഞ്ഞു ചേര്‍ന്നിരിക്കുന്നു ലൂട്ടന്റെ ബംഗ്ലാവിന്റെ മാസ്മരികതയും ആയി.

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകന് നീരജ് ശേഖര്‍ 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്  കുടുംബ നിയോജക മണ്ഡലമായ ബാലിയയില്‍ തോറ്റതിനുശേഷം സൗത്ത് അവന്യൂവിലെ മൂന്നാം നമ്പര്‍ വീട്ടില്‍ ഒരു അനധികൃത കുടിയേറ്റക്കാരനായി മാറി. ഇതിനെ മറികടക്കുവാനായി അദ്ദേഹം അര്‍ബ്ബന്‍ ഡെവലപ്പ്‌മെന്റ് മന്ത്രാലയത്തിന് ഒരു കത്ത് കൊടുത്തു. പ്രസ്തുത ഭവനം ചന്ദ്രശേഖരിന്റെ പേരില്‍ ഒരു ട്രസ്റ്റിന്റെ ആസ്ഥാനം ആക്കണമെന്ന്. പക്ഷേ, അത് മന്ത്രാലയം തള്ളി. പിന്നീട് ആ ആവശ്യവുമായി നീരജ് ശേഖര്‍ മന്ത്രാലയത്തെ സമീപിച്ചിട്ടില്ല. അദ്ദേഹം ലുട്ടന്റെ ബംഗ്ലാവ് കാലിയാക്കി സ്ഥലം വിട്ടു. സുരക്ഷയുടെ പേരില്‍ ലുട്ടന്റെ ബംഗ്ലാവില്‍ പിടിമുറുക്കുവാന് ശ്രമിച്ച കേന്ദ്രമന്ത്രിമാരില്‍ ഭൂട്ടാസിംങ്ങും ഫറൂക്ക് അബ്ദുള്ളയും ഉള്‍പ്പെടുന്നു.

ഏകദേശം 40 ലുട്ടന്റെ മണിമന്ദിരങ്ങള്‍ വിവിധ ട്രസ്റ്റുകള്‍ക്കും മെമ്മോറിയല്‍കള്‍ക്കുമായി കൈമാറിയിട്ടുണ്ട്. ഇതിന്റെ വാടകയാകട്ടെ 1,500 രൂപ മുതല്‍ 3,500 രൂപ വരെ മാത്രം. ഡല്‍ഹിയിലെ ഒട്ടേറെ രാജകീയ മന്ദിരങ്ങള്‍ സ്മാരകങ്ങളായി മാറിയിട്ടുണ്ട്.
ഇതില്‍ ഒരു പക്ഷേ ആദ്യം മനസില്‍ വരുന്നത് ബിര്‍ളാ ഹൗസാണ്. അവിടെ വച്ചാണ് മഹാത്മാഗാന്ധിയെ നാഥുറാം ഗോഡ്‌സെ വെടിവെച്ചു കൊന്നതും അദ്ദേഹം അവസാന നാളുകള്‍ ചിലവഴിച്ചതും. അത് ബിര്‍ളയുടെ സ്വകാര്യസ്വത്തായിരുന്നെങ്കിലും പിന്നീട് ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ അത് ഗവണ്‍മെന്റ് വിലക്കു വാങ്ങി ഒരു സ്മാരകം ആക്കി. ലുട്ടന്റെ പ്രൗഢഗംഭീരമായ ഒരു മണിമന്ദിരം ആണ് തീന്‍മൂര്‍ത്തി ഭവന്‍. രാഷ്ട്രപതി ഭവനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന(അന്നത്തെ വൈസ്രോയിയുടെ ഔദ്യോഗിക വസതി) അവിടെയാണ് ഇന്‍ഡ്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു താമസിച്ചിരുന്നതും ഇന്ദിരഗാന്ധിയും മക്കളായ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും വളര്‍ന്നതും. ഇത് ബ്രീട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് സേനയുടെ മേധാവിയുടെ ഔദ്യോഗിക വസതി ആയിരുന്നു. ഇത് ഇന്ന് നെഹ്‌റു മെമ്മോറിയല്‍ ആണ്.
ഇതുകൂടാതെ ഒട്ടേറെ വസതികള്‍ ഡല്‍ഹിയില്‍ സ്മാരകങ്ങള്‍ ആയി മാറിയിട്ടുണ്ട്. ഇന്ദിരഗാന്ധിയുടെ ഔദ്യോഗിക വസതിയായിരുന്ന നമ്പര്‍ വണ്‍ സമ്ദാര്‍ജങ് റോഡ്. ഇവിടെ വച്ചാണ് ഇന്ദിരാഗാന്ധിയെ സിക്ക് ഭീകരര്‍ വെടിവെച്ച് കൊന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി വസിച്ചിരുന്ന ഒന്നാം നമ്പര്‍ മോട്ടിലാല്‍  പ്ലെയ്‌സ്, കാന്‍ഷിറാമിനായി ഗുരുദ്വാര റക്കാബ് ഗഞ്ജിലെ സ്മാരകം, ബാബു ജഗ്ജീവന്‍ റാമിനായി കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ സ്മാരകം എല്ലാം ഇതില്‍പ്പെടുന്നു. ഇത് കൂടാതെ ചെങ്കോട്ടയുടെ സമീപം യമുനയുടെ തീരത്ത് സമാധികളുടെ ഒരു  നിരതന്നെയുണ്ട്.
മഹാത്മജിയുടെ സമാധിരാജ് ഘട്ട്- ഇതില്‍ ഏറ്റവും പ്രധാനവും സമുചിതവും ആണ്. നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും ഒപ്പം തന്നെ. ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഒരു പോലെയുണ്ട്. ചൗധരി ചരണ്‍സിംങ്ങും കെ.ആര്‍.നാരായണനും ഇവിടെ നിദ്രകൊള്ളുന്നു. ചില മുന്‍ പ്രധാനമന്ത്രിമാര്‍ ഇവിടെ അവുരെട അഭാവം കൊണ്ട് പ്രസക്തരാകുന്നു. വിഷയം രാഷ്ട്രീയം തന്നെ.

ലുട്ടന്റെ ഡല്‍ഹി ബംഗ്ലാവുകള്‍ വളരെ വിശിഷ്ട വ്യക്തികളുടെ ഒരു ലഹരിയും അന്തസ്സിന്റെ ചിഹ്നവും ആണ്. ഒരേ കുടുംബത്തില്‍ നിന്നു തന്നെ പലരും അവ കൈക്കലാക്കുന്നു. പ്രണാബ് മുഖര്‍ജിക്കും മകനും രണ്ട് ലുട്ടന്റെ ബംഗ്ലാവുകള്‍ ഉണ്ടായിരുന്നു. പ്രണാബ് മുഖര്‍ജി പ്രസിഡന്റ് ആയപ്പോള്‍ അദ്ദേഹം രാഷ്ട്രപതി ഭവനിലേക്ക് താമസം മാറ്റുകയും അദ്ദേഹത്തിന്റെ വസതി മകന് കൈമാറുകയും ചെയ്തു. സോണിയഗാന്ധിക്കും(നമ്പര്‍ 10 ജനപഥ്) രാഹുല്‍ഗാന്ധിക്കും പ്രത്യേകം പ്രത്യേകം വസതികള് ഉണ്ട്. ഇത് കൂടാതെ പ്രിയങ്കഗാന്ധിക്കും ഒരു ലുട്ടന്റെ ബംഗ്ലാവ് അനുവദിച്ചിട്ടുണ്ട്(38 ലോഡി എസ്റ്റേറ്റ്). സാധാരണ ഗതിയില്‍ മന്ത്രിയോ, എം.പി.യോ. അല്ലാത്ത ഒരു വ്യക്തി ഇതിന് അര്‍ഹരല്ല. പക്ഷേ, പ്രിയങ്കക്ക് ഇത് അനുവദിച്ചിരിക്കുന്നത് സുര്കഷയുടെ പേരില്‍ ആണ്. 1997 മുതല്‍ ഈ വസതി അവര്‍ 21,000 രൂപ പ്രതിമാസ വാടകക്ക് കൈവശം വച്ചിരിക്കുന്നു. കമ്പോള നിരക്ക് ഒരു പക്ഷേ പത്ത് ലക്ഷം രൂപ ആയിരിക്കാം.

 ജനപ്രതിനിധികള്‍ക്ക് സര്‍ക്കാര്‍ വസതി നല്‍കി തുടങ്ങിയത് കോണ്‍സിറ്റിയൂവന്റ് അസംബ്ലിയുടെ കാലത്താണ്(1948). അസംബ്ലിയിലെ അംഗങ്ങള്‍ക്ക് മീറ്റിംങ്ങുകളില്‍ പങ്കെടുക്കണം. അതിന് 35 രൂപയായിരുന്നു താമസത്തിനുള്ള ബത്ത. എന്നിട്ടും താമസം ഒരു പ്രശ്‌നമായപ്പോള്‍(അന്ന് ഡല്‍ഹിയില്‍ അധികം താമസ സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല) വസതികള്‍ നല്‍കി. ആ പതിവാണ് ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നത്. ഇന്ന് താമസം മാത്രമല്ല ഒട്ടേറെ സൗജന്യങ്ങള്‍ ഉണ്ട് ജനപ്രതിനിധികള്‍ക്ക്.
ശമ്പളവും ബത്തയും വസതിയും ആനുകൂല്യങ്ങളും സൗജന്യങ്ങളും പെന്‍ഷനും ലക്ഷങ്ങള്‍ക്ക് മുകളില്‍ പോകും. എന്നിട്ടും സഭയില്‍ ഹാജരാകുന്നവര്‍ ചുരുക്കം. പഠിച്ച് ഹാജരാകുന്നവര്‍ വിരളം. മിക്കവരുടെയും കണ്ണ് ജനാധിപത്യപ്രക്രിയയെ പരിപോഷിപ്പിക്കുന്നതിലല്ല. ക്യാഷ് ഫോര്‍ വോട്ടും, ക്യാഷ് ഫോര്‍ ക്വസ്റ്റിനും(Cash for Vote), (Cash for Quest) എല്ലാം കുപ്രസിദ്ധമാണ്. പോരാതെ ഈ അന്യായ കുടിയേറ്റവും!
ലുട്ടന്റെ ഡല്‍ഹിയിലെ അന്യായ കുടിയേറ്റക്കാര്‍(ഡല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക