Image

യൂത്ത് കോണ്‍ഗ്രസ് സമരം ന്യായമല്ലെന്ന് തങ്കച്ചന്‍

Published on 06 December, 2011
യൂത്ത് കോണ്‍ഗ്രസ് സമരം ന്യായമല്ലെന്ന് തങ്കച്ചന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ സമരത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച് തേക്കടിയിലെ ഷട്ടര്‍ പ്രതീകാത്മകമായി പിടിച്ചെടുത്ത യൂത്ത് കോണ്‍ഗ്രസിന്റെ സമരം ന്യായമല്ലെന്ന് കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കണ്‍വീനറുമായ പി.പി തങ്കച്ചന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളരെ വൈകാരികമായ പ്രശ്‌നമാണിത്. ഒരു ചെറിയ വിഷയം മതി ആളിക്കത്താന്‍. സമാധാനപരമായി ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ എട്ടിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉപവാസം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നടത്തുന്ന ഉപവാസ സമരത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആളുകളെ അണിനിരത്തുമെന്ന് തങ്കച്ചന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രാര്‍ഥനായജ്ഞത്തെക്കുറിച്ച് മുന്നണിയില്‍ ചര്‍ച്ചചെയ്യും. മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് മന്ത്രിമാര്‍ സമരം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ജിയുടെ കാര്യത്തില്‍ കാബിനറ്റ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക