Image

മൂന്നാറിന്റെ ഹൃദയത്തില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 36: ജോര്‍ജ്‌ തുമ്പയില്‍)

Published on 20 September, 2014
മൂന്നാറിന്റെ ഹൃദയത്തില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 36: ജോര്‍ജ്‌ തുമ്പയില്‍)
തണുപ്പ്‌ ആസ്വദിക്കാന്‍ തുടങ്ങിയതോടെ, യാത്ര സുഖകരമായി. ദേവികുളത്തിന്റെ സൗന്ദര്യം നുകര്‍ന്ന ഞങ്ങള്‍ ഇപ്പോള്‍ മൂന്നാറിലാണ്‌ നില്‍ക്കുന്നത്‌. കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്‌തമായ ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷില്‍ നില്‍ക്കുമ്പോള്‍ എല്ലാവരും ആഹ്ലാദത്തിലായിരുന്നു. പ്രത്യേകിച്ച്‌ സന്തോഷിന്റെയും സുനിയുടെയും കുട്ടികളായ ജിതിനും ജെനിയും. കുരുവിള ഒരു മങ്കി ക്യാപ്‌ വിലപേശി വാങ്ങുന്നത്‌ കണ്ടു. തണുപ്പ്‌ അന്തരീക്ഷത്തില്‍ ഘനീഭവിച്ചു നില്‍ക്കുന്നു. നേരിയ വിശപ്പ്‌ അനുഭവപ്പെടുന്നുണ്ട്‌. അതു കൊണ്ട്‌ എന്തെങ്കിലും കഴിച്ചിട്ടാവും യാത്ര എന്നു തീരുമാനിച്ചു. മൂന്നാറില്‍ സഞ്ചാരികളുടെ നല്ല തിരക്കുണ്ട്‌. സന്തോഷിന്‌ പരിചയമുള്ള ഒരു റസ്റ്ററന്റിലേക്ക്‌ ഞങ്ങള്‍ കയറി. നല്ല വൃത്തിയുള്ള റസ്റ്ററന്റ്‌. അരികത്ത്‌ വിദേശികളായ രണ്ടു പേര്‍. അവര്‍ ലോണ്‍ലി പ്ലാനറ്റിന്റെ ഗൈഡുമായി മൂന്നാറിനെക്കുറിച്ച്‌ പഠിക്കുകയാണ്‌. ഇവര്‍ മൂന്നാറിന്റെ മുക്കും മൂലയും കണ്ടിട്ടേ മടങ്ങുവെന്ന്‌ സന്തോഷ്‌ പറഞ്ഞു. മലയാളികള്‍ കാണുന്നതിനേക്കാളും, മൂന്നാറിനെ അറിയുന്നതും അനുഭവിക്കുന്നതും ഇവരാണെന്നായിരുന്നു സന്തോഷിന്റെ അഭിപ്രായം. ശരിയാണ്‌, കാരണം, എന്തു കാര്യവും പെര്‍ഫെക്ടായി ചെയ്യുന്നതിലാണ്‌ വിദേശിയുടെ കൗതുകവും നിര്‍ബന്ധവും.

ഭക്ഷണത്തിനു വേണ്ടി ഞങ്ങള്‍ ഏറെ നേരം ചെലവഴിച്ചില്ല. വളരെ പെട്ടെന്നു തന്നെ റസ്റ്ററന്റില്‍ നിന്നു പുറത്തിറങ്ങി. യാത്രകളില്‍ പ്രകൃതി ഭംഗിയോടൊപ്പം ഓരോ സ്ഥലത്തിന്റെയും ചരിത്രവും കണ്ടും കേട്ടുമാണ്‌ ഞങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്‌. പ്രാദേശികമായ വിവരങ്ങള്‍ തരുന്നതില്‍ സന്തോഷ്‌ ഒരു ഗൈഡിനെക്കാളും മുന്നില്‍ നില്‍ക്കുന്നതായി തോന്നി. സൂര്യനെല്ലി എസ്റ്റേറ്റിലെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഹെഡ്‌ എന്ന നിലയില്‍ മൂന്നാറും പരിസരങ്ങളും സന്തോഷിനു കാണാപാഠമാണ്‌. ഞങ്ങള്‍ ഭക്ഷണം കഴിച്ച റസ്റ്ററന്റിനു മുന്നില്‍ ഒരു മല തല ഉയര്‍ത്തി നില്‍ക്കുന്നതു കണ്ടു. അതിനു മുകളില്‍ കാഴ്‌ചയ്‌ക്ക്‌ സുന്ദരമായ ഒരു പള്ളി. അതിനെക്കുറിച്ച്‌ സന്തോഷിനോട്‌ കുരുവിള അന്വേഷിക്കുന്നത്‌ കേട്ടു. 1910 ല്‍ പണി കഴിച്ചതാണ്‌ ഈ പള്ളി.. പള്ളിയുടെ ചുവരുകളില്‍ വെച്ചിരിക്കുന്ന മെറ്റല്‍ പ്ലേറ്റുകളില്‍ വെള്ളക്കാരായ സായിപ്പന്മാരുടെ പേരുകള്‍ കൊത്തി വെച്ചിട്ടുണ്ടത്രേ. അതിനെക്കുറിച്ച്‌ വികാരനിര്‍ഭരമായ ഒരു കഥയുണ്ട്‌. കഥയല്ല, മൂന്നാറിലെ ഓരോ മഞ്ഞിന്‍ തരികളും കേട്ടറിയുന്ന യാഥാര്‍ത്ഥ്യം. മിസ്റ്റര്‍ ഹെന്‍റി മാന്‍സ്‌ ഫീല്‍ഡ്‌ റൈറ്റ്‌ ആയിരുന്നു കണ്ണന്‍ ദേവന്‍ ഫാക്ടറിയിലെ ആദ്യത്തെ ജനറല്‍ മാനേജര്‍. അദ്ദേഹത്തിന്റെ ഭാര്യ എലനിനെ മൂന്നാറിന്റെ സൗന്ദര്യം വല്ലാതെ ആകര്‍ഷിച്ചു. ഇരുവരും തമ്മില്‍ അഗാധമായ പ്രണയമായിരുന്നത്രേ. എലനും ഹെന്‍റിയും മൂന്നാറിന്റെ സൗന്ദര്യഭൂമിയിലെ യുവമിഥുനങ്ങളെ പോലെ പാറിപ്പറന്നു നടന്നു. ആയിടയ്‌ക്ക്‌ വളരെ യാദൃശ്ചികമായി തന്റെ അന്ത്യം മൂന്നാറില്‍ വെച്ചാണെങ്കില്‍ അവിടെത്തന്നെ അടക്കം ചെയ്യണമെന്നു എലന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മൂന്നാറിലെങ്ങും കോളറ പൊട്ടിപ്പുറപ്പെട്ട സമയമായിരുന്നു അത്‌. ഗാര്‍ഷ്യ മാര്‍ക്വേസിന്റെ കോളറക്കാലത്തെ പ്രണയം എന്ന വിഖ്യാത നോവല്‍ പോലെ തന്നെ ഹെന്‍റിയും എലനും പ്രണയത്തില്‍ മുങ്ങിനിവരവേ അപ്രതീക്ഷിതമായി അതു സംഭവിച്ചു. എലനു കോളറ ബാധിച്ചു. അവിടെ ആശുപത്രി സൗകര്യങ്ങളൊന്നുമില്ലായിരുന്നു. അറിയാമായിരുന്ന പച്ചിലമരുന്നുകളൊക്കെ കൊടുത്തു നോക്കിയെങ്കിലും രക്ഷപ്പെട്ടില്ല, മൂന്നു ദിവസങ്ങള്‍ക്ക്‌ ശേഷം അവര്‍ മരണപ്പെട്ടു. എലന്റെ അന്ത്യാഭിലാഷപ്രകാരം മൂന്നാറില്‍ത്തന്നെ അവരെ അടക്കം ചെയ്‌തു. പിന്നീട്‌ പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഇന്ന്‌ കാണുന്ന ഇടവക ചര്‍ച്ച്‌ സ്ഥാപിക്കപ്പെട്ടത്‌. നിരവധി യൂറോപ്യന്‍സ്‌ അടക്കം ഇടവക വിഭാഗത്തില്‍പ്പെട്ട ഒരുപാടാളുകള്‍ ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നുണ്ട്‌.

ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ്‌ മൂന്നാറെന്ന്‌ സന്തോഷ്‌ പറഞ്ഞു. ആദ്യകാലത്ത്‌ തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ്‌ അവിടെ താമസിച്ചിരുന്നത്‌. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്‌. തോട്ടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മാനേജര്‍മാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവര്‍ക്കു താമസിക്കാനായി അക്കാലത്ത്‌ പണിത കുറെ ബംഗ്ലാവുകളും മൂന്നാറില്‍ ഉണ്ട്‌. റെയില്‍വേ, റോപ്പ്‌ വേ, ആദ്യത്തെ പവര്‍ ജനറേഷന്‍ സെന്റര്‍ തുടങ്ങി മൂന്നാര്‍ അക്കാലത്ത്‌ ചിന്തിക്കുന്നതിനും അപ്പുറത്ത്‌ വികസിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ മോണോറെയില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ജലവൈദ്യുതി പദ്ധതിക്ക്‌ വഴികാട്ടിയായതും കന്നുകാലി വര്‍ഗോദ്ധാരണത്തിന്‌ തുടക്കമിട്ടതും മൂന്നാറില്‍ നിന്നു തന്നെയാണെന്ന്‌ സന്തോഷ്‌ പറഞ്ഞപ്പോള്‍ എല്ലാവരുടെയും മുഖത്ത്‌ അത്ഭുതം.

1790ലാണ്‌ ബ്രിട്ടിഷുകാര്‍ ആദ്യം കണ്ണന്‍ ദേവന്‍ കുന്നുകളില്‍ വന്നത്‌. ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സായിപ്പന്മാര്‍ മൂന്നാറില്‍ വന്നതെങ്കിലും ഈ ഹില്‍ സ്റ്റേഷന്റെ സൗന്ദര്യം അവരെ ആകര്‍ഷിച്ചു. അതിലുമുപരി ഇതിന്റെ വാണിജ്യ-കൃഷി സാധ്യതകളിലാണ്‌ അവര്‍ ആദ്യം തന്നെ കണ്ണുവച്ചത്‌. കേരളത്തില്‍ ഇതുപോലൊരു സ്ഥലം അവര്‍ കണ്ടിരുന്നില്ല. 1817ല്‍ ഈ പ്രദേശത്ത്‌ സര്‍വേക്കായി മദിരാശി ആര്‍മിയില്‍ നിന്ന്‌ ഉദ്യോഗസ്ഥരെത്തെി. തുടര്‍ന്ന്‌, 1888ലാണ്‌ കണ്ണന്‍ ദേവന്‍ പ്‌ളാന്റേഴ്‌സ്‌ അസോസിയേഷന്റെ പിറവി. വീണ്ടും യാത്ര തുടങ്ങുന്നതിനു മുന്‍പായി ഞങ്ങള്‍ വാഹനം നിര്‍ത്തിയിട്ടിരുന്നതിനു സമീപത്തുണ്ടായിരുന്ന ഒരു സുവനിയര്‍ കടയില്‍ കയറി. അവിടെ പലവിധത്തിലുള്ള ചിത്രങ്ങളും കരകൗശല വസ്‌തുക്കളും ഉണ്ടായിരുന്നുവെങ്കിലും എന്റെ കണ്ണിലേക്ക്‌ വീണത്‌ മൂന്നാറിന്റെ ചരിത്രം എന്ന പേരില്‍ സുലോചന നാലപ്പാട്ട്‌ എഴുതിയ മനോഹരമായ ഒരു പുസ്‌തകമായിരുന്നു. മനോഹരമായ രീതിയില്‍ മൂന്നാറിനെക്കുറിച്ച്‌ എഴുതിയിരുന്നത്‌ കണ്ടപ്പോഴേ ഞാനത്‌ സ്വന്തമാക്കി.

മൂന്നാറില്‍ ആദ്യമായി തേയിലകൃഷി തുടങ്ങിയത്‌ പാര്‍വതി മലയിലാണെന്ന്‌ അതില്‍ എഴുതിയിരിക്കുന്നത്‌ കണ്ടു. ആദ്യ റബ്ബര്‍തൈ നട്ടതും അടുത്ത കാലം വരെ മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന മാങ്കുളത്തായിരുന്നുവത്രേ. മൂന്നാര്‍ മലകള്‍ തേയില കൃഷിക്ക്‌ അനുയോജ്യമാണെന്ന്‌ കണ്ടത്തെിയതോടെ മൂന്നാറിന്റെ കുതിപ്പിന്‌ തുടക്കമായി. 1915ല്‍ മൂന്നാറില്‍ ധാരാളം തേയില എസ്‌റ്റേറ്റുകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. 16 ഫാക്ടറികള്‍ അന്ന്‌ പ്രവര്‍ത്തിച്ചിരുന്നു. ചരക്ക്‌ നീക്കത്തിന്‌ വേണ്ടിയാണ്‌ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടത്‌. 1902ല്‍ മൂന്നാറിനെ ടോപ്പ്‌ സ്‌റ്റേഷനുമായി ബന്ധിപ്പിച്ച്‌ മോണോറെയില്‍ സ്ഥാപിച്ചു. ടോപ്പ്‌ സ്‌റ്റേഷനില്‍ നിന്ന്‌ റോപ്‌വേയിലുടെ കോട്ടക്കുടിയിലും അവിടെ നിന്നും തൂത്തുക്കുടി തുറമുഖത്തും എത്തിച്ചായിരുന്നു തേയില ബ്രിട്ടണിലേക്ക്‌ കയറ്റി അയച്ചിരുന്നത്‌. വിവിധ എസ്‌റ്റേറ്റുകളില്‍ നിന്ന്‌ കാളവണ്ടി മാര്‍ഗമാണ്‌ തേയില മൂന്നാറില്‍ എത്തിച്ചിരുന്നത്‌. ഇതിന്‌ വേണ്ടി 500 കാളകളെ വിദേശത്ത്‌ നിന്നും ഇറക്കുമതി ചെയ്‌തു. ഒപ്പം ഇംഗ്ലണ്ടില്‍ നിന്ന്‌ വെറ്റിനറി സര്‍ജനും രണ്ട്‌ സഹായികളും എത്തി. കുണ്ടളയിലായിരുന്നു ഈ കാലികള്‍ക്കായി ഷെഡ്‌ ഒരുക്കിയത്‌. പിന്നിട്‌ കുണ്ടളയില്‍ സാന്‍ഡോസ്‌ കോളനി ആരംഭിക്കാന്‍ കാരണമായതും അന്നത്തെ സംഭവമാണ്‌. പിന്നീട്‌ മാട്ടുപ്പെട്ടിയില്‍ ഇന്‍ഡോ-സ്വിസ്‌ പ്രോജക്ട്‌ സ്ഥാപിക്കുകയും ഇവിടം കേരളത്തിലെ കന്നുകാലി വര്‍ഗോദ്ധാരണത്തിന്റെ തുടക്കമിട്ട സ്ഥലമാകുകയും ചെയ്‌തു. മാടുകളുടെ ഗ്രാമം എന്നര്‍ഥം വരുന്ന `മാടുപ്പെട്ടി'യില്‍ വികസിപ്പിച്ചെടുത്ത 'സുനന്ദനി'എന്ന സങ്കരയിനം ബീജമാണ്‌ കേരളത്തില്‍ ധവള വിപ്ലവത്തിന്‌ വഴിയൊരുക്കിയത്‌. കേരളത്തിലെ പാല്‍വിപ്ലവത്തില്‍ നിന്നു പ്രചോദനമുണ്ടായി ഒരു മലയാളി മുന്നില്‍ നിന്ന്‌ അമൂല്‍ (ആനന്ദ്‌ മില്‍ക്ക്‌ ഫെഡറേഷന്‍ യൂണിയന്‍ ലിമിറ്റഡ്‌ എന്നതിന്റെ ചുരുക്കപ്പേരാണ്‌ അമൂല്‍) കമ്പനിയുടെ ചെയര്‍മാനായി ഗുജറാത്തിലെയും ഇന്ത്യയിലെയും ധവളവിപ്ലവത്തിന്‌ കളമൊരുക്കിയതിനു കാരണവും മൂന്നാര്‍ തന്നെ. ഡോ. വര്‍ഗീസ്‌ കുര്യനായിരുന്നു ഈ മലയാളി. അദ്ദേഹം ഇന്നില്ല. ഞങ്ങളുടെ സംസാരം മൂന്നാറില്‍ നിന്ന്‌ പാല്‍ ഉത്‌പാദനത്തിലേക്കും അവിടെ നിന്ന്‌ വര്‍ഗീസ്‌ കുര്യനിലേക്കും എത്തി. മലയാളി ആയതില്‍ അഭിമാനിക്കുന്ന നിമിഷമാണ്‌ ഇതൊക്കെയെന്ന്‌ കുരുവിള പറഞ്ഞത്‌ തികച്ചും ശരിയാണെന്നു തോന്നി.

(തുടരും)
മൂന്നാറിന്റെ ഹൃദയത്തില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 36: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക