Image

മുല്ലപ്പെരിയാര്‍ : രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനങ്ങളെ വഞ്ചിക്കുന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 05 December, 2011
മുല്ലപ്പെരിയാര്‍ : രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനങ്ങളെ വഞ്ചിക്കുന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തില്‍ മാറിമാറി ഭരിച്ചവരും രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളും ഒത്തുചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.
കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും മുല്ലപ്പെരിയാറിന്റെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ അവസരവാദ രാഷ്ട്രീയം നടത്തുകയാണെന്ന് ജനസമൂഹം തിരിച്ചറിയുന്നുണ്ട്. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുവാന്‍ സാധിക്കാത്തവര്‍ ഭരണത്തിലിരുന്ന് സമരം നടത്താതെ രാജിവെച്ച് ജനങ്ങളോടൊപ്പം നിന്ന് പടപൊരുതുന്നതാണ് മാന്യതയെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വിസി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
തന്റെ ഹൈക്കോടതി വിശദീകരണം സര്‍ക്കാര്‍ നിലപാടാണെന്ന് അഡ്വക്കേറ്റ് ജനറലും, സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് അഡ്വക്കേറ്റ് ജനറല്‍ സംസാരിച്ചതെന്ന് ഭരണകക്ഷി നേതാക്കളും ആവര്‍ത്തിച്ചു പറയുമ്പോള്‍ കാലങ്ങളായി മുല്ലപ്പെരിയാറിന്റെ മറവില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ നാടകം പുറത്തുവന്നിരിക്കുകയാണെന്ന് വിസി. സെബാസ്റ്റ്യന്‍ ആരോപിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായാണ് അഡ്വക്കേറ്റ് ജനറല്‍ പ്രവര്‍ത്തിച്ചതെങ്കില്‍ അദ്ദേഹത്തെ പുറത്താക്കുവാനുള്ള തന്റേടം സര്‍ക്കാര്‍ കാണിക്കണം. മാധ്യമങ്ങളിലൂടെയുള്ള ന്യായ അന്യായങ്ങളല്ല; വ്യക്തമായ നടപടികളാണ് ജനങ്ങള്‍ക്കാവശ്യം. മുല്ലപ്പെരിയാറിന്റെ മറവില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പണം പറ്റിയിട്ടുണ്ട് എന്ന തമിഴ്‌നാടിന്റ ആരോപണം തെളിയിക്കുവാന്‍ അവര്‍ തയ്യാറാകണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക