Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-13

Published on 05 December, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-13
ആറ്
അടുത്തദിവസം അമ്മയോടും സഹോദരന്മാരോടും യാത്രപറഞ്ഞ് ഞാനും യേശുവും ഗലീലിയിലേക്ക് മടങ്ങി.
ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഏകാന്തനായി ഏതെങ്കിലും ഒരു സ്ഥലത്ത് പോയിരുന്നു. അതിന് ഗലീലിയില്‍ നിന്ന് മൂന്നുനാലു നാഴിക ദൂരത്തുള്ള ഒരു മലഞ്ചെരുവിലേക്ക് പോയിരുന്നപ്പോഴാണ് ജൂഡാസ് ഇസ്‌കാരിയോട്ട് ഞങ്ങളുടെ കൂടാരത്തിനു സമീപം പ്രത്യക്ഷപ്പെട്ടത്. ചടച്ചു പൊക്കമുള്ള ഒരു ചെറുപ്പക്കാരന്‍ . അല്‍പം നീട്ടിവളര്‍ത്തിയ താടി. സദാ കണ്ണടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ശീലം, നാഡീഞരമ്പുകള്‍ക്ക് എന്തോ തകരാറുള്ളതുകൊണ്ടാവാം തലയില്‍ വെച്ചിരുന്ന തൊപ്പിക്ക് അയാളുടെ ശിരസ്സിനേക്കാള്‍ വലുപ്പമുണ്ടായിരുന്നതുകൊണ്ട് അത് നെറ്റി മറച്ചിരുന്നു. അയാളുടെ ഒരു കൈ എപ്പോഴും തൊപ്പി നേരെയാക്കാനുള്ള ശ്രമത്തിലായിരുന്നു.
പീറ്ററെയാണയാള്‍ ആദ്യം കണ്ടത്.
“ഞാന്‍ ജറുസലേമില്‍ നിന്നും സ്‌നാപക ജോണിനെ കണ്ട് ആശീര്‍വാദം വാങ്ങാന്‍ വന്നതാണ്. ഇവിടെ വന്നപ്പോഴാണറിഞ്ഞത് യേശു എന്നൊരാളും ജോണിന്റെ സന്ദേശം പ്രചരിപ്പിച്ചു നടക്കുന്നുണ്ടെന്ന്. അദ്ദേഹത്തെ കൂടി കാണാമെന്ന് കരുതിയാണിങ്ങോട്ടു വന്നത്” ജൂഡാസ് സ്വയം പരിചയപ്പെടുത്തി.
“യേശു ഇപ്പോഴിവിടെയില്ല. അതുകൊണ്ട് ഇന്ന് കാണാന്‍ തരപ്പെടില്ല” പീറ്റര്‍ ഉദാസീനനായി പറഞ്ഞു.
“എന്നാല്‍ ഞാന്‍ നാളെ വരും” എന്നായി ജൂഡാസ്.
“നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇന്ന് ഇവിടെ ഞങ്ങളുടെ കൂടെ കൂടാം” ജേക്കബ്ബ് ക്ഷണിച്ചു.
അന്നുരാത്രി ജേക്കബ്ബും ജൂഡാസും യേശുവിന്റെ സ്വര്‍ഗ്ഗരാജ്യത്തെ പ്പറ്റി വളരെനേരം സംസാരിച്ചുകൊണ്ടിരുന്നു.
യേശുവിന്റെയും സ്‌നാപക ജോണിന്റെയും സന്ദേശങ്ങളില്‍ പുതുമയൊന്നുമില്ലെന്നും, മോശയുടെ നിയമങ്ങള്‍ ഇതിലും ബൃഹത്താണെന്നും, അവയാണ് അയാള്‍ക്ക് കൂടുതല്‍ സ്വീകാര്യമെന്നുമാണ് ജൂഡാസ് വാദിച്ചത്. ആരെക്കുറിച്ചും പെട്ടെന്ന് അങ്ങനെ മോശമായ അഭിപ്രായം പറയാത്ത ജേക്കബ്ബുപോലും ജൂഡാസിനെക്കുറിച്ച് നല്ല വാക്കു പറഞ്ഞില്ല.
അടുത്തദിവസം യേശു പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞ് ഉച്ചയാകുന്നതുവരെ ജൂഡാസുമായി പല വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു. മറ്റാരും അതില്‍ പങ്കെടുത്തില്ല. അതുകൊണ്ട് എന്താണവര്‍ സംസാരിച്ചതെന്ന് മറ്റുള്ളവര്‍ക്കറിയാന്‍ കഴിഞ്ഞില്ല. അന്നത്തെ സുവിശേഷപ്രചരണ യാത്ര ഇതിനുവേണ്ടി മാറ്റിവെച്ചതും ഞാനോര്‍ക്കുന്നു. അവര്‍ തമ്മില്‍ പിരിയാറായപ്പോള്‍ യേശു:
“നീ എല്ലായ്‌പ്പോഴും എന്റെ പ്രധാന ശിഷ്യരില്‍ ഒരാളായിരിക്കും. നിനക്ക് ഒരു നിയോഗമുണ്ട്. അത് കാലാന്തരത്തില്‍ വെളിപ്പെടും” എന്നു പറഞ്ഞ് ജൂഡാസിനെ ആശീര്‍വദിച്ചു.
അങ്ങനെയാണ് ജൂഡാസ് ഇസ്‌കാരിയോട്ട് യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായത്.
ഗലീലിയിലെ ഗ്രാമീണരും പൊതുവെ ദരിദ്രരും നിരക്ഷരരുമായിരുന്നെങ്കിലും അവര്‍ക്ക് മോസയുടെ കല്‍പ്പനകളില്‍ അചഞ്ചലമായ വിശ്വാസവും, മതപുരോഹിതന്മാരോട് ബഹുമാനവുമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ദൈവരാജ്യത്തെപ്പറ്റിയുള്ള യേശുവിന്റെ സന്ദേശം കൈക്കൊള്ളാന്‍ അവര്‍ക്ക് വിഷമമുണ്ടായിരുന്നു.
എന്നിരിക്കിലും ഗലീലിയിലും ഞങ്ങളുടെ സംഘം സജീവമായിത്തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
എനിക്കും ജോ ആനക്കുമായിരുന്നു കൂടാരത്തിന്റെ മേല്‍നോട്ടം എന്ന് മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. പണം ചിലവാക്കുന്നതില്‍ ജോആന ഒട്ടും മടികാണിച്ചിരുന്നില്ല. അവളുടെ കയ്യില്‍ സാമാന്യം വലിയൊരു സഞ്ചി നിറച്ച് സ്വര്‍ണ്ണനാണയങ്ങളുണ്ടായിരുന്നത് ആന വന്ന ദിവസം തന്നെ ഞങ്ങളെയെല്ലാം കാണിച്ചിരുന്നതാണ്. ഭക്ഷണം തയ്യാറാക്കുക, വസ്ത്രങ്ങള്‍ വേണ്ടവര്‍ക്ക് അതെത്തിച്ചുകൊടുക്കുക, തുടങ്ങിയ ദൈനംദിനകാര്യങ്ങളില്‍ ഞാനാണ് മുന്‍കൈ എടുത്തിരുന്നത്. ഇക്കാര്യത്തില്‍ എന്നെ അല്‍ക്കയും സഹായിച്ചിരുന്നു.
യേശുവിന്റെ ദൈവരാജ്യത്തെപ്പറ്റിയുള്ള പ്രഭാഷണം കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് അതിയായ താല്‍പ്പര്യമുണ്ടെന്നും, അവരദ്ദേഹത്തെ രക്ഷകനായി കരുതുന്നുവെന്നുമറിഞ്ഞ് പരിശന്മാര്‍ ഭയപ്പെട്ടു. ഭാവിയില്‍ അവരുടെ ആധിപത്യത്തിന് കോട്ടമുണ്ടാക്കുന്ന യേശുവിന്റെ പ്രവര്‍ത്തനത്തിന് എങ്ങനെയും തടയിടണമെന്നവര്‍ തീരുമാനിച്ചു. അതിനായിട്ടവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടുമിരുന്നു. ഇതിന്റെ ഭാഗമായി അപ്പോഴപ്പോള്‍ പരീശന്മാര്‍വന്ന് എന്തെങ്കിലും ചോദ്യം ചോദിക്കും. ഇത് ചിലപ്പോള്‍ യഹൂദ പള്ളിയില്‍ വെച്ചായിരിക്കും. യേശുവിനെ ജനങ്ങള്‍ക്കിടയില്‍ തരംതാഴ്ത്തി കാണിക്കാനും നിരുത്സാഹപ്പെടുത്താനുമാണവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. എന്നാല്‍ യേശു ഒരിക്കലും അവരോട് കയര്‍ത്ത് സംസാരിക്കുകയോ അനാദരവു കാണിക്കുകയോ ചെയ്തിരുന്നില്ല.
ഒരുദിവസം ഗലീലിയിലെ യഹൂദപ്പള്ളിയില്‍ ജനങ്ങളോടു സംസാരിച്ചുകഴിഞ്ഞ് കൂടാരത്തിലേക്ക് മടങ്ങുമ്പോള്‍ രണ്ടു പരീശന്മാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു പല വിഷയങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു.
“ഗുരോ, നീ ഒരടയാളം ചെയ്തു കാണാന്‍ ഞങ്ങള്‍ക്കാഗ്രമുണ്ട്. അതു ചെയ്യുമോ?” ഒരാള്‍ അല്‍പ്പം ശങ്കയോടെ
ചോദിച്ചു.
യേശു അല്പം ആലോചിച്ചിട്ട് പ്രതിവചിച്ചതിങ്ങനെയാണ്:- “ദ്വേഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു. യോനാ പ്രവാചകന്റെ അടയാളമല്ലാതെ വേറൊന്നും നിങ്ങള്‍ക്ക് കിട്ടില്ല.”
മറ്റൊരു ദിവസം യേശു മരവുരിയില്‍ കമ്പിളി വിരിച്ച് അതില്‍ ഭക്ഷണത്തിനിരിക്കയായിരുന്നു. രണ്ടുവശത്തായി ശിഷ്യരും. അന്നു ഞങ്ങള്‍ താമസിച്ചിരുന്ന ഗ്രാമത്തില്‍ കൂടെ കടന്നുപോയ മൂന്നോ നാലോ ചുങ്കം പിരിവുകാരും അവരുടെ ആശ്രിതന്മാരും യേശു അവിടെയുണ്ടെന്നറിഞ്ഞ് ശിഷ്യരുടെകൂടെ പന്തിയില്‍ വന്നിരുന്നു. വിശന്നു വലഞ്ഞുവന്ന അവര്‍ക്കും ഞങ്ങള്‍ ഭക്ഷണം കൊടുത്തു. വിശപ്പടക്കിയ ആ മനുഷ്യര്‍ യേശുവിന് നന്ദിപറഞ്ഞ് അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിച്ചാണ് പോയത്. പരീശര്‍ ഇതെങ്ങനെയോ മണത്തറിഞ്ഞു.
ജേക്കബ്ബിനെ കടല്‍ക്കരയില്‍ വെച്ചുകണ്ടപ്പോള്‍ അവര്‍ “എന്താ ജേക്കബ്ബേ, നിങ്ങളുടെ ഗുരു പാപികളോടും ജനങ്ങളെ ഞെക്കിപ്പിഴിയുന്ന ചുങ്കക്കാരോടുമൊത്ത് ആഹാരം കഴിക്കുന്നത്. അവരോട് എന്തിനാണീ ചങ്ങാത്തം?” എന്നു ചോദിച്ചു.
ജേക്കബ്ബ് ഇതുവന്ന് യേശുവിനോടു പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം ചിരിച്ചതേയുള്ളൂ; അല്പനേരം കഴിഞ്ഞ് ശിഷ്യരോടായി പറഞ്ഞു:- ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്ക് വൈദ്യനെക്കൊണ്ടാവശ്യമില്ല. ഇവിടെ വന്നവര്‍ വിശപ്പടക്കാന്‍ വേണ്ടി വന്നതാണ്. ആരുമായിക്കൊള്ളട്ടെ, അവര്‍ക്ക് ഭക്ഷണം കൊടുക്കുക എന്റെ കടമയാണ്. പരീശന്മാരെപ്പോലെ യാഗത്തിലല്ല, കരുണയിലാണ് ഞാന്‍ പ്രസാദിക്കുന്നതെന്ന് അവരോടുപറയുക. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാന്‍ വന്നത്.
സ്‌നാപകജോണ്‍ തടവിലായിരുന്നെങ്കിലും അദ്ദേഹവും ശിഷ്യരും യേശുവിന്റെ പ്രവൃത്തികള്‍ അപ്പോഴപ്പോള്‍ അറിഞ്ഞിരുന്നു. അവര്‍ക്ക് ഗുരുവായ ജോണിനോട് നേരിട്ട് ബന്ധപ്പെടാന്‍ കഴിയാതിരുന്നതുകൊണ്ട് സംശയങ്ങള്‍ തീര്‍ക്കാന്‍ കൂടെക്കൂടെ യേശുവിന്റെ സന്നിധിയില്‍ വരുക അവരുടെ പതിവായിരുന്നു. വരുമ്പോഴൊക്കെ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ അപ്പവും ഉണക്കിയ അത്തിപ്പഴമോ മറ്റെന്തെങ്കിലുമോ അവര്‍ കാഴ്ചയായിക്കൊണ്ടുവരും.
ഒരു ദിവസം ജോണിന്റെ ശിഷ്യര്‍ യേശുവിന്റെ അടുക്കല്‍ വന്ന് “ഗുരോ, മോശയുടെ നിയമമനുസരിച്ച് ഞങ്ങളും പരീശന്മാരും ഉപവസിക്കുന്നു. ഇത് ശുദ്ധിവരുത്തുന്നതിന്റെ ഭാഗമാണല്ലോ. അവിടുത്തെ ശിഷ്യര്‍ ഉപവസിക്കാത്തതെന്ത്?” എന്ന് അന്വേഷിച്ചു.
യേശു അവരെ സ്വീകരിച്ചിരുത്തിയിട്ട് പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ ബന്ധുക്കള്‍ക്ക് ദുഃഖിക്കാന്‍ കഴിയില്ല. മണവാളന്‍ പിരിഞ്ഞുപോകുന്ന ദിവസം വരും. അന്ന് അവര്‍ ഉപവസിക്കും. കോടി തുണിക്കഷ്ണം ആരും പഴയ വസ്ത്രത്തില്‍ തുന്നിചേര്‍ക്കാറില്ല. അതുകൊണ്ട് കോടിവസ്ത്രത്തിന്റെ ഭംഗി പോകും. പുതിയ വീഞ്ഞ് തുളുമ്പിപ്പോകും.
പാത്രവും ചീത്തയാകും. പുതിയ വീഞ്ഞ് പുതിയ പാത്രത്തിലേ പകരാവൂ. അങ്ങനെ രണ്ടും ഭദ്രമായിരിക്കും”.
ജോണിന്റെ ശിഷ്യര്‍ തലകുലുക്കിയതില്‍ നിന്ന് അവര്‍ക്ക് യേശു പറഞ്ഞതിന്റെ അര്‍ത്ഥം ഏതാണ്ടൊക്കെ മനസ്സിലായതുപോലെ തോന്നി.
ഇങ്ങനെ ശിഷ്യരോട് ഓരോന്നു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ഗ്രാമത്തിലെ ഒരു പ്രമാണിവന്ന് യേശുവിനെ നമസ്‌ക്കരിച്ചു. അയാളുടെ മുഖത്ത് ദുഃഖം തളംകെട്ടി കിടന്നിരുന്നു.
ഗുരോ , എന്റെ മകള്‍ ഇപ്പോള്‍ത്തന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു. എങ്കിലും അങ്ങയുടെ കരസ്പര്‍ശമുണ്ടായാല്‍ അവള്‍ ജീവിക്കും.” എന്ന് സവിനയം അപേക്ഷിച്ചു.
യേശു ഇതുകേട്ട് ഒട്ടും മടിക്കാതെ ശിഷ്യരോടൊപ്പം പ്രമാണിയുടെ വീട്ടില്‍ ചെന്നു. യേശുവിനെ വരവേല്‍ക്കാന്‍ ഒരു വാദ്യസംഘവും, ആരവമിടുന്നയാളുകളെയും അയാള്‍ ഏര്‍പ്പാടു ചെയ്തിരുന്നു. അവരെ തട്ടിമാറ്റി വീട്ടിനുള്ളില്‍ പ്രവേശിച്ച യേശു “നിന്റെ കുട്ടി മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുകയാണെന്ന്” പറഞ്ഞു. ഇതുകേട്ട്, യേശു ഭ്രാന്താണ് പറയുന്നതെന്ന മട്ടില്‍ അവിടെ കൂടിയിരുന്നവരെല്ലാം അദ്ദേഹത്തെ പരിഹസിച്ചു. യേശു കുട്ടി കിടന്ന മുറിക്കുള്ളില്‍ ചെന്ന് ആ ബാലികയുടെ കൈക്ക് പിടിച്ച് “ബാലേ എഴുന്നേല്‍ക്ക”് എന്നു കല്‍പ്പിച്ചു. കുട്ടി എഴുന്നേല്‍ക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പുറത്തുനിന്നവര്‍ ആഹ്ലാദംകൊണ്ട് ആര്‍പ്പുവിളിച്ചു. വാദ്യമേളക്കാര്‍ കൊട്ടിഘോഷിച്ചു.
“ഹോശന്നാ, നീ ദാവീദ്(ഡേവിഡ്) പുത്രന്‍ തന്നെ”, അവര്‍ ഏകസ്വരത്തില്‍ വീണ്ടും വീണ്ടും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
യേശു പ്രമാണിയുടെ വീട്ടില്‍ നിന്ന് കൂടാരത്തിലേക്ക് മടങ്ങുമ്പോള്‍ രണ്ടു കുരുടന്മാര്‍ .
“ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നി ഞങ്ങള്‍ക്ക് കാഴ്ചയുണ്ടാക്കിത്തരണേ” എന്നു നിലവിളിച്ചുകൊണ്ട് പുറകേ കൂടി.
“കാഴ്ച തരാന്‍ എനിക്ക് കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?” എന്നവരോടു യേശു ചേദിച്ചു.
“തീര്‍ച്ചയായും കര്‍ത്താവേ, അങ്ങേക്ക് കഴിയും.” എന്നു രണ്ടുപേരും ഉറച്ചസ്വരത്തില്‍ പറഞ്ഞു.
യേശു അവരുടെ കണ്ണുകളില്‍ തൊട്ട്,
“നിങ്ങളുടെ വിശ്വാസം പോലെ ഭവിക്കട്ടെ” എന്നു പറഞ്ഞു.
ഉടനെ അവരുടെ കണ്ണുതുറന്ന് കാഴ്ചകിട്ടി.
യേശു ശിഷ്യരോടായി പറഞ്ഞു, “ഈ സംഭവം നിങ്ങള്‍ ആരോടും പറയരുത്.”
ശിഷ്യര്‍ അതനുസരിച്ചു!
യേശുവിന്റെ സഭാപ്രവര്‍ത്തനങ്ങളറിഞ്ഞ് ജറുസലേമിലം മതപുരോഹിതന്മാരും, പരീശന്മാരും കോപാകുലരായി. അവരുടെ അധികാരത്തിന് ഭാവിയില്‍ കോട്ടം തട്ടുന്ന ഈ പ്രസ്ഥാനം എങ്ങനെയെങ്കിലും നശിപ്പിക്കാന്‍ അവര്‍ രഹസ്യമായി പദ്ധതിയിട്ടു. അതനുസരിച്ച് ഒരുദിവസം രണ്ടു തടിയന്‍ പരീശന്മാര്‍ ഞങ്ങളുടെ കൂടാരത്തില്‍ വന്ന് ഒരു സംവാദത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് യേശുവിനെ അറിയിച്ചു.
“എന്താണ് അറിയാനുള്ളത് എന്നുവെച്ചാല്‍ ചോദിക്കാമല്ലോ” യേശു വിനയത്തോടെ പറഞ്ഞു.
“നിന്റെ ശിഷ്യര്‍ നമ്മുടെ പൂര്‍വ്വികരുടെ നിയമം എന്തുകൊണ്ടനുസരിക്കുന്നില്ല? ഒരു ഉദാഹരണം. അവര്‍ ആഹാരം കഴിക്കും മുമ്പ് കൈകഴുകി ശുദ്ധിവരുത്തുന്നില്ല”.
ഉത്തരം അറിയാന്‍ കൗതുകമുള്ളതുപോലെ അവര്‍ ചെവികൂര്‍പ്പിച്ചിരുന്നു.
യേശു മറുപടി പറഞ്ഞതിങ്ങനെയാണ്. “നിങ്ങളുടെ ആചാരങ്ങള്‍ കൊണ്ട് നിങ്ങള്‍ ദൈവകല്പന ലംഘിക്കുന്നതെന്ത്? മാതാപിതാക്കന്മാരെ ബഹുമാനിക്കണമെന്നും, അവരെ ദുഷിക്കുന്നവര്‍ മരിക്കണമെന്നും ദൈവം കല്പിച്ചിട്ടില്ലേ? നിങ്ങളോ, ആരെങ്കിലും ഒരു വഴിപാടു നേര്‍ന്ന് നിങ്ങള്‍ക്ക് പത്ത് താലന്ത് തന്നാല്‍ അച്ഛനേയും അമ്മയേയും ബഹുമാനിക്കേണ്ട, എന്നുപറയും. നിങ്ങളുടെ സമ്പ്രദായത്തില്‍ ദൈവവചനങ്ങള്‍ ദുര്‍ബലമാണ്”.
പിന്നീട് യേശു അവിടെ കൂടിയിരുന്നവരോടായി “ഈ പീശന്മാര്‍ നാം ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകഴുകി ശുദ്ധി വരുത്തുന്നില്ലെന്നു പരാതി പറയുന്നു. ഇതിലര്‍ത്ഥമില്ല. മനുഷ്യന് അശുദ്ധി വരുത്തന്നത് വായ്ക്കകത്തു ചെല്ലുന്നതല്ല പുറത്തുവരുന്നതാണ്. അത് മനുഷ്യനെ അശുദ്ധമാക്കുന്നു” എന്നുപറഞ്ഞു.
കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ, കോപമടക്കി പരീശന്മാര്‍ യാത്രയായി.
അസന്തുഷ്ടരായിട്ടാണ് അവര്‍ പോയതെന്നറിയിച്ച ശിഷ്യരോട് യേശു തുടര്‍ന്നു. “സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും. അതുപോകട്ടെ, അവര്‍ കുരുടന്മാരായ വഴികാട്ടികളാണ്. കുരുടന്‍ കുരുടനെ വഴികാട്ടിയാല്‍ രണ്ടുപേരും കുഴിയില്‍ വീണുപോകുമല്ലോ”.
ഈ ഉപമ കേട്ടിട്ട് പീറ്റര്‍ അത് കുറച്ചുകൂടെ ശിഷ്യര്‍ക്കു വ്യക്തമാക്കി കൊടുക്കണമെന്നഭ്യര്‍ത്ഥിച്ചു.
യേശു ഒന്നു മന്ദഹസിച്ചശേഷം ഉപമ വ്യക്തമാക്കി.
നിങ്ങള്‍ക്കിത്ര അറിവേയുള്ളോ? വായിക്കകത്ത് ഇടുന്നതെല്ലാം വയറ്റിലായി മറപ്പുരയില്‍ ചെന്നു പുറത്തുപോകുന്നു എന്നറിയില്ലേ? വായില്‍നിന്നു പുറത്തുവരുന്നതോ ഹൃദയത്തില്‍ നിന്നാണ്. അത് മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാല്‍ ദുഷ് വിചാരം, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷിപറയല്‍ , പരദൂഷണം ഇതെല്ലാം ഹൃദയത്തില്‍ നിന്നാണ് വരുന്നത്. കഴുകാത്ത കൈകൊണ്ട് ഭക്ഷിക്കുന്നത് മനുഷ്യനെ അശുദ്ധമാക്കുന്നില്ല”.
ശിഷ്യര്‍ വിശദീകരണം കേട്ട് തൃപ്തരായി.
ആയിടയ്ക്ക് പരീശരില്‍ ഒരുത്തന്‍ ഒരു നുണ പ്രചരിപ്പിച്ചു. ഗദരേനരെന്ന ഗ്രോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന മലമ്പ്രദേശത്തു വെച്ചാണ് ഇത് നടന്നത്. യേശു പ്രേതങ്ങളെ ഒഴിപ്പിക്കുന്നത് ദുര്‍മന്ത്രംകൊണ്ടും, ഭൂതങ്ങളുടെ തലവനായ ബെയത്സബൂലിന്റെ സഹായം കൊണ്ടുമാണെന്നയാള്‍ ജനങ്ങളോടു പറഞ്ഞു. പീറ്റര്‍ ഒരുദിവസം ഈ ആരോപണം അറിഞ്ഞ് അത് യേശുവിനെ അറിയിച്ചു.
ഒരപപമ പറഞ്ഞ് ശിഷ്യര്‍ക്ക് അതിനൊരു വിശദീകരണം നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു. അതിന്റെ സാരം ഇതായിരുന്നു. “ഒരു രാജ്യത്ത് അന്തഃഛിദ്രമുണ്ടെങ്കില്‍ ആരാദ്യം നശിക്കും. ഒരു നഗരമോ, വീടോ തന്നില്‍ത്തന്നെ ഛിദ്രിച്ചു നില്‍ക്കുന്നെങ്കില്‍ അത് നിലനില്‍ക്കില്ല. സാത്താന്‍ സാത്താനെത്തന്നെ പുറത്താക്കുന്നുവെങ്കില്‍ അവന്‍ തന്നില്‍ത്തന്നെ ഛിദ്രിച്ചു പോകുമല്ലോ, പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ സെയന്തബൂലിനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നുവെങ്കില്‍ നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ട് പുറത്താക്കും? ദൈവാത്മാവിനാല്‍ ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നെങ്കില്‍ ദൈവരാജ്യം ആസന്നമായിരിക്കുന്നു എന്നു വിചാരിക്കുക”.
ഒരുദിവസം യേശു കൂടാരത്തില്‍നിന്നു പുറപ്പെട്ടു കടല്‍ക്കരയില്‍ ചെന്നിരുന്നു. അദ്ദേഹത്തിന്റെ വരവറിഞ്ഞ് നുറുകണക്കിനാളുകള്‍ ചുറ്റും തടിച്ചുകൂടി. അന്നത്തെ പ്രഭാഷണവും ഉപമകള്‍ നിറഞ്ഞതായിരുന്നു യേശു പ്രസ്താവിച്ചു. വിതയ്ക്കുന്നവന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലത് വഴിയരികില്‍ വീണ് പക്ഷികള്‍ വന്നു തിന്നുകളഞ്ഞു. ചിലത് പാറപ്പുറത്ത് മണ്ണില്ലാത്തിടത്ത് വീണതുകൊണ്ട് വേരോട്ടം ഉണ്ടായില്ല. സൂര്യന്റെ ചൂടുതട്ടി തവ ഉണങ്ങിപ്പോയി. മറ്റു ചില വിത്തുകള്‍ മുള്ളിനടിയില്‍ വീണു. മുള്ളുവളര്‍ന്ന് അതിനെ ഞെക്കിഞെരുക്കി. മറ്റു ചിലത് നല്ല നിലത്തുവീണ് നൂറും നൂറ്റമ്പതും മേനി വിളഞ്ഞു.”
ശിഷ്യരില്‍ കൂടുതല്‍ ചിന്തിശീലനായ ജേക്കബ്ബ് ഇതിനൊരു വിശദീകരണമാവശ്യപ്പെട്ടു. ആശയങ്ങള്‍ ശരിക്കും മനസ്സിലാക്കിയെങ്കിലേ അയാള്‍ക്ക് തൃപ്തിവരൂ.
“ഗുരോ അങ്ങെന്താണ് എപ്പോഴും ഉപമകളായി സംസാരിക്കുന്നത്?”
യേശു ഉത്തരം കൊടുത്തതിങ്ങനെയാണ്. സ്വര്‍ഗ്ഗരാജ്യത്തിന്റെ കാതലായ മര്‍മ്മങ്ങളറിയാന്‍ നിങ്ങള്‍ക്കവസരം കിട്ടിയിരിക്കുന്നു. മറ്റുള്ളവര്‍ക്കതില്ല. ഉള്ളവനു കൊടുക്കും അവന് സമൃദ്ധിയുണ്ടാകും. ഇല്ലാത്തവനില്‍ നിന്ന് അവന് ഉള്ളതുകൂടെ എടുത്തുകളയും. അതുകൊണ്ടവന്‍ കണ്ടിട്ട് കാണാതെയും, കേട്ടിട്ട് കേള്‍ക്കാതെയും അറിയേണ്ടതറിയാതെയും ഇരിക്കയാല്‍, ഞാന്‍ ഉപമകളായി സംസാരിക്കുന്നു.”
അന്നുതന്നെ സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മറ്റൊരുപമ യേശു അവര്‍ക്ക് പറഞ്ഞുകൊടുത്തു.
സ്വര്‍ഗ്ഗരാജ്യം ഒരു മനുഷ്യന്‍ നല്ല വിത്തുവിതച്ചതിന് തുല്യമാണ്. മനുഷ്യന്‍ ഉറങ്ങുമ്പോള്‍ അവന്റെ ശത്രു വന്ന് ഗോതമ്പിന്റെ ഇടയില്‍ കളവിതച്ചിട്ട് പൊയ്ക്കളഞ്ഞു. ഞാറു വളര്‍ന്ന് കതിരായപ്പോള്‍ കളയും വളര്‍ന്നു. വീട്ടുടമസ്ഥന്റെ ജോലിക്കാരന്‍ അയാളുടെ അടുത്തുചെന്ന്:
“യജമാനനെ വയലില്‍ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു?” എന്നു ചോദിച്ചു.
“ഇത് ശത്രു ചെയ്തതാണ്?” യജമാനന്‍ പറഞ്ഞു.
“ഞങ്ങള്‍ ചെന്നത് പറിച്ചുകളയട്ടോ?”വേലക്കാരന്‍ അസ്വസ്ഥനായി ചോദിച്ചു.
“വേണ്ട, കള പറിക്കുമ്പോള് ഗോതമ്പും കൂടെ പിഴുതുപോകും. രണ്ടും വളരട്ടെ. കൊയ്ത്തുകാലം വരുമ്പോള്‍ കൊയ്യുന്നവരോട് ആദ്യം കളപറിച്ച് ചുട്ടുകളയാനും, ഗോതമ്പ് വേറെ കെട്ടാക്കി കളപ്പുരയില്‍ വെക്കാനും ഞാന്‍ ഏര്‍പ്പാടു ചെയ്യാം.” എന്നും യജമാനന്‍ ഉത്തരവായി.
ജേക്കബ്ബ് വീണ്ടും ഉപയുടെ അര്‍ത്ഥം വിശദമാക്കണമെന്നാവശ്യപ്പെട്ടു: യേശു തുടര്‍ന്നു:- “നല്ല വിത്ത് വിതയ്ക്കുന്നവന്‍ മനുഷ്യപുത്രന്‍. വയല്‍ ലോകം, നല്ല വിത്ത് രാജ്യത്തെ ജനങ്ങള്‍, കള ദുഷ്ടന്റെ പുത്രന്മാര്‍. അത് വിതച്ച ശത്രു സാത്താന്‍. കൊയ്യുന്നവന്‍ ദൂതന്മാര്‍. കളകൂട്ടി തീയിലിട്ടു ചുടുംപോലെ ലോകാവസാനത്തില്‍ സംഭവിക്കും.”
ജേക്കബ്ബിനും മറ്റുള്ളവര്‍ക്കും ഉപമ നന്നേ പിടിച്ചു. അതുപോലെ യേശു സ്വര്‍ഗ്ഗരാജ്യത്തെ കടുകുമണിയോട് ഒരിക്കല്‍ ഉപമിച്ചു “കടകുമണി ഒരു മനുഷ്യന്‍ എടുത്തു വയലിലിട്ടു. അത് എല്ലാ വിത്തിലും ചെറുതെങ്കിലും വളര്‍ന്ന് അതിന്റെ ഉയരമുള്ള ശാഖകളില്‍ താമസിക്കാന്‍ തക്ക വൃക്ഷമായി.”
സാധാരണ ജനങ്ങള്‍ ഇതുകേട്ട് അത്ഭുതപ്പെട്ടു. യേശുവിന് ഈ ജ്ഞാനം എവിടുന്നു കിട്ടിയെന്നവര്‍ വിസ്മയിച്ചു.
യേശുവിന്റെ ശിഷ്യന്മാര്‍ കൂട്ടമായും അല്ലാതെയും ആതുരസേവ നടത്തിവന്നു. ജനങ്ങളുമായി ഇടപഴകാനും, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും ഇത് അവര്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തു. യേശു കല്‍പ്പിച്ചതുപോലെ അവരെ സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കാനും കഴിഞ്ഞു.
യേശു സംശയിച്ചതുപോലെ മതപുരോഹിതന്മാരുടെ കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങി ആന്റിപസ് അദ്ദേഹത്തെ തടവിലാക്കാനുള്ള പദ്ധതിക്ക് ആക്കം കൂട്ടി. ഇതറിഞ്ഞ് യേശു നസറത്തിലേക്കുപോയി കുടുംബത്തോടൊപ്പം രണ്ടുദിവസം താമസിക്കാന്‍ നിശ്ചയിച്ചു. സംഘത്തില്‍ നിന്ന് അദ്ദേഹത്തെ അനുഗമിക്കാന്‍ എന്നെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. ഞാനതൊരു വലിയ കാര്യമായി കരുതി.
നസറത്തിലേക്ക് പോകുന്നതിനുമുമ്പ് യേശു തന്റെ പന്ത്രണ്ട് ശിഷ്യരെയും അടുത്ത് വിളിച്ച്, അശുദ്ധാത്മാക്കളെ പുറത്താക്കാനും സകലവിധ ദീനവും വ്യാധിയും ഭേദമാക്കാനും അവര്‍ക്കധികാരം കൊടുത്തു. അപ്പോള്‍ അദ്ദേഹം കൊടുത്ത ഉപദേശത്തിന്റെ ചുരുക്കമിതായിരുന്നു. “നിങ്ങള്‍ ഇസ്രയേലിലെ സാധാരണ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ചെല്ലുക. പോകുമ്പോള്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് ഘോഷിക്കണം. രോഗികളെ സൗഖ്യമാക്കുക, മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക, ഭൂതങ്ങളെ പുറത്താക്കുക, സൗജന്യമായി നിങ്ങള്‍ക്ക് ലഭിച്ചത് സൗജന്യമായി കൊടുക്കുക, ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും, നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍ ആ പട്ടണം വിട്ടുപോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക”.
നസറത്തിലേക്കുള്ള യാത്ര എപ്പോഴും ശ്രമകരമാണ്. കുന്നുകള്‍ കയറിയും ഇറങ്ങിയും നടക്കണം. നടപ്പാത ചിലയിടത്ത് കുണ്ടും കുഴിയുമുള്ളതാണ്. സൂക്ഷിച്ച് മാത്രമേ മുമ്പോട്ടു പോകാവൂ.
അമ്മ മറിയവും സഹോദരന്മാരും ഞങ്ങളെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ജയിംസിന്റെ ആശങ്കയും ഭീതിയും അയാള്‍ ഒട്ടും മറച്ചുവെച്ചില്ല. കുടുംബത്തിന്റെ തൊഴില്‍ ആരു നടത്തിക്കൊണ്ടു പോകും? പള്ളികളില്‍ സുവിശേഷം പ്രസംഗിച്ച് യഹൂദ മതപുരോഹിതന്മാരുടെ ശത്രുത എന്തിന് സമ്പാദിക്കുന്നു? നാട്ടുകാരുടെ ഇടയില്‍ അവര്‍ക്കെങ്ങിനെ തലയുര്‍ത്തി നടക്കാനാവും? ഇങ്ങനെ പല ചോദ്യങ്ങളും ജയിംസ് ഉയര്‍ത്തി.
അമ്മ കരുണ വഴിയുന്ന മുഖത്ത് ചെറിയ പുഞ്ചിരി ചാര്‍ത്തി യേശുവിന്റെ അടുത്തിരുന്നതേയുള്ളൂ. അവരുടെ സ്‌നേഹവായ്പ് അപ്പോഴും ദൃശ്യമായിരുന്നു.
ഞാന്‍ ദൈവത്തിന്റെ വിളികേള്‍ക്കുന്നു. ഇനിയും അതായിരിക്കുമെന്റെ ജീവിതലക്ഷ്യം” ശാന്തനായിട്ടാണ് യേശു പറഞ്ഞത്.
അദ്ദേഹം തുടര്‍ന്നു:-”അമ്മയും സഹോദരങ്ങളും എന്നോടു ചേര്‍ന്ന് ആതുരസേവ ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്.”
“യേശുവേ, നിന്റെ കാര്യങ്ങള്‍ നീ തന്നെ തീരുമാനിക്ക്. ഇപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനാണെനിക്കിഷ്ടം” ജയിംസ് എന്തോ മനസ്സില്‍ ഉറപ്പിച്ചമട്ടില്‍ പറഞ്ഞു.
അവര്‍ തമ്മിലുള്ള സംഭാഷണം അപൂര്‍ണ്ണമായിരുന്നു. ഈശ്വര കല്‍പ്പന അവരെ മനസ്സിലാക്കാന്‍ യേശു വേണ്ടത്ര ശ്രമിച്ചില്ല എന്നൊരു തോന്നല്‍ എന്നിലവേശേഷിച്ചു.
യേശുവും ഒരു മനുഷ്യനാണല്ലോ!
Novel Link
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-13
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക