Image

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കണം: ജയലളിത

Published on 05 December, 2011
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കണം: ജയലളിത

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സി (സി.ഐ.എസ്.എഫ്.) ന് കൈമാറണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. കേരളത്തിന്റ ഭാഗത്ത് നിന്നും അണക്കെട്ടിന് സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഞായറാഴ്ച അയച്ച കത്തിലാണ് ഡാമിന്റെ സംരക്ഷണത്തിന് അടിയന്തരമായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ജയലളിത ആവശ്യപ്പെട്ടത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു നേരെയും തമിഴ്‌നാട് ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെയും കേരളത്തില്‍ രണ്ടുദിവസമായി നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് ജയ കത്തില്‍ വ്യക്തമാക്കി.

അക്രമാസക്തരായ ജനക്കൂട്ടം ശനിയാഴ്ച അണക്കെട്ടിന് സമീപം പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും കെട്ടിടത്തിന് കേടുവരുത്തുകയും ചെയ്തു. അണക്കെട്ടിന് ക്ഷതമേല്‍പ്പിച്ച് വെള്ളം തുറന്നുവിടാനുള്ള ഉദ്ദേശ്യത്തോടെ വലിയൊരു ജനക്കൂട്ടം ജെ.സി.ബി. ഉള്‍പ്പടെയുള്ള യന്ത്രസന്നാഹങ്ങളുമായി വള്ളിക്കടവില്‍ നിന്നും മുല്ലപ്പെരിയാറിലേക്ക് പ്രകടനം നടത്തുകയുണ്ടായി. ഇങ്ങനെ അണക്കെട്ടിന്റ സുരക്ഷ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുംവിധം കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിരന്തരമായ പ്രചാരണമാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെ പ്രേരണ- ജയലളിത കുറ്റപ്പെടുത്തി.

കാലപ്പഴക്കം കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടിന് യാതൊരു ബലക്ഷയവും സംഭവിച്ചിട്ടില്ലെന്നും ഡാം പൂര്‍ണസുരക്ഷിതമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇതൊന്നും പരിഗണിക്കാതെ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് കേരളം ഉയര്‍ത്തുന്ന ഭീതി അടിസ്ഥാന രഹിതമാണ്. അണക്കെട്ടിന് അപായം സംഭവിച്ചാല്‍ അതുവഴി പുറന്തള്ളപ്പെടുന്ന വെള്ളം പൂര്‍ണമായും ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുക്കള്‍ക്ക് ഉണ്ടെന്നാണ് എ.ജി. വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ നിലപാടിനെ കേരള അഡ്വക്കേറ്റ് ജനറല്‍ പോലും ഹൈക്കോടതി മുമ്പാകെ ശരിവെച്ചിരിക്കെ അനാവശ്യ ഭീതി വിതയ്ക്കുന്ന രീതിയിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണം കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക