Image

സാഹിത്യകാരന്‍ കെ. തായാട്ട്‌ അന്തരിച്ചു

Published on 05 December, 2011
സാഹിത്യകാരന്‍ കെ. തായാട്ട്‌ അന്തരിച്ചു
കണ്ണൂര്‍: സാഹിത്യകാരന്‍ കെ.തായാട്ട്‌ (കുഞ്ഞനന്തന്‍-84) അന്തരിച്ചു. നാടകനടന്‍, നാടകകൃത്ത്‌, ബാലസാഹിത്യകാരന്‍ എന്നീനിലകളില്‍ പ്രശസ്‌തനായിരുന്നു. 1975ല്‍ അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും 1976ല്‍ ദേശീയ അവാര്‍ഡും ലഭിച്ചു. 1982ല്‍ പാനൂര്‍ യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കേ സര്‍വീസില്‍നിന്ന്‌ വിരമിച്ചു.

1927 ഫിബ്രവരി 17ന്‌ പാനൂരിനടുത്ത പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്‌മിയമ്മയുടെയും മകനായി ജനിച്ചു. കുന്നുമ്മല്‍ ഹയര്‍ എലിമെന്‍ററി സ്‌കൂള്‍, ബി.ഇ.എം.പി. ഹൈസ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ കതിരൂര്‍, ഗവ. ബ്രണ്ണന്‍ കോളേജ്‌ (ഇന്‍റര്‍മീഡിയറ്റ്‌) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

പിന്നീട്‌ ടാക്കീസിലെ ടിക്കറ്റ്‌ വില്‌പനക്കാരനായും സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ ഗുമസ്‌തനായും മിലിട്ടറി ക്യാമ്പില്‍ നോണ്‍ ഓപ്പറേറ്ററായും മദിരാശി ജനറല്‍ ആസ്‌പത്രിയില്‍ ഗുമസ്‌തനായും ചുരുങ്ങിയകാലം ജോലി ചെയ്‌തു. കോഴിക്കോട്‌ റേഡിയോ സ്‌റ്റേഷനിലും ജോലി ചെയ്‌തിട്ടുണ്ട്‌.

1952ല്‍ പാനൂര്‍ യു.പി. സ്‌കൂളില്‍ അധ്യാപകനായി ചേരുന്നതിനുമുമ്പ്‌ കോഴിക്കോട്‌ പുതിയറയിലെ പുന്നശ്ശേരി യു.പി. സ്‌കൂളിലും ചൊക്ലി ലക്ഷ്‌മീവിലാസം എല്‍.പി. സ്‌കൂളിലും ഏതാനുംമാസങ്ങള്‍ ജോലി ചെയ്‌തിരുന്നു. 1951ല്‍ പ്രസിദ്ധീകരിച്ച 'പുത്തന്‍കനി' ആണ്‌ ആദ്യ കഥാസമാഹാരം. 1953ലാണ്‌ ആദ്യ കവിതാസമാഹാരമായ 'പാല്‍പ്പതകള്‍' പ്രസിദ്ധീകരിച്ചത്‌. റേഡിയോ നാടകങ്ങള്‍ക്ക്‌ ശബ്ദംനല്‌കുകയും ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക