Image

350 മലയാളി നഴ്‌സുമാര്‍ കുവൈറ്റില്‍ തടങ്കലില്‍

Published on 12 September, 2014
350 മലയാളി നഴ്‌സുമാര്‍ കുവൈറ്റില്‍ തടങ്കലില്‍
ഏറ്റുമാനൂര്‍: കുവൈറ്റ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിവഴി ജോലിക്കെത്തിയ മുന്നൂറ്റമ്പതോളം മലയാളി നഴ്‌സുമാര്‍ കുവൈറ്റില്‍ തടങ്കലില്‍. ഒരുമാസത്തോളമായി ശരിയായി ആഹാരംപോലും ലഭിക്കാത്ത നഴ്‌സുമാര്‍ക്ക് ഫോണ്‍ വിളിക്കാനും അനുമതിയില്ല. റിക്രൂട്ടിംഗ് കമ്പനിയുടെ ഗസ്റ്റ്ഹൗസില്‍ കഴിയുന്ന നഴ്‌സുമാരില്‍ ചിലര്‍ ബുധനാഴ്ച രാത്രി രഹസ്യമായി വീടുകളിലേക്കു വിളിച്ചപ്പോഴാണ് വിവരം കുടുംബാംഗങ്ങള്‍ അറിയുന്നത്. ഇതിനിടെ തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് നഴ്‌സുമാരിലൊരാളുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മുന്നൂറ്റമ്പതോളം നഴ്‌സുമാരില്‍ ഇരുന്നൂറോളം പേരും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ്. ഏറ്റുമാനൂരിന്റെ സമീപപ്രദേശങ്ങളിലുള്ള പത്തോളം പേരുമുണ്ട്. കടുത്തുരുത്തി, പാലാ, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി നിയോജകമണ്ഡലങ്ങളില്‍പ്പെടുന്നവരാണ് പെണ്‍കുട്ടികളിലേറെയും.

പുതുപ്പള്ളി സ്വദേശിയായ ഒരു ഏജന്റുവഴി സൗദിഅറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയാണ് കഴിഞ്ഞ മാര്‍ച്ച് ഏഴിന് പെണ്‍കുട്ടികളെ കുവൈറ്റില്‍ എത്തിച്ചത്. നാലുമുതല്‍ ഏഴുലക്ഷം രൂപവരെ പെണ്‍കുട്ടികള്‍ ഏജന്‍സിക്കു നല്‍കി. കുവൈറ്റിലെ സ്‌കൂളുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളിലും ആശുപത്രികളിലുമായിരുന്നു ഇവര്‍ക്കു ജോലി.

രണ്ടുമാസം മുമ്പ് അവധിക്കു നാട്ടിലെത്തിയ നഴ്‌സുമാരോടു കഴിഞ്ഞ മുപ്പതിന് തിരികെ ജോലിയില്‍ പ്രവേശിക്കാവുന്നവിധം മടങ്ങിയെത്താന്‍ കമ്പനി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. മടങ്ങിയെത്തിയ നഴ്‌സുമാരെ കമ്പനി അധികൃതര്‍ ഗസ്റ്റ്ഹൗസിലാക്കുകയും ജോലിക്കു വിടാതിരിക്കുകയും ചെയ്യുകയായിരുന്നു.

കമ്പനിയെ കുവൈറ്റ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ വിവരം സാവകാശമാണ് നഴ്‌സുമാര്‍ അറിഞ്ഞത്. ശമ്പളത്തിന്റെ എഴുപതു ശതമാനമെങ്കിലും നഴ്‌സുമാര്‍ക്ക് നല്‍കിയിരിക്കണമെന്ന സര്‍ക്കാര്‍ ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഒരുവര്‍ഷംമുമ്പ് ഒരുവിഭാഗം മലയാളി നഴ്‌സുമാര്‍ പണിമുടക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തിയതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ശമ്പളത്തിന്റെ മുപ്പതുശതമാനം മാത്രമാണ് തങ്ങള്‍ക്കു നല്‍കിയിരുന്നതെന്ന് നഴ്‌സുമാര്‍ പറയുന്നു.

റിലീസിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കി തങ്ങളെ മോചിപ്പിക്കണമെന്നും തങ്ങള്‍ വീട്ടുജോലിക്കുവരെ തയാറാണെന്നും കേണുപറഞ്ഞിട്ടും കമ്പനി അധികൃതര്‍ വഴങ്ങുന്നില്ല. റിലീസിംഗ് സര്‍ട്ടിഫിക്കറ്റിന് മൂന്നുലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ബ്ലേഡില്‍നിന്നുവരെ കടം വാങ്ങി ലക്ഷങ്ങള്‍ നല്‍കി കുവൈറ്റിലെത്തിയ നഴ്‌സുമാര്‍ക്ക് ഈ തുകകൂടി നല്‍കാനാവില്ല. കേരളസര്‍ക്കാരും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും അടിയന്തരമായി ഇടപെടാതെ ഇവരുടെ മോചനം സാധ്യമാകില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക