Image

ദുരന്തങ്ങള്‍ക്കു നടുവില്‍ ഏകയായി; കാശ്‌മീരില്‍ നിന്ന്‌ രക്ഷപെട്ട നടി അപൂര്‍വ്വ ബോസ്‌ മനസുതുറക്കുന്നു

Published on 11 September, 2014
ദുരന്തങ്ങള്‍ക്കു നടുവില്‍ ഏകയായി; കാശ്‌മീരില്‍ നിന്ന്‌ രക്ഷപെട്ട നടി അപൂര്‍വ്വ ബോസ്‌ മനസുതുറക്കുന്നു
കൊച്ചി: കാശ്‌മീരിലെ ദുരന്തഭൂമിയില്‍ നിന്ന്‌ രക്ഷപെട്ട്‌ നാട്ടിലെത്തിയ നടി അപൂര്‍വ്വ ബോസ്‌ ദുരന്ത അനുഭവങ്ങളിലേക്ക്‌ മനസുതുറക്കുന്നു. താമസിച്ചിരുന്ന ഹോംസ്‌റ്റേയില്‍ ഉറക്കത്തിനിടെ ബഹളം കേട്ടുണര്‍ന്നപ്പോള്‍ ഹോം സ്റ്റേ ഉടമയായാ സ്‌ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു. സ്‌ത്രീ ഉറക്കെ പറഞ്ഞു. കാശ്‌മീരില്‍ പ്രളയമാണ്‌. ജീവന്‍ വേണമെങ്കില്‍ ഇവിടെ നിന്നും ഉടന്‍ മാറണം.

കുറച്ചപ്പുറത്തെ അഞ്ചുനില ഹോട്ടലിലേക്കാണ്‌ ഞങ്ങളെ മാറ്റിയത്‌. രാവിലെ ആയപ്പോഴേക്കും മഴ ശക്തമായി. ഹോട്ടലിന്റെ താഴത്തെ നിലയിലായിരുന്നു ഞങ്ങള്‍. ഒന്നാം നിലയും രണ്ടാം നിലയും ക്രമേണ വെള്ളത്തില്‍ മുങ്ങി. എല്ലാവരും ഹോട്ടലിന്റെ മുകളിലേക്ക്‌ ജീവനും കൊണ്ട്‌ ഓടി.

ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്ന്‌ ചുറ്റും നോക്കി. എല്ലായിടത്തും ചുവന്നുകലങ്ങിയ മഴവെള്ളം. കഴിഞ്ഞ രാത്രി കിടന്നുറങ്ങിയ ഹോംസ്‌റ്റേ അടിയോടെ മഴയെടുത്തിരുന്നു. ഉള്ളൊന്നാളി. വീടുകളും ടെന്റുകളും വെള്ളത്തില്‍ മുങ്ങിപ്പോയതിന്റെ അടയാളമായി മേല്‍ക്കൂരകള്‍ ഒഴുകി നടക്കുന്നു. ഞങ്ങള്‍ നില്‍ക്കുന്ന ഹോട്ടലില്‍ ഇരുന്നൂറോളം ആളുകളുണ്ട്‌. മൂന്നും ആറും മാസങ്ങള്‍ മാത്രം പ്രായമുള്ള നിരവധി കുട്ടികളും പ്രായമായവരും സ്‌ത്രീകളും കൂട്ടത്തിലുണ്ട്‌.

അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത പേമാരിയെ നേരിടാന്‍ യാതൊരു തയ്യാറെടുപ്പുമില്ലാതെ ശ്രീനഗര്‍ നഗരം വിറങ്ങലിച്ചു. നാട്ടുകാരും സഞ്ചാരികളും ഒരുപോലെ നിസഹായര്‍. എതുനിമിഷവും മഴയില്‍ മുങ്ങി മരിക്കാന്‍ കാത്തിരിക്കുന്നവര്‍. സഹിക്കാന്‍ വയ്യാത്ത വിശപ്പ്‌. ബാഗിലുണ്ടായിരുന്ന കുപ്പിവെള്ളം തീര്‍ന്നു. കുളിമുറിയിലെ പൈപ്പില്‍ നിന്നിറ്റുവീഴുന്ന വെള്ളം കുപ്പിയില്‍ നിറച്ചു. ദാഹിക്കുന്നവര്‍ ഒരിറ്റ്‌ വീഴ്‌ത്തി തൊണ്ട നനച്ചു. കുട്ടികളും വൃദ്ധരും വാടിക്കുഴയാന്‍ തുടങ്ങി. ബിസ്‌ക്കറ്റും പാല്‍പ്പൊടിയുമാണ്‌ ഭക്ഷണമെന്ന്‌ പറയാനുള്ളത്‌.

നിസഹായതയുടെ മനംമടുപ്പിനെ ആട്ടിയോടിക്കാന്‍ ഞങ്ങള്‍ തമാശകള്‍ പറഞ്ഞു. ചീട്ട്‌ കളിച്ചു. മരിക്കുമെന്ന ആശങ്കയൊന്നും എനിക്കില്ലായിരുന്നു. കൂടെയുള്ളവരെ ആശ്വസിപ്പിച്ച്‌ ഉഷാറാക്കാനായിരുന്നു എന്റെ ശ്രമം.

സൈന്യത്തിന്റെയോ രക്ഷാപ്രവര്‍ത്തകരുടെയോ ഫുഡ്‌പാക്കറ്റുകള്‍ ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ല. പട്ടിണിയും പ്രാര്‍ത്ഥനയും നിറഞ്ഞ മൂന്നു ദിവസത്തിനു ശേഷമാണ്‌ ഞങ്ങളെ തേടി ഹെലികോപ്‌ടര്‍ വന്നത്‌. ദുരന്തങ്ങള്‍ക്കൊടുവില്‍ എട്ടാം തീയതി ഹെലികോപ്‌ടറില്‍ ഛണ്ഡിഗഢില്‍ എത്തിച്ചു. അവിടെ നിന്നും ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍. ഇന്നലെ വൈകിട്ട്‌ നാലരയോടെ എയര്‍ ഇന്ത്യാ വിമാനത്താവളത്തില്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങി.
ദുരന്തങ്ങള്‍ക്കു നടുവില്‍ ഏകയായി; കാശ്‌മീരില്‍ നിന്ന്‌ രക്ഷപെട്ട നടി അപൂര്‍വ്വ ബോസ്‌ മനസുതുറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക