Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-3: സാം നിലമ്പള്ളില്‍)

Published on 09 September, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-3: സാം നിലമ്പള്ളില്‍)
അദ്ധ്യായം മൂന്ന്‌

സ്റ്റെഫാനും ജൊസേക്കും അടുത്ത കൂട്ടുകാരാണ്‌, സമപ്രായക്കാര്‍. ആയുധനിര്‍മാണ ഫാക്‌ട്ടറിയില്‍ ജോലികിട്ടിയ നാള്‍മുതല്‍ തുടങ്ങിയ കൂട്ടുകെട്ടാണ്‌. സ്റ്റെഫാന്റെ ഭാര്യ സാറ, അവര്‍ക്ക്‌ മൂന്ന്‌ കുട്ടികള്‍.

കൂട്ടുകാരന്‍ വിദഗ്‌ധത്തൊഴിലാളിയാണെങ്കിലും ബുദ്ധി അല്‍പം കുറവാണെന്നാണ്‌ ജൊസേക്കിന്റെ അഭിപ്രായം. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല. വല്ലവരും പറഞ്ഞുവേണം അറിയാന്‍.

ഹിറ്റലറും നാസികളും എത്രമാത്രം മൂടിവെയ്‌ക്കാന്‍ ശ്രമിച്ചാലും എന്തൊക്കെയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ കുറെയൊക്കെ ഊഹിച്ചെടുക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക്‌ സാധിക്കും. ഉദാഹരണത്തിന്‌ നാസികള്‍ പോളണ്ടില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ജര്‍മന്‍ യഹൂദരെ അങ്ങോട്ട്‌ മാറ്റിക്കൊണ്ടിരിക്കയാണെന്നും ജൊസേക്ക്‌ മനസിലാക്കിയിട്ടുണ്ട്‌.

സെന്‍സര്‍ഷിപ്പ്‌ ഉള്ളതുകൊണ്ട്‌ വാര്‍ത്ത പത്രങ്ങളിലൊന്നും വരാറില്ല. പക്ഷേ, ചിലരുടെ സംസാരങ്ങളില്‍നിന്ന്‌ അല്‍പമൊക്കെ ഊഹിച്ചെടുക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക്‌ സാധിക്കും. ചുറ്റുപാടും നടക്കുന്നത്‌ കാണാതെയും കേള്‍ക്കാതെയും നടക്കുന്ന സ്റ്റെഫാനെപ്പോലെയുള്ളവര്‍ കൊലക്കയര്‍ കഴുത്തില്‍ വീണുകഴിയുമ്പോളായിരിക്കും സത്യം മനസിലാക്കുന്നത്‌.

പോളണ്ടിലേക്ക്‌ പോകുന്ന ട്രെയിനുകളില്‍ നിറയെ യഹൂദരാണ്‌. അവര്‍ വിനോദയാത്രക്ക്‌ പോവുകയല്ലെന്ന്‌ ജൊസേക്കിനെപ്പോലുളളവര്‍ക്ക്‌ അറിയാം. വിനോദയാത്രക്കായിരുന്നെങ്കില്‍ തോക്കുധാരികളായ പോലീസുകാരുടേയും പട്ടാളക്കാരുടേയും അകമ്പടി ആവശ്യമില്ലല്ലോ.

ഗ്രാമങ്ങളില്‍നിന്നും ചെറിയ പട്ടണങ്ങളില്‍നിന്നും പിടികൂടിയവരെയാണ്‌ ആദ്യം നാടുകടത്തുന്നത്‌. അതുകഴിയമ്പോള്‍ വലിയപട്ടണങ്ങളായ ബെര്‍ലിനിലേക്കും ബോണിലേക്കും കൈവെയ്‌ക്കാം. കഴിവതും ലോകം അറിയാതെ കൃത്യം നിര്‍വഹിക്കാനാണ്‌ ഹിറ്റ്‌ലറുടെ ഉദ്ദേശം. ഇപ്പോള്‍തന്നെ ഫ്രാന്‍സിലും ഇംഗ്‌ളണ്ടിലും ഒക്കെ പ്രതിക്ഷേധം കേട്ടുതുടങ്ങിയിട്ടുണ്ട്‌. ഭാവിയില്‍ അവരെക്കൂടി കീഴ്‌പ്പെടുത്തിക്കഴിഞ്ഞാല്‍ പ്രതിക്ഷേധക്കാരുടെ വായടപ്പിക്കാനാകുമെന്ന്‌ ഹിറ്റ്‌ലര്‍ക്ക്‌
നിശ്ചയമുണ്ട്‌. അതിനുള്ള തയ്യാറെടുപ്പുകളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. പിന്നെ ഭയക്കാനുള്ളത്‌ അമേരിക്കയെയാണ്‌. അവരങ്ങ്‌ അറ്റ്‌ലാന്റിക്കിന്‌ അപ്പുറത്തായതിനാല്‍ ഉടനെയൊന്നും ചാടിക്കേറി യൂറോപ്പിലേക്ക്‌ വരാന്‍ സാധ്യതയില്ല. കിഴക്കേ സൈഡില്‍ പേടിക്കാനുള്ളത്‌ സോവ്യറ്റ്‌ യൂണിയനെയാണ്‌. അവരുമായി സമാധാന ഉടമ്പടിയുണ്ടാക്കി അടക്കിനിര്‍ത്തിയിരിക്കയാണ്‌. അടുത്തലക്ഷ്യം ഫ്രാന്‍സാണ്‌, അതുകഴിഞ്ഞുവേണം സോവ്യറ്റിനെ പിടിക്കാന്‍. ഇങ്ങനെയൊക്കെയാണ്‌ ഹിറ്റ്‌ലറുടെ കണക്കുകൂട്ടല്‍.

യുദ്ധം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നതിന്‌ മുന്‍പ്‌ ജര്‍മന്‍ ജൂതരെമൊത്തം നാടുകടത്തണം. അതിന്‌ പറ്റിയ സ്ഥലം പോളണ്ടാണ്‌. അങ്ങനെയൊരു ഉദ്ദേശത്തോടുകൂടിയാണ്‌ ആ രാജ്യത്തെ ആക്രമിച്ചത്‌. യുദ്ധത്തിന്റെമറവില്‍ ആയിരക്കണക്കിന്‌ പോളണ്ടുകാരെ കൊന്നൊടുക്കിയും ആട്ടിയോടിച്ചും അവരുടെ സ്ഥലം കയ്യടക്കിയിട്ടാണ്‌ ജര്‍മന്‍ ജൂതരെ പുനരധിവാസം എന്നപേരില്‍ കൊണ്ടുവന്നത്‌. അതിന്റെ പിന്നിലുള്ള ദുര്‍ബുദ്ധി എന്താണെന്ന്‌ വലിയൊരുവിഭാഗം ആളുകള്‍ക്കും പിടികിട്ടിയില്ല.

മുള്ളുവേലികള്‍കൊണ്ട്‌ അതിരിട്ട വലിയൊരു തടവറയാണ്‌ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്‌ .കാവലിന്‌ നൂറുകണക്കിന്‌ യുക്രേനിയന്‍ കൂലിപ്പട്ടാളവും. ആരോഗ്യമുള്ള സ്‌ത്രീപുരഷന്മാരെക്കൊണ്ട്‌ അവരവരുടെ തൊഴില്‍വൈദഗ്‌ധ്യം അനുസരിച്ച്‌ അടിമവേല ചെയ്യിച്ചു. പലപ്പോഴും ഒരുനേരത്തെ ആഹാരം മാത്രമായിരുന്നു ശമ്പളം. ജോലിചെയ്യാത്ത വൃദ്ധരേയും കുട്ടികളെയും തീറ്റിപ്പോറ്റുന്നത്‌ വലിയൊരു നഷ്‌ടമാണെന്ന്‌ മനസിലാക്കിയപ്പോളാണ്‌ ഉന്മൂലനം ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചത്‌. ഒരുലക്ഷം മനുഷ്യരെ വെടിവെച്ചുകൊല്ലാന്‍ ഒരുലക്ഷം വെടിയുണ്ടകളെങ്കിലും വേണ്ടേ? യുദ്ധത്തിനുവേണ്ടി തയ്യാറെടുക്കുന്ന സമയത്ത്‌ ഒരുലക്ഷം വെടിയുണ്ടകള്‍ നഷ്‌ടപ്പെടുത്തുന്നത്‌ മണ്ടത്തരമാണെന്ന്‌ മനസിലാക്കിയ ഹിറ്റ്‌ലര്‍ എളുപ്പവും പണച്ചിലവില്ലാത്തതുമായ വഴികള്‍ കണ്ടുപിടിക്കാന്‍ തന്റെ ശാസ്‌ത്രജ്ഞന്മാരെ ഇടപാടുചെയ്‌തു. അങ്ങനെയാണ്‌ നൂറുകണക്കിന്‌ മനുഷ്യരെ ഒറ്റയടിക്ക്‌ കൊല്ലാനുള്ള ഭആധുനികവിദ്യ? കണ്ടുപിടിച്ചത്‌. അതാണ്‌ ഗ്യാസ്‌ ചേമ്പര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്‌. സംഗതി വളരെ എളുപ്പം. നൂറോ ഇരുനൂറോപേരെ ഉള്‍ക്കൊള്ളാവുന്ന ഒറ്റവാതില്‍ മാത്രമുള്ള ബലവത്തായ ഒരു കെട്ടിടം. `സ്വര്‍ഗത്തിലേക്കുള്ള വാതില്‍' എന്നാണ്‌ ജര്‍മന്‍ പട്ടാളക്കാര്‍ അതന്‌ പേരിട്ടിരിക്കുന്നത്‌.

കുളിപ്പിനാണ്‌ അതിനകത്തേക്ക്‌ കയറ്റുന്നതെന്ന്‌ പറഞ്ഞ്‌ എല്ലാവര്‍ക്കും ഓരോകഷണംസോപ്പ്‌ കൊടുക്കും. കുളിക്കുമ്പോള്‍ വസത്രത്തിന്റെ ആവശ്യമില്ലത്തതിനാല്‍ ആണിനേം പെണ്ണിനേം എല്ലാം നഗ്നരാക്കും. ആളുകള്‍ അകത്ത്‌ കയറിക്കഴിഞ്ഞാല്‍ വാതില്‍ അടയും. താമസിയാതെ സൈക്‌ളോണ്‍-ബി (Zyklon-B) എന്ന ഒരുതരം രാസവസ്‌തു അവരുടെമേല്‍പൊഴിയും. അത്‌ വായുമായി സ്‌പര്‍ശിക്കുമ്പോള്‍ വിഷവാതകമായി മാറുന്നു. നിമിഷങ്ങള്‍ക്കകം ആദ്യം കൊച്ചുകുട്ടിളും സ്‌ത്രീകളും പിന്നീട്‌ പുരുഷന്മാരും മരിച്ചുവീഴുന്നു. ഈ വിഷവാതകം തറയില്‍നിന്ന്‌ മേല്‍പ്പോട്ട്‌ ഉയരുന്നതുകൊണ്ട്‌ കുട്ടികളാണ്‌ ആദ്യം ശ്വസിക്കുന്നത്‌. ഇങ്ങനെ അറുപതുലക്ഷം യഹൂദരെ നാസികള്‍ കൊലപ്പെടുത്തിയിട്ടുണെന്നാണ്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇവരെക്കൂടാതെ വേറെയും ലക്ഷക്കണക്കിന്‌ ജിപ്‌സികളെയും, സാമൂഹ്യ വിരുദ്ധരെയും, സ്വവര്‍ഗസംഭോഗികളെയും ഹിറ്റ്‌ലറും കൂട്ടരും വകവരുത്തി. മനുഷ്യ മനസാക്ഷിക്ക്‌ എന്നും ഒരു കളങ്കമായി `ഹോളോകോസ്റ്റ്‌' എന്ന ഈ കൂട്ടക്കൊല അവശേഷിക്കുന്നു....

(തുടരും....)

രണ്ടാം ഭാഗം വായിക്കുക...
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-3: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക