Image

ജെ ഡെ വധം: കുറ്റപത്രം സമര്‍പ്പിച്ചു

Published on 03 December, 2011
ജെ ഡെ വധം: കുറ്റപത്രം സമര്‍പ്പിച്ചു
മുംബൈ: പത്രപ്രവര്‍ത്തകനായ ജെ ഡേയെ കൊലപ്പെടുത്തിയ കേസില്‍ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അധോലോക നേതാവ് ഛോട്ടാ രാജന്‍ അടക്കം 12 പേരാണ് പ്രതികള്‍. അടുത്തിടെ അറസ്റ്റിലായ പത്രപ്രവര്‍ത്തക ജിഗ്ന വോറയുടെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല. സംഭവത്തില്‍ ഏഷ്യന്‍ ഏജിന്റെ ഡപ്യൂട്ടി ബ്യൂറോ ചീഫ് ജിഗ്ന വോറയുടെ പങ്ക് വ്യക്തമാക്കുന്ന അനുബന്ധ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

മിഡ് ഡേയുടെ ക്രൈം ലേഖകനായ ജെ ഡെ ജൂണ്‍ 11 ന് മുംബൈയ്ക്ക് സമീപമുള്ള പൊവായില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഛോട്ടാ രാജന്റെ സംഘത്തില്‍പ്പെട്ടവര്‍ ജെ ഡേയെ മോട്ടോര്‍സൈക്കിളില്‍ പിന്തുടര്‍ന്ന് വെടിവച്ചു കൊന്നു. തങ്കപ്പന്‍ ജോസഫ് എന്ന രാജേഷ് കാലിയയാണ് ജെ ഡേയെ വെടിവച്ചതെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ 11 പേര്‍ ഇതുവരെ അറസ്റ്റിലായി. രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്. 3055 പേജുള്ള കുറ്റപത്രമാണ് പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്.

ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും നേരത്തെ ജോലി ചെയ്തിരുന്ന ജെ ഡേ, മുംബൈയിലെ അറിയപ്പെടുന്ന ക്രൈം ജേര്‍ണലിസ്റ്റായിരുന്നു. പോലീസിന് വിവരം നല്‍കുന്നവരെ അധികരിച്ച് സീറോ ഡയല്‍ എന്ന പേരില്‍ അടുത്ത കാലത്ത് പുസ്തകം എഴുതിയിരുന്നു. മുംബൈ അധോലോകത്തെ വാര്‍ത്തകള്‍ എഴുതി മുംബൈയിലെ ടാബ്ലോയിഡ് വായനക്കാരുടെ ഇടയില്‍ ഏറെ പ്രശസ്തനായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക