Image

നമ്പിമഠത്തിന്റെ `പ്രൊമെത്യോസ്‌' (ജോണ്‍ മാത്യു)

Published on 07 September, 2014
നമ്പിമഠത്തിന്റെ `പ്രൊമെത്യോസ്‌' (ജോണ്‍ മാത്യു)
നമ്മുടെ ജീവിതത്തില്‍ മിത്തുകള്‍ക്ക്‌ സ്ഥാനമെന്ത്‌? ഒരു തനിമലയാള വാക്കുപോലെ `മിത്ത' എന്നുതന്നെ ഈ ലേഖനത്തിലുടനീളം ഉപയോഗിക്കുകയാണ്‌. അമ്മൂമ്മക്കഥ എന്ന്‌ എഴുതുന്നതിനേക്കാള്‍ ലാഘവത്തോടെ എഴുതാവുന്ന വാക്ക്‌ മിത്ത്‌ ആണെന്ന്‌ ഞാന്‍ കരുതുന്നു.

ഈയ്യിടെ പ്രസിദ്ധീകരിച്ച ജോസഫ്‌ നമ്പിമഠത്തിന്റെ `പ്രൊമെത്യേൂസ്‌' എന്ന കവിത നമ്മുടെ വിശ്വാസസങ്കല്‌പങ്ങള്‍ക്ക്‌ പുതിയ അര്‍ത്ഥം പകര്‍ന്നു നല്‍കുന്നു മനുഷ്യന്റെ `വിശ്വാസശാസ്‌ത്ര'ത്തിന്റെ അടിത്തട്ടുവരെ ചെന്ന്‌ പരിശോധിക്കുന്നതാണിത്‌.

ഏതാനും ആഴ്‌ചകള്‍ക്ക്‌ മുന്‍പ്‌ `നീലക്കൊടുവേലി' എന്ന ലേഖനത്തില്‍ ഞാന്‍ എഴുതി: മരണത്തിന്‌ മറുമരുന്നായ നീലക്കൊടുവേലിയുടെ നാടന്‍ സങ്കല്‌പം പ്രൊമെത്യൂസ്‌ മിത്തിനെ വെല്ലുന്നതാണെന്ന്‌. ആഫ്രിക്കയുടെ വടക്കന്‍തീരം മുതല്‍ ഉത്തരേന്ത്യാ വരെയുള്ള വിശാലമായ ഭൂപ്രദേശത്തെ സങ്കല്‌പങ്ങളാണല്ലോ പിന്നീട്‌ ദൈവവിശ്വാസങ്ങളായും മതങ്ങളായും അതാത്‌ നാടുകളിലെ രീതികള്‍ക്കനുയോജ്യമായി ഉരുത്തിരിഞ്ഞുവന്നത്‌.

ഇവിടെ ഒരു വിശ്വാസത്തെയും യുക്തിപൂര്‍വ്വമോ അല്ലാതെയോ തള്ളിപ്പറയുകയല്ല. പകരം, ആ വിശ്വാസങ്ങളുടെ തുടക്കത്തിലെ മനുഷ്യമനസിലേക്കൊരു യാത്രയാണ്‌ ലക്ഷ്യമിടുന്നത്‌... ഇത്‌ മതസ്ഥാപനങ്ങള്‍ക്കെതിരായ യുദ്ധമല്ല, ഒരു തീര്‍ത്ഥയാത്രയാണ്‌!

ചില ദിവസങ്ങള്‍ക്കു മുന്‍പ്‌ ഉള്‍നാടന്‍ വഴിയിലൂടെ ചങ്ങാശേരിക്ക്‌ പോകുകയായിരുന്നു. കാറില്‍ എന്റെയൊപ്പമുണ്ടായിരുന്ന സ്വസഹോദരന്‍ പറഞ്ഞു: `ഇതാണ്‌ നമ്മുടെ ഉമിക്കുന്നുമല...' ഞാന്‍ അത്ഭുതം കൂറി. ദൂരെനിന്ന്‌ കണ്ടിട്ടുള്ള ഉമിക്കുന്നുമല ഇപ്പോഴാണ്‌ തൊട്ടടുത്ത്‌ കാണുന്നത്‌.

ഞങ്ങളുടെ മലപ്പള്ളിയിലെ ചെങ്കല്‍ക്കുന്നില്‍നിന്ന്‌ കിഴക്കോട്ട്‌ നോക്കിയാല്‍ സഹ്യപര്‍വ്വതനിരകളാണ്‌. കേരളഭൂമിശാസ്‌ത്രത്തിലെ അവിഭാജ്യഘടകം! തുലാവര്‍ഷമേഘങ്ങള്‍ ഉരുണ്ടുകയറുമ്പോള്‍ ഭയാനകമായ മിന്നല്‍പ്പിണരുകളുടെ ആവാസകേന്ദ്രമായ മലനിരകള്‍! എന്നാല്‍ ഉമിക്കുന്നുമല, അത്‌ പടിഞ്ഞാറ്‌ നേര്‍മ്മയുള്ള മേഘപടലങ്ങളില്‍ ആവൃതമായ ഒരു മൊട്ടക്കുന്ന്‌, മല്ലപ്പള്ളിക്കും ചങ്ങനാശേരിക്കും ഇടയില്‍. പാണ്‌ഡവന്മാര്‍ തങ്ങളുടെ അജ്ഞാതവാസനാളുകളില്‍ ഇവിടെ ദീര്‍ഘകാലം താമസിച്ചിരുന്നുവത്രേ. അന്ന്‌ അവര്‍ നെല്ലുകുത്തി ശേഷിപ്പിച്ച ഉമി കൂട്ടിയിട്ടതാണത്രേ ഉമിക്കുന്നുമല. നെല്ല്‌ വേണമെങ്കില്‍ അത്‌ കൃഷിചെയ്യണമല്ലോ, അതിനാണ്‌ അധികം ദൂരത്തല്ലാത്ത കുട്ടനാടന്‍ പുഞ്ചപ്പാടങ്ങള്‍. ഇനിയും അവര്‍ ഒരു പിക്ക്‌നിക്കും സംഘടിപ്പിച്ചുവെന്ന്‌ കരുതുക. ആ നല്ല ദിവസത്തിന്റെ ഓര്‍മ്മക്കായി പാണ്‌ഡവന്മാര്‍ ഇലവുതൈകള്‍ നട്ടുവത്രേ. അതാണ്‌ സമീപപ്രദേശത്തുതന്നെയുണ്ടായിരുന്ന `അഞ്ചിലവ്‌' എന്ന സ്ഥലം.

യുക്തിയുക്തമായ അമ്മൂമ്മക്കഥകള്‍!

തിരുവനന്തപുരത്തേക്കുള്ള വഴിയില്‍ ചടയമംഗലം പാറക്കെട്ടുകള്‍ കാണുമ്പോള്‍ ജഡായുവിന്റെ ചിറകറുത്തു വീഴ്‌ത്തിയ യുദ്ധമല്ലേ ഓര്‍മ്മവരിക. അക്കാലത്തെ ഒരു ആകാശയുദ്ധം!

ഈ മിത്തുകള്‍ നമുക്ക്‌ സ്വന്തം. ഈ ഗൃഹാതുരതയൊന്നും എഴുതിക്കൂടെന്നാണ്‌ ചിലരുടെ കല്‌പനതന്നെ. അതവിടെ നില്‌ക്കട്ടെ.

നമ്മുടെ അമ്മൂമ്മക്കഥകള്‍ നമ്മില്‍ത്തന്നെ ഒതുങ്ങി നില്‌ക്കുന്നു. ഇത്‌ ആസ്വദിക്കുന്ന മറ്റൊരു തലമുറ ഭാവിയില്‍ നമുക്കുണ്ടായിരിക്കില്ല. ഇത്‌ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ ജോസഫ്‌ കാംമ്പല്‍ പോലെ മിത്തുകളുടെ ഒരു ചക്രവര്‍ത്തിയും നമുക്കില്ല.

പറഞ്ഞുപറഞ്ഞ്‌ ഞാന്‍ കാടുകയറിയെന്ന്‌ തോന്നുന്നു. നമ്പിമഠത്തിന്റെ പ്രൊമെത്യൂസിലേക്ക്‌ മടങ്ങിവരാം.

എം.പി. പോള്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവര്‍ക്ക്‌ വഴക്കുണ്ടായിരുന്നത്‌ പള്ളിയുടെ ഭരണക്രമത്തോടായിരുന്നു. പുരോഹിതവര്‍ഗ്ഗത്തെയും ഭരണാധികാരികളെയും നേര്‍വഴിക്കുകൊണ്ടുവരണമെന്നേ അവര്‍ ആഗ്രഹിച്ചിരുന്നുള്ളൂ. കമ്മ്യൂണിസത്തിനാണെങ്കില്‍ ദൈവത്തിനു പകരം `സമൂഹത്തെയും' ആധുനികതയെന്ന പ്രസ്ഥാനത്തിനാണെങ്കില്‍ ദൈവത്തിനു പകരം `താനെന്ന' ദൈവത്തെയും പ്രതിഷ്‌ഠിക്കണമെന്നേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ നമ്പിമഠത്തിന്റെ പ്രൊമെത്യൂസ്‌ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക്‌ അപരിചിതനല്ല, ഒരു പുതുമയുമല്ല.

നമ്മെപ്പോലുള്ള സാധാരണക്കാര്‍ `പ്രൊമെത്യൂസ്‌ സങ്കല്‌പത്തിലൂടെ' മനുഷ്യമനസിലേക്ക്‌ ഒന്ന്‌ എത്തിനോക്കുന്നതിനു മാത്രമേ വിലക്കുള്ളൂ. എല്ലാ ദൈവസങ്കല്‌പങ്ങളും നമുക്ക്‌ അപ്രാപ്യമായ മലമുകളില്‍ത്തന്നെയായിരിക്കണംപോലും.

ആ വിലക്കൊന്ന്‌ നീക്കുകയാണ്‌ നമ്പിമഠം ചെയ്‌തത്‌. പ്രൊമെത്യൂസ്‌ കവിതയില്‍നിന്ന്‌ ഏതാനും വരികള്‍ ഇങ്ങനെ:

Are you Christ before christ?

Are you crucified before the crucified?

Are you the savior of mankind before the Savior?

Are you the symbol of human suffering?

ആരുടെയും വിശ്വാസങ്ങള്‍ ബലി കഴിക്കേണ്ട, അല്ലെങ്കില്‍ത്തന്നെ വിശ്വാസപ്രഖ്യാപനം `ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നാണല്ലോ, അല്ലാതെ ഞങ്ങള്‍ മനസിലാക്കുന്നു എന്നല്ല.

മനസ്സിനെ തൊട്ടുണര്‍ത്തിയ ശക്തമായ ഒരു നല്ല കവിത വായിച്ചതില്‍ സന്തോഷമുണ്ട്‌.
നമ്പിമഠത്തിന്റെ `പ്രൊമെത്യോസ്‌' (ജോണ്‍ മാത്യു)
Join WhatsApp News
vayanakaran 2014-09-07 15:44:36
ഇവിടെ നിരൂപകരില്ലെന്നെ ജോണ് മാത്യു ഒരിക്കൽ എഴുതിയതിന്റെ ഗുട്ടന്സ് ഇപ്പോൾ പിടികിട്ടി. ആ കുറവ് അദ്ദേഹം തന്നെ പരിഹരിക്കാൻ ഒരുങ്ങുന്നു. നൂറോളം നിരൂപണമെഴുതിയാലും, നിരൂപണ പുസ്തകം ഇറക്കിയാലും ജന പിന്തുണ ഇല്ലെങ്കിൽ
ഗുണമില്ല. ജോണ് മാത്യു ദീർഘദർശി ആണു. ഇവിടെ നിരൂപകരില്ലെന്നു അദ്ദേഹം എഴുതിയപ്പോൾ ജനം അദ്ദേഹത്തെ അനുമോദിച്ചു. നിരൂപകർ ഇവിടെ ഇല്ലെന്ന് ജനം പിലാഥോസിന്റെ മുന്നിലെ ആള്ക്കൂട്ടം പോലെ അലറി. ജോണ് മാത്യുവിനെ വാഴിക്കുക. വേറെ നിരൂപകാറില്ല. വന്ദനം ശ്രീ ജോണ് തങ്കൾക്കായിരിക്കും അടുത്ത ഫൊക്കാന, ഫോമ, ലാണ, വിചാരവേദി "നിരൂപ്കക അവാര്ഡ്". ഒന്നും എഴുതാതെ നിരൂപക അവാര്ഡ് വാങ്ങുന്നതിനേക്കാൾ എന്തെങ്കിലും എഴുതി വാങ്ങിക്കുന്ന താങ്കള് ശ്രേഷ്ടനാണു. ജനത്ത്തിന്റ്റ്
പിന്തുണയില്ലെങ്കിൽ ഒര്ത്ത്തനും അവൻ ഏത്
കേമനായാലും ഒന്നും നേടാൻ പോകുന്നിലെന്ന
തത്വവും താങ്കള് തെളിയിക്കാൻ പോകുന്നു. ആശംസകൾ ശ്രീ ജോണ് മാത്യു.
വിദ്യാധരൻ 2014-09-08 04:18:50
വായനക്കാരൻ വായിച്ചാൽ പോരെ നിരൂപകന്റെ ഉള്ളുകള്ളികൾ വെളിച്ചത്താക്കണോ? നിങ്ങളെ ഞാൻ നിരൂപകന്റെ നിരൂപകൻ എന്ന് വിളിക്കുന്നു. പ്രോമോത്യോസ് എന്താണെന്ന് മനസിലാകത്തതുകൊണ്ട് ജോണ്‍ മാതുവിന്റെ ലേഖനം വായിക്കാൻ തുടങ്ങി. വായിച്ചു വായിച്ചു ആഫ്രിക്ക, ചങ്ങനാശ്ശേരി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലൂടെ അദ്ദേഹം എന്നെ 'കാട് കയറ്റി' (ഇത് അദ്ദേഹത്തിൻറെ ഭാഷയാണ്‌ ). അവസാനം കറുത്തമ്മയെ തേടി അലഞ്ഞ പരീക്കുട്ടീയെപ്പൊലെ പ്രൊമോത്യോസിനെ തേടി ഞാൻ അലയുകയാണ് എന്റെ പ്രോമോത്യോസ് നീ എവിടെ?
സാക്ഷി 2014-09-08 18:45:13
ഇതങ്ങോട്ടും ഇങ്ങോട്ടുമുള്ളോരട്ജസ്റ്റ്‌മണ്ടല്ലേ വായനക്കാരാ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക