Image

കൊളുക്കമലയിലെ ഉദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി-34: ജോര്‍ജ്‌ തുമ്പയില്‍)

Published on 06 September, 2014
കൊളുക്കമലയിലെ ഉദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി-34: ജോര്‍ജ്‌ തുമ്പയില്‍)
ആദ്യം ഒരു വരപോലെയായിരുന്നു പ്രകാശം വിജൃംഭിച്ചത്‌. വളരെ പെട്ടെന്ന്‌ അതു മുകളിലേക്ക്‌ കയറി. ഒരു നിമിഷം, കുരുവിളയുടെ ക്യാമറകളുടെ ഷട്ടറുകള്‍ തുറന്നടിയുന്ന ക്ലിക്ക്‌ ശബ്‌ദം മാത്രം നിഴലിക്കവെ ആകാശം ചുവന്നു തുടുത്തു. തമിഴ്‌സ്‌ത്രീകളുടെ നെറ്റിയില്‍ നിഴലിക്കുന്ന വലിയ കുങ്കുമപ്പൊട്ടുപോലെ സൂര്യന്‍ വീണ്ടും മുകളിലേക്ക്‌. മലനിരകള്‍ക്കും താഴ്‌വരകള്‍ക്കും അതുവരെയില്ലാത്ത സ്വര്‍ണഭംഗി. തേയില കൊളുന്തുകളില്‍ സൂര്യന്‍ തിളങ്ങി. മഞ്ഞിന്റെ ആവരണങ്ങളില്‍ സൂര്യന്‍ ഉദിച്ചു നിന്നു. ഇതു കാണാതെ തണുപ്പത്ത്‌ വീട്ടില്‍ കിടന്നുറങ്ങുന്നവര്‍ കേരളത്തിന്റെ സൗന്ദര്യഭൂമികയുടെ ഒരു ശതമാനം പോലും കണ്ടിട്ടില്ലെന്നു കുരുവിള പറഞ്ഞത്‌ അക്ഷരംപ്രതിയാണെന്ന്‌ എനിക്കും തോന്നി. പ്രഭ ചൊരിഞ്ഞ്‌ ആകാശവിതാനങ്ങളില്‍ സൂര്യമുഖം പ്രത്യക്ഷപ്പെട്ടു.

ഇപ്പോള്‍ നല്ല തണുപ്പ്‌ തോന്നുന്നുണ്ട്‌. പല്ലുകള്‍ പലരുടെയും കൂട്ടിയിടിക്കുന്നു. വായ്‌ തുറക്കുമ്പോള്‍ സിഗരറ്റ്‌ വലിച്ച്‌ പുക ഊതുന്നതു പോലെ നിശ്വാസം പുറത്തേക്ക്‌. ഇരുള്‍ മൂടിയിരുന്ന താഴ്‌വരകള്‍ കൂടുതല്‍ ദൃശ്യമായി. ചെറുതും വലുതമായ മലകള്‍. പുകപോലെ മേഘങ്ങള്‍. പ്രകൃതിയൊരുക്കിയ അത്ഭുതക്കാഴ്‌ച.

അഞ്ഞൂറു മീറ്റര്‍ കൂടി മുന്നോട്ട്‌ ചെന്നാല്‍ എക്കോ സ്‌പോട്ട്‌ കാണാമെന്നു സന്തോഷ്‌. മുന്നിലെ മലയുടെ ചുവട്ടിലാണ്‌ എക്കോ സ്‌പോട്ട്‌. മലയ്‌ക്കു മുകളില്‍ ഭീമന്‍ പാറപ്പാളികള്‍ അടര്‍ന്ന്‌ വീഴാറായി നില്‍ക്കുന്നു. വലതുവശം അഗാധമായ കൊക്കയാണ്‌. ഇവിടെ താഴ്‌വരയില്‍ നിന്നും മഞ്ഞ്‌ മുകളിലേക്ക്‌ കയറി വരുന്നതു കാണാം. തൊട്ടെടുക്കാവുന്നതു പോലെ തൂവെള്ള നിറത്തില്‍ മഞ്ഞ്‌ ഓരോരുത്തരെയും ആശ്ലേഷിച്ചു നീങ്ങി. ദൂരെ കാണുന്നത്‌ തമിഴ്‌നാട്ടിലെ കൊരങ്ങണിയും ബോഡിനായ്‌ക്കനൂരും കോട്ടഗുഡി താഴ്‌വരയുമാണെന്നു സന്തോഷ്‌ പറഞ്ഞു. ഇപ്പോള്‍ ഒരു ചായ കിട്ടിയിരുന്നെങ്കിലെന്ന്‌ കുരുവിള പറഞ്ഞപ്പോള്‍ അത്‌ ഒരാശ്വാസമായിരിക്കുമെന്ന്‌ എനിക്കും തോന്നി.

മുന്നില്‍ ഹില്‍ടോപ്പ്‌ റോഡ്‌ നീണ്ടു കിടക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജൈവ തേയിലത്തോട്ടത്തിലേക്കാണിതെന്ന്‌ സന്തോഷ്‌ പറഞ്ഞു. കയറ്റങ്ങള്‍ ഇനിയില്ല, താഴേയ്‌ക്ക്‌ ഇറക്കമാണ്‌. പൊന്‍ വെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്ന കൊളുക്കുമല ടീ എസ്‌റ്റേറ്റിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു കുരുവിള. കീടനാശിനികളോ രാസവളങ്ങളോ പ്രയോഗിക്കാതെ പ്രകൃതിയുടെ സുഖശീതളിമയില്‍ മാത്രം വളരുന്ന ലോകത്തിലെ അപൂര്‍വം തേയിലത്തോട്ടങ്ങളിലൊന്നാണിതെന്ന്‌ സന്തോഷ്‌ പറഞ്ഞു. മലനിരകള്‍ക്കു മുകളില്‍ 525 ഏക്കറില്‍ വിരിച്ചിട്ടതാണ്‌ ആകാശം മുട്ടിയ കൊളുക്കുമല എസ്‌റ്റേറ്റിന്റെ സ്വപ്‌നസൗന്ദര്യം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയില തോട്ടം എന്ന ഖ്യാതികേട്ട കൊളുക്കുമലൈ ഇന്‍ഡ്യയിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണെങ്കിലും മലയാളികള്‍ക്ക്‌ ഈ സ്ഥലത്തേക്കുറിച്ച്‌ കാര്യമായ അറിവില്ലെന്നതാണ്‌ സത്യം. തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ മകളും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കനിമൊഴിയുടെ ഉടമസ്ഥസ്‌തതയിലുള്ള കൊളുക്കുമലൈ തേയില ഫാക്ടറി സന്ദര്‍ശകര്‍ക്ക്‌ തുറന്നു കൊടുത്തിരിയ്‌ക്കുന്ന മൂന്നാറിലെ ഏക തേയില ഫാക്ടറിയാണ്‌.

തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയ തേയില തോട്ടം തൊഴിലാളികളുടെ നാലാം തലമുറയാണ്‌ കൊളുക്കുമലൈയില്‍ ഇപ്പോള്‍ ഉള്ളത്‌.നാനൂറിലധികം തൊഴിലാളികല്‍ പാര്‍ക്കുന്ന കൊലുക്കുമലൈ ലയത്തില്‍ സ്‌ക്കൂള്‍, ആശുപത്രി, പലചരക്കുകടകള്‍ ഇവയൊന്നും ഇല്ല. നിത്യോപയോഗസാധനങ്ങള്‍ തമിഴ്‌നാട്ടിലെ കോട്ടകുടിയില്‍ നിന്നോ കേരളത്തിലെ സൂര്യനെല്ലിയില്‍ നിന്നോ കൊണ്ടുവന്നാണ്‌ അവിടുത്തെ തൊഴിലാളികള്‍ കഴിയുന്നത്‌.

രുചിയുടെയും കടുപ്പത്തിന്റെയും കാര്യത്തില്‍ നൂറില്‍ നൂറ്‌ മാര്‍ക്കാണ്‌ കൊളുക്കുമല ചായയ്‌ക്ക്‌. കടുപ്പത്തിനനുസരിച്ച്‌ കൊളുക്കുമല തേയില ലൈറ്റ്‌, മീഡിയം, സ്‌ട്രോംഗ്‌ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ടെന്ന്‌ സന്തോഷ്‌ പറഞ്ഞു. ഞാന്‍ അല്‍പ്പം കടുപ്പത്തിന്റെ ആളാണ്‌. എന്നാല്‍ കുരുവിളയ്‌ക്ക്‌ ലൈറ്റ്‌ മതി. ഇവിടെ കടുപ്പം കൂട്ടുന്നതിന്‌ 'ഫാനിംഗ്‌' തേയിലയാണ്‌ പാലൊഴിച്ച ചായക്ക്‌ ഉപയോഗിക്കുന്നത്‌. കടുപ്പം ആവശ്യമില്ലാത്തവര്‍ക്ക്‌ ലൈറ്റ്‌, മീഡിയം തേയിലയാണ്‌ ഉപയോഗിക്കുന്നതെന്നും സന്തോഷ്‌ പറഞ്ഞു. കൊളുക്കുമലൈ ചായ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ സന്തോഷ്‌ വിശദമായ ഒരു ക്ലാസ്‌ തന്നെ നല്‍കി. (ശരിക്കും ഒരു ഗൈഡിന്റെ പ്രയോജനമാണ്‌ സന്തോഷ്‌ പ്രദാനം ചെയ്‌തത്‌.)

പാല്‍ തിളപ്പിക്കുകയാണ്‌ കൊളുക്കുമല സ്‌പെഷല്‍ ടീ തയാറാക്കുന്നതിലെ ആദ്യ പടി. പാല്‍ തിളയ്‌ക്കുമ്പോള്‍ അതിലേക്ക്‌ പഞ്ചസാര ചേര്‍ക്കുന്നു. ശേഷം കൊളുക്കുമല തേയില ചേര്‍ക്കുന്നു. ഫാനിംഗ്‌ തേയിലയാണെങ്കില്‍ ഒരു ഗ്ലാസ്‌ ചായയ്‌ക്ക്‌ ഒരു ടീസ്‌പൂണ്‍ എന്ന അളവില്‍ പൊടി ചേര്‍ക്കണം. മീഡിയം പൊടി ഒന്നര ടീസ്‌പൂണും ലൈറ്റ്‌ പൊടി നാല്‌ ടീസ്‌പൂണും. തേയിലപ്പൊടിയിട്ട്‌ അല്‍പസമയം ഇളക്കിക്കൊടുക്കണം. അതിനു ശേഷം രണ്ടു മിനിട്ട്‌ മൂടിവയ്‌ക്കണം. മൂടിവച്ച്‌ തിളപ്പിക്കുന്നതുകൊണ്ട്‌ ചായയുടെ സുഗന്ധം നഷ്‌ടമാകുന്നില്ല. പിന്നെ ചൂടോടെ കപ്പിലേക്ക്‌ പകര്‍ത്താം.

വിതറിംഗ്‌, റോളിംഗ്‌, സീവിംഗ്‌, ഫെര്‍മെന്റേഷന്‍, െ്രെഡയിംഗ്‌, ഫൈബര്‍ എക്‌സ്‌ട്രാക്ഷന്‍, ഗ്രേഡിംഗ്‌ എന്നിങ്ങനെ ഏഴ്‌ ഘട്ടങ്ങളിലൂടെ കടന്നാണ്‌ കൊളുക്കുമല തേയില ചായക്കോപ്പയില്‍ രുചിയുടെ പ്രവാഹമുതിര്‍ക്കുന്നതെന്ന്‌ സന്തോഷ്‌ പറഞ്ഞു.

ഞങ്ങള്‍ തേയില ഫാക്‌ടറിക്കു മുന്നിലെത്തിയിരുന്നു. ആവശ്യമുള്ള സന്ദര്‍ശകനിയമങ്ങള്‍ പാലിച്ച്‌ ഞങ്ങള്‍ അകത്തേക്കു കയറി. അവിടെ പലേടത്തായി തേയിലകൊളുന്തുകള്‍ കൂട്ടിയിട്ടിരിക്കുന്നു. നീളമുള്ള ഇരുമ്പു വലയില്‍ തേയില നിരത്തി, അടിയിലൂടെ 90 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ചൂട്‌ കാറ്റ്‌ കടത്തിവിടുന്ന ഒരു കാഴ്‌ച അവിടെ കണ്ടു. അടിനിലയിലെ പ്രത്യേക അടുപ്പില്‍ വിറകു കത്തിച്ച്‌ കൂറ്റന്‍ എക്‌സ്‌ഹോസ്‌റ്റ്‌ ഫാനിന്റെ സഹായത്തോടെ ചൂട്‌ കാറ്റ്‌ മുകളിലെത്തിക്കുന്ന കാഴ്‌ച ഒന്നു കാണേണ്ടതു തന്നെയാണ്‌. നാലു മണിക്കൂര്‍ ചൂടുകാറ്റും ശേഷം നാലു മണിക്കൂര്‍ തണുത്ത കാറ്റും. പിന്നെ തേയിലയ്‌ക്ക്‌ നിറം ചേര്‍ക്കുന്ന പരിപാടിയാണ്‌.

പ്രത്യേക കുഴല്‍ വഴി താഴെ നിലയിലെ റോളിംഗ്‌ സെക്ഷനിലെത്തുന്ന തേയിലക്കൊളുന്ത്‌ കീറി ചുരുട്ടി സത്ത്‌ പുറത്തെത്തിക്കുന്നതിവിടെയാണ്‌. പിച്ചള ഡ്രമ്മിനുള്ളില്‍ വീഴുന്ന തേയിലക്കൊളുന്ത്‌ അരച്ചെടുക്കുന്നു. പനന്തടിയാണ്‌ അരയ്‌ക്കുന്നതിന്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇങ്ങനെ മയപ്പെടുത്തിയ കൊളുന്ത്‌ യന്ത്ര അരിപ്പയില്‍ അരിച്ചെടുക്കുന്നു. ഇവിടെ നിന്നും തുണിയില്‍ കെട്ടി ഫെര്‍മെന്റേഷന്‍ മുറിയിലെ തറയില്‍ വിരിച്ചിടും. ഓരോന്നും വിശദീകരിച്ചു കൊണ്ടു സന്തോഷ്‌ മുന്‍പേ നടന്നു. ഫോട്ടോ എടുക്കാനൊന്നും വിലക്കുകളില്ല. കുരുവിളയും മറ്റു സംഘാംഗങ്ങളും ഓരോന്നും കണ്ടും കേട്ടും പിന്നാലെ നടന്നു. ഫാക്‌ടറിയില്‍ തണുപ്പിന്‌ അല്‍പ്പം കുറവുണ്ടായിരുന്നു. പലര്‍ക്കും ഈ കാഴ്‌ചകള്‍ ആദ്യം കാണുന്നതിന്റെ ആവേശം മുഖത്തു നിഴലിക്കുന്നത്‌ ഞാന്‍ കൗതുകത്തോടെ കണ്ടു. ഓരോ ഘട്ടവും സന്ദര്‍ശകര്‍ക്ക്‌ മനസിലാക്കുവാന്‍ ഭിത്തിയില്‍ കുറിപ്പും എഴുതി ഒട്ടിച്ചിട്ടുണ്ട്‌.

ചൂട്‌ കാറ്റ്‌ റോളറിലേക്ക്‌ കടത്തിവിട്ടാണ്‌ തേയില ഉണക്കുന്നത്‌. െ്രെഡയറില്‍ നിന്നും പുറത്തുവരുന്നത്‌ കറുത്ത്‌ തരിയായ തേയിലപ്പൊടിയാണ്‌. ഇവിടെ നിന്നും ഫൈബര്‍ എക്‌സ്‌ട്രാക്‌ടറില്‍ പൊടി എത്തിക്കുന്നു. പൊടിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ നീക്കം ചെയ്‌ത്‌ ഗുണനിലവാരം അനുസരിച്ച്‌ തരികള്‍ വേര്‍തിരിക്കുന്നത്‌ ഇവിടെ വച്ചാണ്‌.

അന്തരീക്ഷത്തിലെങ്ങും ചായപ്പൊടിയുടെ മനംമയക്കുന്ന സുഗന്ധം തങ്ങിനിന്നു. ഉശിരന്‍ ഒരു ചായകുടിക്കു ശേഷം ഞങ്ങള്‍ തിരിച്ച്‌ ജീപ്പില്‍ കയറി. തണുപ്പ്‌ കൂടി വന്നു. മഞ്ഞും വെയിലും ആവേശത്തോടെ റോഡിലേക്ക്‌ കയറി വരുന്നതു കണ്ടു. എങ്ങും സൂര്യരശ്‌മികളുടെ ചേതോഹരമായ കാഴ്‌ച. മെല്ലെ, ജീപ്പ്‌ ഇറക്കം ഇറങ്ങിക്കൊണ്ടിരുന്നു... കാഴ്‌ചയുടെ പൊന്‍വലയത്തില്‍ നിന്ന്‌ ഞങ്ങളും....

(തുടരും)
കൊളുക്കമലയിലെ ഉദയം (പ്രകൃതിയുടെ നിഴലുകള്‍ തേടി-34: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക